June 12, 2009

നിങ്ങളറിഞ്ഞോ...!

നിങ്ങളറിഞ്ഞോ...! പാസ്‌പോര്‍ട്ട്‌ ലഭിക്കാന്‍ ഇനി ഏജന്റുമാരുടെ സേവനം വേണ്ട. അപേക്ഷ നല്‍കാന്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ മുന്നില്‍ മണിക്കൂറുകളോളം 'ക്യൂ'വിലും നില്‍ക്കേണ്ട. പിന്നെങ്ങനാ?

അപേക്ഷ നല്‍കി മൂന്നുദിവസത്തിനകം പാസ്‌പോര്‍ട്ട്‌ ലഭ്യമാക്കുന്ന തരത്തില്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന 'പാസ്‌പോര്‍ട്ട്‌ സേവനം' പദ്ധതിയിലൂടെയാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നത്‌. അപേക്ഷകന്റെ പേരില്‍ പോലീസ്‌ കേസ്സുകളുണ്ടോയെന്ന്‌ അറിയാനുള്ള പരിശോധനയും കമ്പ്യൂട്ടര്‍ വഴിയാകുന്നതോടെ, പോലീസുകാര്‍ വീട്ടിലും നാട്ടിലും വന്ന്‌ ചില്ലറ വാങ്ങാന്‍   നടത്തുന്ന പരിശോധന 'നടപടി'കളും ഒഴിവാകും.

തത്‌കാല്‍ പാസ്‌പോര്‍ട്ടുകള്‍ ഒരുദിവസത്തിനകം ലഭിക്കും. സ്വകാര്യ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി (TCS)ചേര്‍ന്ന്‌ കേന്ദ്രമന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പൈലറ്റ്‌ പ്രൊജക്‌ട്‌  ജൂലായില്‍ തുടങ്ങും. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂരിലും, ഉത്തരേന്ത്യയില്‍ ചണ്ഡീഗഢിലുമാണ്‌ പൈലറ്റ്‌ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നതത്രേ.

Technorati Tags:

June 10, 2009

GPS-ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം

ഒരു വസ്‌തു ഒരു പ്രത്യേക സമയത്ത്‌ ഭൂമുഖത്ത്‌ എവിടെ നില്‍ക്കുന്നുവെന്ന്‌ കൃത്യമായി നിര്‍ണയിക്കാനാവുന്ന സാങ്കേതികവിദ്യയാണ്‌ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം (ജി.പി.എസ്‌.). ആദ്യകാലങ്ങളില്‍‌   ഈ ഉപകരണം മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിന്ന്‍  വളരെ ഉപകരിച്ചിരുന്നു. പരിഷ്കാരം കൂടിയപ്പോള്‍‌  മനുഷ്യന്‍‌ വന്യമൃഗങ്ങളേക്കാള്‍‌    മോശമായി പെരുമാറാന്‍‌ തുടങ്ങി. അതുകൊണ്ട് ഇനി  മനുഷ്യനെ നിയന്ത്രിക്കാനായിട്ടാണ്  ജി പി എസ്  ഉപയോഗിക്കുക.

 

ദൂരെനിന്നുകൊണ്ടുതന്നെ  ഓഫീസില്‍നിന്ന്‌  ' മുങ്ങുന്ന' റവന്യൂ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍  ഒരു വിദൂര നിരീക്ഷണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തിയാല്‍   എങ്ങിനെയുണ്ടാകും? കര്‍ണാട സര്‍ക്കാര്‍‌  റവന്യൂ വകുപ്പ്‌  ജി പി എസ്  ഉപയോഗിക്കാന്‍‌ പോവുകയാണ്.  ഇത്  വളരെ സ്വാഗതാര്‍ഹമായ ഹൈടെക്‌   നീക്കമാണെന്നതില്‍‌ സംശയമില്ല.

ഇനി  ഗ്രാമസേവകനും താസില്‍ദാരുംകമ്പടികളും കുറച്ചെങ്കിലും സമയം ആപ്പീസില്‍ ചിലവാക്കുമെന്നാണ് തോന്നുന്നത്.  

 

കേരളത്തില്‍ കൊച്ചി സിറ്റി പോലീസിന്റെ രാത്രികാല പട്രോളിങ്‌ കാര്യക്ഷമമാക്കാന്‍ ഇതേ രീതിയിലുള്ള ജി.പി.എസ്‌. നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രികാല പട്രോളിങ്ങിനായി ജീപ്പുമായി പോകുന്ന പോലീസുകാര്‍ ഇടവഴികളില്‍ ജീപ്പ്‌ നിര്‍ത്തിയിട്ട്‌ ഉറങ്ങുന്നുവെന്ന പരാതി ഉണ്ടായപ്പോഴാണ്‌ അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഈ സംവിധാനം നടപ്പാക്കിയത്‌.

 

‘മോന്തായം വളഞ്ഞാല്‍  അറുപത്തിനാലും വളയുമെന്നല്ലെ‘ പറയാറ്. താഴെയുള്ള ജോലിക്കാരുടെ  കുറ്റം കണ്ടുപിടിക്കുന്നതിന് മുന്‍പ്   മേലെയുള്ള മന്ത്രി തൊട്ട്  ജി പി എസ്  കഴുത്തിലണിയിച്ച് വിട്ടാല്‍  കുറച്ചു കൂടി ആശ്വാസമായേനേ!

Technorati Tags:

June 09, 2009

മിഡ്ഡേ മീല്‍‌

ജാര്‍ഖണ്ഡിലെ  ഒര്   ജില്ലയാണ് ധന്‍ബാദ്‌ .അവിടന്ന് 290 കി മീ  അകലെയാണ്‌ റാഞ്ചി എന്ന സ്ഥലം. ഇവിടത്തെ ഗോവിന്ദ്‌പൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പിയാദി ഗ്രാമത്തിലെ പ്രൈമറി  സ്‌കൂളില്‍  ഉച്ചഭക്ഷണത്തില്‍ നിന്ന്‌  കുട്ടികള്‍ക്ക് കിട്ടിയ വിശേഷ സാധനം എന്താണെന്നറിയാമോ?  വെന്തുമലച്ച പാമ്പിനെയാണത്രെ!

ഈ ഭക്ഷണം കഴിച്ച 70 ല്‍‌ പരം  കുട്ടികളെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ പാടലീപുത്ര മെഡിക്കല്‍ കോളേജ്‌  ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ്‌ ഓഫീസര്‍ അറിയിച്ചു.
350 ലധികം കുട്ടികളുള്ള സ്‌കൂളില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ളവരാണ്‌ പഠിക്കുന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഒളിവിലാണത്രെ.