മാഹിയിലും പരിസരങ്ങളിലുമായി മാറാരോഗങ്ങളുടെ തടവറയില്‍ തനിച്ചുകഴിയുന്നവരോ അവരുടെ ബന്ധുക്കളോ 9496404293 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കൂ. കാരുണ്യത്തിന്റെ തൂവല്‍സ്‌പര്‍ശവുമായി ഡോ. വി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘം അവിടെയെത്തിയിരിക്കും.
മാഹിയിലും പള്ളൂരിലും പരിസരപ്രദേശത്തും നിരവധിപേര്‍ രണ്ടു വര്‍ഷത്തോളമായി പ്രതിഫലം ഇച്ഛിക്കാത്ത ഈ സേവനത്തിന്റെ സ്‌പര്‍ശം അറിഞ്ഞുതുടങ്ങിയിട്ട്. പള്ളൂര്‍ വ്യാപാരഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 'കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍' എന്ന സ്ഥാപനമാണ് സേവനത്തിന്റെ മികച്ച മാതൃകയാവുന്നത്.
മാഹി ഗവ. കോളേജിലെ ഹിന്ദിവിഭാഗം റിട്ടയേര്‍ഡ് തലവന്‍ പന്തക്കല്‍ ദീപത്തില്‍ ഡോ. വി.രാമചന്ദ്രനാണ് സൊസൈറ്റി പ്രസിഡന്റും അമരക്കാരനും. ഇദ്ദേഹത്തോടൊപ്പം കോളേജിലെ ശിഷ്യന്മാരുള്‍പ്പെടുന്ന വലിയൊരുസംഘവുമുണ്ട്. റിട്ട. അധ്യാപികയായ ഭാര്യ ബേബി സുധാലതയ്‌ക്ക് സൊസൈറ്റിയില്‍ വളണ്ടിയറുടെ വേഷമാണ്. ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം ഒരുദിവസംപോലും വെറുതെയിരിക്കാതെ സാന്ത്വന പരിചരണവുമായി വീട്ടില്‍നിന്നിറങ്ങുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ വേറിട്ടകാഴ്‌ചയാണ്.
2007 ആഗസ്‌ത് 16ന് ആരംഭിച്ച സൊസൈറ്റിയില്‍ ഇന്ന് 106 മെമ്പര്‍മാരുണ്ട്. ഇതേവരെ 120 ഓളം രോഗികള്‍ ഇവരുടെ കാരുണ്യമറിഞ്ഞു. നിലവില്‍ 70 ഓളം രോഗികള്‍ പരിചരണത്തിലാണ്.
അര്‍ബുദം, തളര്‍വാതം, നട്ടെല്ലിന് ക്ഷതം, വൃക്കരോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്കാണ് ഇവരുടെ സേവനം ലഭ്യമാവുക. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ളവര്‍ക്കും സൊസൈറ്റിയെ സമീപിക്കാം.
പാറാല്‍ അറബിക് കോളേജില്‍ നടത്തിയ ഒരു കാന്‍സര്‍ ബോധവത്‌കരണ ക്ലാസാണ് മാസ്റ്ററുടെ ജീവിതത്തില്‍ വഴിത്തിരിവായത്. 2006 ഡിസംബറിലായിരുന്നു ഇത്. പരിപാടിയില്‍ ക്ലാസെടുത്ത ഡോ. ഇദ്‌രീസാണ് ഒരു സാന്ത്വനചികിത്സാ യൂണിറ്റ് തുടങ്ങിക്കൂടേ എന്ന് ആവശ്യപ്പെട്ടത്. അടുത്തമാസം താല്‌പര്യമുള്ള ആളുകളുടെ യോഗംവിളിച്ചുചേര്‍ത്തു.
പങ്കെടുത്ത നാല്‌പതുപേരില്‍ 26 പേര്‍ വളണ്ടിയറാവാന്‍ സന്നദ്ധതപ്രകടിപ്പിച്ചു. മിക്കവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍നിന്നായിരുന്നു പരിശീലനം. തുടര്‍ന്നാണ് പള്ളൂര്‍ ആസ്ഥാനമായി സൊസൈറ്റി തുടങ്ങിയത്.
