പത്ര വാർത്ത - മാതൃഭൂമി- കേരള സർക്കാർ ഓഫീസിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ലോക്കറിനുള്ളിൽ രത്നങ്ങളും സ്വർണാഭരണങ്ങളും.
വ്യവസായ വകുപ്പിന് കീഴിലുള്ള ആർട്ടീഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ( KADCO ) ഹെഡ്ഓഫീസിൽനിന്നാണ് രേഖയിൽപ്പെടാത്ത രത്നങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന ഒരു ഇരുന്പുപെട്ടി കണ്ടെത്തി. കഴിഞ്ഞ ജനവരിയിലാണു കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ഇപ്പോഴാണ് സംഗതി പുറത്തുവന്നത്. ഇപ്പോൾ വിജിലൻസ് അന്വേഷണം ആരംഭിച്ചു. 'കാഡ്കോ'യുടെ ലോ കോളേജ് ജങ്ഷനിലുള്ള പ്രധാന ഓഫീസിലാണ് പഴയ സാധനങ്ങൾ കുട്ടിയിട്ടിരുന്ന സ്ഥലത്ത് കിടന്ന ഇരുന്പുപെട്ടി കണ്ടെത്തിയിട്ട് രണ്ടുവർഷമായെങ്കിലും രണ്ടുമാസംമുൻപാണ് തുറക്കാനായത്. സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്ടി തുറന്നപ്പോൾ കണ്ടത് അന്പരപ്പിക്കുന്ന ആഭരണശേഖരമായിരുന്നു.
നവരത്നക്കല്ലുകൾ പതിച്ച ആഭരണങ്ങൾ, പവിഴം പതിച്ച രണ്ടര ഗ്രാം വീതമുള്ള സ്വർണമോതിരം, എട്ട് ഗ്രാം വീതമുള്ള ഗോമേദകം പതിച്ച ആഭരണങ്ങൾ, രണ്ടര ഗ്രാം വീതമുള്ള കമ്മലുകൾ, വെള്ളക്കല്ല് പതിച്ച 3. 90 ഗ്രാം തൂക്കമുള്ള രണ്ട് കമ്മലുകൾ, പവിഴം, ഗോമേദകം, നവരത്നം എന്നിവയുടെ സെറ്റുകൾ തുടങ്ങിയവയാണ് പൊടിപിടിച്ചു കിടന്ന പെട്ടിയിൽ കണ്ടത്. ആഭരണങ്ങൾ ഇ. ജെ. അലക്സാണ്ടർ എന്നയാളുടെ പേരിൽ പണയത്തിൽവെച്ചതിന്റെ രേഖകളും ലോക്കറിന്റെ മറ്റൊരു അറയിൽ നിന്ന് കണ്ടെത്തി. 40801 രൂപയുടെ കുടിശ്ശികയുണ്ടെന്ന് സൂചിപ്പിക്കുന്ന കണക്കു പുസ്തകവും പുറത്തെടുത്തു. പെട്ടിയിലെ മൂന്ന് അറകളിൽ ഒരെണ്ണം ഒഴിഞ്ഞ നിലയിലായിരുന്നു. ആഭരണങ്ങളുടെയും രത്നത്തിന്റെയും മൂല്യം കണക്കാക്കിയിട്ടില്ല.
2011-ൽ വാർഷിക കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് പഴയസാധനങ്ങളും പെട്ടികളും മറ്റും ഉപേക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ഇരുന്പുപെട്ടി പൊടിപിടിച്ചു കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. പക്ഷേ അതിനുള്ളിൽ എന്താണെന്നോ താക്കോൽ എവിടെയാണെന്നോ ജീവനക്കാർക്ക് ആർക്കും അറിയില്ലായിരുന്നു. തുടർന്ന് അന്ന് സ്ഥാപനത്തിന്റെ എം. ഡിയായിരുന്ന പി.എൻ. ഹേന ഇക്കാര്യം വ്യവസായ വകുപ്പിനെ അറിയിച്ചു. അന്വേഷണം എങ്ങുമെത്താതായതോടെ 2012 ജൂണിൽ സർക്കാർ ഒരു സമിതിയെ നിയോഗിച്ചു. ഏറെ നാളത്തെ അന്വേഷണത്തിനു ശേഷം ഈ ലോക്കർ നിർമ്മിച്ചത് തമിഴ്നാട് സ്വദേശിയായ ചെല്ലയ്യൻ എന്നയാളാണെന്ന് കണ്ടെത്തി. ഇയാളെ വിളിച്ചുവരുത്തിയാണ് ഇക്കഴിഞ്ഞ ജനുവരി 17-ന് പോലീസ് സാന്നിധ്യത്തിൽ ലോക്കർ തുറന്നത്. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ സതീശൻ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു.
ആഭരണങ്ങൾ തത്കാലം കനറാബാങ്ക് ലോക്കറിലേക്ക് മാറ്റി. തുടർന്നാണ് ശാസ്ത്രീയമായി ഇവയുടെ മൂല്യം നിർണയിക്കാനും വിജിലൻസ് അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടത്. പ്രസ്ക്ലബ്ബിന് സമീപം പ്രവർത്തിച്ചിരുന്ന കാഡ്കോയുടെ ഓഫീസ് ലോകോളജ് റോഡിലെ കെട്ടിടത്തിലേക്ക് മാറിയത് പത്ത് വർഷം മുൻപ് മാത്രമാണ്. ഇങ്ങിനെ ലോക്കറുകളുടെ എണ്ണത്തിലും വണ്ണത്തിലുമൊക്കെ യായി വീണ്ടുമൊരു ശ്രീ പദ്മനാഭ വിലാസം നടക്കുമോ!