June 08, 2007

ഞങ്ങള്‍ക്കും അമ്പത്‌ തികയുന്നു !

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗവര്‍ണ്‍മന്റ്‌ അമ്പത്‌ കൊല്ലം പൂര്‍ത്തിയായത്‌ ആഘോഷിക്കുന്ന ഈ അവസരത്തില്‍ മറ്റൊരു അദ്ധ്വാനിക്കുന്ന വിഭാഗം 'എന്നും പോലെ ഇന്നും' എന്ന നിലയില്‍ തങ്ങളുടെ സേവനം തുടരുന്നു. കേരളത്തില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ്‌ തുടങ്ങിയിട്ട്‌ വര്‍ഷം 50 പൂര്‍ത്തിയാവുന്നു. 1956 ലാണ്‌ കേരളത്തില്‍ ആദ്യമായി ഓട്ടോറിക്ഷ സര്‍വ്വീസ്‌ തുടങ്ങിയതെന്ന്‌ കരുതപ്പെടുന്നു. ഇറ്റലിയില്‍ നിന്നാണ്‌ ആദ്യമായി ഇറക്കുമതിചെയ്തത്‌. ആ സൈക്കിള്‍ റിക്ഷക്ക്‌ ബോഡിയുണ്ടായിരിന്നില്ല. മുന്നില്‍ ഗ്ലാസ്‌ മാത്രമുണ്ടാകും. കട-കട ശബ്ദത്തോടെ ഓടുന്ന ഈ ശകടത്തിനെ ഓട്ടുന്നവന്റെയും യാത്ര ചെയ്യുന്നവരുടേയും വാരിയെല്ല്‌ കിടന്നടിക്കുമായിരുന്നത്രെ. ഇന്നും താറിടാത റോഡില്‍ ഓട്ടുമ്പോള്‍ സ്ഥിതി ഇതു തന്നെ. 1960 -ലാണ്‌ ലാംബ്രട്ട കമ്പനി വക നവീകരിച്ച ഓട്ടോറിക്ഷകള്‍ ഇറക്കാന്‍ തുടങ്ങിയത്‌. ഇന്ന്‌ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ആയിരക്കണക്കാണ്‌. ജനകീയ വാഹനമായ ഓട്ടോറിക്ഷ നിരത്തുകള്‍ കീഴടക്കി സര്‍വ്വീസ്‌ തുടരുമ്പോഴും അത്‌ ഓടിക്കുന്നവരുടെ ദൈന്യതകളും പരാതികളും വര്‍ദ്ധിക്കുകയാണ്‌. വൈകിയെത്തുന്ന യാത്രക്കാര്‍ക്കുവേണ്ടി പാതിരാത്രിയെന്നോ പുലര്‍ച്ചയെന്നോ ഭേദമില്ലാതെ റെയില്‍വെ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും കാത്തിരിക്കുന്ന ഓട്ടോക്കള്‍. ഇപ്പോള്‍ സ്കൂള്‍ തുറന്നു. രാവിലെയും വൈകിട്ടും മക്കളെ സ്കൂളിലും തിരിച്ച്‌ വീട്ടിലും എത്തിക്കുന്ന ചുമതല കുറെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ട്‌. അടിയന്തരമായി രോഗികളെ ആസ്പത്രിയിലെത്തിക്കാനും ഇവരെപ്പോലെ സന്നദ്ധരാവുന്നവര്‍ വിരളമാണ്‌. എപ്പോഴും ഓടിയെത്താന്‍ തയ്യാറവുന്ന ഓട്ടോറിക്ഷകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണിന്ന്‌. കേരളത്തിലെ മറ്റ്‌ മേഖലകളിലെ തൊഴിലാളികള്‍ക്ക്‌ ലഭിക്കുന്ന അനുകൂല്യങ്ങളൊന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക്‌ കിട്ടുന്നില്ലെന്നാണ്‌ പറയപ്പെടുന്നത്‌. അതേ സമയം ദൂരവും ചാര്‍ജ്ജും തമ്മിലുള്ള അവ്യക്തതയും യാത്രാക്കാരും ഓട്ടോഡ്രൈവര്‍മാരുമായി വാക്കേറ്റത്തിനും പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്നതും ഒരു നഗ്നസത്യമായ്‌ അവശേഷിക്കുന്നു.

3 comments:

Raghavan P K said...

ഇപ്പോള്‍ സ്കൂള്‍ തുറന്നു. രാവിലെയും വൈകിട്ടും മക്കളെ സ്കൂളിലും തിരിച്ച്‌ വീട്ടിലും എത്തിക്കുന്ന ചുമതല കുറെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ട്‌. അടിയന്തരമായി രോഗികളെ ആസ്പത്രിയിലെത്തിക്കാനും ഇവരെപ്പോലെ സന്നദ്ധരാവുന്നവര്‍ വിരളമാണ്‌. എപ്പോഴും ഓടിയെത്താന്‍ തയ്യാറവുന്ന ഓട്ടോറിക്ഷകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണിന്ന്‌.

കരീം മാഷ്‌ said...

ലോകത്തിലെ ഏറ്റവും നല്ല ഓട്ടോറിക്ഷാ സര്‍വീസുള്ള കോഴിക്കോട്ടു ലോകത്തിലാദ്യമായി ഓട്ടോ റിക്ഷക്കകത്തു ടെലഫോണ് സര്‍വീസും കൂടി തുടങ്ങിയെന്നു ഇപ്പോള്‍ വായിച്ചതേയുള്ളൂ.
ഭാവുകങ്ങള്‍.

Kalesh Kumar said...

പലരും മറന്നതിനെക്കുറിച്ച് എഴുതിയതുനന്നായി!

നല്ല ലേഖനം!