November 23, 2006

'മുത്തപ്പനും, തിരുവപ്പനും'

വിശന്നു വലഞ്ഞു്‌ വരണ്ട തൊണ്ടയുമായി ദര്‍ശനത്തിനെത്തുന്ന സാധാരണ മനുഷ്യന്‍ എത്ര തന്നെ ദൈവ വിശ്വാസിയായാലും ആദ്യം തേടുന്നതു്‌ ദാഹം തീര്‍ക്കാനും വിശപ്പടക്കാനും വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നായിരിക്കും. അതു ദൈവസന്നതിയില്‍ തന്നെ കാല്‍ കാശ്‌ ചെലവില്ലാതെ ലഭ്യമാണെങ്കില്‍ അതില്‍പരം സായൂജ്യം വേറെയെന്താണുള്ളത്‌! (ഇന്നത്തെ പരിഷ്കാരികള്‍ക്ക്‌ ഇതൊരു വലിയ പ്രശ്നമല്ലായിരിക്കാം.) ഏതു ദിവസമായാലും ഏതു സമയത്തു ചെന്നാലും ഭക്തന്മാര്‍ക്ക്‌ വിശപ്പടക്കാന്‍ ഭക്ഷണം കൊടുക്കുന്ന ക്ഷേത്രം പറശ്ശിനിക്കടവ്‌ മഠപ്പുരയിലല്ലാതെ കേരളത്തില്‍ വേറൊരിടത്തുള്ളതായി എനിക്കറിവില്ല. കണ്ണൂരിനു വടക്കു-കിഴക്കായി എേകദേശം 16 കിലോമീറ്റര്‍ ദൂരേ വളപട്ടണം പുഴക്ക്‌ പടിഞ്ഞാറെ കരയിലാണു്‌ പ്രകൃതി രമണീയമായ പറശ്ശിനിക്കടവും ക്ഷേത്രവും. ഈ പുഴക്ക്‌ വേറേയും പല കടവുകളുണ്ടെങ്കിലും അവക്കൊന്നും തന്നെ പറശ്ശിനിക്കടവിന്റെ പ്രാധാന്യമില്ല.ഈ മഹാക്ഷേത്രം കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ പ്രതീകമാണു്‌. നായാട്ടുകാരന്റെ വേഷവും ഭാവവുമാണു്‌ മുത്തപ്പന്റേത്‌. അമ്പലത്തിനു ചുറ്റിപ്പറ്റി എപ്പോഴും നിരവധി നായ്ക്കളുണ്ടായിരിക്കും. അവയെല്ലാം മുത്തപ്പന്റെ വേട്ടനായ്ക്കളാണെന്നാണു സങ്കല്‌പം. 'വെള്ളാട്ടം','തിരുവപ്പന്‍' എന്നീ രണ്ടു തെയ്യങ്ങളാണു്‌ ഇവിടെയുള്ളത്‌. വെള്ളാട്ടം എന്ന വേഷം പരമശിവന്റെ അവതാരമായ മുത്തപ്പനും, തിരുവപ്പന്‍ എന്നത്‌ മുത്തപ്പനായി അവതരിച്ച വിഷ്ണുവിന്റെ വേഷവുമാണെന്നാണു്‌ സങ്കല്‌പം. പ്രാരംഭകാലം മുതലേ ക്ഷേത്രവുമായി ബന്ധമുള്ള വണ്ണാന്‍ സമുദായത്തിലെ അംഗങ്ങളാണു്‌ രണ്ടു തെയ്യങ്ങളും കെട്ടി ആടുന്നത്‌. ദിവസേന വെള്ളാട്ടം തിറ ഉണ്ടായിരിക്കും. സംക്രമത്തിനും വേറെ ചില വിശേഷ ദിവസങ്ങളിലും ഇവിടെ ബ്രാഹ്മണര്‍ പൂജ ചെയ്യാറുണ്ട്‌. വിശ്വാസികള്‍ തങ്ങളുടെ വീട്ടില്‍ വെച്ചും വെള്ളാട്ടം എന്ന മുത്തപ്പന്‍ തെയ്യത്തെ ഒരു വഴിപാടായി കെട്ടി ആടിക്കാറുണ്ടു്‌. യുക്തിവാദികളുടെ അഭിപ്രായത്തില്‍, മുത്തപ്പന്‍ ഒരു തീയ്യ-കുടുമ്പത്തിലെ ഏതോ സിദ്ധനായ മുത്തച്ഛന്‍ കാരണവരാണെന്നാണ്‌. അങ്ങിനെ ആ കാരണവരെ ഉദ്ദേശിച്ച്‌ ആരംഭിച്ച പൂജയും വഴിപാടുമാണു്‌ കാലാന്തരത്തില്‍ മുത്തപ്പനായി മാറിയതു്‌ എന്നാണു്‌ ഇവരുടെ വാദം. അത്‌ എങ്ങിനെ ആയാലും ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു മഹാക്ഷേത്രം തന്നെയാണു്‌ പറശ്ശിനിക്കടവ്‌ മഠപ്പുര എന്നതില്‍ ലവലേശം സംശയം വേണ്ട. ആഢ്യന്‍ മുതല്‍ അന്ത്യജന്‍ വരെ ഒരു പോലെ മുത്തപ്പന്‍ സന്നതിയിലെത്തുന്നു. ജാതിമത ഭേദമന്യേ വഴിപാടുകള്‍ നേരുന്നു. പറശ്ശിനിക്കടവ്‌ മഠപ്പുരയിലെ മുത്തപ്പനെ പ്രാര്‍ഥിച്ചാല്‍ ഏതു പ്രയാസങ്ങളേയും തരണം ചെയ്യാന്‍ കഴിയുമെന്നാണു്‌ ജനങ്ങളുടെ ദൃഢമായ വിശ്വാസം. ഇന്ന് നൂറുകണക്കിന്‌ മുത്തപ്പന്‍ കാവ്‌ പല പ്രദേശങ്ങളിലുമായിട്ടുണ്ട്‌. ചെന്നയിലും മുത്തപ്പന്‍ കാവുകളുണ്ടു്‌.

