01 ജ്ജുൽ 2013 12:10 . മാധ്യമം വാർത്ത.
കൊല്ലം: ഉത്തേജക എണ്ണയുടെ ഇടപാടിന്‍െറ പേരില്‍ ഇന്റര്‍നെറ്റിലൂടെ വന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ നൈജീരിയക്കാരനും മുംബൈ സ്വദേശിനിയായ യുവതിയുമടക്കം രണ്ട് പേര് അറസ്റ്റില്‍. നൈജീരിയന്‍ പൗരനും മുംബൈയില്‍ താമസക്കാരനുമായ ഫ്രാങ്ക് ഒബന്യായ ചിക്വ (32), മുംബൈ ബാന്ദ്ര സ്വദേശിനി ജ്യോത്സ്ന സുദീപ് അലുവാലിയ (22) എന്നിവരെയാണ് ക്രൈംബ്രാഞ്ചിന്‍െറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് ഒന്നരകോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
ഇ-മെയില്‍, എസ്.എം.എസ് സന്ദേശങ്ങള്‍ വഴി നിരവധി പേരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ അനില്‍കുമാറില്‍ നിന്ന് പലപ്പോഴായി സംഘം 1.56 കോടി രൂപ തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായി. റബര്‍ കയറ്റുമതി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അനില്‍കുമാര്‍ കയറ്റുമതി മേഖലയില്‍ നൂതനപ്രവണതകള്‍ വ്യാപകമായതോടെ മറ്റ് ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. ഇതിനിടെ ഇയാളുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നൈജീരിയന്‍ കമ്പനിക്ക് പ്രത്യേകതരം ഉത്തേജക എണ്ണ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് ഇടപാടുകാരെ തേടിയുള്ള മെയില്‍ വന്നു. ‘വീറ്റോ സൈറ്റോ ഓയില്‍’ എന്ന പേരിലുള്ള ഈ ഉല്പന്നം കായികരംഗത്തുള്ളവരടക്കം ഉപയോഗിക്കാറുണ്ടത്രെ. നേരത്തേ ഓയില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നയാള്‍ മരിച്ച സാഹചര്യത്തിലാണ് പുതിയ ആളെ തേടുന്നതെന്നും ഇ-മെയിലില്‍ വിവരിച്ചിരുന്നു.
തുടര്‍ന്ന് ഇ-മെയില്‍ അയച്ചയാള്‍ അനില്‍കുമാറിനെ മൊബൈലില്‍ വിളിച്ച് ഇടപാടിന്‍െറ കൂടുതല്‍ വിവരങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. മുംബൈയിലുള്ള കമ്പനിയില്‍ നിന്ന് ഓയില്‍ വാങ്ങി നൈജീരിയന്‍ കമ്പനിക്ക് കയറ്റുമതി ചെയ്യാന്‍ ചിലരുടെ ഫോണ്‍ നമ്പറുകളും നല്കി. ഇതിനിടെ മുംബൈയിലെ ഇന്ത്യന്‍ കമ്പനിയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി ‘ലക്ഷ്മി കുമാര്‍’ എന്ന വ്യാജപേരില്‍ ജ്യോത്സ്ന അനില്‍കുമാറിനെ വിളിച്ചു. ഓയില്‍ നല്‍കുന്നതിന് ആകെ പണത്തിന്‍െറ പകുതി മുന്‍കൂര്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 20 ഗാലന് ഓയില്‍ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നുള്ള നൈജീരിയന്‍ കമ്പനിയുടെ പേരിലുള്ള സന്ദേശവും അനില്‍കുമാറിന് കിട്ടി. ഇന്ത്യന്‍ കമ്പനി നല്കിയ ഓയിലിന്‍െറ സാമ്പിള്‍ പരിശോധിക്കാന്‍ നൈജീരിയന്‍ പ്രതിനിധിയെന്ന നിലയില്‍ ഫ്രാങ്ക് ഒബന്യായ ചിക്വ തിരുവനന്തപുരത്തെത്തി. ഓയില്‍ ‘പരിശോധിച്ചശേഷം’ മികച്ചതാണെന്ന് ബോധ്യപ്പെടുത്തിയാണ് ഇയാള്‍ മടങ്ങിയത്. എന്നാല്‍ 20 ഗാലന് നല്‍കാമെന്നേറ്റ ഇന്ത്യന്‍കമ്പനി എട്ട് ഗാലന് മാത്രമാണ് അനില്‍കുമാറിന് നല്കാന് സന്നദ്ധമായത്. ജ്യോത്സ്ന നല്കിയ വിവിധ ബാങ്കുകളിലെ പത്ത് അക്കൗണ്ട് നമ്പറുകളിലായി ഒന്നരക്കോടിയിലേറെ രൂപ അനില്‍ കുമാര്‍ നിക്ഷേപിച്ചു. കരാര്‍ പ്രകാരമുള്ള ശേഷിക്കുന്ന ഓയില്‍ നല്കണമെങ്കില് കൂടുതല്‍ തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് ജ്യോത്സ്ന അറിയിച്ചു. ഇതോടെ സംശയം തോന്നിയ അനില്‍കുമാര്‍ സുഹൃത്തുക്കളോട് ആലോചിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കൊല്ലം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച ശേഷം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. തട്ടിപ്പ് സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഇവരെ വിശദമായി ചോദ്യം ചെയ്യും. ഫ്രാങ്ക് ഒബന്യായ ചിക്വയും ജോത്സ്നയും ആഗസ്റ്റില്‍ വിവാഹിതരാകാനുള്ള തീരുമാനത്തിലായിരുന്നത്രെ.
ഉത്തേജക ഓയിലെന്ന് പറയപ്പെടുന്ന ‘വിറ്റോ സൈറ്റോ ഓയിലി’നെക്കുറിച്ചുള്ള ശാസ്ത്രീയവിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനില്‍കുമാറിന് ഇന്ത്യന്‍ കമ്പനിയുടേതെന്ന പേരില്‍ അയച്ചുകൊടുത്ത ഗാലനുകളിലുണ്ടായിരുന്നത് മൃഗക്കൊഴുപ്പാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി.രാജഗോപാല്‍, സി.ഐ.അബ്ദുല്‍ വഹാബ്, എസ്.ഐമാരായ പ്രദീപ്, ചന്ദ്രശേഖരപ്പണിക്കര്‍, സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.