ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ വൈകിയാണെങ്കിലും തിരിച്ചറിയാനും അതില്‍ പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ്കൊണ്ടാണ് തിരഞ്ഞെടുപ്പിന് മുന്‍പ് വരെ സി.പി.എമ്മിന്റെ മുന്‍ യുവജന നേതാവും എം.പിയുമായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി കക്ഷി മാറിയത്. സത്യത്തില്‍ നരേന്ദ്ര മോഡിയുടെ വികസനമായിരുന്നല്ലോ ഇദ്ദേഹം പ്രശംസിച്ചിരുന്നത്. അപ്പോള്‍ ബി ജെ പിയിലല്ലെ ചേരേണ്ടത്?
കണ്ണൂരില്‍ പരിയാരത്ത് ഒര് ആശുപത്രി കൊണ്ടുവരാന്‍ പരിശ്രമിച്ച ഒരാളാണ് ഇപ്പോഴത്തെ സി എം പി നേതാവ് എം വി ആര്‍. പോരാതതിന് അദ്ദേഹവും അബ്ദുള്ളയെപ്പോലെ സി.പി.എമ്മിന്റെ മുന്‍ യുവജന നേതാവും എം എല്‍ എ ഒക്കെയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അബ്ദുള്ളക്കുട്ടിയടക്കം സി.പി.എമ്മിലെ യുവജന നേതാക്കള്‍ പലരും അന്ന് പരിയാരം ആശുപത്രി ഉദ്ഘാടന സമയം ഉടുത്ത മുണ്ടഴിച്ച് പ്രധിഷേധിച്ചെന്ന് ആ നേതാവു തന്നെ വെളിപ്പെടുത്തിയിരുന്നത് ഓര്‍ക്കുമല്ലോ! രാഷ്ട്രീയമാണല്ലോ , പ്രസംഗിക്കുന്നത് പ്രവര്‍ത്തിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?
എ.പി.അബ്ദുള്ളക്കുട്ടി തുടര്‍ന്ന് പറഞ്ഞത് , പത്ത് വര്‍ഷം പാര്‍ട്ടി തന്ന എം.പി സ്ഥാനം ഉപയോഗിച്ച ശേഷം നന്ദികേട് കാണിച്ചുവെന്ന് എന്നെ ആക്ഷേപിക്കുന്നവരുണ്ട്. എം.പി എന്ന നിലയില്‍ തനിക്ക് കിട്ടിയ വരുമാനത്തിന്റെ 80 ശതമാനം വരെ കൃത്യമായി പാര്‍ട്ടി തിരിച്ചുവാങ്ങിയിട്ടുണ്ട്. 10 കൊല്ലം കൊണ്ട് 43 ലക്ഷം രൂപ പ്രകാശ് കാരാട്ടിന് സമ്പാദിച്ചുകൊടുത്ത എളിയ പ്രവര്‍ത്തകനായിരുന്നു ഞാന്‍. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് കൊണ്ട് കിട്ടുന്ന വരുമാനത്തിന് കോട്ടം തട്ടുകയില്ലെന്നാണോ വിവക്ഷ! പത്തു വര്‍ഷം കഴിയാന്‍ എതാനും ദിവസങ്ങളുള്ളപ്പോള്‍ ഈ സംഗതി വിളിച്ചു പറയുന്നതെന്തേ? കണ്ണൂര്‍ വികസനത്തെപ്പറ്റി എന്തെങ്കിലും പറയരുതോ?