പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
January 23, 2007
ആസാദ് ഹിന്ദ് ഫൗജ്
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 111-മത്തെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ത്യാഗസ്മരണക്കായി നാലഞ്ചു വരികള്‍ എഴുതട്ടെ!
1941-ല്‍ജെര്‍മനിയില്‍ അദ്ദേഹം 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്ഥാപിച്ചു. 1941 നവമ്പര്‍ രണ്ടാം തീയ്യതി 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്വീകരിച്ച ചരിത്രപ്രധാനമായ നാലു തീരുമാനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്.
1. 'ജയ്‌ഹിന്ദ്' എന്ന പേരിലായിരിക്കും സല്യൂട്ട് ചെയ്യുക.
2. 'ജനഗണമന' ദേശീയഗാനമായിരിക്കും
3. 'ഹിന്ദുസ്ഥാനി' രാഷ്ട്രഭാഷയായിരിക്കും
4. സുഭാഷ് ചന്ദ്രബോസിനെ 'നേതാജി' എന്ന് സംബോധനം ചെയ്യും.
ഒര് സേനയുടെ ആവശ്യം മനസ്സിലാക്കിയ നേതാജി 1941 ഡിസംബര്‍ 25-നാണ് "ആസാദ് ഹിന്ദ് ഫൗജ് (INA)" സംഘടിപ്പിച്ചത്. വെറും 15 അംഗങ്ങളാണ് അപ്പോഴുണ്ടായിരുന്നത്. ജെര്‍മനിയുടെ സഹായത്തോടെ അതു പില്‍ക്കാലത്തു 3500-ല്‍ പരം സൈനികരുള്ള ഒരു വലിയ സൈന്യം തന്നെയായി മാറി. നേതാജിയുടെ അഭാവത്തില്‍ ജെര്‍മനിയില്‍ ഇതിന്റെ ചുമതല വഹിച്ചിരുന്നത് എ സി എന്‍ നമ്പ്യാരായിരുന്നു.
1943-ല്‍ നേതാജി ജെര്‍മനിയില്‍ നിന്നും ജപ്പാനിലേക്കു രഹസ്യമായി യാത്ര ചെയ്തു. ജാപ്പനുമായി സഹകരിച്ച് ഇന്ത്യയെ മോചിപ്പിക്കാമെന്ന പ്രത്യാശയോടെയായിരുന്നൂ പിന്നീടുള്ള നീക്കങ്ങള്‍.
ആ വീരയോദ്ധാവിന്റെ അന്ത്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും ജനങ്ങളുടെ മനസില്‍നിന്നും മറയുന്നില്ല.
ജയ്‌ഹിന്ദ്!
January 18, 2007
എം ജി ആർ !
രണ്ട് ദശാബ്ദങ്ങൾക്ക് മുന്പ് യശഃശ്ശരീരനായ എം ജി ആർ ഇന്നും തമിഴകത്തിലെ ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല! ഇന്നലെ എം ജി ആറുടെ 91-മത്തെ (2007ൽ) ജന്മദിനമായിരുന്നു. 'പൊങ്കൽ' ആഘോഷങ്ങളുടെ മൂന്നാമത്തെ ദിവസമായ 'കാണും പൊങ്കൽ' ദിനവും ഇന്നലേയായിരുന്നു. തമിഴ്നാട്ടിലെ പാമരജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു എം ജി ആർ. മെറീനാ കടൽക്കരയിലുള്ള എംജിയാറിന്റെ സമാധി ദർശ്ശിക്കാത്തവരാരും തന്നെ ഉണ്ടാവില്ല. എംജിയാർ കല്ലാര്റ മേലെ കാതുവെച്ച് എം ജി ആറിന്റെ റിസ്റ്റ് വാച്ചിന്റെ ടിക് ടിക് ശബ്ദം കേൾക്കാൻ ശ്രമിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്.