13 comments:

Raghavan P K said...

കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ ക്ഷേത്രം.ഒരു ഹ്രസ്വ വിവരണം.

സു | Su said...

വായിക്കാറുണ്ട്. :)

ചെന്നൈയിലെ കാവുകളെക്കുറിച്ച് എഴുതൂ.

Visala Manaskan said...

പറശ്ശിനിക്കടവ് മുത്തപ്പനെപ്പറ്റി എഴുതിയതിന് നന്ദി.

ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പോകാന്‍ കഴിഞ്ഞില്ല.

ഇത്തരം അറിവുകള്‍ ഇവിടെ എഴുതുമല്ലോ?

ലിഡിയ said...

പുതിയ വിവരങ്ങള്‍, നമ്മുടെ നാടിന്റെ പഴമയെ പരിചയപെടാന്‍ നമ്മുടെ നാട് സഹായിക്കുന്നതില്‍ ഒത്തിരി സന്തോഷം.

-പാര്‍വതി.

സുഗതരാജ് പലേരി said...

എന്‍റെ മുത്തപ്പാ. നാട്ടില്‍ പോയാല്‍ ഒഴിവാക്കാത്ത അമ്പലങ്ങളില്‍ ഒന്ന്. മുത്തപ്പ പ്രീതിക്കായി വീടുകളില്‍ കഴിക്കുന്ന വഴിപാടാണ് ‘പൈങ്കുറ്റി‘. പയറോ, കടലയോ പുഴുങ്ങിയതും, ഉണക്ക മീന്‍ ചുട്ടതും, കള്ളും ഒരല്പം ഭസ്മവും മാത്രമാണ് ഈ പൂജയ്ക്കവശ്യം. തീയ്യസമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമേ പൂജ ചെയ്യാനധികാരമുള്ളൂ (ആരുടെ വീട്ടിലും)

ടി.പി.വിനോദ് said...

രാഘവേട്ടാ, നന്നായി മുത്തപ്പനെക്കുറിച്ച് എഴുതിയത്..

