July 12, 2020

കരിമുകിൽവർണ്ണൻ

"കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം

കിങ്ങിണിയും വള മോതിരവും ചാർത്തി
ഭംഗിയോടെന്നെന്നും കാണാകേണം
കീർത്തിയേറീടും ഗുരുവായൂർ വാഴുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം

കുഞ്ഞിക്കൈ രണ്ടിലും വെണ്ണ കൊടുത്തമ്മ
രഞ്ജിപ്പിക്കുന്നതും കാണാകേണം
കൂത്താടീടും പശുക്കുട്ടികളുമായി-
ട്ടൊത്തു കളിപ്പതും കാണാകേണം

കെട്ടു കെട്ടീടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം
കേകികളേപ്പോലെ നൃത്തമാടീടുന്ന
കേശവപ്പൈതലെ കാണാകേണം

കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ
കൈതവമൂർത്തിയെ കാണാകേണം
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചല നേത്രനെ കാണാകേണം

കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലി മേയ്ക്കുന്നതും കാണാകേണം
കൗതുകമേറുന്നോരുണ്ണിശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം

കംസസഹോദരി തന്നിൽ പിറന്നൊരു
വാസുദേവൻ തന്നെ കാണാകേണം
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ 
കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ"

ഹരി ഓം

(കടപ്പാട്)

No comments: