August 08, 2009

നൈജീരിയക്കാരന്‍ അറസ്‌റ്റിലായി

കണ്ണൂര്‍- വളപട്ടണം - ഇന്റര്‍നെറ്റ്‌ പണമിടപാട്‌ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നൈജീരിയക്കാരന്‍ അറസ്‌റ്റിലായി. ഷെബാ അബ്‌ദുള്‍ റസാക്കിനെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ മൂന്ന്‌ കോടിയുടെ തട്ടിപ്പ്‌ നടത്തിയതായി പൊലീസ്‌ പറഞ്ഞു. ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന്‌ അറിയിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ബി വിജയന്റെ നേതൃത്വത്തിലുളള പൊലീസ്‌ സംഘമാണ്‌ അറസ്‌റ്റ്‌ നടത്തിയത്‌. സംസ്‌ഥാനത്ത്‌ സൈബര്‍സെല്ലിന്‌ ലഭിച്ച ആദ്യ പരാതിയായിരുന്നു ഇത്‌. കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ പണമിടപാട്‌ തട്ടിപ്പ്‌ കേസാണിത്‌. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാ പ്രദേശ്‌, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളിലും തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌.

ഇപ്പോള്‍ കിട്ടിയത്‌: ആഗസ്റ്റ്‌ 28, 2009

കണ്ണൂര്‍: ഇന്റര്‍നെറ്റിലൂടെ പണം തട്ടിപ്പ് നടത്തിയ കേസില്‍ ഒരു നൈജീരിയക്കാര്‍ കൂടി പിടിയിലായി. നൈജീരിയന്‍ സ്വദേശി ഇസി ഇഫാനി ഇമാനുവേല്‍ ആണ് പിടിയിലായത്. മലപ്പുറത്തും ഇയാള്‍ തട്ടിപ്പ് നടത്തിയതായി രേഖകള്‍ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് ഇയാളുടെ കൂട്ടാളി ഷെബാ അബ്ദുല്‍ റസാഖ് എന്ന നൈജീരിയക്കാരനെ പിടികൂടിയിരുന്നു. തന്ത്രപൂര്‍വം ഇയാളെ ബാംഗ്ലൂരില്‍ വരുത്തിയതിനുശേഷം കണ്ണൂരിലെത്തിച്ചായിരുന്നു ഷെബായെ അറസ്റ്റുചെയ്തത്. ഷെബായുടെ സഹായത്തോടെ ഒരു പോലീസുകാരനെ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇസി ഇഫാനി പിടിയിലായത്. ഇയാളില്‍നിന്നും നിരവധി രേഖകളുള്ള ലാപ്‌ടോപ്പും, വ്യാജ പാസ്‌പോര്‍ട്ടും വിസയും കണ്ടെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും മൂന്നുകോടി രൂപയോളം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ബാങ്ക് ഓഫ് ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതേപോലെ മൈക്രോസോഫ്ട്, യാഹൂ ലോട്ടറികളുടെ സമ്മാനം ലഭിച്ചെന്നും കാണിച്ച് ഇവര്‍ തട്ടിപ്പ് നടത്തിയതായി ഐ.ജി. ടോമിന്‍ തച്ചങ്കരി അറിയിച്ചു

News source : Asianet and Mathrubhumi