ഓണക്കാലത്ത് പറയാറുള്ള “കാണം വിറ്റും ഓണം ഉണ്ണണം” എന്നത് പോയി ഇപ്പോള്‍ “കാണം വിറ്റും മദ്യപിക്കണം” എന്നു പറയുന്നത് കൂടുതല്‍ ശരിയായിരിക്കുമെന്ന് താഴെപ്പറയുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവോണ ദിനത്തില്‍ കേരളീയര്‍ കുടിച്ചുതീര്‍ത്തത് എത്രയാണേന്നറിയാമോ? 27.58 കോടി രൂപയുടെ വിദേശമദ്യമാണ്. കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ 337 ചില്ലറ മദ്യവില്‌പനശാലകളിലൂടെ തിരുവോണ ദിവസം മാത്രം വിറ്റത് 22.08 കോടി രൂപയുടെ വിദേശമദ്യമാണത്രെ! ഇതിനു പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ചില്ലറ മദ്യവില്‌പനശാലകള്‍ വഴി തിരുവോണദിവസം അഞ്ചരക്കോടി രൂപയുടെ വിദേശമദ്യവും വേറേയും. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളായ ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡിനും പുറമേ ബാറുകളിലൂടെ വിറ്റഴിഞ്ഞ മദ്യത്തിന്റെ കണക്കുകള്‍ ദൈവത്തോട് തന്നെ ചോദിക്കണം. അത് ഇതിലും എത്രയോ മടങ്ങായിരിക്കുമെന്നതില്‍ സംശയം വേണ്ടാ.
കഴിഞ്ഞവര്‍ഷം തിരുവോണദിവസം 15.62 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണ് ബിവറേജസ് കോര്‍പ്പറേഷന്റെ വില്‌പന ഈ വര്‍ഷം 22 കോടി കടന്നിരിക്കുന്നത്. തിരുവോണ ദിവസത്തെ മദ്യവില്‌പനയില്‍ കരുനാഗപ്പള്ളി ബിവറേജസ് കോര്‍പ്പറേഷന്റെ വില്‌പനശാലയാണ് മുന്നില്‍ - 15.98 ലക്ഷം. 14.98 ലക്ഷം രൂപയുടെ വില്‌പനയുമായി ചാലക്കുടിയാണ് രണ്ടാം സ്ഥാനത്ത്.
ഓണക്കാലത്ത് ഇതുവരെ 154.39 കോടി രൂപയുടെ വിദേശമദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റിരിക്കുന്നത്. ഓണാഘോഷത്തിന് പൂരാടദിവസം (തിങ്കളാഴ്‌ച) മാത്രമായി 34.13 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടദിവസത്തെ വില്‌പന 22.62 കോടി രൂപയായിരുന്നു. ഈ വര്‍ഷം 49 ശതമാനമാണ് വര്‍ധന. എന്തൊരു വളര്‍ച്ച!
No comments:
Post a Comment