പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
November 23, 2006
'മുത്തപ്പനും, തിരുവപ്പനും'
വിശന്നു വലഞ്ഞു് വരണ്ട തൊണ്ടയുമായി ദര്‍ശനത്തിനെത്തുന്ന സാധാരണ മനുഷ്യന്‍ എത്ര തന്നെ ദൈവ വിശ്വാസിയായാലും ആദ്യം തേടുന്നതു് ദാഹം തീര്‍ക്കാനും വിശപ്പടക്കാനും വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നായിരിക്കും. അതു ദൈവസന്നതിയില്‍ തന്നെ കാല്‍ കാശ് ചെലവില്ലാതെ ലഭ്യമാണെങ്കില്‍ അതില്‍പരം സായൂജ്യം വേറെയെന്താണുള്ളത്! (ഇന്നത്തെ പരിഷ്കാരികള്‍ക്ക് ഇതൊരു വലിയ പ്രശ്നമല്ലായിരിക്കാം.) ഏതു ദിവസമായാലും ഏതു സമയത്തു ചെന്നാലും ഭക്തന്മാര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണം കൊടുക്കുന്ന ക്ഷേത്രം പറശ്ശിനിക്കടവ് മഠപ്പുരയിലല്ലാതെ കേരളത്തില്‍ വേറൊരിടത്തുള്ളതായി എനിക്കറിവില്ല.
കണ്ണൂരിനു വടക്കു-കിഴക്കായി എേകദേശം 16 കിലോമീറ്റര്‍ ദൂരേ വളപട്ടണം പുഴക്ക് പടിഞ്ഞാറെ കരയിലാണു് പ്രകൃതി രമണീയമായ പറശ്ശിനിക്കടവും ക്ഷേത്രവും. ഈ പുഴക്ക് വേറേയും പല കടവുകളുണ്ടെങ്കിലും അവക്കൊന്നും തന്നെ പറശ്ശിനിക്കടവിന്റെ പ്രാധാന്യമില്ല.ഈ മഹാക്ഷേത്രം കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ പ്രതീകമാണു്. നായാട്ടുകാരന്റെ വേഷവും ഭാവവുമാണു് മുത്തപ്പന്റേത്. അമ്പലത്തിനു ചുറ്റിപ്പറ്റി എപ്പോഴും നിരവധി നായ്ക്കളുണ്ടായിരിക്കും. അവയെല്ലാം മുത്തപ്പന്റെ വേട്ടനായ്ക്കളാണെന്നാണു സങ്കല്‌പം.
'വെള്ളാട്ടം','തിരുവപ്പന്‍' എന്നീ രണ്ടു തെയ്യങ്ങളാണു് ഇവിടെയുള്ളത്. വെള്ളാട്ടം എന്ന വേഷം പരമശിവന്റെ അവതാരമായ മുത്തപ്പനും, തിരുവപ്പന്‍ എന്നത് മുത്തപ്പനായി അവതരിച്ച വിഷ്ണുവിന്റെ വേഷവുമാണെന്നാണു് സങ്കല്‌പം. പ്രാരംഭകാലം മുതലേ ക്ഷേത്രവുമായി ബന്ധമുള്ള വണ്ണാന്‍ സമുദായത്തിലെ അംഗങ്ങളാണു് രണ്ടു തെയ്യങ്ങളും കെട്ടി ആടുന്നത്. ദിവസേന വെള്ളാട്ടം തിറ ഉണ്ടായിരിക്കും.
സംക്രമത്തിനും വേറെ ചില വിശേഷ ദിവസങ്ങളിലും ഇവിടെ ബ്രാഹ്മണര്‍ പൂജ ചെയ്യാറുണ്ട്. വിശ്വാസികള്‍ തങ്ങളുടെ വീട്ടില്‍ വെച്ചും വെള്ളാട്ടം എന്ന മുത്തപ്പന്‍ തെയ്യത്തെ ഒരു വഴിപാടായി കെട്ടി ആടിക്കാറുണ്ടു്.
യുക്തിവാദികളുടെ അഭിപ്രായത്തില്‍, മുത്തപ്പന്‍ ഒരു തീയ്യ-കുടുമ്പത്തിലെ ഏതോ സിദ്ധനായ മുത്തച്ഛന്‍ കാരണവരാണെന്നാണ്. അങ്ങിനെ ആ കാരണവരെ ഉദ്ദേശിച്ച് ആരംഭിച്ച പൂജയും വഴിപാടുമാണു് കാലാന്തരത്തില്‍ മുത്തപ്പനായി മാറിയതു് എന്നാണു് ഇവരുടെ വാദം. അത് എങ്ങിനെ ആയാലും ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു മഹാക്ഷേത്രം തന്നെയാണു് പറശ്ശിനിക്കടവ് മഠപ്പുര എന്നതില്‍ ലവലേശം സംശയം വേണ്ട.
