പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
June 08, 2007
ഞങ്ങള്‍ക്കും അമ്പത് തികയുന്നു !
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവര്ണ്മന്റ് അമ്പത് കൊല്ലം പൂര്‍ത്തിയായത് ആഘോഷിക്കുന്ന ഈ അവസരത്തില്‍ മറ്റൊരു അദ്ധ്വാനിക്കുന്ന വിഭാഗം 'എന്നും പോലെ ഇന്നും' എന്ന നിലയില്‍ തങ്ങളുടെ സേവനം തുടരുന്നു.
കേരളത്തില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് തുടങ്ങിയിട്ട് വര്‍ഷം 50 പൂര്‍ത്തിയാവുന്നു. 1956 ലാണ് കേരളത്തില്‍ ആദ്യമായി ഓട്ടോറിക്ഷ സര്‍വ്വീസ് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഇറ്റലിയില്‍ നിന്നാണ് ആദ്യമായി ഇറക്കുമതിചെയ്തത്. ആ സൈക്കിള്‍ റിക്ഷക്ക് ബോഡിയുണ്ടായിരിന്നില്ല. മുന്നില്‍ ഗ്ലാസ് മാത്രമുണ്ടാകും. കട-കട ശബ്ദത്തോടെ ഓടുന്ന ഈ ശകടത്തിനെ ഓട്ടുന്നവന്റെയും യാത്ര ചെയ്യുന്നവരുടേയും വാരിയെല്ല് കിടന്നടിക്കുമായിരുന്നത്രെ. ഇന്നും താറിടാത റോഡില്‍ ഓട്ടുമ്പോള്‍ സ്ഥിതി ഇതു തന്നെ. 1960 -ലാണ് ലാംബ്രട്ട കമ്പനി വക നവീകരിച്ച ഓട്ടോറിക്ഷകള്‍ ഇറക്കാന്‍ തുടങ്ങിയത്. ഇന്ന് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ആയിരക്കണക്കാണ്.
ജനകീയ വാഹനമായ ഓട്ടോറിക്ഷ നിരത്തുകള്‍ കീഴടക്കി സര്‍വ്വീസ് തുടരുമ്പോഴും അത് ഓടിക്കുന്നവരുടെ ദൈന്യതകളും പരാതികളും വര്‍ദ്ധിക്കുകയാണ്. വൈകിയെത്തുന്ന യാത്രക്കാര്‍ക്കുവേണ്ടി പാതിരാത്രിയെന്നോ പുലര്‍ച്ചയെന്നോ ഭേദമില്ലാതെ റെയില്‍വെ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും കാത്തിരിക്കുന്ന ഓട്ടോക്കള്‍. ഇപ്പോള്‍ സ്കൂള്‍ തുറന്നു. രാവിലെയും വൈകിട്ടും മക്കളെ സ്കൂളിലും തിരിച്ച് വീട്ടിലും എത്തിക്കുന്ന ചുമതല കുറെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ട്. അടിയന്തരമായി രോഗികളെ ആസ്പത്രിയിലെത്തിക്കാനും ഇവരെപ്പോലെ സന്നദ്ധരാവുന്നവര്‍ വിരളമാണ്. എപ്പോഴും ഓടിയെത്താന്‍ തയ്യാറവുന്ന ഓട്ടോറിക്ഷകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണിന്ന്.
കേരളത്തിലെ മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അനുകൂല്യങ്ങളൊന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കിട്ടുന്നില്ലെന്നാണ് പറയപ്പെടുന്നത്. അതേ സമയം ദൂരവും ചാര്‍ജ്ജും തമ്മിലുള്ള അവ്യക്തതയും യാത്രാക്കാരും ഓട്ടോഡ്രൈവര്‍മാരുമായി വാക്കേറ്റത്തിനും പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്നതും ഒരു നഗ്നസത്യമായ് അവശേഷിക്കുന്നു.
June 04, 2007
അത് നാളെയാണ് !
പുകഞ്ഞുകത്തിക്കൊണ്ടിരിക്കുന്ന ലോക പരിസ്ഥിതിദിനം 5-ജൂണ്‍ മാസമാണ്. പ്രമുഖന്മാര് പലരും ഒന്നോ രണ്ടോ മുരുക്കിന് തൈയ്യോ മറ്റോ നട്ട് നാട്ടുകാരോട് സംരക്ഷിക്കാന്‍ പറഞ്ഞെന്നിരിക്കും. തമിഴ്നാട്ടില്‍ മുഖ്യന്റെ കഴിഞ വറ്ഷത്തെ 83ാമത്തെ ജന്മദിനത്തിന് അനുയായികള്‍ 83,00,000 (ലക്ഷം തന്നെയാണെന്നാ ഒര്‍ക്കുന്നത്) മരങ്ങള്‍ നട്ടുവെന്നാ കണക്ക്. ഇത്തവണ എണ്ണമൊന്നും അത്ര വ്യക്തമായി പറഞ്ഞു കേട്ടില്ല. ഒന്നോ രണ്ടോ പേരിന് വേണ്ടീ നടുന്നത് ടി വി യില്‍ കണ്ടു. ഹൈവേക്കു വേണ്ടി മുറിച്ചുമാറ്റിയ മരങ്ങളുടെ കണക്ക് ഇവിടെയാര്‍ക്കും അത്ര പ്രശ്നമല്ല.
