December 26, 2006

സുനാമി- ഒരു് ഓര്‍മ്മക്കുറിപ്പു്

സുനാമിദുരന്തം നടന്നിട്ട്‌ ഇന്നേക്ക്‌ രണ്ടുവര്‍ഷംകഴിഞ്ഞു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും തീവ്രമായ പ്രയത്നം ഒരു പരിധി വരെ ദുരന്തബാധിതരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു എന്നതില്‍ അല്പം സമാദാനിക്കാം. എങ്കിലും, എത്രയോ പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്‌. അന്നു്‌ പ്രളയമായിരുന്നു. സര്‍വത്ര പ്രളയം. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളെ ഒന്നൊഴിയാതെ തിരമാലകള്‍ ആഞ്ഞടിച്ചു. കടലിലും കടല്‍ക്കരയിലും ജനിച്ചു വളര്‍ന്ന മുക്കുവര്‍പോലും ഭയന്നു വിറച്ചു. പല കൊടുങ്കാറ്റും കടല്‍ ക്ഷോഭവും അവര്‍ കണ്ടിട്ടുണ്ട്‌. ചെന്നയ്ക്ക്‌ വടക്ക്‌ എരണാവൂര്‍ ബീച്ചില്‍ 1998-ല്‍ ഒരു കപ്പല്‍തന്നെ കൊടുങ്കാറ്റില്‍പെട്ടു കരക്കെത്തിയിരുന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങല്‍ക്കകം കടല്‍ ഏകദേശം ഒരു കിലോമീറ്ററെങ്കിലും ഈ ഗ്രാമത്തിന്റെ കരയെ കീഴടക്കിയിട്ടുണ്ടു്‌. ഇതൊക്കെയാണെങ്കിലും 2004 ഡിസംബര്‍ 26-ന്‌ ഉണ്ടായ ദുരന്തം ജനങ്ങള്‍ക്കു്‌ പുതിയ ഒരു അനുഭവമായിരുന്നു. 'സുനാമി' എന്ന പേര്‌ അന്നാണു ആദ്യമായി ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ 8009 പേര്‍ മരിച്ചു.പതിനായിരക്കണക്കിനു്‌ വീടുകള്‍ തറമട്ടമായി. നിരാലംബരായ സാധാരണക്കാരില്‍ സാധാരണക്കാരായ തീരദേശവാസികളെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാരിനും വിവിധ സന്നദ്ധസംഘടനകള്‍ക്കും മുന്നിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ഇതില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്ന ദൌത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഭാഗികമായെ വിജയിച്ചുള്ളൂ. ചെന്നയിലും ചെന്നൈക്ക്‌ വടക്കുള്ള ചിന്നക്കുപ്പം, ഏരണാവൂര്‍, എണ്ണൂര്‍ക്കുപ്പം, താളംകുപ്പം, നൊച്ചിക്കുപ്പം പോലുള്ള കടല്‍ക്കരയില്‍ വസിച്ചിരുന്നവരുടെ പുനരധിവാസം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളുടെ സംരക്ഷണത്തിലാണു്‌ പലരും ഇപ്പോഴും കഴിയുന്നത്‌. കടല്‍ത്തീരം വിട്ടു മാറി താമസിക്കാന്‍ ഇവര്‍ തയ്യാറല്ല. ആവരുടേ ഉപജീവന മാര്‍ഗ്ഗം കടലിലാണു.കടലിനടുത്തായി സ്ഥലം ഇല്ല താനും. അങ്ങിനെയുള്ള ഊരാക്കുടുക്കുകള്‍ പലതും പുനരധിവസിപ്പിക്കലില്‍ വിലങ്ങു തടിയാവുന്നു. നല്ല വീടുകളും സ്ഥലവും കാണുമ്പോള്‍ ദുരിതമനുഭവിക്കാത്തവര്‍ കൂടി രാഷ്ട്രീയക്കാരുടെ സ്വാധീനമുപയോഗിച്ച്‌ അര്‍ഹരായവരുടെ വയറ്റിലടിക്കുന്നുതും വിരളമല്ല. ഇനിയുമൊരു സുനാമി ഉണ്ടാകരുതെ എന്നു പ്രാര്‍ത്ഥിക്കുന്നു.

December 24, 2006

ഉപഭോക്തൃ സംരക്ഷണ ദിനം

ഇന്നു്‌ ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനം. 1986-ലാണു ഈ നിയമം കൊണ്ടുവന്നത്‌. ഉപഭോക്ത്രാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും അവരുടേ താല്‍പര്യങ്ങള്‍ ന്യായമായി പരിഗണിക്കുന്നതിനും വേണ്ടി ഉപഭോക്ത്ര് തര്‍ക്ക പരിഹാരവേദികള്‍ സ്ഥപിക്കുകയും അവയുടെ നടപടികള്‍ ക്രമീകരിക്കുകയും ചെയ്യുക എന്ന സമുന്നതമായ ലക്ഷ്യത്തോടെയാണു്‌ ഇതിന്റെ തുടക്കം. പ്രതിഫലം നല്‍കി സാധനാമോ, സേവനമോ കൈപ്പറ്റുന്ന ഏതൊരാളും ഉപഭോക്താവാണു്‌. വാണിജ്യസംബന്ധമായ ആവശ്യങ്ങള്‍ക്കായി വാങ്ങപ്പെടുന്ന സധ്നങ്ങള്‍ ഇതില്‍ ഉള്‍പെടുന്നില്ല. പ്രതിഫലം നല്‍കി കൈപറ്റുന്ന സാധനങ്ങള്‍ക്ക്‌ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെന്നു മനസ്സിലാകുമ്പോഴാണു്‌ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്‌. സേവനത്തിന്റെ കാര്യത്തിലും ഇതുതന്നെ. സാധനങ്ങളുടെ അളവിലോ ഗുണത്തിലോ നിലവാരത്തിലോ ശുദ്ധിയിലോ കബളിക്കപ്പെടുന്നവയും ഇതില്‍പെടും. ഗുണനിലവാരം ഉറപ്പു വരുത്തുക കൃത്യവിലക്കു്‌ വസ്തുക്കള്‍ ഉപഭോക്താവിനു്‌ ലഭ്യമാക്കുക വിലയിലും അളവിലുമുള്ള വഞ്ചന തടയുക എന്നിവയാണു്‌ ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍‌‌. ലളിതമായ നടപടിക്രമമാണു്‌ ഇതിന്റെ പ്രത്യേകത. സിവില്‍ കോടതിപോലെ വിശദമായ തെളിവെടുപ്പോ വിസ്താരമോ ഇല്ല എന്നുള്ളത്‌ സാധാരണക്കാരനു ഒരു ആശ്വാസമാണു്‌. ജില്ല, സംസ്ഥാനം, ദേശീയം എന്നീ മൂന്നു നിലയിലാണു്‌ ഈ കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ഇതു്‌ കേസിന്നാസ്പദമായ തുകയുടെ അടിസ്ഥനത്തിലാണു. 20 ലക്ഷം വരെ ജില്ലാ കമ്മീഷനും, അതിനു മുകളില്‍ 100 ലക്ഷം വരെ സംസ്ഥാനക്കമ്മീഷനും അതിനു മുകളില്‍ എത്ര ആയാലും ദേശീയക്കമ്മീഷനും കേസ്‌ കൈകാര്യം ചെയ്യും. കൂടാതെ ജില്ലാതലത്തില്‍ ന്യായം കിട്ടാതെ പോയാല്‍ സംസ്ഥാനക്കമ്മീഷനു്‌ അപ്പീല്‍ കൊടുക്കാം.അതേപോലെ സംസ്ഥാനക്കമ്മീഷന്‍ന്റെ തീരുമാന്മ്‌ തൃപ്തികരമല്ലെങ്കില്‍ ദേശീയക്കമ്മീഷനെയും സമീപിക്കാം. പരാതി സമര്‍പ്പിക്കാന്‍ നിശ്ചിത ഫോം ഇല്ല. പരാതിക്കാരന്റെ വിലാസം, എതിര്‍ കക്ഷിയുടെ വിലാസം, കേസിന്റെ വിശദവിവരം-അതായതു അപാകത(deficiency), ബില്ലിന്റെ കോപ്പി എന്നിവ ഉണ്ടാകണം. നഷ്ടപരിഹാരം ഒരു ലക്ഷത്തിനുള്ളിലാണെങ്കില്‍ 100 രൂപയണു ഫീസ്‌. ഒന്നിനു അഞ്ചു ലക്ഷത്തിനുമിടയിലാണെങ്കില്‍ 200 രൂപയും, അതിനു മുകളില്‍ പത്തു ലക്ഷം വരെ 400 രൂപയും, അതില്‍ കൂടുതലാണെങ്കില്‍ 500 രൂപയുമാണു ജില്ലാക്കമ്മീഷന്‍ ആഫീസില്‍ അടക്കേണ്ടതു്‌. പരാതിക്കാരന്‍ താമസിക്കുന്ന സ്ഥലത്തോ, ഇടപാടു നടന്ന സ്ഥലത്തെ, എതിര്‍കക്ഷി താമസിക്കുന്ന സ്ഥലത്തോ ഉള്ള ജില്ലാഫോറത്തില്‍ പരാതി നല്‍കാം. അധികം താമസിയാതെ തന്നെ പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കാന്‍ സാദ്ധ്യമാക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടു്‌. ഇതിലെ എറ്റവും ദയനീയമായ ഒരു കാര്യം ഇതാണു്‌. കഷ്ടനഷ്ഠങ്ങള്‍ അനുഭവിച്ചതിനു ശേഷം മാത്രമേ ഒരു ഉപഭോക്താവിനു തന്റെ നഷ്ടപരിഹാരം നേടിയെടുക്കാന്‍ കഴിയൂ!

December 10, 2006

മനുഷ്യാവകാശ ദിനം

ഇന്നു് മനുഷ്യാവകാശ ദിനം! ഒരു വ്യക്തിയുടെ ജീവനും സ്വാതത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ള മാനുഷികമായ ഏതൊരവകാശത്തെയും ഹ്യൂമണ്‍ റൈറ്റ്‌സ്‌ ആയി കരുതപ്പെടുന്നു. മനുഷ്യാവകാശ ലംഘനം സമ്പന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിനു്‌ വിധേയനായ വ്യക്തിയോ വിഭാഗമോ നല്‍കുന്ന പരാതിയിന്മേലോ അതു സംബന്ധിച്ചു ലഭിക്കുന്ന വിവരത്തിന്മേല്‍ നേരിട്ടോ അന്വേഷണം നടത്തേണ്ടതൊക്കെ മനുഷ്യവകാശ കമ്മീഷന്റെ ചുമതലയാണു്‌. ദേശീയ കമ്മീഷനും സംസ്ഥാന കമ്മീഷനുമുണ്ട്‌. ദേശീയ കമ്മീഷന്റെ ചെയര്‍മാന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ച ഒരാളായിരിക്കും. സംസ്ഥാനത്ത്‌ അതുപോലെ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ച ഒരാളായിരിക്കും. ഇദ്ദേഹത്തെ കൂടാതെ നാലംഗങ്ങളും മെമ്പര്‍മാരായി ഉണ്ടാകാം. മനുഷ്യവകാശ ധ്വംസനങ്ങള്‍ നടന്നാല്‍ അവയെ സംബന്ധിച്ച പരാതി ആരു്‌ വേണമെങ്കിലും കൊടുക്കാം. പരാതി കൊടുക്കുന്നതിനു്‌ പ്രത്യേക രൂപം (format) നിഷ്കര്‍ഷിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കണ്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി സര്‍ക്കാരോട്‌ ശുപാര്‍ശ ചെയ്യാം. തമിഴ്‌നാട്ടില്‍ 1997ലാണു മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപിച്ചതു്‌. പത്തു വര്‍ഷമായി. എന്നിട്ടും കാര്യമായ പ്രയോജനം ഈ നിയമം കൊണ്ടു്‌ ജനങ്ങള്‍ക്ക്‌ ഉണ്ടായി എന്നു പറയാനാവില്ല. റിട്ടയറാകുന്ന ജഡ്ജിമാര്‍ക്കും ഭരണ യന്ത്രം കറക്കുന്നവരുടെ ഒരു ചില അനുയായികള്‍ക്കും ഉള്ള ഒരു പിള്ളത്തൊട്ടിലായി ഈ സ്ഥാപനവും മാറുകയാണോ?

December 02, 2006

ഡിസംബര്‍ 2-3 അര്‍ദ്ധരാത്രി!

ഭോപാലില്‍ വിഷവാതക വായു ശ്വസിച്ചു മരിച്ചവരേയും മരിച്ചുകൊണ്ട്‌ ജീവിക്കുന്നവരെക്കുറിച്ചും ഇനി എഴുതാന്‍ ഒന്നും തന്നെ ബാക്കിയുണ്ടാവുമെന്നു തോന്നുന്നില്ല. ഏന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പലതും നമ്മുടെ മനസ്സില്‍ ഇന്നും തേങ്ങിക്കിടപ്പുണ്ടു്‌! ആ ഹതഭാഗ്യരെ ഓര്‍ക്കുന്നതോടൊപ്പം അപ്പോള്‍ നടന്ന വേറൊരു ഭയങ്കര സംഭവമാണു്‌ ഞാന്‍ പറയാന്‍ മുതിരുന്നതു്‌. 1984 ഡിസംബര്‍ 2-3 അര്‍ദ്ധരാത്രിയിലാണു ഭോപാല്‍ സംഭവം. മീതോ ഐസോ സൈനൈറ്റ്‌ വിഷവാതകം കൊണ്ടുണ്ടായ കെടുതികള്‍ വായിച്ചും കേട്ടും കൊണ്ടിരിക്കുന്ന സമയം. മദ്രാസിനു 15 കിലോമീറ്റര്‍ വടക്കു മണലി എന്ന സ്ഥലം സുപ്രസിദ്ധമായ രസായന വ്യവസായശാലകുളുടെ സങ്കേതമാണു്‌. അന്ന് 22-ലധികം രാസവസ്തുക്കള്‍ ഉല്‍പ്പത്തി ചെയ്യുന്ന കമ്പനികളാണുണ്ടായിരുന്നത്‌. കടല്‍ക്കരയില്‍ നിന്നും 3 കിലോമീറ്ററോളം ഉള്ളിലായിട്ടാണു ഈ സ്ഥാപനങ്ങള്‍. ചുറ്റുപാടുള്ള ഗ്രമീണരാകട്ടേ സ്വന്തം കൃഷി സ്ഥലം കമ്പനിക്കു വിറ്റ്‌ അതേ കമ്പനിയില്‍ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണു്‌ മിക്കവരും. കൃഷിയേക്കാള്‍ അദായം കണ്ട്‌ ഇവര്‍ സന്തോഷപ്പെട്ടു. പരിസ്ഥിതി മലിനീകരണത്തെപറ്റിയോ സംരക്ഷണത്തെപറ്റിയൊന്നും അന്നു്‌ ഇവര്‍ക്ക്‌ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ഈ ഫേക്ടറികള്‍ മേനേജ്‌ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരാകട്ടെ സിറ്റിയില്‍ താമസിക്കുന്നവരാണു്‌. ഞാന്‍ പറഞ്ഞു വരുന്ന സംഭവം നടക്കുന്നത്‌ രാത്രി 8 മണിയളവിലാണു. ശ്രീരാം ഫൈബേര്‍സ്‌ എന്ന കമ്പനിയിലെ ജോലിക്കാര്‍ ഊണു കഴിക്കാനായി കേന്റീനിലോട്ട്‌ ഇറങ്ങുന്ന സമയം. ഒരു ചെറിയ തണുത്ത കാറ്റ്‌. തുടര്‍ന്ന് ചെറിയൊരു മഴച്ചാറല്‍. അത്ര തന്നെ! കണ്ണും മുഖവും നെഞ്ഞും എല്ലാം എരിഞ്ഞു പുകഞ്ഞു ചുമച്ചു ചുമച്ചു കുറെപ്പേര്‍ വാടിയ ഇലകള്‍ പോലെ അങ്ങിങ്ങായി വീഴാനും ഉരുളാനും പെരളാനും ഒക്കെത്തുടങ്ങി. പിന്നീടുള്ള സംഗതി വിവരിക്കാന്‍ പ്രയാസമുണ്ടു്‌. അടിയന്തര രക്ഷാനടപടികള്‍ കൈക്കൊണ്ടു കുറേപ്പേരെ ആശുപത്രിയിലും കുറെപ്പേര്‍ക്കു ഫസ്റ്റ്‌ ഐഡ്‌ കൊടുത്തും മറ്റും രക്ഷിച്ചു. രണ്ടോ മൂന്നോ പേര്‍ മരിച്ചെന്നും ഇല്ലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്ത അപ്പോഴുണ്ടായിരുന്നു. അവിടെ പെയ്തത്‌ ആസിഡ്‌ റെയിനായിരുന്നൂ. ഇതു സര്‍ക്കാരോ, പൊള്ളൂഷന്‍ കണ്ട്രൂള്‍ ബോഡോ അന്നു്‌ വെളിപ്പെടുത്തുകയുണ്ടായില്ല. ഭോപാലില്‍ ഉണ്ടായ പ്രശ്നം കാരണം ഇതും മൂടി മറച്ചു എന്നു ഞാന്‍ വിശ്വസിച്ചു. എങ്ങിനെ 'അമ്‌ളമഴ'യുണ്ടായി? അന്നത്തെ കോത്താരി കെമിക്കല്‍സ്‌ എന്ന കമ്പനിക്കും ശ്രീരാം ഫൈബേര്‍സ്‌ എന്ന കമ്പനിക്കും ഇടയിലുള്ള ഒരു വ്യവസായസ്ഥാപനമാണു മദ്രാസ്‌ ഫെര്‍ടിലൈസേര്‍സ്‌. എറ്റവും കിഴക്കുള്ള കോത്താരി കമ്പനിയില്‍ നിന്നും ലീക്കായ ക്ലോറിന്‍ വാതകം കാറ്റടിച്ചു്‌ ഫെര്‍ടീലൈസേര്‍സ്‌ കമ്പനിക്കു്‌ മുകളില്‍ക്കൂടികടന്നു വരുന്നു. അപ്പോള്‍ അവിടെയുള്ള കൂറ്റന്‍ കൂളിംഗ്‌ ടവറുകളുടെ മുകളിലുള്ള നീരാവിയുമായി ഒത്തു ചേര്‍ന്നു ഒന്നാന്തരം ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ മഴയായി ശ്രീരാം ഫൈബേര്‍സ്‌ കോമ്പൌണ്ടില്‍ എത്തുകയാണു്‌ അന്നുണ്ടായതു്‌. ഇങ്ങിനെ പലതും ദിനം തോറും ഉണ്ടാകുന്നുണ്ടെങ്കിലും രക്ഷാനടപടികള്‍ക്കു വേണ്ടത്ര ശ്രദ്ധ ഇന്നും നാം കൊടുക്കുന്നില്ല എന്നതൊരു നഗ്ന സത്യമായ്‌ അവശേഷിക്കുന്നു.

December 01, 2006

പഴശ്ശിരാജ

നവംബര്‍ 30. നമുക്കു്‌ മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണു്‌. കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ജീവിതാന്ത്യരംഗത്തിനു സാക്ഷ്യം വഹിച്ച ദിവസം! ടിപ്പുവിന്റെ ആക്രമണം ഒരു വശത്തും ബ്രിട്ടീഷ്‌കാരുടെ നീചമായ യുദ്ധതന്ത്രങ്ങള്‍ മറുവശത്തും നേരിട്ട്‌ ധീര മരണം വരിച്ച ആ സ്വാതന്ത്ര്യ സമര സേനാനിയെ നമുക്ക്‌ മറക്കാന്‍ കഴിയുമോ? ബ്രിട്ടീഷ്‌സൈന്യം തറമട്ടമാക്കിയ വടക്കന്‍ കോട്ടയത്തില്‍ നിന്നും രക്ഷപ്പെട്ടു വയനാടന്‍ മലകളില്‍ താവളമുറപ്പിച്ചു ശത്രുക്കളെ ഒളിപ്പോരുകൊണ്ടു്‌ പോറുതി മുട്ടിച്ച ധീരനാണു പഴശ്ശിരാജ. പുരളി മലയായിരുന്നു ആദ്യത്തെ സങ്കേതം. 1793 ലാണു ആദ്യമായി പഴശ്ശി ബ്രിട്ടിഷ്‌കാര്‍ക്കെതിരെ തന്റെ ആക്രമം തൊടുത്തുവിട്ടത്‌. നെപ്പോളിയനെ തോല്‍പ്പിച്ച കേണല്‍ ആര്‍തര്‍ വെല്ലസ്ലിക്ക്‌ പല വര്‍ഷം പഴശ്ശിയുമായി പടപൊരുതേണ്ടി വന്നു. തലശ്ശേരി കോട്ടയും കെട്ടി തന്റേ എല്ലാ യുദ്ധ തന്ത്രങ്ങളും പ്രയോഗിച്ചും കേരള വര്‍മ്മയെ കണ്ടുപിടിച്ചു കൊല്ലാന്‍ കഴിയാത്തെ വിഷമിക്കുമ്പോഴാണു പഴയവീട്ടില്‍ ചന്തു എന്ന തന്റെ സ്വന്തം അനുയായിയാല്‍ ഒറ്റുകൊടുക്കപ്പെട്ടത്‌. ആ വീര പുരുഷന്റെ മരണ ദിവസം അദ്ദേഹത്തിന്റെ അമ്മയുടെ ചരമ വാര്‍ഷീകം കൂടിയായിരുന്നു. 1805 നവംബര്‍ 30-ന്‍^ കാലത്ത്‌ മാവില തോടില്‍ കുളിച്ച്‌ കുലദൈവമായ ശ്രീപോര്‍ക്കലിയെ ഭജിച്ച്‌ അന്നത്തെ യുദ്ധസന്നാഹങ്ങളേക്കുറിച്ചു അനുയായികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം അമ്മയുടെ ഓര്‍മ്മക്കായുള്ള പൂജ ചെയ്യുകയായിരിന്നു പഴശ്ശി രാജ. അപ്പോഴാണു ബ്രിട്ടീഷ്‌ മലബാറിലെ സബ്‌ കളക്ടര്‍ തോമസ്‌ ഹാര്‍വെ ബേബറുടെ സൈന്യം തന്റെ രഹസ്യസങ്കേതം വളഞ്ഞതു്‌. തമ്പുരാന്റെ യോദ്ധാക്കള്‍ വയനാട്ടിലെ കുറിച്ച്യാര്‍ പണിയര്‍ തുടങ്ങിയ വര്‍ഗ്ഗക്കാരായിരുന്നു. അവര്‍ എത്ര നിര്‍ബന്ധിച്ചിട്ടും രക്ഷപ്പെടാന്‍ ആ യോദ്ധാവ്‌ കൂട്ടാക്കിയില്ല. പിന്നീട്‌ ബേബറുമായി നടന്ന ഉഗ്ര പോരാട്ടത്തിലാണു ആ ധീരപുരുഷന്‍ മരണമടഞ്ഞത്‌. അതല്ല സൈന്യം വളഞ്ഞപ്പോള്‍ കീഴടങ്ങുന്നത്തിന്നു പകരം തന്റെ കൈവിരലിലണിഞ്ഞിരുന്ന മോതിരത്തിലെ വൈരക്കല്ല് തിന്നു്‌ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും വേറൊരഭിപ്രായം ഉണ്ടു്‌. ഇതു സംഭവിച്ചതു മാനന്തവാടിക്കടുത്താണു്‌. വീരപഴശ്ശിരാജാവിന്റെ ഓര്‍മ്മക്കായ്‌ ഒരു കോളേജും (നായര്‍ സര്‍വീസ്‌ സൊസൈറ്റി വക) കേരള സര്‍ക്കാരിന്റെ ഒരു ജലസേചന പദ്ധതിയും നടത്തിവരുന്നുണ്ടു്‌. (Above photo shows his grave)