മുത്തപ്പന്‍ എന്ന ദൈവ സങ്കല്പം എന്നെ കുഞ്ഞുനാളുമുതലേ അത്ഭുദപ്പെടുത്തിയിരുന്നു.സാമ്പ്രദായിക ദൈവസങ്കല്പങ്ങളുടെ ഏകമാനവും മനുഷ്യേതരവുമായ ശീലങ്ങള്‍ക്കപ്പുറം മാനുഷികതയുടെ എല്ലാകലര്‍പ്പുകളും ചേര്‍ത്ത് ഇഴപിരിച്ചുണ്ടാക്കിയ ഒരു സങ്കല്‍പ്പമാകുന്നു അത്. മദ്യപിക്കുന്ന, അരാജകമായ ഒരു ഭൂതകാലമുള്ള, പട്ടി ഇഷ്ടമൃഗമായിട്ടുള്ള, വരേണ്യതയെ അംഗീകരിക്കാത്ത തികച്ചും വിധ്വംസകനായ ഒരു ദൈവം. തീര്‍ച്ചയായും മുത്തപ്പന്‍ നമ്മുടെ പല ജീവിത/സാമൂഹിക മാതൃകകളോടും കലഹിക്കുന്നുണ്ട്...

ഒരു സംശയം:വണ്ണാന്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ തന്നെയാണൊ തിരുവപ്പന കെട്ടുന്നത്? കുന്നത്തൂരില്‍ അഞ്ഞൂറാന്‍(?) എന്ന വിഭാഗത്തിലെ ആളുകളാണെന്ന് കേട്ടിട്ടുണ്ട്. പറശ്ശിനിയില്‍ ഇതു വ്യത്യാസമാണോ?

കണ്ണൂരാന്‍ - KANNURAN said...

മുത്തപ്പന്‍ ഒരു വിപ്ലവകാരിയായ ഒരു ആരാധനാ മൂര്‍ത്തി തന്നെയാണ്. സാധാരണ ദൈവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തനുമാണ്. കള്ളു കുടിക്കുന്ന, മീന്‍ തിന്നുന്ന മുത്തപ്പന്‍ നമ്മുടെ പല സങ്കല്‍പ്പങ്ങളെയും അട്ടിമറിക്കുന്നതാണ്. പറശ്ശിനിയിലും മറ്റ് കണ്ണൂര്‍ ഭാഗങ്ങളിലും വണ്ണാന്‍ സമുദായക്കാര്‍ തന്നെയാണ് ഇതു കെട്ടിയാടി വരുന്നത്. ഇതിനിടെ ഡെല്‍ഹിയിലും മുത്തപ്പനെത്തിയെന്ന് മാതൃഭൂമിയില്‍ കണ്ടു... മുത്തപ്പന്‍ എം.മുകുന്ദനെ അനുഗ്രഹിക്കുന്ന ചിത്രവും ഉണ്ടായിരുന്നു.

Anonymous said...

കഴിഞ്ഞാഴ്ച്ച മൂകാംബികയ്ക്കു പോകും വഴി മുത്തപ്പ സന്നിധിയിലെ ദര്‍ശനവും കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോഴുണ്ടു ദാ കിടക്കുന്നു, മുത്തപ്പചരിതം !! .

നന്നായി...മി. രാഘവന്‍..

Anonymous said...

മുത്തപ്പന്‍ ജനകീയ ദൈവമാണ്‌.മുത്തപ്പനെ ഹിന്ദു മതത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ ധാരാളം പുരാണ കഥകളുണ്ടാക്കുന്നുണ്ട്‌. മുത്ത്പ്പന്‍ ഹിന്ദുവാകാതെ നിലകൊള്ളട്ടേ എന്നു പ്രാര്‍ത്ഥിക്കാം!!! -ചിത്രകരന്‍.
www.chithrakaran.blogspot.com

Raghavan P K said...

മുത്തപ്പന്‍ ജനകീയ ദൈവമാണന്നതില്‍ സംശയമില്ല. പരമശിവനും മഹാവിഷ്ണ്‍വും പോലെ എല്ലാ ദൈവ വിശ്വാസികള്‍‌‍ക്കും മുത്തപ്പനും സ്വന്തം തന്നെ.
ചെന്നൈയിലെ കാവുകളെക്കുറിച്ചും എഴുതാന്‍ ശ്രമിക്കാം.

ഇവിടെ ദറ്ശനത്തിന്‍ എത്തിയവര്‍ക്ക് എന്റെ നന്ദി.

മുസാഫിര്‍ said...

