February 28, 2007

അത്യാഹിതങ്ങള്‍

തമിഴ്‌നാട്ടിന്റെ കാര്യമാണേ! 2006 ാ‍ം വര്‍ഷം ജനുവരി 1-നും ഡിസമ്പര്‍ 31-നുമിടക്കുമയി നടന്ന വിപത്തിന്റെ എണ്ണം 55145. ഇത്‌ 1993-ന്‌ ശേഷമുള്ള എറ്റവും ഉയര്‍ന്ന സംഖ്യയാണ്‌. 64342 മനുഷ്യാത്മാക്കളാണ്‌ റോഡില്‍ നടന്ന ഇത്രയും വിപത്തില്‍ പരുക്ക്‌ പറ്റിയവര്‍!ഇതില്‍ വാഹനം ഓടിച്ചവരുടെ അശ്രദ്ധകൊണ്ടുണ്ടായതാണ്‌ 51938 ആപത്ത്‌. ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം എണ്ണം 11009. ഇതില്‍ 94.2 ശതമാനം പേര്‍ 9512 വിപത്തുകളിലായിട്ടാണ്‌ മരണപ്പെട്ടത്‌. 2005 ല്‍ ഉണ്ടായ മരണത്തേക്കാള്‍ 1251 കൂടുതലാണിത്‌. മേല്‍പറഞ്ഞ എണ്ണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറക്കാനും എന്തു ചെയ്യണം?മോശം റോഡ്‌, മോശം കാലാവസ്ഥ എന്നിവ കാരണം 884 വിപത്തുകള്‍ ഉണ്ടായെന്നാണ്‌ ഔദ്യോധിക കണക്ക്‌. റോഡ്‌നിയമങ്ങള്‍ പാലിക്കാതതും വലിയൊരു ഹേതുവാണ്‌. മോട്ടോര്‍ ബൈക്ക്‌ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കാന്‍ കാണിക്കുന്ന മടിയും ഹെഡ്‌ലൈറ്റ്‌ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതും കാരണങ്ങളുടെ പട്ടികയില്‍ കാണാം.സ്പീഡ്‌ കൊണ്ടുള്ള ത്രില്ലും സെല്‍ഫോണ്‍ കൊണ്ടുള്ള തമാശയും ആപത്തിലേക്കു വഴി വകുക്കുന്നു. വിപത്ത്‌ സംഭവിച്ചതിന്‌ തുടര്‍ന്നുള്ള ചികിത്സാസഹായം കിട്ടാന്‍ വൈകുന്നതും ജീവഹാനിക്കും അങ്കവൈകല്യം വരുത്തുന്നതിനും പ്രധാനമയ ഒരു കാരണമാകുന്നു. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നു പറയാമെങ്കിലും ചെന്നയിലുള്ള റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ എത്ര സൂക്ഷിച്ചാലും യതൊരു രക്ഷയുമില്ല. ഓട്ടോ, സര്‍ക്കാര്‍ ബസ്സ്‌, കുടിവെള്ളം മണല്‍ എന്നിവ കടത്തുന്ന ലോറികള്‍ ഇവക്കൊന്നും യാതൊരു നിയന്ത്രണവും ബാധകമല്ല. നടന്നുപോകുന്നവരുടെ കാര്യം അതിലും കഷ്ടം. അതുകൊണ്ടായിരിക്കണം റോഡരികില്‍ എവിടെയായാലും തടഞ്ഞു വീണുപോയാല്‍ നിങ്ങള്‍ കാണുക ഒരു മിനി അമ്പലമായിരിക്കും!

