August 17, 2022

മൂകാംബിക ക്ഷേത്ര ദർശന-പൂജാ വിവരണം

മൂകാംബിക ക്ഷേത്ര ദർശന-പൂജാ വിവരണം

പുലർച്ചെ അഞ്ചുമണി മുതൽ രാത്രി ഒൻപത് വരെ പൂജയ്ക്ക് വേണ്ടിയുള്ള ചെറിയ ഇടവേളകൾ ഒഴിച്ചാൽ ഭക്തർക്ക് എല്ലാ സമയത്തും ദർശനം സാധ്യമാണ്. ഉച്ചയ്ക്ക് ഒന്നരമണിക്കൂർ മാത്രമാണ് നട അടക്കുന്നത്. അഞ്ചു മണിക്ക് നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. അതിനുശേഷം സ്വയംഭൂലിംഗത്തിൽ അഭിഷേകം. പഞ്ചലോഹവിഗ്രഹത്തിൽ അഭിഷേകങ്ങൾ നടത്താറില്ല. അഞ്ചരയോടെ ഒരു നാളികേരം ഉപയോഗിച്ചുള്ള ഗണപതിഹോമം തുടങ്ങുന്നു. രാവിലെ ആറരയ്ക്ക് ഉഷഃപൂജ. ദന്തധാവനപൂജ എന്നാണ് ഇവിടെ ഉഷഃപൂജ അറിയപ്പെടുന്നത്. ദേവി പല്ലുതേയ്ക്കുന്ന സങ്കല്പത്തിൽ നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പേരുവന്നത്. ഏഴേകാലിന് ദന്തധാവന മംഗളാരതിയും ഏഴരയ്ക്ക് പഞ്ചാമൃതാഭിഷേകവും നടത്തുന്നു. ഏഴേമുക്കാലിന് ദേവിയ്ക്ക് നിവേദ്യമാണ്. തുടർന്ന് എട്ടുമണിയോടെ എതിരേറ്റുപൂജയും അതിനുശേഷം ഉഷഃശീവേലിയും നടത്തപ്പെടുന്നു. ക്ഷേത്രത്തിൽ ആനകളുണ്ടെങ്കിലും ശീവേലി നടത്തുന്നത് ആനപ്പുറത്തേറിയല്ല. ശീവേലിബിംബം തലയിലേറ്റിയാണ് ഇവിടെ എഴുന്നള്ളിയ്ക്കുന്നത്. പതിനൊന്നരയ്ക്ക് ഉച്ചപ്പൂജയും പന്ത്രണ്ടരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് ഒന്നരയോടെ നടയടയ്ക്കുന്നു.
ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. മൂന്ന് മുതൽ വൈകുന്നേരം ആറരവരെ ഭക്തർക്ക് ദർശനത്തിന് വേണ്ടിയുള്ള സമയമാണ്. തിരക്ക് കുറച്ചു സൗകര്യപ്രദമായി ദർശനം നടത്താൻ വേണ്ടിയാണ് ഇത്തരമൊരു സംവിധാനം. സന്ധ്യയ്ക്ക് സൂര്യാസ്തമായത്തോടനുബന്ധിച്ച് മഹാദീപാരാധന. പ്രദോഷപൂജ എന്നാണ് ഇവിടെ ദീപാരാധന അറിയപ്പെടുന്നത്. ഈ പൂജയോടനുബന്ധിച്ച് പഞ്ചാമൃതാഭിഷേകവും പതിവാണ്. തുടർന്ന് രാത്രി ഏഴുമണിയ്ക്ക് നിവേദ്യവും ഏഴേകാലിന് അത്താഴപ്പൂജയും നടത്തുന്നു. അത്താഴപ്പൂജയോടനുബന്ധിച്ചുള്ള മംഗളാരതിയ്ക്ക് സലാം മംഗളാരതി എന്നാണ് പേര്. ഒരിയ്ക്കൽ ഈ മംഗളാരതിയുടെ സമയത്ത് ക്ഷേത്രത്തിനടുത്തുകൂടെ കടന്നുപോയ ടിപ്പു സുൽത്താൻ ഈ കാഴ്ച കണ്ട് സ്തബ്ധനാകുകയും ഇസ്ലാമിക രീതിയിൽ സലാം പറയുകയും ചെയ്തു എന്ന കഥയെ ആസ്പദമാക്കിയാണ് ഈ പേര് പറയപ്പെടുന്നത്. അത്താഴപ്പൂജ കഴിഞ്ഞാൽ ഉപദേവതകൾക്കുള്ള പൂജകളാണ്. തുടർന്ന് എട്ടുമണിയോടെ ഇവർക്കുള്ള നിവേദ്യവും ദീപാരാധനയും. എട്ടേകാലിന് അത്താഴശീവേലി തുടങ്ങുന്നു. ഈയവസരത്തിൽ ദേവീവിഗ്രഹം സരസ്വതീമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവരുന്ന ചടങ്ങുമുണ്ട്. അതിപ്രധാനമാണ് ഈ ചടങ്ങ്. ഈ സമയത്ത് അവിലും നാളികേരവുമാണ് നിവേദ്യങ്ങളായി ഭഗവതിയ്ക്ക് സമർപ്പിയ്ക്കുന്നത്. വിദ്യാഭിവൃദ്ധി ആഗ്രഹിയ്ക്കുന്നവർക്ക് ഈ ദർശനം അതിവിശേഷമായി കണക്കാക്കപ്പെടുന്നു. നിവേദ്യത്തിനുശേഷം വിശേഷാൽ പൂജയും മംഗളാരതിയും നടത്തുന്നു. ഈ സമയത്ത് എല്ലാ വാദ്യോപകരണങ്ങളും അകമ്പടിയായി വായിയ്ക്കുന്നു. ഇവയ്ക്കൊപ്പം ഭക്തരുടെ നാമജപവുമുണ്ടാകും. ഈ ചടങ്ങ് കഴിഞ്ഞാൽ ദേവിയെ ശ്രീകോവിലിലേയ്ക്ക് തിരിച്ചെഴുന്നള്ളിയ്ക്കുന്നു. തുടർന്ന് ഒമ്പതുമണിയോടെ ദേവിയുടെ പ്രധാന നിവേദ്യമായ കഷായതീർത്ഥം നേദിയ്ക്കുന്നു. ഇതിനോടനുബന്ധിച്ചും ഒരു പൂജയുണ്ട്. അത് പൂർത്തിയാകുന്നതോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നവരാത്രി, മൂകാംബികാ ജന്മാഷ്ടമി) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണദിവസങ്ങളിലും പൂജകൾക്ക് മാറ്റം വരും. മഹാനവമിനാളിൽ രാത്രി എല്ലാ ഭക്തരും തൊഴുതിറങ്ങിയശേഷമേ നടയടയ്ക്കൂ.

(For general information only)

No comments: