December 26, 2006

സുനാമി- ഒരു് ഓര്‍മ്മക്കുറിപ്പു്

സുനാമിദുരന്തം നടന്നിട്ട്‌ ഇന്നേക്ക്‌ രണ്ടുവര്‍ഷംകഴിഞ്ഞു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും തീവ്രമായ പ്രയത്നം ഒരു പരിധി വരെ ദുരന്തബാധിതരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു എന്നതില്‍ അല്പം സമാദാനിക്കാം. എങ്കിലും, എത്രയോ പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്‌. അന്നു്‌ പ്രളയമായിരുന്നു. സര്‍വത്ര പ്രളയം. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളെ ഒന്നൊഴിയാതെ തിരമാലകള്‍ ആഞ്ഞടിച്ചു. കടലിലും കടല്‍ക്കരയിലും ജനിച്ചു വളര്‍ന്ന മുക്കുവര്‍പോലും ഭയന്നു വിറച്ചു. പല കൊടുങ്കാറ്റും കടല്‍ ക്ഷോഭവും അവര്‍ കണ്ടിട്ടുണ്ട്‌. ചെന്നയ്ക്ക്‌ വടക്ക്‌ എരണാവൂര്‍ ബീച്ചില്‍ 1998-ല്‍ ഒരു കപ്പല്‍തന്നെ കൊടുങ്കാറ്റില്‍പെട്ടു കരക്കെത്തിയിരുന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങല്‍ക്കകം കടല്‍ ഏകദേശം ഒരു കിലോമീറ്ററെങ്കിലും ഈ ഗ്രാമത്തിന്റെ കരയെ കീഴടക്കിയിട്ടുണ്ടു്‌. ഇതൊക്കെയാണെങ്കിലും 2004 ഡിസംബര്‍ 26-ന്‌ ഉണ്ടായ ദുരന്തം ജനങ്ങള്‍ക്കു്‌ പുതിയ ഒരു അനുഭവമായിരുന്നു. 'സുനാമി' എന്ന പേര്‌ അന്നാണു ആദ്യമായി ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ 8009 പേര്‍ മരിച്ചു.പതിനായിരക്കണക്കിനു്‌ വീടുകള്‍ തറമട്ടമായി. നിരാലംബരായ സാധാരണക്കാരില്‍ സാധാരണക്കാരായ തീരദേശവാസികളെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാരിനും വിവിധ സന്നദ്ധസംഘടനകള്‍ക്കും മുന്നിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ഇതില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്ന ദൌത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഭാഗികമായെ വിജയിച്ചുള്ളൂ. ചെന്നയിലും ചെന്നൈക്ക്‌ വടക്കുള്ള ചിന്നക്കുപ്പം, ഏരണാവൂര്‍, എണ്ണൂര്‍ക്കുപ്പം, താളംകുപ്പം, നൊച്ചിക്കുപ്പം പോലുള്ള കടല്‍ക്കരയില്‍ വസിച്ചിരുന്നവരുടെ പുനരധിവാസം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളുടെ സംരക്ഷണത്തിലാണു്‌ പലരും ഇപ്പോഴും കഴിയുന്നത്‌. കടല്‍ത്തീരം വിട്ടു മാറി താമസിക്കാന്‍ ഇവര്‍ തയ്യാറല്ല. ആവരുടേ ഉപജീവന മാര്‍ഗ്ഗം കടലിലാണു.കടലിനടുത്തായി സ്ഥലം ഇല്ല താനും. അങ്ങിനെയുള്ള ഊരാക്കുടുക്കുകള്‍ പലതും പുനരധിവസിപ്പിക്കലില്‍ വിലങ്ങു തടിയാവുന്നു. നല്ല വീടുകളും സ്ഥലവും കാണുമ്പോള്‍ ദുരിതമനുഭവിക്കാത്തവര്‍ കൂടി രാഷ്ട്രീയക്കാരുടെ സ്വാധീനമുപയോഗിച്ച്‌ അര്‍ഹരായവരുടെ വയറ്റിലടിക്കുന്നുതും വിരളമല്ല. ഇനിയുമൊരു സുനാമി ഉണ്ടാകരുതെ എന്നു പ്രാര്‍ത്ഥിക്കുന്നു.