എംജിയാർ ഒരു 'മെഡിക്കൽ മിറാക്ക്ൾ' കൂടി ആയിരുന്നു. രണ്ടു മൂന്നു വര്ഷം സംസാരശേഷിയില്ലാത്തെതന്നെ ഭരണം നടത്തി. ഇത്രയും ജനപ്രീതി സമ്പാദിച്ച വേറൊരു മുഖ്യനെ തമിഴർ കണ്ടിട്ടില്ല. എംജിയാർ പാവപ്പെട്ട കുട്ടികൾക്കായി ഒരു നേരത്തെ ഉച്ചഭക്ഷണം സ്കൂളിൽ കൊടുക്കാൻ തീരുമാനിച്ചപ്പോൾ 'അസാദ്ധ്യമായ കാര്യം' എന്നു വിശേഷിപ്പിച്ചവരായിരുന്നു മിക്കവരും. പിന്നീടു അതിന്റെ വിജയം കണ്ട് അന്ധാളിച്ചു പോവുകയാണുണ്ടായത്. കുട്ടികൾക്ക് പഠിപ്പിനോട് താല്പര്യം കൂടുക മാത്രമല്ല അവരുടെ ആരോഗ്യം നന്നായി വരുന്നതായും കണ്ടതോടെ ഈ പരിപാടിക്കു ദേശീയ അംഗീകാരം ലഭിച്ചു. ഇതു പോലെ ചെറിയ തോതിലുള്ള പരിപാടികൾ രാജാജി, കാമരാജ് പോലുള്ള വലിയ നേതാക്കന്മാർ ഇതിനു മുന്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും സാമ്പത്തീകഭാരം കാരണം കാണിച്ച് ഉപേക്ഷിക്കുകയാണുണ്ടായത്. അന്ന് എം ജി ആറിന്റെ കേബിനറ്റ് സെക്രട്ടരിമാരും ഈ പരിപാടിയുണ്ടാക്കാവുന്ന സാമ്പത്തീക പ്രത്യാഘാതം പരാമർശ്ശിച്ചപ്പോൾ ചീഫ് സെക്രട്ടരി ആയിരുന്ന ടി വി ആന്റണിയോട് എംജിയാർ ചോദിച്ചത് ഇതാണ്. നിങ്ങളിലാരെങ്കിലും ഒരു ദിവസം ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പദ്ധതി നല്ലവിധത്തിൽ നടപ്പിലാക്കാനുള്ള മാർഗം മാത്രമായിരുന്നൂ പിന്നീടുണ്ടായ ചർച്ച. എംജിയാറിന്റെ സിനിമകൾ നല്ല നല്ല ഉപദേശങ്ങളും പാട്ടുകളും കൊണ്ട് സമൃദ്ധമാണ്.
"... കൊടുത്തതെല്ലാം കൊടുത്താം, യാരുക്കാഗ കൊടുത്താം,
ഒരുത്തരുക്കാ കൊടുത്താം ഇല്ലൈ ഊരുക്കാഗ കൊട്ത്താം..."
ഇങ്ങനെയ്യൊരു പാട്ട്. ഇത് ഡി എം കെ യില് നിന്നും പുറത്താക്കപ്പെട്ടപ്പോഴുള്ളതാണ്. പാര്ട്ടിയുടെ ട്രഷറര് എന്ന നിലയില് പാര്ട്ടി ഫണ്ടിന്റെ കണക്കു ചോദിച്ചതിനാണ് അന്നു മുഖ്യനായിരുന്ന തിരു. കരുണാനിധി എം ജി ആറെ 'ഡി എം കെ' യിൽ നിന്നും പുറത്താക്കിയത്. പാർട്ടിയുടെ പണം സ്വയം ആവശ്യങ്ങൾക്ക് ദുരുപയോഗപ്പെടുത്തുന്നതിനോട് വിയോജിച്ചതാണു കാരണം.
"...ഞാൻ ആണയിട്ടാൽ അതു നടന്തു വിട്ടാൽ
ഇങ്കൈ ഏഴൈകൾ കണ്ണീർപ്പെടമാട്ടാർ!"
ഇലക്ഷനിൽ ജയിച്ച് ഇവയെല്ലാം യഥാർത്ഥ ഭരണത്തിലും കടപിടിച്ച നേതാവും നടനുമാണ് എം ജി ആർ എന്നതിൽ സംശയമില്ല. 16 വർഷം മുഖ്യമന്ത്രിയായി തുടർന്നു. ഇന്ത്യാ ഗവണ്മന്റ് 'ഭാരതരത്ന' ബിരുദം നല്കി ബഹുമാനിച്ചു. പ്രാദേശിക കക്ഷിയുടെ നേതാവാണെങ്കിലും ഒരു യഥാർത്ഥ രാജ്യസ്നേഹിയും കേന്ദ്രസർക്കാർ സുശക്തമായിരിക്കണമെന്ന വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരുറ്റെ കൂട്ടത്തിലായിരുന്നു അദ്ദേഹം.