November 23, 2006

'മുത്തപ്പനും, തിരുവപ്പനും'

വിശന്നു വലഞ്ഞു്‌ വരണ്ട തൊണ്ടയുമായി ദര്‍ശനത്തിനെത്തുന്ന സാധാരണ മനുഷ്യന്‍ എത്ര തന്നെ ദൈവ വിശ്വാസിയായാലും ആദ്യം തേടുന്നതു്‌ ദാഹം തീര്‍ക്കാനും വിശപ്പടക്കാനും വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നായിരിക്കും. അതു ദൈവസന്നതിയില്‍ തന്നെ കാല്‍ കാശ്‌ ചെലവില്ലാതെ ലഭ്യമാണെങ്കില്‍ അതില്‍പരം സായൂജ്യം വേറെയെന്താണുള്ളത്‌! (ഇന്നത്തെ പരിഷ്കാരികള്‍ക്ക്‌ ഇതൊരു വലിയ പ്രശ്നമല്ലായിരിക്കാം.) ഏതു ദിവസമായാലും ഏതു സമയത്തു ചെന്നാലും ഭക്തന്മാര്‍ക്ക്‌ വിശപ്പടക്കാന്‍ ഭക്ഷണം കൊടുക്കുന്ന ക്ഷേത്രം പറശ്ശിനിക്കടവ്‌ മഠപ്പുരയിലല്ലാതെ കേരളത്തില്‍ വേറൊരിടത്തുള്ളതായി എനിക്കറിവില്ല. കണ്ണൂരിനു വടക്കു-കിഴക്കായി എേകദേശം 16 കിലോമീറ്റര്‍ ദൂരേ വളപട്ടണം പുഴക്ക്‌ പടിഞ്ഞാറെ കരയിലാണു്‌ പ്രകൃതി രമണീയമായ പറശ്ശിനിക്കടവും ക്ഷേത്രവും. ഈ പുഴക്ക്‌ വേറേയും പല കടവുകളുണ്ടെങ്കിലും അവക്കൊന്നും തന്നെ പറശ്ശിനിക്കടവിന്റെ പ്രാധാന്യമില്ല.ഈ മഹാക്ഷേത്രം കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ പ്രതീകമാണു്‌. നായാട്ടുകാരന്റെ വേഷവും ഭാവവുമാണു്‌ മുത്തപ്പന്റേത്‌. അമ്പലത്തിനു ചുറ്റിപ്പറ്റി എപ്പോഴും നിരവധി നായ്ക്കളുണ്ടായിരിക്കും. അവയെല്ലാം മുത്തപ്പന്റെ വേട്ടനായ്ക്കളാണെന്നാണു സങ്കല്‌പം. 'വെള്ളാട്ടം','തിരുവപ്പന്‍' എന്നീ രണ്ടു തെയ്യങ്ങളാണു്‌ ഇവിടെയുള്ളത്‌. വെള്ളാട്ടം എന്ന വേഷം പരമശിവന്റെ അവതാരമായ മുത്തപ്പനും, തിരുവപ്പന്‍ എന്നത്‌ മുത്തപ്പനായി അവതരിച്ച വിഷ്ണുവിന്റെ വേഷവുമാണെന്നാണു്‌ സങ്കല്‌പം. പ്രാരംഭകാലം മുതലേ ക്ഷേത്രവുമായി ബന്ധമുള്ള വണ്ണാന്‍ സമുദായത്തിലെ അംഗങ്ങളാണു്‌ രണ്ടു തെയ്യങ്ങളും കെട്ടി ആടുന്നത്‌. ദിവസേന വെള്ളാട്ടം തിറ ഉണ്ടായിരിക്കും. സംക്രമത്തിനും വേറെ ചില വിശേഷ ദിവസങ്ങളിലും ഇവിടെ ബ്രാഹ്മണര്‍ പൂജ ചെയ്യാറുണ്ട്‌. വിശ്വാസികള്‍ തങ്ങളുടെ വീട്ടില്‍ വെച്ചും വെള്ളാട്ടം എന്ന മുത്തപ്പന്‍ തെയ്യത്തെ ഒരു വഴിപാടായി കെട്ടി ആടിക്കാറുണ്ടു്‌. യുക്തിവാദികളുടെ അഭിപ്രായത്തില്‍, മുത്തപ്പന്‍ ഒരു തീയ്യ-കുടുമ്പത്തിലെ ഏതോ സിദ്ധനായ മുത്തച്ഛന്‍ കാരണവരാണെന്നാണ്‌. അങ്ങിനെ ആ കാരണവരെ ഉദ്ദേശിച്ച്‌ ആരംഭിച്ച പൂജയും വഴിപാടുമാണു്‌ കാലാന്തരത്തില്‍ മുത്തപ്പനായി മാറിയതു്‌ എന്നാണു്‌ ഇവരുടെ വാദം. അത്‌ എങ്ങിനെ ആയാലും ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു മഹാക്ഷേത്രം തന്നെയാണു്‌ പറശ്ശിനിക്കടവ്‌ മഠപ്പുര എന്നതില്‍ ലവലേശം സംശയം വേണ്ട. ആഢ്യന്‍ മുതല്‍ അന്ത്യജന്‍ വരെ ഒരു പോലെ മുത്തപ്പന്‍ സന്നതിയിലെത്തുന്നു. ജാതിമത ഭേദമന്യേ വഴിപാടുകള്‍ നേരുന്നു. പറശ്ശിനിക്കടവ്‌ മഠപ്പുരയിലെ മുത്തപ്പനെ പ്രാര്‍ഥിച്ചാല്‍ ഏതു പ്രയാസങ്ങളേയും തരണം ചെയ്യാന്‍ കഴിയുമെന്നാണു്‌ ജനങ്ങളുടെ ദൃഢമായ വിശ്വാസം. ഇന്ന് നൂറുകണക്കിന്‌ മുത്തപ്പന്‍ കാവ്‌ പല പ്രദേശങ്ങളിലുമായിട്ടുണ്ട്‌. ചെന്നയിലും മുത്തപ്പന്‍ കാവുകളുണ്ടു്‌.

November 17, 2006

'മാടായി'-മാഹാത്മ്യം

ഏകദേശം 206 വര്‍ഷങ്ങള്‍ക്കു്‌ മുന്‍പ്‌ അതായത്‌ കൊല്ലവര്‍ഷം 975 മീനമാസം 14-ന് (1800 March31) ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രവിവര്‍മ്മ രാജാവു്‌ അന്നത്തെ ബ്രിട്ടീഷ്‌ ഭരണാധികാരിക്കു്‌ എഴുതിയ വേദനാജനകമായ ഒരു കത്തിന്റെ ഉള്ളടക്കമാണു്‌ താഴെ കൊടുത്തിരിക്കുന്നത്‌ഃ "രാജശ്രീ വടക്കെ അധികാരി തലച്ചേരി തുക്കടി സുപ്രഡണ്ടെന്‍ ജെമിസ്സ ഇസ്ഥിവിന്‍ സായിപ്പിനു്‌ ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രെവിവര്‍മ്മ രാജാവു്‌ എഴുതുന്നതു്‌ എന്തെന്നാല്‍, കഴിഞ്ഞ കൊല്ലം മാടായിക്കാവിലെ 'പൂരം കളി' കാണാന്‍ സമ്മതം ചോദിച്ചിട്ടു കിട്ടുകയുണ്ടായില്ല. ഇത്തവണയെങ്കിലും കമ്മീഷണരുടെ സമ്മതം വാങ്ങിത്തരുമെന്ന വിശ്വാസത്തോടെയാണു്‌ ഈ കത്തു്‌ കാല്യേക്കൂട്ടി അയക്കുന്നത്‌." സ്വന്തം രാജ്യത്ത്‌ തനിക്കു്‌ സ്വന്തമായുള്ള ക്ഷേത്രത്തില്‍ കുലദേവതയുടെ ഉത്സവം കാണാണ്‍ പോലും സ്വാതന്ത്ര്യമില്ലാത ചിറക്കല്‍ രാജാവിന്റെ ദയനീയാവസ്ഥ! മാടായിക്കാവില്‍ നാലു പ്രധാന ആഘോഷങ്ങളാണു്‌ അരനൂറ്റാണ്ടുകള്‍ക്കു മുന്‍പൊക്കെ ഉണ്ടായിരുന്നതു്‌. കന്നി മാസത്തില്‍ കൂത്തും, മകരമാസത്തില്‍ കളത്തിലരിയും, മീനമാസത്തിലെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പൂര മഹോത്സവവും. ഇതു്‌ കാണാനാണു്‌ അന്നത്തെ ചിറക്കല്‍ രാജാവു്‌ മേലെഴുതിയ കത്ത്‌ അധികാരി സായിപ്പിന്‌ അയച്ചു കൊടുത്തത്‌. സമ്മതം കൊടുത്തതായി രേഖകളൊന്നും കണ്ടിട്ടില്ല. മേടമാസം കഴിഞ്ഞാലുള്ള കലശമാണു നാലാമത്തേത്‌. ഇപ്പോള്‍ ഏതെല്ലാമുണ്ട്‌ എന്നറിയില്ല. കലശോത്സവം, 'കാളിയാട്ടം' എന്നതാണ്‌. ഇതിനെ 'പെരുംകളിയാട്ടം' എന്നും വിളിച്ചു വരുന്നുണ്ടു്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എട്ടു തെയ്യക്കോലങ്ങളാണു കലശത്തിനായ്‌ കെട്ടിയാടിക്കുന്നത്‌. അതില്‍ ഏഴു തെയ്യം വണ്ണാന്‍ സമുദായക്കാരും ,ഒന്നു്‌ ചിങ്കത്താന്‍ സമുദായക്കരനും കെട്ടുന്നു. ഇതില്‍ പ്രധാനമായ തെയ്യം 'തായപ്പരദേവത'യുടേതാണു്‌. ഏറ്റവും പ്രഗല്‍ഭനായ പെരുവണ്ണാനാണു്‌ 'തിരുവര്‍ക്കാട്‌ ഭഗവതി' എന്നു കൂടി വിളിക്കുന്ന ഈ തെയ്യം കെട്ടുന്നത്‌. ('തിരുവേര്‍ക്കാട്‌ ഭഗവതി' എന്ന പേരില്‍ തന്നെ ചെന്നൈ മഹാനഗരത്തിനു അടുത്തായി ഒരു ദേവീക്ഷേത്രമുണ്ടു്‌!) മാടായിക്കാവ്‌ പരമശിവന്റെ അമ്പലമാണെങ്കിലും 'ഭദ്രകാളി'ക്കാണു്‌ നാട്ടുകാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്‌. ഇവിടെ അമ്പല പൂജ നടത്തുന്നത്‌ നമ്പൂതിരിമാരാണു്‌. ശാക്തേയബ്രാഹ്മണരായ ഇവര്‍ക്ക്‌ മത്സ്യ-മാംസങ്ങള്‍ നിഷിദ്ധമല്ല! നാടിനെയും നാട്ടാരേയും പല ആപത്തുകളില്‍ നിന്നും മാരക രോഗങ്ങളില്‍ നിന്നും ഈ ദേവത രക്ഷിക്കുന്നുവെന്ന ഉറച്ച വിശ്വാസമാണു്‌ കണ്ണൂരിനു വടക്കൂ പടിഞ്ഞാറായി മുപ്പത്തിരണ്ട്‌ കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കാവിന്റെ മാഹാത്മ്യം.