ആഢ്യന്‍ മുതല്‍ അന്ത്യജന്‍ വരെ ഒരു പോലെ മുത്തപ്പന്‍ സന്നതിയിലെത്തുന്നു. ജാതിമത ഭേദമന്യേ വഴിപാടുകള്‍ നേരുന്നു. പറശ്ശിനിക്കടവ് മഠപ്പുരയിലെ മുത്തപ്പനെ പ്രാര്‍ഥിച്ചാല്‍ ഏതു പ്രയാസങ്ങളേയും തരണം ചെയ്യാന്‍ കഴിയുമെന്നാണു് ജനങ്ങളുടെ ദൃഢമായ വിശ്വാസം. ഇന്ന് നൂറുകണക്കിന് മുത്തപ്പന്‍ കാവ് പല പ്രദേശങ്ങളിലുമായിട്ടുണ്ട്. ചെന്നയിലും മുത്തപ്പന്‍ കാവുകളുണ്ടു്.
November 17, 2006
'മാടായി'-മാഹാത്മ്യം
ഏകദേശം 206 വര്‍ഷങ്ങള്‍ക്കു് മുന്‍പ് അതായത് കൊല്ലവര്‍ഷം 975 മീനമാസം 14-ന് (1800 March31) ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രവിവര്‍മ്മ രാജാവു് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരിക്കു് എഴുതിയ വേദനാജനകമായ ഒരു കത്തിന്റെ ഉള്ളടക്കമാണു് താഴെ കൊടുത്തിരിക്കുന്നത്‌ഃ
"രാജശ്രീ വടക്കെ അധികാരി തലച്ചേരി തുക്കടി സുപ്രഡണ്ടെന്‍ ജെമിസ്സ ഇസ്ഥിവിന്‍ സായിപ്പിനു് ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രെവിവര്‍മ്മ രാജാവു് എഴുതുന്നതു് എന്തെന്നാല്‍, കഴിഞ്ഞ കൊല്ലം മാടായിക്കാവിലെ 'പൂരം കളി' കാണാന്‍ സമ്മതം ചോദിച്ചിട്ടു കിട്ടുകയുണ്ടായില്ല. ഇത്തവണയെങ്കിലും കമ്മീഷണരുടെ സമ്മതം വാങ്ങിത്തരുമെന്ന വിശ്വാസത്തോടെയാണു് ഈ കത്തു് കാല്യേക്കൂട്ടി അയക്കുന്നത്."
സ്വന്തം രാജ്യത്ത് തനിക്കു് സ്വന്തമായുള്ള ക്ഷേത്രത്തില്‍ കുലദേവതയുടെ ഉത്സവം കാണാണ്‍ പോലും സ്വാതന്ത്ര്യമില്ലാത ചിറക്കല്‍ രാജാവിന്റെ ദയനീയാവസ്ഥ!
മാടായിക്കാവില്‍ നാലു പ്രധാന ആഘോഷങ്ങളാണു് അരനൂറ്റാണ്ടുകള്‍ക്കു മുന്‍പൊക്കെ ഉണ്ടായിരുന്നതു്. കന്നി മാസത്തില്‍ കൂത്തും, മകരമാസത്തില്‍ കളത്തിലരിയും, മീനമാസത്തിലെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പൂര മഹോത്സവവും. ഇതു് കാണാനാണു് അന്നത്തെ ചിറക്കല്‍ രാജാവു് മേലെഴുതിയ കത്ത് അധികാരി സായിപ്പിന് അയച്ചു കൊടുത്തത്. സമ്മതം കൊടുത്തതായി രേഖകളൊന്നും കണ്ടിട്ടില്ല.
മേടമാസം കഴിഞ്ഞാലുള്ള കലശമാണു നാലാമത്തേത്. ഇപ്പോള്‍ ഏതെല്ലാമുണ്ട് എന്നറിയില്ല.
കലശോത്സവം, 'കാളിയാട്ടം' എന്നതാണ്. ഇതിനെ 'പെരുംകളിയാട്ടം' എന്നും വിളിച്ചു വരുന്നുണ്ടു്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എട്ടു തെയ്യക്കോലങ്ങളാണു കലശത്തിനായ് കെട്ടിയാടിക്കുന്നത്. അതില്‍ ഏഴു തെയ്യം വണ്ണാന്‍ സമുദായക്കാരും ,ഒന്നു് ചിങ്കത്താന്‍ സമുദായക്കരനും കെട്ടുന്നു. ഇതില്‍ പ്രധാനമായ തെയ്യം 'തായപ്പരദേവത'യുടേതാണു്. ഏറ്റവും പ്രഗല്‍ഭനായ പെരുവണ്ണാനാണു് 'തിരുവര്‍ക്കാട് ഭഗവതി' എന്നു കൂടി വിളിക്കുന്ന ഈ തെയ്യം കെട്ടുന്നത്. ('തിരുവേര്‍ക്കാട് ഭഗവതി' എന്ന പേരില്‍ തന്നെ ചെന്നൈ മഹാനഗരത്തിനു അടുത്തായി ഒരു ദേവീക്ഷേത്രമുണ്ടു്!)