മരണാനന്തരം തന്റെ സ്വത്തെല്ലാം അംഗവൈകല്യമുള്ളവരുടെ വിദ്യാഭ്യാസനത്തിനായി സംഭാവന ചെയ്തു. 24 ഡിസംബർ 1998 നാണു എംജിയാർ ദിവംഗതനായത്. 14 വർഷം മുൻപ് ഇതേ ദിവസമാണു ദ്രാവിഡ പാർട്ടികളുടെ പരമാചാര്യനായ ഈ വി രാമസ്വാമി നായ്കരുടെ ചരമ ദിനവും എന്നത് അത്ഭുതകരം തന്നെ!January 16, 2007
തിരുവള്ളുവർ
2000 വർഷങ്ങൾക്ക് മുന്പ് തമിഴിൽ രചിച്ച എറ്റവും മഹത്തായ ഒരു ഗ്രന്ഥമാണു തിരുക്കുരൽ. ഭഗവത്ഗീതയെപ്പോലെ പ്രാധാന്യം അർഹിക്കുന്ന മഹത്തായ ശ്ലോക സമാഹാരമാണ് ഈ ഗ്രന്ഥം. തിരുക്കുരലിൽ പ്രതിപാദിക്കാത്ത ഒരു പ്രശ്നവും മനുഷ്യ ജീവിതത്തിലുണ്ടാകാൻ സാദ്ധ്യതയില്ല! ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സംഗതികൾ തന്റെ സ്വത സിദ്ധമായ ശുദ്ധമായ തമിഴിൽ ഈരടികളായി തിരുക്കുരലിലൂടെ വള്ളുവർ നമ്മെ ഉപദേശിക്കുന്നു. തമിഴ് ഭാഷയുടെ വളർച്ചക്ക് തിരുക്കുരലിന്റെ സംഭാവന മഹത്തായതാണ്. അറുപതിലധികം ഉലക ഭാഷകളിൽ ഈ മഹാ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1330 ഈരടി ശ്ലോകങ്ങളാൽ സമൃദ്ധമായ ഈ ഗ്രന്ഥം മൂന്ന് ഭാഗമായി വിഭജിച്ചിരിക്കുന്നു.10 ശ്ലോകങ്ങളുള്ള 133 അദ്ധ്യായങ്ങളാണ് മൊത്തം. മനുഷ്യധർമ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാമത്തേത്.38 അദ്ധ്യായങ്ങളാണ് ഇതിനുള്ളത്.
'ധനം' ആണ് രണ്ടാമത്തേത്. സാമൂഹ്യ സാമ്പത്തീകമായ ഉപദേശങ്ങളടങ്ങിയ 70 അദ്ധ്യായങ്ങളാണിതിനുള്ളത്.
മൂന്നാമത്തേത് 'കാമം'. 25 അദ്ധ്യായങ്ങള്കൊണ്ട ഈ വിഭാഗം ജീവിതത്തിലെ മാനസീക-വികാരങ്ങള്ക്ക് വഴികാട്ടുന്നു. തിരുവള്ളുവരുടെ ഓർമ്മക്കായി ചെന്നയിൽ നുങ്കംബാക്കത്ത് ഒരു ഓഡിറ്റോറിയം ഉണ്ട്. 'വള്ളുവർ കോട്ടം' എന്നാണിതിന്റെ പേര്. അതുപോലെ കന്യാകുമാരിയിലും 133 അടി പൊക്കമുള്ള ഒരു കരിങ്കൽ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 133 അടി ഉയരം കൊടുത്തത് തിരുക്കുരലിലെ മുന്പറഞ്ഞ 133 അദ്ധ്യായങ്ങളെ ഉദ്ധേശിച്ചാണ്. അതിൽ 38 പടികളുള്ള തറയ്ക് മുകളിലാണ് വള്ളുവരുടെ ശില സ്ഥിതി ചെയ്യുന്നത്. ഈ 38 പടികൾ 'അറം' എന്ന ഒന്നാം ഭാഗത്തിലെ 38 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു.