November 15, 2006

മാറാവ്യാദികള്‍ മാറ്റാന്‍

‍ക്ഷേത്രങ്ങള്‍ക്കു്‌ പേരുകേട്ട കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിന്‌ അടുത്തുള്ള ഒര്‌ ശിവ ക്ഷേത്രമാണു്‌ കഞ്ഞിരങ്ങാട്‌ ശ്രീ വൈദ്യനാഥ ക്ഷേത്രം. മാറാവ്യാദികള്‍ മാറ്റാനായി ജനങ്ങള്‍ ശ്രീ വൈദ്യനാഥനെ പ്രാര്‍ഥിച്ചു്‌, സുഖം പ്രാപിക്കുന്നു. സുപ്രസിദ്ധമായ ഈ അമ്പലത്തിന്റെ കിഴക്കേ മുറ്റത്ത്‌ ധനുമാസത്തിലെ പത്താം ദിവസം കൊല്ലം തോറും ഉലാറ്റില്‍ ഭഗവതി, ക്ലാരങ്ങര ഭഗവതി എന്നീ തെയ്യ-ക്കോലങ്ങള്‍ കെട്ടിയാടിക്കാറുണ്ടു്‌. നാലമ്പലത്തിനു വെളിയിലായിട്ട്‌ കിഴക്കു ഭാഗത്താണ്‌ ഈ മുറ്റം. ഇവിടെത്തന്നെ ഒരാല്‍മരത്തറയും കാഞ്ഞിരമരത്തറയും ഉണ്ട്‌. അതിനെപറ്റിയുള്ള ഐതീഹ്യം ഇപ്രകാരമാണ്‌. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരുടെ വിജയ വാര്‍ത്ത ഈ കാഞ്ഞിരത്തറയില്‍ ഇരിക്കുമ്പോഴാണു്‌ കുന്തീദേവിക്കു ലഭിച്ചത്‌. ഇതു കാരണം ധനു മാസം 18-ന്‍^ ഇവിടെ വളരെ വിശേഷമാണ്‌. അന്നു തന്റെ കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അമ്മമാര്‍ ഈ കാഞ്ഞിരത്തറയിലിരുന്നു ദ്യാനവും പ്രാര്‍ഥനയും നടത്തുന്നു.

November 12, 2006

ദൈവം

നൂറ്റാണ്ടുകള്‍ പഴ്ക്കമുള്ള ആചാരാനുഷ്ഠാനങ്ങളുടെയും സംസ്കാരത്തിന്റെയും സംഗമമാണ്‌ വടക്കേ മലബാറിലെ "തെയ്യം" എന്നു വിശേഷിപ്പിക്കുന്ന ദൈവീക നൃത്ത-സംഗീത കല. 'ദൈവം' എന്ന വാക്കില്‍ നിന്നായിരിക്കണം 'തെയ്യം' എന്ന പദം ഉരുവായിട്ടുള്ളത്‌. ട്രൈബല്‍ സ്വഭാവമുള്ള ഈ കലക്കു ആര്യന്മാരുടെ വരവോടുകൂടി പല ഭാവഭേദങ്ങള്‍ ഉണ്ടായിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. ഈ കലയുടെ എറ്റവും വലിയ നേട്ടം, ഇതു ഹിന്ദു മതത്തിലെ എല്ലാ സമുദായ വിഭാഗക്കാരേയും കോര്‍ത്ത്‌ ഇണക്കിയിട്ടുണ്ടെന്നുള്ളതാണു. കളിയാട്ടം എന്ന പെരിലറിയപ്പെടുന്ന തെയ്യത്തിന്റെ ചിത്രമാണ്‌ ഇവിടെ പകര്‍ത്തിയിട്ടുള്ളത്‌.

October 23, 2006

പഴയ ഒരു കഥ

രണ്ടാം ക്ലാസ്സില്‍ പടിക്കുന്ന ഒരു കുട്ടി തന്റെ Moral Science പാഠത്തിലെ ഒരു കഥ പറയുകയായിരുന്നു. പഴയതാണ്‌. പല തവണ കേട്ടതാണ്‌. എന്നാലും കുട്ടികള്‍ കഥ പറയുന്നത്‌ കേള്‍ക്കാന്‍ എപ്പോഴും ഒരു രസമുണ്ട്‌. ഒരിക്കല്‍ ഒരു ആട്ടിന്‍കുട്ടി ആറ്റിലിറങ്ങി വെള്ളം കുടിച്ചുകൊണ്ടിരുന്നൂ. മുകള്‍ഭാഗത്തു്‌ ഒരു ചെന്നായയും ചെന്നിറങ്ങി. ആട്ടിന്‍കുട്ടിയെ കണ്ടപ്പോള്‍ അതിനെ പിടിച്ചു തിന്നണമെന്ന മോഹം ചെന്നായ്ക്കു തോന്നി. കലഹത്തിനു കാരണമുണ്ടാക്കാന്‍ വേണ്ടി ചെന്നായ ആട്ടിന്‍കുട്ടിയൊട്‌ ചോദിച്ചു "ഞാന്‍ കുടിക്കുന്ന വെള്ളം നീ കലക്കുന്നതെന്താണു?" "അയ്യോ ഞാന്‍ വെള്ളം കലക്കുന്നില്ലല്ലോ! അഥവാ കലക്കിയാല്‍ തന്നെ വെള്ളം മുകളിലേക്ക്‌ വരികയില്ലല്ലോ. ഒഴുക്കുകൊണ്ട്‌ താഴത്തേക്കല്ലേ പോകൂ" "ഇപ്പഴല്ലെങ്കില്‍ കുറച്ചു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ കലക്കീട്ടുണ്ട്‌. " “ഞാന്‍ ജനിച്ചിട്ട്‌ മൂന്നു-നാലു മാസം ആകുന്നതേയുള്ളൂ!" "ധിക്കാരീ, അപ്പോ നീ അല്ലങ്കില്‍ നിന്റെ കൂട്ടത്തില്‍ ആരോ കലക്കിയിട്ടുണ്ട്‌. എന്താ എത്ര പറഞ്ഞാലും നിനക്കൊന്നും മനസ്സിലാവില്ലേ? നിന്നെ ഞാന്‍.. " ഇത്രയും പറഞ്ഞുകോണ്ട്‌ ചെന്നായ്‌ ആ ആട്ടിന്‍കുട്ടിയുടെ മേല്‍ ചാടി വീണു. The moral of the story is... കുട്ടി തുടര്‍ന്നു. "കലഹ ശീലന്മാര്‍ക്ക്‌ കലഹിക്കുന്നതിന്‍ കാരണം കൂടിയേ തീരു എന്നില്ല!"

October 15, 2006

തമിഴ്‌നാട്ടില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌

തമിഴ്‌നാട്ടില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നടന്നു കൊണ്ടിരിക്കുകയാണ്‌. ഇന്നാണ്‌ രണ്ടാം ഘട്ടം. ഞാനും പല്ലവപുര നഗരാട്ചിയില്‍ മല്‍സരിക്കുന്ന നമ്മുടെ സുഹൃത്തിന്‌ വോട്ട്‌ രേഖപ്പെടുത്തി എന്റെ കര്‍ത്തവ്യം നിറവേറ്റിയെന്ന് അറിയിച്ചു കൊള്ളുന്നു. ഇതിലെന്താണു കാര്യം? പോളിംഗ്‌ ബൂത്തില്‍ പോയി ഒരു പോറലുമേല്‍ക്കാത്തെ തിരിച്ചു വരുന്നത്‌ ഒരു അല്‍ഭുതം തന്നെയല്ലേ? കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന സംഭവങ്ങള്‍ അത്ര ഭയങ്കരമായിരുന്നു. ഭരണകക്ഷിയും എതിര്‍കക്ഷിയും തമ്മില്‍ തല്ലുമ്പോള്‍ തല്ലു കൊണ്ടോടുന്നത്‌ സാധരണക്കാരായ വോട്ടരാണേ! പിന്നെ പൊലീസുകാര്‍ എപ്പോഴും ഭരിക്കുന്നവര്‍ക്ക്‌ വേണ്ടുന്ന ഒത്താശ ചെയ്യുന്നത്‌ അവരുടെ ധര്‍മ്മമാണല്ലോ. ഇന്നു ഇതുവരെ അനിഷ്ട സംഭവങ്ങൊളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.
....
2020 ലാണ് മറ്റൊരു ലോക്കൽ തിരഞ്ഞെടുപ്പ് നടന്നത്.  ചെന്നൈ കോർപറേഷൻ അതിരുകൾ വിസാലമാക്കിയ ത്‌ കൊണ്ട് ഇവിടത്തെ തിരഞ്ഞെടുപ്പ് ഇനി നടത്താൻ പോന്നതെ യുള്ളൂ.
...