പറ്ശ്ശിനിക്കടവു മുത്തപ്പനെപ്പറ്റി ഒരു പാടു കേട്ടിട്ടുണ്ടു.ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല.ഇനിയും ഇതുപോലുലുള്ള കാര്യങ്ങള്‍ എഴുതു രാഘവേട്ടാ.

Raghavan P K said...

ഇപ്പോള്‍ കിട്ടിയത്:

പറശ്ശിനിക്കടവ്‌ മുത്തപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രശ്നത്തില്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന്‌ പറശ്ശിനിക്കടവ്‌ ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മടയന്‍ സ്ഥലത്തില്ലാത്ത ദിവസമാണ്‌ സ്‌പെഷല്‍ ഓഫീസര്‍ ചാര്‍ജെടുക്കാനെത്തിയത്‌. സാവകാശം വേണമെന്ന്‌ പറഞ്ഞപ്പോള്‍ അത്‌ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സംഘര്‍ഷമുണ്ടാക്കുന്നത്‌ ക്ഷേത്ര അന്തരീക്ഷത്തിന്‌ മോശമാകുന്നതുകൊണ്ടുതന്നെ എതിര്‍ക്കാന്‍ പോയില്ല.

ട്രസ്റ്റിയുടെ അധികാരങ്ങള്‍ ഒന്നും വിട്ടുകൊടുത്തിട്ടില്ല. ഓഫീസറുടെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴാണ്‌ ഞങ്ങള്‍ ഇടപെട്ടത്‌. ക്ഷേത്രത്തിലെ ഊട്ടുപുര പരിഷ്‌കരണമുള്‍പ്പെടെ 47 ലക്ഷം രൂപയുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടക്കാനുണ്ടെന്നും അതിപ്പോള്‍ മന്ദീഭവിച്ചിട്ടാണുള്ളതെന്നും ഇപ്പോഴത്തെ ധാരണകളില്‍ കുടുംബാംഗങ്ങള്‍ അസംതൃപ്‌തരാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Raghavan P K said...

പറശ്ശിനിക്കടവ്‌ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ്‌ സ്‌പെഷല്‍ ഓഫീസറെ നിയമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക്‌ താത്‌കാലിക പരിഹാരമായി. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. കെ.ഗോപാലകൃഷ്‌ണന്‍ ബുധനാഴ്‌ച രാവിലെ ക്ഷേത്രത്തിലെത്തി പി.എം.ഭാസ്‌കരന്‍ മടയനുമായി സംസാരിച്ചതിനുശേഷമാണ്‌ താത്‌കാലിക പോംവഴികള്‍ ഉരുത്തിരിഞ്ഞത്‌.

ഭണ്ഡാരങ്ങള്‍ ഓരോ 10 ദിവസം കൂടുമ്പോഴും തുറന്ന്‌ പണം എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലടയ്‌ക്കും. ക്ഷേത്രത്തിലേക്ക്‌ സംഭാവനകളായും മറ്റും ലഭിക്കുന്ന ചെക്ക്‌, ഡ്രാഫ്‌റ്റ്‌, മണിയോര്‍ഡര്‍ തുടങ്ങിയവയും ബാങ്കിലിടും. സോപാനത്തിലെ വരവ്‌ എണ്ണിത്തിട്ടപ്പെടുത്തി ക്ഷേത്ര അക്കൗണ്ടില്‍ വരവുവെക്കും. വരവും ചെലവും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തും.

ദേവസ്വം ബോര്‍ഡിലേക്ക്‌ ക്ഷേത്രംവക കുടിശ്ശികയായുള്ള 80 ലക്ഷത്തിലേറെ രൂപ ഈടാക്കാനുള്ള നടപടിയുണ്ടാകും.

പറശ്ശിനിക്കടവ്‌ ക്ഷേത്രം ട്രസ്റ്റിയും ദേവസ്വം ബോര്‍ഡും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ പറഞ്ഞു. ട്രസ്റ്റിയുടെ അധികാരങ്ങള്‍ ഒന്നും എടുത്തുമാറ്റുന്നില്ല. അത്‌ നിരീക്ഷിക്കാനും ശരിയായ രീതിയില്‍ വിനിയോഗിക്കാനുമാണ്‌ സ്‌പെഷല്‍ ഓഫീസറെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.