കണ്ണൂർ, അഴീക്കൽ തുറമുഖത്തുനിന്ന് മണലെടുക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്ത 17 സഹകരണസംഘങ്ങൾ ഹാജരാക്കിയത് വ്യാജരേഖ. മാത്രുഭൂമി റിപ്പോർട്ട്.
Iസഹകരണസംഘനിയമപ്രകാരം രജിസ്റ്റർചെയ്തതും മണൽവാരൽ തൊഴിലാളികളുടെ ഉപജീവനം മുഖ്യലക്ഷ്യമായി പ്രവർത്തിക്കുന്നതുമായ സംഘങ്ങൾക്കാണ് ടെൻഡറിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്. ഇവ തുറമുഖപരിധിക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ളതുമായിരിക്കണം. ഇക്കാര്യം വ്യക്തമാക്കാൻ സഹകരണസംഘം രജിസ്ട്രാറുടെ സാക്ഷ്യപത്രം സംഘങ്ങൾ ടെൻഡറിനൊപ്പം സമർപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പാലിക്കാനാണ് 17 സംഘങ്ങൾ വ്യാജരേഖ സമർപ്പിച്ചത്.
കണ്ണൂർ ജോയിൻറ് രജിസ്ട്രാർ ഓഫീസിലെ അസി. രജിസ്ട്രാർ (പ്ലാനിങ്) വി.ബി.കൃഷ്ണകുമാറാണ് സംഘങ്ങൾക്ക് വ്യാജ സാക്ഷ്യപത്രം നൽകിയത്. ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകാൻ ഈ ഉദ്യോഗസ്ഥന് അധികാരമില്ല. മാത്രവുമല്ല, ജോയിൻറ് രജിസ്ട്രാർ ഓഫീസിൽ ഇതിനുള്ള ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് 17 സാക്ഷ്യപത്രവും നൽകിയത്. ടെൻഡറിൽ പങ്കെടുക്കുന്നതിന് ഒരു സംഘത്തിനും ഓഫീസിൽനിന്ന് ഔദ്യോഗികമായി സാക്ഷ്യപത്രം നൽകിയിട്ടില്ലെന്ന് കണ്ണൂർ ജോയിൻറ് രജിസ്ട്രാർ സ്ഥിരീകരിച്ചു. സാക്ഷ്യപത്രംലഭിച്ച ചില സംഘങ്ങളിലെ ഭൂരിഭാഗം അംഗങ്ങളും മണൽവാരൽത്തൊഴിലാളികളല്ല. ജീവനക്കാരുടെ സഹകരണസംഘംവരെ ഇക്കൂട്ടത്തിലുണ്ട്. ടെൻഡറിൽ പങ്കെടുത്ത 71 സംഘങ്ങളിൽ 17 എണ്ണംമാത്രമാണ് സാക്ഷ്യപത്രം നൽകിയിട്ടുള്ളത്.