September 24, 2006

കര്‍ഷകരേ ഇതിലേ, ഇതിലേ!‍‌

‍ഇന്ത്യന്‍ കര്‍ഷകര്‍ നിത്യജീവിതത്തിന്ന്‌ വഴിമുട്ടി ആത്മഹത്യക്കുവരെ തയ്യറാവുന്ന ഈ ദുര്‍ഗ്ഗടമായ സാഹചര്യത്തില്‍ ഇതാ ഒരു അഭിനവകര്‍ഷകന്‍ രൂപം പ്രാപിച്ചിരിക്കുന്നു. അമ്പാനി കുട്ടികള്‍! അതേ, നിരുഭായ്‌ അമ്പാനി മുതലാളിയുടെ അമ്പാരിയേന്തുന്ന കുട്ടികള്‍ തന്നെ!
ലോകത്തിലെ വന്‍കിട എണ്ണ ശുദ്ധീകരണ ശാലകളില്‍ മൂന്നാം സ്ഥാനം വഹിക്കുന്ന 'റിലയന്‍സ്‌' മുതലാളികള്‍ തന്നേയാണു ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ മാങ്ങ ഉല്‍പ്പത്തി ചെയ്ത്‌ കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നതു. അമ്പാനി മുതലാളിയുടെ എണ്ണക്കമ്പനികള്‍ക്ക്‌ സ്വന്തമായുള്ള കാലിയായിക്കിടന്നിരുന്ന വിശാലമായ സ്ഥലങ്ങളിലാണു ഇവര്‍ മുന്തിയ തരം മാവിന്‍ ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്‌. ഒരു വെടിക്കു രണ്ടു പക്ഷി എന്ന കണക്കിന്‌, പരിസ്ഥിതി സംരക്ഷണവും കൃഷിയുല്‍പന്നങ്ങള്‍ വിറ്റു കിട്ടുന്ന ലാഭവും! എകദേശം 470 ഏക്കര്‍ നിലത്താണു ഈ നൂതനമായ 'മാങ്ങ-പരിപാടി' നടപ്പിലാക്കിയിട്ടുള്ളത്‌. ഏഷ്യ്യിലേ എറ്റവും വലിയ മാങ-തോട്ടം എന്നുള്ള ബഹുമതിക്കും അര്‍ഹമായ ഈ പദ്ധതി ഇതു വരെ 3,87,000 കിലോഗ്രാം മാങ്ങ ഇതിനകം ഉല്‍പത്തി ചെയ്തിട്ടുണ്ട്‌. പല വെറൈറ്റി ഉണ്ടെങ്കിലും “Releure" brand (റിലയന്‍സ്’ നിങളുടേത് എന്ന്‌ വായിക്കുക) ആണത്രെ എറ്റവും അധികം ഡിമാന്‍ഡ്‌. റിലയന്‍സ്‌ ആഗ്രോ ഇനീഷ്യേറ്റീവെന്നാണ്‌ ഈ പുതിയ വ്യവസായത്തിന്റെ പേര്‌.
ഒരു കിലോ മാങ്ങ 40 രൂപ വെച്ചാണു കയറ്റുമതി ചെയ്യുന്നത്‌. അധികവും ബ്രിട്ടനിലുള്ള ഹരോഡ്‌ കമ്പനിക്കാണ്‌ സപ്ലൈ ചെയ്യുന്നത്‌. അവിടത്തേ ഉപഭോക്താക്കള്‍ മിക്കവരും ഏഷ്യക്കാരാണു താനും. അവര്‍ കൊടുക്കുന്ന വില ഒന്നിനു 200 രൂപയാണത്രേ! അടുത്ത വിളവെടുപ്പോടെ അമേരിക്കയിലേ സൂപ്പര്‍ മാര്‍ക്കെറ്റുകളിലും ഈ മാങ്ങ ലഭ്യമായിത്തുടങ്ങും.
എണ്ണയുല്‍പന്നങ്ങളേക്കാള്‍ ലാഭകരമാണത്രേ ഈ മങ്ങാ കച്ചോടം! കൃഷിക്കാര്‍ക്കുവേണ്ടി എത്രയെത്ര പദ്ധതികളാണു നമ്മളുടെ സര്‍ക്കാര്‍ ഇതുവരെ നടപ്പിലാകിയിട്ടുള്ളത്‌? ഏന്നിട്ടും എന്തുകൊണ്ടാണ്‌ യതൊര്‌ ആശ്വാസവും കിട്ടാത്തെ നമ്മളുടെ കര്‍ഷകന്മാര്‍ വലയുന്നത്‌? മാര്‍ക്കെറ്റിങ്ങിളുള്ള അപാകത തീര്‍ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കാത്തതല്ലേ പരാജയങ്ങള്‍ക്ക്‌ കാരണം?
അമ്പാനി എന്ന മുതലാളിക്കു, അല്ല കര്‍ഷകന് എന്റെ അഭിനന്ദനങള്‍‌ !

September 05, 2006

16 ബിറ്റ്‌ എന്‍കോഡിങ്ങില്‍

തമിഴ്‌ എഴുത്തുക്കള്‍ 16 ബിറ്റ്‌ എന്‍കോഡിങ്ങില്‍ . വിപുലമായ രീതിയില്‍ e-governance നടപ്പാക്കുന്നതില്‍ ഉപയോഗപ്പെടുത്തി പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ പരിഹരിച്ചു എല്ലാ വിഭാഗക്കരും ഒരേ രീതിയില്‍ അംഗീകരിക്കുന്ന തരത്തിലാണു തമിഴ്‌ എഴുത്തുക്കള്‍ 16 ബിറ്റ്‌ എന്‍കോഡിങ്ങില്‍ ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്‌. വിശദ വിവരങ്ങള്‍ക്ക്‌ ഈ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക. http://www.tunerfc.tn.gov.in/

ഒരു ചിത്രീകരണം

സ്കൂള്‍ വിട്ട സമയം. എന്റെ മുന്നില്‍ കുറച്ചു കുട്ടികള്‍. അവരുടെ സംഭാഷണം കേട്ടോണ്ട്‌ ഞാനും പിന്നാലേ. വെള്ളം കയറി വീട്ടു പടിക്കലെത്തി. എല്ലാരും സ്ഥലം വിട്ടു. അവന്‍ മാത്രം അവിടത്തന്നെ നിലയുറപ്പിച്ചു. നാലു പേരറിയണമെങ്കില്‍ ചില സാഹസതകള്‍ കാട്ടിയാലല്ലേ പറ്റൂ. വെള്ളം തിണ്ണയിലെത്തി. അതു വഴി വന്ന കൂട്ടുകാരന്‍ പറഞ്ഞു "എന്റെ കൈ പിടിച്ചു മെല്ലെ പോവാം. വെള്ളം കയറുന്നതിനു മുന്‍പേ രക്ഷപ്പെടാം." " ഹും! എനിക്ക്‌ ഈ വെള്ളമൊന്നും ഒരു പ്രശ്നമല്ല."അവന്‍ പറഞ്ഞു. "ഇനി താമസിച്ചാല്‍ വഴി മനസ്സിലാവാതെ ആപത്താകും." അതിനും അവന്‍ അനങ്ങിയില്ല. "പേടിയുണ്ടങ്കില്‍ നീ പോയ്കോ." അവന്‍ പറഞ്ഞു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. വെള്ളം വീട്ടിനുള്ളിലെത്തി. അപ്പോഴൊരു സൈക്കിള്‍കാരന്‍ വന്നു. സൈക്കിളില്‍ കയറി രണ്ടുപേര്‍ക്കും രക്ഷപ്പെടാമെന്നു പറഞ്ഞു. അവന്‍ അപ്പോഴും അനങ്ങിയില്ല. സൈക്കിളിലില്‍ വന്നവനും രക്ഷപ്പെട്ടു. വെള്ളം വീണ്ടും കൂടി. അവന്‍ പുരപ്പുറത്തു കയറിയിരുന്നു. അതു വഴി ഒരു ലോറി വന്നു. അവനോടു ലോറീ കയറി രക്ഷപ്പെടാന്‍ പറഞ്ഞു. ഇറങ്ങി വരാന്‍ കഷ്ടമാണെന്നായി. വെള്ളം വീട്ടിനു മുകളിലായി. അവന്‍ മരത്തിന്മേല്‍ കേറി. ഇപ്പോ ഹെലികോപ്റ്റര്‍ വരും അതില്‍ കയറി ജോളിയായി രക്ഷപ്പെടാം. അവന്‍ ഭാവനയില്‍ കണ്ടു . വെള്ളം മരത്തിനു മുകളിലെത്താറായി. അവന്‌ പേടി തുടങ്ങി. അടുത്തുള്ള തെങ്ങേല്‍ക്കേറി തല്‍ക്കാലം പ്രാണന്‍ രക്ഷിച്ചു. തെങ്ങ്‌ വെള്ളത്തിന്റെ ഒഴുക്കില്‍ ആടിത്തുടങ്ങി. അകലേ നിന്നും ഹെലികോപ്റ്ററിന്റെ ശബ്ദം ചെറുതായി കേള്‍ക്കുന്നു. തെങ്ങാണെങ്കില്‍ മെല്ലെ മെല്ലെ ചായാന്‍ തുടങ്ങുന്നു. ശക്തമയ കാറ്റ്‌. ദാ.. ! ഹെലിക്കോപ്റ്റര്‍! തലക്കുമുകളില്‍! തെങ്ങോ ? വെള്ളത്തില്‍! കുട്ടികളുടെ പൊട്ടിച്ചിരിയോടെ എനിക്കും സ്വയബോധം വന്നു. അപ്പോഴേക്കും ഞാന്‍ വഴി തെറ്റി ബഹുദൂരം നടന്നു കഴിഞ്ഞിരുന്നു.

August 24, 2006

സഹോദരിമാര്‍ ക്ഷമിക്കണം!