മാടായിക്കാവ് പരമശിവന്റെ അമ്പലമാണെങ്കിലും 'ഭദ്രകാളി'ക്കാണു് നാട്ടുകാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഇവിടെ അമ്പല പൂജ നടത്തുന്നത് നമ്പൂതിരിമാരാണു്. ശാക്തേയബ്രാഹ്മണരായ ഇവര്‍ക്ക് മത്സ്യ-മാംസങ്ങള്‍ നിഷിദ്ധമല്ല!
നാടിനെയും നാട്ടാരേയും പല ആപത്തുകളില്‍ നിന്നും മാരക രോഗങ്ങളില്‍ നിന്നും ഈ ദേവത രക്ഷിക്കുന്നുവെന്ന ഉറച്ച വിശ്വാസമാണു് കണ്ണൂരിനു വടക്കൂ പടിഞ്ഞാറായി മുപ്പത്തിരണ്ട് കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കാവിന്റെ മാഹാത്മ്യം.
November 15, 2006
മാറാവ്യാദികള്‍ മാറ്റാന്‍
ക്ഷേത്രങ്ങള്‍ക്കു് പേരുകേട്ട കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിന് അടുത്തുള്ള ഒര് ശിവ ക്ഷേത്രമാണു് കഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം. മാറാവ്യാദികള്‍ മാറ്റാനായി ജനങ്ങള്‍ ശ്രീ വൈദ്യനാഥനെ പ്രാര്‍ഥിച്ചു്, സുഖം പ്രാപിക്കുന്നു.
സുപ്രസിദ്ധമായ ഈ അമ്പലത്തിന്റെ കിഴക്കേ മുറ്റത്ത് ധനുമാസത്തിലെ പത്താം ദിവസം കൊല്ലം തോറും ഉലാറ്റില്‍ ഭഗവതി, ക്ലാരങ്ങര ഭഗവതി എന്നീ തെയ്യ-ക്കോലങ്ങള്‍ കെട്ടിയാടിക്കാറുണ്ടു്. നാലമ്പലത്തിനു വെളിയിലായിട്ട് കിഴക്കു ഭാഗത്താണ് ഈ മുറ്റം. ഇവിടെത്തന്നെ ഒരാല്‍മരത്തറയും കാഞ്ഞിരമരത്തറയും ഉണ്ട്. അതിനെപറ്റിയുള്ള ഐതീഹ്യം ഇപ്രകാരമാണ്. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരുടെ വിജയ വാര്‍ത്ത ഈ കാഞ്ഞിരത്തറയില്‍ ഇരിക്കുമ്പോഴാണു് കുന്തീദേവിക്കു ലഭിച്ചത്. ഇതു കാരണം ധനു മാസം 18-ന്‍^ ഇവിടെ വളരെ വിശേഷമാണ്. അന്നു തന്റെ കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അമ്മമാര്‍ ഈ കാഞ്ഞിരത്തറയിലിരുന്നു ദ്യാനവും പ്രാര്‍ഥനയും നടത്തുന്നു.
November 12, 2006
ദൈവം
നൂറ്റാണ്ടുകള്‍ പഴ്ക്കമുള്ള ആചാരാനുഷ്ഠാനങ്ങളുടെയും സംസ്കാരത്തിന്റെയും സംഗമമാണ് വടക്കേ മലബാറിലെ "തെയ്യം" എന്നു വിശേഷിപ്പിക്കുന്ന ദൈവീക നൃത്ത-സംഗീത കല. 'ദൈവം' എന്ന വാക്കില്‍ നിന്നായിരിക്കണം 'തെയ്യം' എന്ന പദം ഉരുവായിട്ടുള്ളത്.
ട്രൈബല്‍ സ്വഭാവമുള്ള ഈ കലക്കു ആര്യന്മാരുടെ വരവോടുകൂടി പല ഭാവഭേദങ്ങള്‍ ഉണ്ടായിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. ഈ കലയുടെ എറ്റവും വലിയ നേട്ടം, ഇതു ഹിന്ദു മതത്തിലെ എല്ലാ സമുദായ വിഭാഗക്കാരേയും കോര്‍ത്ത് ഇണക്കിയിട്ടുണ്ടെന്നുള്ളതാണു. കളിയാട്ടം എന്ന പെരിലറിയപ്പെടുന്ന തെയ്യത്തിന്റെ ചിത്രമാണ് ഇവിടെ പകര്‍ത്തിയിട്ടുള്ളത്.
Subscribe to:
Posts (Atom)