13 അംഗ ഭാരവാഹികളും 41 അംഗ നിര്‍വാഹക സമിതി അംഗങ്ങളുമാണ് സൊസൈറ്റിയില്‍. 100 രൂപ അടയ്‌ക്കുന്നവര്‍ക്ക് ആജീവനാന്ത അംഗത്വംലഭിക്കും. ഇങ്ങിനെ സ്വരുക്കൂട്ടിയ പതിനായിരംരൂപ കൊണ്ടായിരുന്നു തുടക്കം. ഇന്ന് മാസാമാസം ശമ്പളത്തില്‍നിന്ന് നിശ്ചിത തുക സൊസൈറ്റിക്ക് നല്‍കുന്ന എണ്‍പതോളം പേരുണ്ട്. നാട്ടുകാരും വിദേശത്തുള്ള ശിഷ്യന്മാരും കൈയയച്ചു സഹായിച്ചു. മാഹിക്കുപുറമെ ചൊക്ലി, നിടുമ്പ്രം, ചമ്പാട്, കോടിയേരി, പാനൂര്‍ മേഖലകളിലും ഇന്ന്‌സേവനമുണ്ട്.
എഴുതിത്തയ്യാറാക്കിയ അപേക്ഷകളില്‍ നിന്നാണ് അര്‍ഹരെ കണ്ടെത്തുന്നത്. ഏറ്റവും പ്രാഥമികമായ ആവശ്യം എന്തെന്ന് കണ്ടെത്തി പരിചരണം തുടങ്ങും. വീട്ടില്‍ചെന്നുള്ള പരിചരണത്തില്‍ വ്രണങ്ങള്‍ വച്ചുകെട്ടല്‍, ശരീരംവൃത്തിയാക്കല്‍, വിസര്‍ജ്യങ്ങള്‍ നീക്കല്‍ എന്നിവ ഉള്‍പ്പെടും. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയും പരിശോധിക്കും. അനുബന്ധരോഗങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കും. അര്‍ഹിക്കുന്ന രോഗികള്‍ക്കാണെങ്കില്‍ മാസം 1200 രൂപയുടെവരെ മരുന്ന് നല്‍കും. നിര്‍ധനരായ 14 പേര്‍ക്ക് ഭക്ഷണക്കിറ്റും നല്‌കുന്നുണ്ട്. സാമ്പത്തികഭദ്രതയുള്ള വൃദ്ധര്‍ക്കും പ്രതിഫലംവാങ്ങാതെ വീട്ടില്‍ചെന്ന് ശുശ്രൂഷനല്‌കും. വാരാന്ത്യത്തില്‍ നിലവില്‍ പരിചരണംനടത്തിവരുന്ന രോഗികളെപ്പറ്റിയുള്ള ചര്‍ച്ച, പുതിയ അപേക്ഷ പരിഗണിക്കല്‍ എന്നിവ നടക്കും.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, നഗരസഭാധികൃതര്‍, വ്യാപാരികള്‍ എന്നിവര്‍ നന്നായിസഹകരിക്കുന്നതായി മാസ്റ്റര്‍ പറയുന്നു. തളര്‍വാതരോഗികള്‍ക്കായി മണ്ണയാട്ടെ ഫിസിയോ തെറാപ്പി സെന്ററിന്റെയും സഹകരണമുണ്ട്.
മാഹി കോളേജില്‍ ദീര്‍ഘനാള്‍ എന്‍.എസ്.എസ്സിന്റെ ചുമതല വഹിച്ചിരുന്ന മാസ്റ്റര്‍ കോളേജില്‍ സാന്ത്വന ചികിത്സയുടെ സ്റ്റുഡന്റ്‌സ് യൂണിറ്റ് വിങ് ആരംഭിച്ചിട്ടുണ്ട്. ഈരംഗത്തേക്ക് കൂടുതല്‍ വളണ്ടിയര്‍മാര്‍ കടന്നുവരണമെന്നതാണ് മാസ്റ്ററുടെ ആവശ്യം. മാഹിയുടെയും സമീപപ്രദേശങ്ങളുടെയും പരിധിവിട്ട് സേവനമേഖല വിപുലപ്പെടുത്താനും മാസ്റ്റര്‍ ആഗ്രഹിക്കുന്നു.
കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, വ്യാപാരഭവന്‍ ബില്‍ഡിങ്, പള്ളൂര്‍, മാഹി എന്നതാണ് സൊസൈറ്റിയുടെ വിലാസം.
( Source:This is a report by പി.പി.അനീഷ്‌കുമാര്‍ in Mathrubhumi daily)