സഹോദരിമാര്‍ ക്ഷമിക്കണം!ഇവിടേയും പ്രശ്നക്കാരി ഒരു Female Group ആണു. ഇയ്യിടെയായി തമിഴ്‌ നാട്ടില്‍ ഏകദേശം 50,000-ല്‍ പരം ആളുകള്‍ ചികുങ്കുണിയാ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രോഗബാധിതരായി ചികില്‍സിക്കപ്പെട്ടിട്ടുണ്ടു. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഇതിന്റെ കാരണക്കാര്‍ നമ്മുടെ മുന്‍സിപ്പാലിറ്റിയേപ്പോലുള്ള സ്ഥാപനങ്ങള്‍ വളര്‍ത്തുന്ന സാധാരണ കൊതുക്കളല്ല. Aedes aegypti എന്ന് പേരില്‍ നമ്മളുടെ വിജ്നാനികള്‍ വിളിക്കുന്ന കൊതുകുകളാണത്രേ. അതില്‍ females മാത്രമാണു രോഗം direct market ചെയ്യുന്നതില്‍ ഈടുപെട്ടിട്ടുള്ളത്‌. ആതോടെ നിര്‍താതെ നമ്മളുടെ ആരോഗ്യ വകുപ്പ്‌ കഷ്ടപ്പെട്ട്‌ നൂറു കൊതുകുകളെ പ്പിടിച്ചു തപ്പി നോക്കിയതില്‍ അറുപതോളം ഇവന്മാരാണത്രേ! ബാക്കിയുള്ളവ രണ്ടു മൂന്നു അന്നോണി .. സോറി.. അനോഫിലിസ്‌ ഒഴിച്ചാല്‍ പിന്നേയുള്ളത്‌ പാവം ബി.പി. എല്ലിന്‍ കീഴിലുള്ള ജീവിക്കാന്‍ മാത്രം രക്തം കുടിക്കുന്ന നിരുപദ്രവകരത്രേ! ശുദ്ദവെള്ളത്തില്‍ മാത്രം ഉല്‍പാതിക്കപ്പെടുന്ന ഈ ജീവികള്‍ ഇത്ര മോശമായ മാരക രോഗം പരത്തുന്നത്‌ അവിശ്വസനീയം തന്നെ! ഒരു പക്ഷെ എതിര്‍കക്ഷികളുടെ ദുഷ്പ്രചരണം ആയിരിക്കുമോ എന്നു സംശയിക്കുന്ന ഭരണ പക്ഷക്കാരുമുണ്ട്‌. കാരണം ശുദ്ദവെള്ളം എവിടെയുണ്ടിപ്പോ? മലേറിയയും ഡെങ്കുവും തല്‍ക്കാലം പരത്തണ്ടന്നാണു കൊതുകുകളുടെ തീരുമാനം. പക്ഷേ തീവ്രമായിത്തന്നെ ചികുങ്കുണിയാ പനി പരത്തും എന്ന ഭീഷണി മുഴങ്ങുന്നുണ്ടു. രക്ഷപ്പെടാനുള്ള വഴി ഒന്നേയുള്ളൂ. കൊതുകു വളര്‍ത്തുകേന്ത്രങ്ങള്‍ ഇനിയൊരറിയിപ്പു വരുന്നതു വരെ അടച്ചുമൂടുക. വാഴട്ടേ മള്‍ടിനേഷനല്‍, വളരട്ടേ ഭാരതം. ഗൂഡ്‌ നൈറ്റ്‌!

August 15, 2006

സുസ്മൃതി

നമ്മുടെ സ്വാതത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരേയും, ജീവിതം ത്യജിച്ചവരേയും നാം പണ്ടേ മറന്നു കഴിഞ്ഞു. അറുപതാം സ്വാതത്ര്യദിനം ആഘോഷിക്കുന്ന ഇ തരുണത്തിലെങ്കിലും അവരേക്കുരിച്ചുള്ള ചില ചിന്തകള്‍ നമുക്കും വേണ്ടേ?
സ്വാതത്ര്യലബ്ദിക്കു ശേഷം രാഷ്ട്രിയകക്ഷികളുമായി മുന്നോട്ട്‌ പോയവര്‍ക്കു MLA ആയും MP ആയും പിന്നീട്‌ മന്ത്രിയായും ഒക്കെ പിടിച്ചു നില്‍ക്കാനും നഷ്ടപെട്ടതില്‍ കൂടുതല്‍ സമ്പന്നരാവാനും സാധിച്ചിട്ടുണ്ടു. അതേസമയം മഹാത്മാ ഗന്ധിജിയുടെ സത്യ ധര്‍മ്മങ്ങളെ കടപിടിച്ചു എളിയ ജീവിതം നയിച്ചവര്‍ വിരലിലെണ്ണവുന്നവര്‍ മാത്രം.അങ്ങിനെ നിസ്വാര്‍ഥമായി നാട്ടിനെ സേവിച്ച ചില വ്യക്തികളെക്കുറിച്ച്‌ ഞാന്‍ ഒന്ന് രണ്ട്‌ വരികള്‍ എഴുതട്ടെ .
ചെന്നൈ മഹാനഗരത്തിലും ചുറ്റുമുള്ള പല പ്രദേശങ്ങളിലും താമസിച്ചിട്ടുള്ള എനിക്‌ക്‍ ശ്രീ.കക്കന്‍ എന്ന പേരുള്ള ഒരു ഗാന്ധിയനേയാണു ആദ്യം ഓര്‍മ്മ വരുന്നത്‌ . തമിഴ്‌നാട്ടില്‍ പെരും തലൈവര്‍ കാമരാജ്‌ മുഖ്യമന്ത്രി ആയിര്‍ക്കുമ്പോള്‍ ഇദ്ദേഹവും ഒരു മന്ത്രി ആയിരുന്നു. എപ്പോഴും സൈക്കിളിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇന്നു ഇലക്‌ഷന്‍ നേരത്ത്‌ ഇതുപോലെ പല തമാശയും കാണുന്നുണ്ട്‌. അദ്ദേഹം കോണ്‍ഗ്രസ്സ്‌കാരനായിരുന്നുവെങ്കിലും പാര്‍ട്ടി അദ്ദേഹത്തെ ഓര്‍ക്കാറില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായ്‌ ഒരു റോട്‌ നാമമാത്രമായിട്ടുണ്ടന്നുള്ളത്‌ തന്നെ വലിയ സന്തോഷമായ കാര്യം. അതിനും മാറ്റം വന്നിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.
എനിക്ക്‌ നേരിട്ട്‌ പരിചയമുണ്ടായിരുന്ന മറ്റൊരു മാന്യന്‍ ശ്രീ. ദളവായ്‌ ആണു. മദ്രാസ്‌ ഹൈകോര്‍ട്ടില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒരു അഭിഭാഷകനാണു ഇദ്ദേഹം. ഗാന്ധിജിയുടെ അതേ വസ്ത്ര ധാരണ രിതിയിലാണു പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറ്‌.പാവങ്ങള്‍ക്ക്‌ നിയമ സഹായം ചെയ്യുന്നതില്‍ അദ്ദേഹം അതീവതല്‍പരനായിരുന്നു.
മറ്റൊരു സ്വാതത്ര്യ സമരസേനാനി എന്റെ വന്ദ്യ പിതാവ്‌ യശശ്ശരീരനായ ശ്രീ. ഓ വി കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആണു. സ്വാതത്ര്യം കിട്ടുന്നതിന്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ നടന്ന ഒരു സംഭവം അച്ഛന്റെ മുതുകെല്ലൊടിച്ചു. ബ്രിട്ടിഷ്‌ കൂലിപ്പട സമരം ചെയ്തവരെ ലോറിയില്‍ കയറ്റി കൊണ്ടു പോകുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ലോറിയില്‍ക്കയറി ലാത്തി ചാര്‍ജ്‌ ചെയ്ത്‌ തള്ളി താഴേയിട്ടു. കല്ല്യാശ്ശേരി ഗ്രാമത്തില്‍ അച്ഛനേക്കാളും തീവ്രമായി സ്വാതത്ര്യ പോരാട്ടത്തില്‍ പങ്കെടുത്തവരുണ്ടെങ്കിലും മിക്കവരും പേരും പ്രശസ്തിയും ഉള്ളവരാണൂ. കൂടാതെ പിന്നീടുള്ള രാഷ്ട്രിയ അനുഭാവങ്ങള്‍ അനുസരിച്ചു അവരവരുടെ ഭഗ്യ-നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടു.
അധികാരവും അന്തസ്സുമായി ഒരു കൂട്ടര്‍. പട്ടിണിയും പരിവട്ടവുമായി മറ്റൊരു കൂട്ടര്‍. കത്തുന്ന തീയില്‍ എണ്ണ ഒഴിച്ചതു പോലെ ജാതിയടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം.ഫീസ്‌ കൊടുത്ത്‌ പഠിക്കേണ്ട ഗതികേട്‌ മക്കള്‍ക്ക്‌. യുവത്വം സ്വാതന്ത്ര്യസമരത്തിന്നായി അര്‍പ്പിച്ചു ആരോഗ്യം നഷ്ടപെട്ട ഗൃഹനാഥന്‍. തുച്ഛമായ വരുമാനം കൊണ്ട്‌ അര്‍ദ്ധപട്ടിണിയും മുഴുപട്ടിണിയുമായി കടന്നുവന്ന നാളുകള്‍ എത്രയെത്ര! ഇതു പോലെ എത്ര എത്ര കുടുംബങ്ങളാണു തകര്‍ന്ന് തരിപ്പണമായതു!
ഇതൊക്കെയാണു സ്വാതത്ര്യത്തിനു നമ്മള്‍ കൊടുത്ത വില. "പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയേക്കാള്‍ ഭയാനകം" ആര്‍ക്കു വേണ്ടിയാണിതു പാടിയതു?
ജയ്ഹിന്ദ്‌.

August 02, 2006

ഭക്തിയും സൂക്തിയും

ശ്രീകൃഷ്ണ ഭക്തന്മാര്‍ക്ക്‌ സുപരിചിതനായ ഒരു പരമ ഭക്തനാണു പൂന്താനം നമ്പൂതിരി. ഏകദേശം നാനൂറു വര്‍ഷങ്ങളോളമായിക്കാണും അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ട്‌ . പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കൃതിയാണു അദ്ദേഹത്തിന്റെ ജ്നാനപ്പാന. അനശ്വരമായ ജീവിത യാതാര്‍ഥ്യങ്ങളെ ഇത്ര ലളിതമായി മലയാളത്തില്‍ കാഴ്ചവെച്ച വേറൊരു കാവ്യമുണ്ടോയെന്നു സംശയിക്കുന്നു! അതു കൊണ്ടാണു സരളവും അത്യന്തം അര്‍ത്ഥസമ്പന്നവുമായ പൂന്താനത്തിന്റെ വരികളോടെനിക്കിത്ര താല്‍പര്യം. യതാര്‍ഥ മലയാളഭാഷാ തേഞ്ഞു മാഞ്ഞു കൊണ്ടിരിക്കുകയാണെന്ന നഗ്നസത്യം നമ്മള്‍ മനസ്സിലാക്കന്‍ ഇനിയും എത്ര കാലം വേണ്ടിവരും ..?സാധാരണക്കാരെ ഹഠാതാകര്‍ഷിക്കുന്ന, ഏത്ര വലിയ തത്വങ്ങളാണു നമ്പൂതിരി ഇത്ര സരസമായി ഭക്തി മാധുര്യത്തോടുകൂടി ആ വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌? ജന്മാഘോഷങ്ങള്‍ക്കിടയില്‍ അവിചാരിതമായ ഒരു ആപതതില്‍പെട്ട്‌ നഷ്ടപെട്ടുപോയ സ്വന്തം മകനെ വിചാരിച്ചു ദുഃഖിക്കുന്ന ആ പിതാവിന്ന് ശ്രീകൃഷ്ണഭക്തിയാല്‍ പകരുന്ന സാന്ത്വനം വെളിപ്പെട്‌ഉന്നത്‌ നോക്കൂ !
" ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ വേറെ വേണുമോ മക്കളായ്‌ ! "
ഇന്നും ആരേയും വളരെ ചിന്തിപ്പിക്കുന്ന എത്രയെത്ര തത്വങ്ങളാണു നമുക്ക്‌ അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്‌ ! " കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ.. " എന്നു ചൊല്ലിക്കൊണ്ടു ഞാനും ആ തൃപ്പാദങ്ങളില്‍ സാഷ്ടാങ്ക പ്രണാമം ചെയ്യട്ടെ ! പി കെ രാഘവന്‍