February 18, 2007

മുത്തങ്ങ - ഒര്‌ അനുസ്മരണം

ദാരുണമായ 'മുത്തങ്ങ *സംഭവം' കഴിഞ്ഞ്‌ ഇന്നേക്ക്‌ നാല്‌ വര്‍ഷം തികയുന്നു. കാലവര്‍ഷത്തില്‍ കബിനിപ്പുഴ കര കവിഞ്ഞൊഴുകുമ്പോള്‍ തല ചായ്ക്കാന്‍ ഒരിടം വേണം. ഒരു സെന്റോ, ഒന്നുമില്ലെങ്കില്‍ ആറടി മണ്ണോ ആയ്ക്കോട്ടേ. അതു കിട്ടുന്നതു വരെ പോരാടാന്‍ മുത്തങ്ങ ആദിവാസികള്‍ തയ്യാറായ്യിരുന്നു. ആ മനോനില ചൂഷനത്തിന്‌ വഴിവകുത്തു. സി.കെ.ജാനുവിന്റെ വാക്കുകള്‍ വിശ്വസിച്ച്‌ നാലു കൊല്ലം മുമ്പ്‌ ഭൂമി കയ്യേറ്റസമരത്തിന്‍ പിന്നില്‍ അണിനിരന്നവര്‍ക്ക്‌ ഇന്ന്‌ പറയാനുള്ളത്‌ വെറും കണ്ണീരില്‍ കുതിര്‍ന്ന ജീവിത കഥയാണ്‌. സമരത്തിന്റെ തുടക്കത്തില്‍ നാട്ടുമക്കളോടൊപ്പം നിന്ന ഗോത്രമഹാസഭയും ജാനുവും പിന്നീട്‌ ആദിവാസികള്‍ക്കു നേരേ തോക്ക്‌ നീട്ടിയ അതേ രാഷ്ട്രീയത്തിന്റെ വ്ക്താക്കളുമായി ഹസ്തദാനം നടത്താനും മടികാട്ടിയിട്ടില്ല.മുത്തങ്ങയിലെ ഭൂമി കയ്യേറ്റ സമരം തികച്ചും ആസൂത്രിതമാണെന്ന് ആദിവാസികള്‍ക്കു പിന്നീടാണ്‌ മനസ്സിലവുന്നത്‌. ഇന്ന് അവര്‍ക്കാരേയും വിശ്വാസമില്ല. ജാനുവേയും ഗീതാനന്ദനേയും വിശ്വസിച്ച്‌ സമരത്തിനു പോയി കയ്യും കാലും തകര്‍ന്ന് ജീവിക്കാന്‍ വക കണ്ടെത്താനാവാതെ കിടപ്പിലാണ്‌ പലരും. സമരത്തില്‍ പങ്കെടുത്ത നിമിഷത്തെ ശപിച്ച്‌ അവര്‍ മനമുരുകി കഴിയുന്നു. 2003 ഫെബ്രുവരി 19 ന്‌ നടന്ന വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി മരിച്ചു. ഒരു കുടുംബം വഴിയാധാരമായി. പൊലീസിന്‌ നഷ്ടമായത്‌ വിനോദിനേയും. വിനോദും ഒരു പിന്നോക്ക സമുദായത്തില്‍ പെട്ട അംഗമാണ്‌. ആ കുടുംബവും തീരാദുഃഖത്തിലകപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിനു ശേഷം പൊലീസ്‌ വെടിയേറ്റ്‌ മരിക്കുന്ന ആദ്യത്തെ ആദിവാസിയാണ്‌ ജോഗി. പഴശ്ശിരാജാവിനോടൊപ്പം നിന്നു ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പട നയിച്ച്‌ വീരമൃത്യു വരിച്ച മറ്റ്‌ മൂന്നു ആദിവാസികളായ എടച്ചേന കുങ്കന്‍, തലയ്ക്കല്‍ ചന്തു, കരിന്തണ്ടന്‍ എന്നിവരുടെ കൂടെ ജോഗിയെയും ഒരു രക്തസാക്ഷിയായിട്ടാണ്‌ അവര്‍ കാണുന്നത്‌. മുത്തങ്ങ അനുസ്മരണ റാലിയും സമ്മേളനവും ജോഗി അനുസ്മരണവും നാടു മുഴുവനും നടത്തിക്കൊണ്ട്‌ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത്‌ വരും. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക്‌ ഇതു കോണ്ട്‌ പ്രയോജനമുണ്ടാകുമോ? ************************************************************************ *മുത്തങ്ങ എന്നത്‌ ഒരു ഔഷധപ്പുല്ലിന്റെ പേരാണ്‌. അതില്‍ നിന്നാവണം ഈ സ്ഥലത്തിന്‌ മുത്തങ്ങ എന്ന പേര്‍ ലഭിച്ചത്‌.Cyperus hotundus-Nut grass എന്നാണ്‌ശാസ്ത്രീയ നാമം. ചാലിഗദ്ദ, മുട്ടന്‍കര, അഞ്ചാംവയല്‍ ഇവയൊക്കെ മുത്തങ്ങയില്‍ ഉള്‍പെട്ട സ്ഥലങ്ങളാണ്‌.