December 24, 2006

ഉപഭോക്തൃ സംരക്ഷണ ദിനം

ഇന്നു്‌ ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനം. 1986-ലാണു ഈ നിയമം കൊണ്ടുവന്നത്‌. ഉപഭോക്ത്രാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും അവരുടേ താല്‍പര്യങ്ങള്‍ ന്യായമായി പരിഗണിക്കുന്നതിനും വേണ്ടി ഉപഭോക്ത്ര് തര്‍ക്ക പരിഹാരവേദികള്‍ സ്ഥപിക്കുകയും അവയുടെ നടപടികള്‍ ക്രമീകരിക്കുകയും ചെയ്യുക എന്ന സമുന്നതമായ ലക്ഷ്യത്തോടെയാണു്‌ ഇതിന്റെ തുടക്കം. പ്രതിഫലം നല്‍കി സാധനാമോ, സേവനമോ കൈപ്പറ്റുന്ന ഏതൊരാളും ഉപഭോക്താവാണു്‌. വാണിജ്യസംബന്ധമായ ആവശ്യങ്ങള്‍ക്കായി വാങ്ങപ്പെടുന്ന സധ്നങ്ങള്‍ ഇതില്‍ ഉള്‍പെടുന്നില്ല. പ്രതിഫലം നല്‍കി കൈപറ്റുന്ന സാധനങ്ങള്‍ക്ക്‌ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെന്നു മനസ്സിലാകുമ്പോഴാണു്‌ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്‌. സേവനത്തിന്റെ കാര്യത്തിലും ഇതുതന്നെ. സാധനങ്ങളുടെ അളവിലോ ഗുണത്തിലോ നിലവാരത്തിലോ ശുദ്ധിയിലോ കബളിക്കപ്പെടുന്നവയും ഇതില്‍പെടും. ഗുണനിലവാരം ഉറപ്പു വരുത്തുക കൃത്യവിലക്കു്‌ വസ്തുക്കള്‍ ഉപഭോക്താവിനു്‌ ലഭ്യമാക്കുക വിലയിലും അളവിലുമുള്ള വഞ്ചന തടയുക എന്നിവയാണു്‌ ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍‌‌. ലളിതമായ നടപടിക്രമമാണു്‌ ഇതിന്റെ പ്രത്യേകത. സിവില്‍ കോടതിപോലെ വിശദമായ തെളിവെടുപ്പോ വിസ്താരമോ ഇല്ല എന്നുള്ളത്‌ സാധാരണക്കാരനു ഒരു ആശ്വാസമാണു്‌. ജില്ല, സംസ്ഥാനം, ദേശീയം എന്നീ മൂന്നു നിലയിലാണു്‌ ഈ കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ഇതു്‌ കേസിന്നാസ്പദമായ തുകയുടെ അടിസ്ഥനത്തിലാണു. 20 ലക്ഷം വരെ ജില്ലാ കമ്മീഷനും, അതിനു മുകളില്‍ 100 ലക്ഷം വരെ സംസ്ഥാനക്കമ്മീഷനും അതിനു മുകളില്‍ എത്ര ആയാലും ദേശീയക്കമ്മീഷനും കേസ്‌ കൈകാര്യം ചെയ്യും. കൂടാതെ ജില്ലാതലത്തില്‍ ന്യായം കിട്ടാതെ പോയാല്‍ സംസ്ഥാനക്കമ്മീഷനു്‌ അപ്പീല്‍ കൊടുക്കാം.അതേപോലെ സംസ്ഥാനക്കമ്മീഷന്‍ന്റെ തീരുമാന്മ്‌ തൃപ്തികരമല്ലെങ്കില്‍ ദേശീയക്കമ്മീഷനെയും സമീപിക്കാം. പരാതി സമര്‍പ്പിക്കാന്‍ നിശ്ചിത ഫോം ഇല്ല. പരാതിക്കാരന്റെ വിലാസം, എതിര്‍ കക്ഷിയുടെ വിലാസം, കേസിന്റെ വിശദവിവരം-അതായതു അപാകത(deficiency), ബില്ലിന്റെ കോപ്പി എന്നിവ ഉണ്ടാകണം. നഷ്ടപരിഹാരം ഒരു ലക്ഷത്തിനുള്ളിലാണെങ്കില്‍ 100 രൂപയണു ഫീസ്‌. ഒന്നിനു അഞ്ചു ലക്ഷത്തിനുമിടയിലാണെങ്കില്‍ 200 രൂപയും, അതിനു മുകളില്‍ പത്തു ലക്ഷം വരെ 400 രൂപയും, അതില്‍ കൂടുതലാണെങ്കില്‍ 500 രൂപയുമാണു ജില്ലാക്കമ്മീഷന്‍ ആഫീസില്‍ അടക്കേണ്ടതു്‌. പരാതിക്കാരന്‍ താമസിക്കുന്ന സ്ഥലത്തോ, ഇടപാടു നടന്ന സ്ഥലത്തെ, എതിര്‍കക്ഷി താമസിക്കുന്ന സ്ഥലത്തോ ഉള്ള ജില്ലാഫോറത്തില്‍ പരാതി നല്‍കാം. അധികം താമസിയാതെ തന്നെ പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കാന്‍ സാദ്ധ്യമാക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടു്‌. ഇതിലെ എറ്റവും ദയനീയമായ ഒരു കാര്യം ഇതാണു്‌. കഷ്ടനഷ്ഠങ്ങള്‍ അനുഭവിച്ചതിനു ശേഷം മാത്രമേ ഒരു ഉപഭോക്താവിനു തന്റെ നഷ്ടപരിഹാരം നേടിയെടുക്കാന്‍ കഴിയൂ!