90 ശതമാനം അംഗങ്ങളും മണൽവാരൽ തൊഴിലാളികളാണെന്ന തെറ്റായ വിവരമാണ് പലസംഘങ്ങൾക്കും അസി. രജിസ്ട്രാർ (പ്ലാനിങ്) സാക്ഷ്യപ്പെടുത്തി നൽകിയത്. ജില്ലാ ജോയിൻറ് രജിസ്ട്രാർ, ജോയിൻറ് രജിസ്ട്രാർ ഓഫീസിലെ സംഘങ്ങളുടെ രജിസ്ട്രേഷൻ വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാർ, താലൂക്ക് അസി. രജിസ്ട്രാർ (ജനറൽ) എന്നിവർക്കാണ് ഇക്കാര്യം പരിശോധിച്ച് സാക്ഷ്യപത്രം നൽകാൻ അധികാരമുള്ളത്. എന്നാൽ, സംഘങ്ങളിലെ അംഗങ്ങൾ മണൽവാരൽത്തൊഴിലാളികളാണെന്ന് സാക്ഷ്യപ്പെടുത്തി നൽകാൻ ഇവർ തയ്യാറായില്ല. അത്തരമൊരു പരിശോധന തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമേ കഴിയൂവെന്നാണ് ഇവരുടെ നിലപാട്. ഇതിനുശേഷമാണ് സംഘങ്ങളിൽ പരിശോധന നടത്താൻ അധികാരമില്ലാത്ത പ്ലാനിങ് അസി. രജിസ്ട്രാർ രഹസ്യമായി 17 സംഘങ്ങൾക്ക് സാക്ഷ്യപത്രം നൽകിയത്. ടെൻഡറിൽ പങ്കെടുത്ത സംഘങ്ങളെല്ലാം ക്ഷേമസഹകരണ സംഘങ്ങളാണ്. ഈ സംഘത്തിന്റെ ഒരു രേഖപോലും പ്ലാനിങ് വിഭാഗത്തിൽ വരുന്നതല്ല. മാത്രവുമല്ല, ഓഫീസിലുണ്ടായിരുന്നിട്ടും ജോയിൻറ് രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് രണ്ടുദിവസംകൊണ്ട് ഈ സർട്ടിഫിക്കറ്റുകളെല്ലാം അസി. രജിസ്ട്രാർ നൽകിയത്.
ജില്ലാ ജോയിൻറ് രജിസ്ട്രാർ ഓഫീസിന്റെ മുദ്രപതിച്ചാണ് എല്ലാ രേഖകളും നൽകിയത്. എന്നാൽ, ഓഫീസിൽ ഇത്തരമൊരു രേഖ നൽകിയതിന് ഒരു തെളിവുമില്ല. ഒരു സംഘത്തിനും സാക്ഷ്യപത്രം നൽകിയിട്ടില്ലെന്നും അതിനുള്ള ഒരു അപേക്ഷപോലും ജോയിൻറ് രജിസ്ട്രാർ ഓഫീസിൽ ലഭിച്ചിട്ടില്ലെന്നുമാണ് വിവരാവകാശനിയമപ്രകാരം ജോയിൻറ് രജിസ്ട്രാർ നൽകിയ മറുപടിയിൽ പറയുന്നത്.
മണലെടുക്കാനുള്ള അനുമതിലഭിക്കുന്ന സംഘങ്ങൾ പെർമിറ്റ് മറിച്ചുവിൽക്കുന്നുണ്ടെന്ന് ആരോപണം ശക്തമാണ്. 15ലക്ഷം രൂപവരെ ഇതിന് ചില സംഘങ്ങൾ വാങ്ങുന്നുണ്ട്. അതാണ് വ്യാജരേഖയുണ്ടാക്കി ടെൻഡറിൽ പങ്കെടുക്കാൻ സഹകരണസംഘങ്ങൾ മത്സരിച്ചത്. തുറമുഖവകുപ്പ് ഏർപ്പെടുത്തിയ നിബന്ധന മാറ്റണമെന്നാവശ്യപ്പെട്ട് ചില സംഘങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച കോടതി ടെൻഡർ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.
ജോയിൻറ് രജിസ്ട്രാർ ഓഫീസിൽ സംഘങ്ങൾ രേഖകൾ ഹാജരാക്കിയപ്പോൾ അത് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തതെന്ന് വി.ബി.കൃഷ്ണകുമാർ വിശദീകരിച്ചു. സാക്ഷ്യപ്പെടുത്തൽ മാത്രമാണ് നടത്തിയത്. ഇതിനായി ഒരു ഫയലും ഓഫീസിൽ സൂക്ഷിച്ചിട്ടില്ല. ജോയിൻറ് രജിസ്ട്രാർ ഇക്കാര്യം അറിഞ്ഞിട്ടുമില്ല. ഇതിനുള്ള അധികാരം തനിക്കുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.