February 06, 2007

മെറീനാ-ക്കടലില്‍ ഒരു പായക്കപ്പല്‍

പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റിന്ത്യാ കമ്പനിക്കു വേണ്ടി സ്വീഡനില്‍ നിര്‍മ്മിച്ച കപ്പലാണ്‌ 'ഗൊതെന്‍ബെര്‍ഗ്‌'. മൂന്നു തവണ ചൈനാ-ഇന്ത്യ കടല്‍ക്കര ഇത്‌ തഴുകിയിട്ടുള്ളതായി ചരിത്രരേഖകളുണ്ട്‌. ചൈനയില്‍ നിന്ന് സില്‍ക്കും ഇന്ത്യയില്‍ നിന്ന് സ്പൈസും കയറ്റി പോകുമ്പോള്‍ സ്വീഡനടുത്ത്‌ 1745-ല്‍ ഒരു ദുരന്തത്തില്‍ മുങ്ങിപ്പോയി. ആ മരക്കപ്പലില്‍ അന്ന് 700-ടണ്‍ ഭാരമുള്ള ചരക്കുകളുണ്ടായിരുന്നുവത്രേ. പഴയ ആ കപ്പലിന്റെ പ്രതിരൂപമാണ്‌ ഇപ്പോള്‍ സന്ദര്‍ശനത്തിന്നായി ചെന്നയ്‌ക്കടല്‍ക്കരയില്‍ വന്നെത്തിയിട്ടുള്ളതായ 'ഗൊതെന്‍ബെര്‍ഗ്‌'. '

ടൈറ്റാനിക്‌' എന്ന പോലെ ഗൊതെന്‍ബെര്‍ഗ്‌ കപ്പലിന്റെയും അവശിഷ്ടങ്ങള്‍ കടലടിയില്‍ കിടക്കുന്നുണ്ടായിരുന്നു. അത്‌ കണ്ടെടുത്താണ്‌ 'റെപ്ലിക്ക' നിര്‍മ്മിച്ചത്‌. 1995-ല്‍ ആരംഭിച്ച്‌ 10 വര്‍ഷം കഷ്ടപ്പെട്ടാണത്രെ ഇതു പൂര്‍ത്തിയാക്കിയത്‌. 1,000 ഓക്ക്‌ മരത്തടികളും, ചേര്‍ത്തു വെച്ചാല്‍ 50 കിലോമീറ്ററോളം നീളം വരുന്ന പൈന്‍ വൃക്ഷങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ എന്ന് അവകാശപ്പെടുന്ന ഈ കപ്പലിന്റെ നീളം 58.5-മീറ്ററും,വീതി 11-മീറ്ററും വരും.

50 അംഗങ്ങളുള്ള ഒര്‌ സ്വീഡിഷ്‌ വാണിഭ സംഘം 'ഗൊതെന്‍ബെര്‍ഗില്‍' യാത്ര ചെയ്യുന്നുണ്ട്‌. ഏറിക്സ്സണ്‍, സാബ്‌, ബി എ ഇ, സിസ്റ്റംസ്‌, വൈകിംഗ്‌ ഷിപ്പിംഗ്‌, വോള്‍വൊ എന്നീ സ്വീഡിഷ്‌ കമ്പനിയുടെ മുതലാളിമാരും കൂടാതെ സ്വീഡന്റെ ഉപപ്രധാന മന്ത്രിയും ടീമിലുണ്ട്‌.