അതിരാവിലെ ചെന്നയിലും പരിസരത്തും നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്ന ചപ്പും ചവറും പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെയും മറ്റും കാര്യം ആലോചിച്ചാല്‍ തല ചുറ്റും. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ഡയോസ്കിന്‍ 'വിഷപ്പുക' പടരുന്നു. ഇതിന് പുറമെ ചെന്നൈ നഗരവാസികള്‍ രാവും പകലും വ്യത്യാസമില്ലാതെ കൂവം നദിയിലെ വിഷപ്പുക ശ്വസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്രയായി? ആ പുഴക്കരികില്‍ തന്നെയാണ് ഭരണകൂടം സ്ഥിതി ചെയ്യുന്നത്.
ഈ സമയത്താണ് തമിഴ്നാട് മുഖ്യന് എം എല്‍ എ പദവിയുടെ അമ്പതാം വര്‍ഷികവും, 84 ാം ജന്മദിനമൊക്കെ കേമമായിക്കൊണ്ടാടുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമാണെങ്കില്‍ സ്വര്‍ണ്ണനൂലില്‍ നെയ്തെടുത്ത 'സില്‍ക് ഷാള്‍' കൊണ്ട് മുഖ്യനെ 'പൊന്നാടയണിയിക്കാന്‍ നേരം ശരിയായിരിക്കുന്നു. വ്യക്തിയാരാധനയുടെ മൂര്‍ദ്ധന്യം!
പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുറത്തുവരുന്നത് വിഷവസ്തുവായ ഡയോക്സിനും (ടെട്രോക്ലോറം ഡൈബീന്‍സോ ഡയോക്സിന്‍) ഹൈഡ്രജന്‍ ക്ലോറൈഡും മറ്റുമാണ്. മിക്ക നഗരങ്ങളിലെയും സ്ഥിതിയും വ്യത്യസ്തമല്ല. ഡി.ഡി.ടിയെക്കാള്‍ രണ്ട് ലക്ഷം മടങ്ങ് വിഷാംശമുണ്ട് ഡയോക്സിന്‍ എന്നാണ് വിദഗ്ദ ഭാഷ്യം. ഡയോക്സിന്‍ നേരിട്ടും മാംസാഹാരത്തിലൂടെയും പാല്, പാലുല്പന്നങ്ങള് തുടങ്ങിയവയിലൂടെയും മനഷ്യനിലെത്തും. കാന്‍സര്‍, ഞരമ്പുസംബന്ധമായ അസുഖങ്ങള്‍, പ്രത്യുല്പാദന വൈകല്യം തുടങ്ങിയവയ്ക്ക് ഡയോക്സിന്‍ കാരണമാകാറുണ്ട് എന്നൊക്കെ കേട്ട് കാതുകള്‍ മരവിച്ചു.
ചെന്നൈനഗരത്തിന്റെ അതിരുകള്‍ തെക്ക് ഗിണ്ടി മുതല്‍ വടക്ക് ടോള്‍ഗേറ്റ് വരെയും,കിഴക്ക് മെറീന മുതല്‍ പടിഞ്ഞാറ് ആണ്ണാനഗരം വരെയുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള 'കുപ്പ' കൂട്ടിയിട്ട് കത്തിക്കുന്നത് വടക്കു കൊടുങ്ങയൂരിലും തെക്ക് കുറേ ഭാഗം താമ്പരം 'കിഷ്കിന്ദ'ക്കടുത്തുമാണ്. പള്ളിക്കരനായ് പോലുള്ള ജലശ്രോതസ്സുകള്‍ വേറെയും ദുരുപയോഗപ്പെടുത്തുന്നുണ്ട്.
രാവിലെ കത്തിക്കുന്ന മാലിന്യങ്ങള്‍ കാലത്ത് ജോലിക്ക് പോകുന്നവരെ നല്ലപോലെ വിഷമിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് രാവിലെ നടക്കാനിറങ്ങുന്നവരും യാത്രക്കാരും സമീപവാസികളുമെല്ലാം ഈ വിഷപ്പുക ശ്വസിക്കുന്നു. എന്നിട്ടും...! ശീലിച്ചതല്ലേ പാലിക്കൂ?
Subscribe to:
Posts (Atom)