July 26, 2006

ടിന്നിറ്റസ് *Tinnintus

അന്നു ഇന്നെത്തതു പോലെ റോഡും വാഹനങ്ങളൊന്നുമില്ലാത്ത കാലം..പ്രഭാതം വിടരും മുന്‍പു എഴുന്നേറ്റ്‌ ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരിക്കും അച്ഛന്‍.കുട്ടികളായ നമ്മള്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടാവും. ഈശ്വര നാമങ്ങളും കീര്‍ത്തനങ്ങളും ഉരുവിട്ടുകൊണ്ടായിരിക്കും അച്ഛന്റെ ഒരുക്കങ്ങള്‍. ഞങ്ങള്‍ ഉണരുമ്പോഴേക്കും നേരം വെളുക്കുന്നതിന്മുന്‍പു അഞ്ചാറു നാഴികക്കപ്പുറമുള്ള Textiles Millല്‍ അച്ഛന്‍ എത്തിയിരിക്കും. കഴുതക്കെന്തറിയും കര്‍പ്പൂര വാസനയെപറ്റി എന്ന മട്ടിലായിരുന്നു നമ്മള്‍ !അന്നപൂര്‍ണ്ണേശ്വരീസ്ത്രോത്രവും ദേവിമാഹാത്മ്യത്തിലെയും ജ്നാനപ്പാനയിലേയും മറ്റും ശ്ലോകങ്ങളും കേള്‍ക്കാന്‍ ഇപ്പോള്‍ താനെ ആഗ്രഹിച്ചുപോകുന്നു! അച്ഛന്‍ ഇന്നു ജീവിച്ചിരിപ്പില്ലങ്കിലും ആ കീര്‍ത്തനങ്ങളുടെയും ശ്ലോകങ്ങളുടെയും പ്രതിധ്വനി ഇന്നും എന്റെ ചെവിക്കുള്ളില്‍ ടിന്നിറ്റസ്‌(Tinnitus)ശബ്ദമായി മുഴങ്ങുന്നുണ്ടെന്നുള്ളതാണു പരമാര്‍ത്ഥം ! Kindly note * Tinnitus is a peculiar problem faced by the people suffering from hearing loss. It can also be a prelude to a impending deafness . The symptoms are that you start hearing continuously humming or exploding ,blasting or siren type noise or music from no where.... Only for general information . Kindly consult an ENT specialist if you have any Tinnitus problem. By Raghavan P K

July 24, 2006

അങ്കണതൈമാവില്‍ നിന്ന്..

ആ തേന്മവിന്‍ തൈ നട്ടിട്ട്‌ കഷ്ടിച്ചു ഒരു വര്‍ഷമായതെയുള്ളൂ.അത്‌ പുഷ്പിണിയായി നില്‍കുന്നു !മുട്ടോളം പൊക്കാമേയുള്ളു ! നാലഞ്ചു പൂക്കുലകള്‍! വീട്ടുകാരെയും നാട്ടുകാരെയും വഴി പോക്കരെയും എല്ലാരെയും വിളിച്ചു കാണിച്ചു കൊണ്ട്‌ എന്റെ സന്തോഷം വെളിപ്പെടുത്തി. "ഓ .. ഇതിനു മുന്‍പു കാണതതാണോ ? " "അല്ല. അന്നൊക്കെ മറ്റുള്ളവരു നട്ടു വളര്‍ത്തിയ മാവിലാണു പൂക്കൊല കണ്ടിട്ടുള്ളത്‌. ഇന്നങ്ങനെയല്ല . ഇത്‌ ഞാന്‍ തന്നെ നട്ടുവളര്‍തിയതാ. " സ്വാഭിമാനം തല പൊക്കി, അല്‍പം അഹങ്കാരത്തോടെ തന്നെ. "നാലഞ്ചു വര്‍ഷം കഴീന്നത്‌ വരെ ആ പൂക്കളെല്ലം പൊട്ടിച്ചുകളയണം. ഇല്ലെപ്പിന്നെ മരും വളരൂല്ല കായ്കുന്നതും കൊറീം. " അസൂയാലുവായ ഇവന്മാരുടെയൊക്കെ ഉപദേശം ! അങ്ങിനെ മനസില്ലാ മനസോടെ പൂക്കുല പൊട്ടിച്ചു പൊട്ടിച്ചു വര്‍ഷങ്ങള്‍ നാലഞ്ച്‌ കടന്നു പോയ്‌. വീട്ടിന്റെ മുറ്റം എന്നു പറയാനുള്ളത്‌ ആകെ ആ തൈമാവു വെച്ച സ്ഥലമാണു.ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചു യുവത്വം തുളുമ്പുന്ന ആ റുമാനിയാ-ക്കാരി ഇത്തവണയും പുഷ്പിണിയായി. പിഞ്ച്‌ കായ്കളും പൂക്കളുമായി പൂത്തു നില്‍ക്കുന്ന ആ മനോഹരമായ കഴ്ച...പ്രകൃതീദേവിയുടെ സൃഷ്ടിസ്തിതിസംഹാര മാഹത്മ്യത്തെ കാഴ്ച വെച്ചു.പതിയെ പതിയെ ഭാരിച്ച കായ്കളൂടെ ചുമടുമായി അവള്‍ വളരെ കഷ്ടപ്പെടുന്നതായി തോന്നി. "വരുന്നോരുടെം പോകുന്നോരുടെം കണ്ണു മാവിന്മേലാ .ഏതോ ആദ്യമായി മാങ്ങ കാണുന്നതു പോലെ!എന്നേക്കൊണ്ടിതും നോക്കിയിരിക്കാന്‍ പറ്റുല്ല." ഗൃഹലക്ഷ്മിയുടെ പരിവേദനം "ഇനി വൈകിക്കണ്ട ഇ വരുന്ന ഞായറഴ്ച തന്നെ എല്ലാം പറിച്ചു പഴുക്കാന്‍ വെക്കാം." "ഇത്രപ്പാട്‌ മാമ്പഴം എങ്ങിനെ നാലു പേര്‍ തിന്നു തീര്‍ക്കും? " "വലിയതെല്ലാം പഴുക്കാന്‍ വെക്ക്‌. കുറച്ചു അച്ചാറാക്കാം. കുറച്ചു 'പാന* ' ഉണ്ടാക്കാം.ഒന്നു രണ്ടു മാങ്ങ അപ്പറൂം ഇപ്പറൂം കൊടുത്താല്‍ അതങ്ങു തീരും" "മര്‍കെറ്റില്‍ വരുന്ന മാമ്പഴം calcium carbideല്‍ വെച്ചാ പഴുപ്പിക്കുന്നത്‌. ഇതെ ശരിയായി വയ്കോലില്‍ പൊതിഞ്ഞു വെച്ചു അതിനിടയില്‍ വെപ്പിലയും വെച്ച്‌ വേണം പഴുക്കാന്‍ വെക്കാന്‍." അലഞ്ഞു തിരിഞ്ഞു എല്ലം എര്‍പ്പാടു ചെയ്തു. നാക്കില്‍ വെള്ളമൂറ്റിക്കൊണ്ടു ഒരു ദിവസം കടത്തി. ഇന്നു ശനിയാഴ്ച.Half a day കഴിഞ്ഞു വന്നു വീട്ടില്‍ കയറിയതേയുള്ളു.കറുത്തിരുണ്ട മേഘങ്ങള്‍ ആകാശത്തില്‍ തിങ്ങിക്കൂടാന്‍ തുടങ്ങി.ചെറുതായി ഇടി ശബ്ദം... തുടര്‍ന്നൊരു മഴച്ചാറല്‍.പെട്ടെന്നു അന്തരീക്ഷമാകെ മാറി. വാതിലും ജനലും പട പട അടയുന്നു. വൈദ്യുതി നിലച്ചു . വീട്ടിനു മോളിലുള്ള പ്ലാസ്റ്റിക്‌ ടാങ്ക്‌ അടുത്ത മൈതാനത്തില്‍ പറന്നു വീണു. അഴയില്‍ ആറാനിട്ട തുണി HT കമ്പി മേലെ.. എല്ലാരും പേടിച്ചോടി വീട്ടിനുള്ളില്‍ കയറി അടച്ചുമൂടി ഭദ്രമായി കൂടി. പത്തു പതിനഞ്ചു നിമിഷം പോയ്കാണും എല്ലാം നിശ്ശബ്ദമായി നിശ്ചലമായതു പോലെ തോന്നി. വെളിയിലിറങ്ങി.ആദ്യം കണ്ടത്‌ എന്റെ റുമാനിയ വെറും Y എന്ന ഇംഗ്ലീഷ്‌ അക്ഷരം പോലെ ഒറ്റ തടിയായി നില്‍ക്കുന്ന ദയനീയ കഴ്ചയാണു. എന്റെ കണ്ണില്‍നിന്നും അടര്‍ന്നൂ ചുടു ചൂടായ്‌ കണ്ണീര്‍തുള്ളികള്‍.......! by പി കെ രാഘവന്‍ * " panah " is a drink made out of raw mangoes.

July 17, 2006

പേരാല്‍ മരം

നാടോടി ഞനെത്ര നാളുകളായിയീനാഴികക്കല്ലിലിരിക്കുന്നൂ

നേടുവാനായിട്ടെന്തുണ്ടെനിക്കിനിതാര്‍മയമാക്കിയ നാല്‍വരിപ്പാതയി‍ല്‍

‍വാടിക്കരിയും ജീവജാലങ്ങള്‍ക്കുശീതളഛായ പകര്‍ന്നോരാവന്മരം

ക്രൂരമാംസംസ്കാരഹീനമാംവാളിന്നതാഹരമായ്മാറ്റിയതേെതു കൊടൂരന്മര്‍?

വാനമ്പാടികള്‍പല കാണാപ്രാണികളുമായ്‌വാനരന്മാരൊടൊത്ത്‌

കൂട്ടമായ്‌ വസിക്കുമാ മുത്തച്ഛന്‍പേരാല്‍മരഃശ്ശാഖകള്‍ ശിഖരങ്ങള്‍

തുണ്ടിച്ചൂ നിര്‍ദാക്ഷിണ്യം പ്രാക്രുതന്മാരാംചിലര്‍!

‍ശാലയില്‍ നിഴല്‍കൂടപ്പന്തലായ്പടര്‍ന്നൊരാവുംഗനശ്രേഷ്ഠനെയുംത്യജിച്ചൂ പാതക്കായി!