ഇതിലെ സെയിലര്‍മാരില്‍ ഒരാള്‍ സമൂഹ്യ സേവികയും തമിഴ്‌ നടിയുമായ ശ്രീമതി രേവതിയാണ്‌.

ജനുവരി 14-ന്‌ സ്വീഡനിലെ ഗൊതെബൊര്‍ഗ്‌ എന്ന തുറമുഖത്തില്‍നിന്നും പുറപ്പെട്ട ഇപ്പോഴത്തെ ഗൊതെന്‍ബെര്‍ഗ്‌-കപ്പല്‍, ഷാങ്ങ്‌ഹായ്‌ വഴി സിംഗപൂരില്‍ വന്നു. അവിടെനിന്നാണ്‌ ചെന്നയിലോട്ട്‌ യാത്രയായത്‌. ഇന്ത്യന്‍ തുറമുഖങ്ങള്‍ 125-മത്‌ വര്‍ഷം ആഘോഷിക്കുന്നതും ഈയവസരത്തിലാണ്‌.

ഗൊതെന്‍ബെര്‍ഗ്‌ തിരിച്ചു പോകുന്നത്‌ സൂയസ്‌ കനാല്‍ വഴിയായിരിക്കും. പതിനെട്ടാം നൂറ്റാണ്ടില്‍ സൂയസ്‌ കനാല്‍ ഗതാഗതയോഗ്യമായിരുന്നില്ല.

February 03, 2007

ദി ബിഗ്‌ 'സി'

നാളെ ( ഫെബ്രുവരി 4-ന്‌) "ലോക അര്‍ബുദ ദിനം ". "ഇന്നത്തെ കുട്ടികള്‍, നാളത്തെ ലോകം" എന്നതാണ്‌ ഈ വര്‍ഷത്തെ കാമ്പെയ്‌ന്‍ വാക്യം. ഇത്‌ മുഖ്യമായും നാല്‌ പ്രശ്നങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടും. അവയിപ്രകാരമാണ്‌ ഃ 1.പുകവലിയും പുകയില ഉപയോഗവും വരുത്തുന്ന വിന. 2.ഡയറ്റും വെയ്റ്റും തമ്മിലുള്ള മല്‍പിടിത്തം 3.കേന്‍സറുണ്ടാക്കാവുന്ന മറ്റ്‌ സാംക്രമിക രോഗങ്ങള്‍. 4.അമിതമായി വെയില്‍ കൊള്ളുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍. അല്‌പം കണക്കുകള്‍ഃ കേന്‍സര്‍ മൂലം മരണം സംഭവിക്കുന്നതില്‍ 70% ആളുകള്‍ പാവങ്ങളും ഇടത്തര വരുമാനക്കാരായ ജനങ്ങളുള്ള രാജ്യങ്ങളിലാണ്‌. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്തതാണ്‌ കാരണമെന്ന് പറയേണ്ടതില്ലല്ലോ.ചെന്നയിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ്‌ ഇപ്പോഴത്തെ അറിവ്‌. പുകയില ഉപയോഗം നിമിത്തം ഉണ്ടാകുന്ന അര്‍ബുദം 15 ലക്ഷം പേരെ കൊല്ലുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടികളില്‍ മരണമുണ്ടാക്കുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനവും ഈ വലിയ 'C' ക്കു തന്നെയാണുള്ളത്‌. 2015 ആകുമ്പോഴേക്കും ലോകത്തില്‍ 80 ലക്ഷം ആളുകളെ ഈ മാരക രോഗ വിപത്തില്‍ നിന്നും രക്ഷിക്കുക എന്ന സദുദ്ദേശത്തോടുകൂടിയാണ്‌ രോഗനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്‌.