December 10, 2006

മനുഷ്യാവകാശ ദിനം

ഇന്നു് മനുഷ്യാവകാശ ദിനം! ഒരു വ്യക്തിയുടെ ജീവനും സ്വാതത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ള മാനുഷികമായ ഏതൊരവകാശത്തെയും ഹ്യൂമണ്‍ റൈറ്റ്‌സ്‌ ആയി കരുതപ്പെടുന്നു. മനുഷ്യാവകാശ ലംഘനം സമ്പന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിനു്‌ വിധേയനായ വ്യക്തിയോ വിഭാഗമോ നല്‍കുന്ന പരാതിയിന്മേലോ അതു സംബന്ധിച്ചു ലഭിക്കുന്ന വിവരത്തിന്മേല്‍ നേരിട്ടോ അന്വേഷണം നടത്തേണ്ടതൊക്കെ മനുഷ്യവകാശ കമ്മീഷന്റെ ചുമതലയാണു്‌. ദേശീയ കമ്മീഷനും സംസ്ഥാന കമ്മീഷനുമുണ്ട്‌. ദേശീയ കമ്മീഷന്റെ ചെയര്‍മാന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ച ഒരാളായിരിക്കും. സംസ്ഥാനത്ത്‌ അതുപോലെ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ച ഒരാളായിരിക്കും. ഇദ്ദേഹത്തെ കൂടാതെ നാലംഗങ്ങളും മെമ്പര്‍മാരായി ഉണ്ടാകാം. മനുഷ്യവകാശ ധ്വംസനങ്ങള്‍ നടന്നാല്‍ അവയെ സംബന്ധിച്ച പരാതി ആരു്‌ വേണമെങ്കിലും കൊടുക്കാം. പരാതി കൊടുക്കുന്നതിനു്‌ പ്രത്യേക രൂപം (format) നിഷ്കര്‍ഷിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കണ്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി സര്‍ക്കാരോട്‌ ശുപാര്‍ശ ചെയ്യാം. തമിഴ്‌നാട്ടില്‍ 1997ലാണു മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപിച്ചതു്‌. പത്തു വര്‍ഷമായി. എന്നിട്ടും കാര്യമായ പ്രയോജനം ഈ നിയമം കൊണ്ടു്‌ ജനങ്ങള്‍ക്ക്‌ ഉണ്ടായി എന്നു പറയാനാവില്ല. റിട്ടയറാകുന്ന ജഡ്ജിമാര്‍ക്കും ഭരണ യന്ത്രം കറക്കുന്നവരുടെ ഒരു ചില അനുയായികള്‍ക്കും ഉള്ള ഒരു പിള്ളത്തൊട്ടിലായി ഈ സ്ഥാപനവും മാറുകയാണോ?