അനലുംവെയിലിലും പനിയുംകുളിരിലുംകോരി-ച്ചൊരിയും മഴയിലുംകൊടുങ്കാറ്റിന്‍ ഗതിയിലു

മഗതിയാമെനിക്കെന്നുമഭയം നല്‍കാനിനിപരുക്കന്‍ കരിങ്കല്ലില്‍ പതിച്ച പീഠം മാത്രം!

സ്തമ്പങ്ങളെത്ര കാണുന്നത്രയും സമാദികള്‍ മരിച്ചുവീണ രണവീരന്മാര്‍ക്കയിട്ടല്ല

മനുഷ്യര്‍ നശിപ്പിച്ച വനസമ്പത്തുക്കളോര്‍ക്കാന്‍പതിച്ചൂ സ്മാരകങ്ങള്‍ പാതയിന്‍ വശങ്ങളില്‍!

വര്‍ഷങ്ങളെത്രായേറെമിത്രങ്ങളായി നമ്മള്‍ ക്കത്രയും സേവിച്ചൊരാല്‍ വൃക്ഷത്തിന്‍പതനത്തെ

തുച്ചമായ്‌ പുച്ഛിഃക്കുന്നോരോര്‍ക്കുമോവികൃതികള്‍ക്ഷോഭിക്കും പ്രകൃതിയെ ലാളിക്കും മരങ്ങളേ!

July 16, 2006

ഭ്രാമരീമിത്രത്വം

ഈ മാസമാണല്ലോ അധ്യത്മരാമായണം വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യറുള്ളത്?

എത്ര കാലമായി രാമായണത്തെപറ്റി നമ്മള് കേള്ക്കാന് തുടങ്ങിയിട്ട്? എന്നിരുന്നാലും കേള്ക്കുമ്പോഴെല്ലാം ഞാന് ഇന്നും വിഷാദമൂകനായിപ്പോകുന്ന ഒരു ചില വരികള് രാമായണത്തിലുണ്ട്. നിങ്ങളും അത്വായിച്ചുകാണും. 

"ഗോമൂത്രയാവകം ഭുക്ത്വാ ഭ്രാതരം വല്കലംബരം 
മഹാകാരുണികൊ തപ്യജ്ജടിലം സ്തണ്ടിലേശയം"

 (ഗോമൂത്രത്തില് പാകം ചെയ്ത കിഴങ്ങ് ഭക്ഷിച്ചും മരത്തോല് കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചും ദര്ഭപുല്ലു കൊണ്ടുള്ള പായയില് കിടന്നുമൊക്കെയാണു തന്റെ അനുജന് ഭരതന് രാജ്യഭരണം നടത്തുന്നതെന്ന വിവരം വനവാസത്തിനു പോയ ശ്രീരാമന് അറിയുന്ന ഭാഗമണിത്) 

സഹോദര സ്നേഹം എന്താണെന്നു പലരും മറന്നു പോകുന്ന കാലമാണിത്. ഭ്രാമരീമിത്രത്വമാണല്ലോ ഇന്നുള്ളത്! 

ഭരതന്റെ രാമ ഭക്തിക്കു മുന്നില് എന്റെ സാഷ്ടാങ്ക പ്രണാമം..! 

 പി കെ രാഘവന്

കര്‍ഷകരുടെ വെക്കേഷന്‍

നാളെ കര്‍ക്കിടകം ആരംഭിക്കും. നമ്മുടെ കര്‍ഷകരായ ജനങ്ങള്‍ കര്‍ക്കടക മാസത്തെ ഒരു പഞ്ഞ മാസമായാണു കാണുന്നതു.ഈ സമയത്തു അവര്‍ക്കു കാര്യമായ പണിയൊന്നുമുണ്ടാകാറില്ല.കര്‍ഷകരുടെ വെക്കേഷന്‍ സമയമണെന്നു പറയാം.ഈ അവസരം ദേഹപുഷ്ഠി വരുത്താനുള്ള സമയമായി പണ്ടുകാലങ്ങളിലുള്ളവര്‍ ഉപയോഗിച്ചിരുന്നു.ഇന്നു നമ്മള്‍ കേള്‍ക്കുന്നത്‌ കാര്‍ഷീക മേഖലയിലെ തകര്‍ച്ചകളും ദയനീയ കഥകളും മത്രമാണു. കനത്ത മഴയും, വെള്ളം നിറഞ്ഞ പാടങ്ങളും, നിറഞ്ഞൊഴുകുന്ന തോടുകളും, കര കവിഞ്ഞൊഴുകഅന്‍ ശ്രമിക്കുന്ന നദികളും ഇല്ലാത പ്രദേശം കേരളത്തില്‍ ഇപ്പോള്‍ വിരളമായിരിക്കും. കുണ്ടും കുഴിയുമായി ചളി വെള്ളം കെട്ടിനില്‍ക്കുന്ന റോടിലൂടെ നടക്കുന്നവരുടെ ശുഭ്രവസ്ത്രങ്ങള്‍ കാവി പൂശുന്ന വാഹനങ്ങളുമൊക്കെ കാണുന്നതു നാലു ദശാബ്ദങ്ങള്‍കു മുന്‍പു നയനാനന്ദകരമായിരിന്നു .ഇന്നും ഈ അവസ്ഥ തുടരുന്നുണ്ടോ എന്നു സംശയമാണ്‌!

July 15, 2006

ഉലക മൂഷികന്‍

മുട്ടാളന്‍ പെട്ടിയുടെ(pc)മുന്‍പിലിരുന്നു മണിക്കൂറുകളായി... മുഷിപ്പു തോന്നി. രാജ്‌ നായര്‍ അയച്ചുതന്നിരുന്ന "തനിമലയാളം" ലിങ്കിലെക്കു എത്തിനോക്കമെന്നു വിചാരിച്ചാല്‍ mouse അനുസരിക്കണ്ടേ!അനുസരണ ശീലമില്ലാത്ത ദുശ്ശാട്യം പിടിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ കുട്ടി തിരശ്ശീലയില്‍The page cannot be displayed എന്നാവര്‍തിക്കാന്‍ തുടങ്ങി. ദൈവമേ ഇതെന്തുപറ്റി? വിഘ്നേശ്വരാ എങ്ങിനെയെങ്കിലും ഇ ബോറടി അവസാനിപ്പിക്കണേ....എന്നു പ്രാര്‍ത്ഥിച്ചപ്പൊഴേക്കും സംഗതി ശരിയായി.അപ്പൊഴാണു മനസ്സ്സ്സിലായതു {mouse}ല്‍ കൈ വെച്ചു പ്രാര്‍ത്ഥിച്ചപ്പൊഴാണു വിഘ്നേശ്വരന്‍ പ്രാര്‍ത്ഥന സ്വീകരിച്ചതെന്നു!മൂഷികവാഹനന്‍ എന്നു ഗണപതിയെ വിളിക്കുന്നതു വെറുതേയല്ല . ഭജനം ഭജനം ഗജാനനാ സചനം സചനം വിനായകാ വിനയെ നീക്കി വിധിയെ മാറ്റി വിവേകമരുളൂ വിഘ്നേശ്വരാ... പിന്നെ നമ്മള്‍ സാങ്കേതിക ഭാഷയില്‍ (IT parlance)ല്‍ source code എന്നു പറയാറുണ്ടല്ലൊ. ആതും പുരാണങ്ങളില്‍ കാണപ്പെടുന്ന ഒരു കഥയോടു ബന്ധപ്പെടുത്താം.ഗണപതിയുടെ ഭീമാകാരമായ ഉദരത്തില്‍ അണ്ടഗോളങ്ങള്‍ (Universal source code ?) അടങ്ങിയിരിക്കുന്നുവെന്നു മതപുരാണങ്ങള്‍ പറയുന്നു.അപ്പോള്‍ mouseന്റെ ഒരു ഞെക്കില്‍ ലോകം കാണുമെന്നു പറയുന്നതില്‍ തെറ്റില്ലല്ലോ ! വീട്ടിന്നടുത്തുള്ള ആല്‍മരചോട്ടില്‍ ഒരു ചെറിയ പിള്ളയാര്‍ വിഗ്രഹം ഉണ്ടു.ജോലിക്ക്‌ പോകുന്നവരും ജോലി അന്വേഷിച്ചുപോകുന്നവരും നിത്യേന രണ്ടു നിമിഷമെങ്കിലും അതിനുമുന്‍പില്‍ തൊഴുതു നില്‍ക്കാതെ പോകുന്നതു ഞാന്‍ കണ്ടിട്ടില്ല!മനുഷ്യന്മാരുടെ സകല തെറ്റുകളും ക്ഷമിച്ചു നല്ലവഴി കാണിക്കുന്ന ദൈവം ഏതായാലും പ്രണാമം ചെയ്യുന്നതു നല്ലതല്ലെ! പി കെ രാഘവന്‍

July 14, 2006

എന്റെ ഭക്തി

ഇല്ലാ ഭക്തിയെനിക്കു തെല്ലുമേ......! (ഇതു പാടിയത്‌ പി ലീലയാണെന്നാണു എന്റെ ഓര്‍മ്മ.ആ ഗായിക ഇന്നു ജീവിച്ചിരിപ്പില്ല) പ്രാര്‍ഥനയുടെ കാര്യത്തില്‍ ഞാന്‍ വളരെ മടിയനാണെന്നു തന്നെ പറയാം.ഒരു സാധാരണ മനുഷ്യനാണെങ്കില്‍ പോലും വല്ലപ്പൊഴൊക്കെ ക്ഷേത്രത്തിലോ പള്ളിയിലോ പോയെന്നുവരും!ഏന്നാല്‍ ഞാന്‍ അതുകൂടി ചെയ്യാറില്ല! തീവ്രഭക്തന്മാര്‍ക്കിടയില്‍പ്പെട്ടു ഞെങ്ങി ഞെരുങ്ങി, ത്യാഗം സഹിക്കാനുള്ള മഹാമനസ്കതയൊ വിശാലതയോ എനിക്കില്ല എന്നതാണു കാരണം.ചെന്നൈയില്‍ കുറെക്കാലമയി താമസിക്കുന്‍ന എന്റെ കുടുംബാങ്ങങ്ങള്‍ക്ക്‌ നമ്മളുടെ അയല്‍വാസികളിലൂടെയാണു ഇത്രയധികം ദൈവഭക്തി പകര്‍ന്നത്‌ എന്നു തോന്നുന്നു.ആതു കാണുമ്പോള്‍ അറിയാതേ തന്നെ ഞാനും മൂളുന്ന ഈ വരികള്‍ വരമൊഴിയിലൂടെ മലയാളത്തില്‍ കണ്ടപ്പോള്‍ ഒരു പ്രതേക അനുഭൂതി.... തോന്നി..
ശരവണ ഷണ്മുഖാ ശിഖി വാഹനാ വേലവാ,വേല്‍മുരുകാ വേലായുധാ കലിയുഗ വരദാ കാര്‍ത്തികേയാ അഗതികള്‍ ഞങ്ങള്‍ക്കഭയം തരൂ...
Let all the living being on this earth be protected by the Almighty.