August 15, 2006

സുസ്മൃതി

നമ്മുടെ സ്വാതത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരേയും, ജീവിതം ത്യജിച്ചവരേയും നാം പണ്ടേ മറന്നു കഴിഞ്ഞു. അറുപതാം സ്വാതത്ര്യദിനം ആഘോഷിക്കുന്ന ഇ തരുണത്തിലെങ്കിലും അവരേക്കുരിച്ചുള്ള ചില ചിന്തകള്‍ നമുക്കും വേണ്ടേ?
സ്വാതത്ര്യലബ്ദിക്കു ശേഷം രാഷ്ട്രിയകക്ഷികളുമായി മുന്നോട്ട്‌ പോയവര്‍ക്കു MLA ആയും MP ആയും പിന്നീട്‌ മന്ത്രിയായും ഒക്കെ പിടിച്ചു നില്‍ക്കാനും നഷ്ടപെട്ടതില്‍ കൂടുതല്‍ സമ്പന്നരാവാനും സാധിച്ചിട്ടുണ്ടു. അതേസമയം മഹാത്മാ ഗന്ധിജിയുടെ സത്യ ധര്‍മ്മങ്ങളെ കടപിടിച്ചു എളിയ ജീവിതം നയിച്ചവര്‍ വിരലിലെണ്ണവുന്നവര്‍ മാത്രം.അങ്ങിനെ നിസ്വാര്‍ഥമായി നാട്ടിനെ സേവിച്ച ചില വ്യക്തികളെക്കുറിച്ച്‌ ഞാന്‍ ഒന്ന് രണ്ട്‌ വരികള്‍ എഴുതട്ടെ .
ചെന്നൈ മഹാനഗരത്തിലും ചുറ്റുമുള്ള പല പ്രദേശങ്ങളിലും താമസിച്ചിട്ടുള്ള എനിക്‌ക്‍ ശ്രീ.കക്കന്‍ എന്ന പേരുള്ള ഒരു ഗാന്ധിയനേയാണു ആദ്യം ഓര്‍മ്മ വരുന്നത്‌ . തമിഴ്‌നാട്ടില്‍ പെരും തലൈവര്‍ കാമരാജ്‌ മുഖ്യമന്ത്രി ആയിര്‍ക്കുമ്പോള്‍ ഇദ്ദേഹവും ഒരു മന്ത്രി ആയിരുന്നു. എപ്പോഴും സൈക്കിളിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇന്നു ഇലക്‌ഷന്‍ നേരത്ത്‌ ഇതുപോലെ പല തമാശയും കാണുന്നുണ്ട്‌. അദ്ദേഹം കോണ്‍ഗ്രസ്സ്‌കാരനായിരുന്നുവെങ്കിലും പാര്‍ട്ടി അദ്ദേഹത്തെ ഓര്‍ക്കാറില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായ്‌ ഒരു റോട്‌ നാമമാത്രമായിട്ടുണ്ടന്നുള്ളത്‌ തന്നെ വലിയ സന്തോഷമായ കാര്യം. അതിനും മാറ്റം വന്നിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.
എനിക്ക്‌ നേരിട്ട്‌ പരിചയമുണ്ടായിരുന്ന മറ്റൊരു മാന്യന്‍ ശ്രീ. ദളവായ്‌ ആണു. മദ്രാസ്‌ ഹൈകോര്‍ട്ടില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒരു അഭിഭാഷകനാണു ഇദ്ദേഹം. ഗാന്ധിജിയുടെ അതേ വസ്ത്ര ധാരണ രിതിയിലാണു പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറ്‌.പാവങ്ങള്‍ക്ക്‌ നിയമ സഹായം ചെയ്യുന്നതില്‍ അദ്ദേഹം അതീവതല്‍പരനായിരുന്നു.
മറ്റൊരു സ്വാതത്ര്യ സമരസേനാനി എന്റെ വന്ദ്യ പിതാവ്‌ യശശ്ശരീരനായ ശ്രീ. ഓ വി കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആണു. സ്വാതത്ര്യം കിട്ടുന്നതിന്‌ രണ്ട്‌ വര്‍ഷം മുന്‍പ്‌ നടന്ന ഒരു സംഭവം അച്ഛന്റെ മുതുകെല്ലൊടിച്ചു. ബ്രിട്ടിഷ്‌ കൂലിപ്പട സമരം ചെയ്തവരെ ലോറിയില്‍ കയറ്റി കൊണ്ടു പോകുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ലോറിയില്‍ക്കയറി ലാത്തി ചാര്‍ജ്‌ ചെയ്ത്‌ തള്ളി താഴേയിട്ടു. കല്ല്യാശ്ശേരി ഗ്രാമത്തില്‍ അച്ഛനേക്കാളും തീവ്രമായി സ്വാതത്ര്യ പോരാട്ടത്തില്‍ പങ്കെടുത്തവരുണ്ടെങ്കിലും മിക്കവരും പേരും പ്രശസ്തിയും ഉള്ളവരാണൂ. കൂടാതെ പിന്നീടുള്ള രാഷ്ട്രിയ അനുഭാവങ്ങള്‍ അനുസരിച്ചു അവരവരുടെ ഭഗ്യ-നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടു.
അധികാരവും അന്തസ്സുമായി ഒരു കൂട്ടര്‍. പട്ടിണിയും പരിവട്ടവുമായി മറ്റൊരു കൂട്ടര്‍. കത്തുന്ന തീയില്‍ എണ്ണ ഒഴിച്ചതു പോലെ ജാതിയടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം.ഫീസ്‌ കൊടുത്ത്‌ പഠിക്കേണ്ട ഗതികേട്‌ മക്കള്‍ക്ക്‌. യുവത്വം സ്വാതന്ത്ര്യസമരത്തിന്നായി അര്‍പ്പിച്ചു ആരോഗ്യം നഷ്ടപെട്ട ഗൃഹനാഥന്‍. തുച്ഛമായ വരുമാനം കൊണ്ട്‌ അര്‍ദ്ധപട്ടിണിയും മുഴുപട്ടിണിയുമായി കടന്നുവന്ന നാളുകള്‍ എത്രയെത്ര! ഇതു പോലെ എത്ര എത്ര കുടുംബങ്ങളാണു തകര്‍ന്ന് തരിപ്പണമായതു!
ഇതൊക്കെയാണു സ്വാതത്ര്യത്തിനു നമ്മള്‍ കൊടുത്ത വില. "പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയേക്കാള്‍ ഭയാനകം" ആര്‍ക്കു വേണ്ടിയാണിതു പാടിയതു?
ജയ്ഹിന്ദ്‌.

1 comment:

സ്നേഹിതന്‍ said...

കഷ്ടപ്പെട്ട് നേടിയ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്ന കാഴ്ചകളല്ലെ നമ്മുടെ നാട്ടില്‍ കൂടുതലും കാണുന്നത്. ഗാന്ധിജിയേയും മറ്റു സമര സേനാനികളേയും പലരും മറന്നു തുടങ്ങിയിരിയ്ക്കുന്നു.

സുസ്മൃതി സമയോചിതം.