December 02, 2006

ഡിസംബര്‍ 2-3 അര്‍ദ്ധരാത്രി!

ഭോപാലില്‍ വിഷവാതക വായു ശ്വസിച്ചു മരിച്ചവരേയും മരിച്ചുകൊണ്ട്‌ ജീവിക്കുന്നവരെക്കുറിച്ചും ഇനി എഴുതാന്‍ ഒന്നും തന്നെ ബാക്കിയുണ്ടാവുമെന്നു തോന്നുന്നില്ല. ഏന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പലതും നമ്മുടെ മനസ്സില്‍ ഇന്നും തേങ്ങിക്കിടപ്പുണ്ടു്‌! ആ ഹതഭാഗ്യരെ ഓര്‍ക്കുന്നതോടൊപ്പം അപ്പോള്‍ നടന്ന വേറൊരു ഭയങ്കര സംഭവമാണു്‌ ഞാന്‍ പറയാന്‍ മുതിരുന്നതു്‌. 1984 ഡിസംബര്‍ 2-3 അര്‍ദ്ധരാത്രിയിലാണു ഭോപാല്‍ സംഭവം. മീതോ ഐസോ സൈനൈറ്റ്‌ വിഷവാതകം കൊണ്ടുണ്ടായ കെടുതികള്‍ വായിച്ചും കേട്ടും കൊണ്ടിരിക്കുന്ന സമയം. മദ്രാസിനു 15 കിലോമീറ്റര്‍ വടക്കു മണലി എന്ന സ്ഥലം സുപ്രസിദ്ധമായ രസായന വ്യവസായശാലകുളുടെ സങ്കേതമാണു്‌. അന്ന് 22-ലധികം രാസവസ്തുക്കള്‍ ഉല്‍പ്പത്തി ചെയ്യുന്ന കമ്പനികളാണുണ്ടായിരുന്നത്‌. കടല്‍ക്കരയില്‍ നിന്നും 3 കിലോമീറ്ററോളം ഉള്ളിലായിട്ടാണു ഈ സ്ഥാപനങ്ങള്‍. ചുറ്റുപാടുള്ള ഗ്രമീണരാകട്ടേ സ്വന്തം കൃഷി സ്ഥലം കമ്പനിക്കു വിറ്റ്‌ അതേ കമ്പനിയില്‍ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണു്‌ മിക്കവരും. കൃഷിയേക്കാള്‍ അദായം കണ്ട്‌ ഇവര്‍ സന്തോഷപ്പെട്ടു. പരിസ്ഥിതി മലിനീകരണത്തെപറ്റിയോ സംരക്ഷണത്തെപറ്റിയൊന്നും അന്നു്‌ ഇവര്‍ക്ക്‌ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ഈ ഫേക്ടറികള്‍ മേനേജ്‌ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരാകട്ടെ സിറ്റിയില്‍ താമസിക്കുന്നവരാണു്‌. ഞാന്‍ പറഞ്ഞു വരുന്ന സംഭവം നടക്കുന്നത്‌ രാത്രി 8 മണിയളവിലാണു. ശ്രീരാം ഫൈബേര്‍സ്‌ എന്ന കമ്പനിയിലെ ജോലിക്കാര്‍ ഊണു കഴിക്കാനായി കേന്റീനിലോട്ട്‌ ഇറങ്ങുന്ന സമയം. ഒരു ചെറിയ തണുത്ത കാറ്റ്‌. തുടര്‍ന്ന് ചെറിയൊരു മഴച്ചാറല്‍. അത്ര തന്നെ! കണ്ണും മുഖവും നെഞ്ഞും എല്ലാം എരിഞ്ഞു പുകഞ്ഞു ചുമച്ചു ചുമച്ചു കുറെപ്പേര്‍ വാടിയ ഇലകള്‍ പോലെ അങ്ങിങ്ങായി വീഴാനും ഉരുളാനും പെരളാനും ഒക്കെത്തുടങ്ങി. പിന്നീടുള്ള സംഗതി വിവരിക്കാന്‍ പ്രയാസമുണ്ടു്‌. അടിയന്തര രക്ഷാനടപടികള്‍ കൈക്കൊണ്ടു കുറേപ്പേരെ ആശുപത്രിയിലും കുറെപ്പേര്‍ക്കു ഫസ്റ്റ്‌ ഐഡ്‌ കൊടുത്തും മറ്റും രക്ഷിച്ചു. രണ്ടോ മൂന്നോ പേര്‍ മരിച്ചെന്നും ഇല്ലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്ത അപ്പോഴുണ്ടായിരുന്നു. അവിടെ പെയ്തത്‌ ആസിഡ്‌ റെയിനായിരുന്നൂ. ഇതു സര്‍ക്കാരോ, പൊള്ളൂഷന്‍ കണ്ട്രൂള്‍ ബോഡോ അന്നു്‌ വെളിപ്പെടുത്തുകയുണ്ടായില്ല. ഭോപാലില്‍ ഉണ്ടായ പ്രശ്നം കാരണം ഇതും മൂടി മറച്ചു എന്നു ഞാന്‍ വിശ്വസിച്ചു. എങ്ങിനെ 'അമ്‌ളമഴ'യുണ്ടായി? അന്നത്തെ കോത്താരി കെമിക്കല്‍സ്‌ എന്ന കമ്പനിക്കും ശ്രീരാം ഫൈബേര്‍സ്‌ എന്ന കമ്പനിക്കും ഇടയിലുള്ള ഒരു വ്യവസായസ്ഥാപനമാണു മദ്രാസ്‌ ഫെര്‍ടിലൈസേര്‍സ്‌. എറ്റവും കിഴക്കുള്ള കോത്താരി കമ്പനിയില്‍ നിന്നും ലീക്കായ ക്ലോറിന്‍ വാതകം കാറ്റടിച്ചു്‌ ഫെര്‍ടീലൈസേര്‍സ്‌ കമ്പനിക്കു്‌ മുകളില്‍ക്കൂടികടന്നു വരുന്നു. അപ്പോള്‍ അവിടെയുള്ള കൂറ്റന്‍ കൂളിംഗ്‌ ടവറുകളുടെ മുകളിലുള്ള നീരാവിയുമായി ഒത്തു ചേര്‍ന്നു ഒന്നാന്തരം ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ മഴയായി ശ്രീരാം ഫൈബേര്‍സ്‌ കോമ്പൌണ്ടില്‍ എത്തുകയാണു്‌ അന്നുണ്ടായതു്‌. ഇങ്ങിനെ പലതും ദിനം തോറും ഉണ്ടാകുന്നുണ്ടെങ്കിലും രക്ഷാനടപടികള്‍ക്കു വേണ്ടത്ര ശ്രദ്ധ ഇന്നും നാം കൊടുക്കുന്നില്ല എന്നതൊരു നഗ്ന സത്യമായ്‌ അവശേഷിക്കുന്നു.