2037 കൊല്ലങ്ങൾക്കു മുന്പാണ് അനശ്വരമായ തിരുക്കുരൽ രചയിതാവ് ജനിച്ചത്. ജന്മസ്ഥലം ഇപ്പോഴത്തെ ചെന്നയിലെ മയിലൈ (മെയിലാപൂർ) എന്നാണെന്റെ അറിവ്. തമിഴ് കലണ്ടർ വള്ളുവരുടെ ജീവിതകാലത്ത് തുടങ്ങിയതാണ്. ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ സമയോജിതമായി തിരുക്കുരൽ ഉദ്ദരിച്ചുകൊണ്ടാണ് പലപ്പോഴും പ്രസംഗിക്കുക. തമിഴ് നാടു സർക്കാർ ആഫീസുകളിലും ബസ്സുകളിലും കുരലിൽ നിന്നും അർത്ഥവത്തായ പല ഈരടികളും പകർത്തിയ ബോർഡുകൾ കാണാം. അതു പിൻപറ്റിയിരുന്നെങ്കിൽ പല പൊതു പ്രശ്നങ്ങളും ഒഴിവായിരുന്നിരിക്കും. അതോടെ തിരുക്കുരലിന്റെ മാഹാത്മ്യവും!
January 12, 2007
ദേശീയ യുവദിനം
ഇന്ന് ദേശീയ യുവദിനം.
ആധുനിക ഇന്ത്യയുടെ അദ്ധ്യാത്മികാചാര്യന്‍, നവോത്ഥാന നായകന്‍, ഭരതീയ സംസ്കാരം പശ്ചാത്യരെ പഠിപ്പിച്ച കര്‍മ്മയോഗി തുടങ്ങിയുള്ള വിശേഷങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ എന്നന്നേക്കുമായി കുടിയിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനം.
1863-ല്‍ജനിച്ചു. 1882-ല്‍ ശ്രീരാമകൃഷ്ണപരമഹംസന്റെ ശിഷ്യനായി. അതോടെ നരേന്ദ്രദത്ത വിവേകാനന്ദനായി മാറി. ഗുരു സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചു.
ഇന്ത്യ മുഴുവന്‍ കാല്‍നടയായി ചുറ്റി സഞ്ചരിച്ച് ജീവിതകഷ്ടപ്പാടുകള്‍ നേരില്‍ക്കണ്ടിട്ട് മതമല്ല ഇന്ത്യക്കു ഭക്ഷണമാണു് വേണ്ടതെന്നു പ്രഖ്യാപിച്ചു. അന്ധവിസ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു.
1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മതസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു നടത്തിയ പ്രസംഗം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു.
ദരിദ്രരുടെ ഉന്നമനത്തിലും വിദ്യാഭ്യാസത്തിലും ലക്ഷ്യം വെച്ചു 1897 ല്‍ ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചു. അതിന്റെ ഒരു ബ്രാഞ്ച് ചെന്നയിലുള്ള മൈലാപ്പൂരിലുമുണ്ട്. സുനാമി ദുരന്തത്തില്‍ കഷ്ടപെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളില്‍ വളരെയധികം സഹായിച്ച ഒരു സ്ഥാപനമാണിത്.
ചെന്നയില്‍ ദേശീയ യുവദിനത്തിന്റെ ഭാഗമായി മറീനാ കടല്‍ക്കരയിലുള്ള വിവേകാനന്ദര്‍ ഇല്ലത്തിലിരുന്ന് മൈലാപ്പൂരിലുള്ള വിവേകാനന്ദാ കോളെജ് വരെ 5000 സ്കൂള്‍ കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ജാഥ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.
വിവേകാനന്ദരുടെ തത്വങ്ങള്‍ കടപിടിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്തുള്ള ചെന്നയിലെ മറ്റൊരു സ്ഥപനമാണ് വിവേകാനന്ദാ എജുക്കേഷനല്‍ സൊസൈറ്റി. ഇതിന്റെ കീഴില്‍ ഇപ്പോള്‍ 17 സ്കൂളുകള്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടു്.
1902-ല്‍ സ്വാമി അന്തരിച്ചു.
Subscribe to:
Posts (Atom)