December 01, 2006

പഴശ്ശിരാജ

നവംബര്‍ 30. നമുക്കു്‌ മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണു്‌. കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ജീവിതാന്ത്യരംഗത്തിനു സാക്ഷ്യം വഹിച്ച ദിവസം! ടിപ്പുവിന്റെ ആക്രമണം ഒരു വശത്തും ബ്രിട്ടീഷ്‌കാരുടെ നീചമായ യുദ്ധതന്ത്രങ്ങള്‍ മറുവശത്തും നേരിട്ട്‌ ധീര മരണം വരിച്ച ആ സ്വാതന്ത്ര്യ സമര സേനാനിയെ നമുക്ക്‌ മറക്കാന്‍ കഴിയുമോ? ബ്രിട്ടീഷ്‌സൈന്യം തറമട്ടമാക്കിയ വടക്കന്‍ കോട്ടയത്തില്‍ നിന്നും രക്ഷപ്പെട്ടു വയനാടന്‍ മലകളില്‍ താവളമുറപ്പിച്ചു ശത്രുക്കളെ ഒളിപ്പോരുകൊണ്ടു്‌ പോറുതി മുട്ടിച്ച ധീരനാണു പഴശ്ശിരാജ. പുരളി മലയായിരുന്നു ആദ്യത്തെ സങ്കേതം. 1793 ലാണു ആദ്യമായി പഴശ്ശി ബ്രിട്ടിഷ്‌കാര്‍ക്കെതിരെ തന്റെ ആക്രമം തൊടുത്തുവിട്ടത്‌. നെപ്പോളിയനെ തോല്‍പ്പിച്ച കേണല്‍ ആര്‍തര്‍ വെല്ലസ്ലിക്ക്‌ പല വര്‍ഷം പഴശ്ശിയുമായി പടപൊരുതേണ്ടി വന്നു. തലശ്ശേരി കോട്ടയും കെട്ടി തന്റേ എല്ലാ യുദ്ധ തന്ത്രങ്ങളും പ്രയോഗിച്ചും കേരള വര്‍മ്മയെ കണ്ടുപിടിച്ചു കൊല്ലാന്‍ കഴിയാത്തെ വിഷമിക്കുമ്പോഴാണു പഴയവീട്ടില്‍ ചന്തു എന്ന തന്റെ സ്വന്തം അനുയായിയാല്‍ ഒറ്റുകൊടുക്കപ്പെട്ടത്‌. ആ വീര പുരുഷന്റെ മരണ ദിവസം അദ്ദേഹത്തിന്റെ അമ്മയുടെ ചരമ വാര്‍ഷീകം കൂടിയായിരുന്നു. 1805 നവംബര്‍ 30-ന്‍^ കാലത്ത്‌ മാവില തോടില്‍ കുളിച്ച്‌ കുലദൈവമായ ശ്രീപോര്‍ക്കലിയെ ഭജിച്ച്‌ അന്നത്തെ യുദ്ധസന്നാഹങ്ങളേക്കുറിച്ചു അനുയായികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം അമ്മയുടെ ഓര്‍മ്മക്കായുള്ള പൂജ ചെയ്യുകയായിരിന്നു പഴശ്ശി രാജ. അപ്പോഴാണു ബ്രിട്ടീഷ്‌ മലബാറിലെ സബ്‌ കളക്ടര്‍ തോമസ്‌ ഹാര്‍വെ ബേബറുടെ സൈന്യം തന്റെ രഹസ്യസങ്കേതം വളഞ്ഞതു്‌. തമ്പുരാന്റെ യോദ്ധാക്കള്‍ വയനാട്ടിലെ കുറിച്ച്യാര്‍ പണിയര്‍ തുടങ്ങിയ വര്‍ഗ്ഗക്കാരായിരുന്നു. അവര്‍ എത്ര നിര്‍ബന്ധിച്ചിട്ടും രക്ഷപ്പെടാന്‍ ആ യോദ്ധാവ്‌ കൂട്ടാക്കിയില്ല. പിന്നീട്‌ ബേബറുമായി നടന്ന ഉഗ്ര പോരാട്ടത്തിലാണു ആ ധീരപുരുഷന്‍ മരണമടഞ്ഞത്‌. അതല്ല സൈന്യം വളഞ്ഞപ്പോള്‍ കീഴടങ്ങുന്നത്തിന്നു പകരം തന്റെ കൈവിരലിലണിഞ്ഞിരുന്ന മോതിരത്തിലെ വൈരക്കല്ല് തിന്നു്‌ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും വേറൊരഭിപ്രായം ഉണ്ടു്‌. ഇതു സംഭവിച്ചതു മാനന്തവാടിക്കടുത്താണു്‌. വീരപഴശ്ശിരാജാവിന്റെ ഓര്‍മ്മക്കായ്‌ ഒരു കോളേജും (നായര്‍ സര്‍വീസ്‌ സൊസൈറ്റി വക) കേരള സര്‍ക്കാരിന്റെ ഒരു ജലസേചന പദ്ധതിയും നടത്തിവരുന്നുണ്ടു്‌. (Above photo shows his grave)