April 27, 2020

Akshaya Tritiya (അക്ഷയതൃതീയ)

ഈ വർഷം 26 04 2020 നായിരുന്നു അക്ഷയതൃതീയ

മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ വൈശാഖ മാസം  ആരംഭിക്കുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതിയ ആണ്  അക്ഷയതൃതീയ .ബലരാമ ജയന്തി എന്ന പേരിലും ഈ ദിനം ആചരിക്കപ്പെടുന്നു. ഏറ്റവും പുണ്യമേറിയതാണ് വൈശാഖ കാലം. 

 കലിയുടെ പ്രഭാവത്താൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കർമ്മപ്പിഴകൾ ഈ പുണ്യ മാസം ചെയ്യുന്ന സൽക്കർമ്മങ്ങൾ കൊണ്ട് ഇല്ലാതാവുന്നു. കലിക്ക് ശക്തി കുറയുന്ന കാലം. ഈ സമയത്ത് ചെയ്യുന്ന 

പുണ്യകർമ്മ ഫലത്താൽ കലിയുടെ ദോഷങ്ങൾ ബാധിക്കാതെ അത് ഒരു രക്ഷാകവചമായി തീരും എന്നൊരു ഗുണം കൂടി പറയുന്നുണ്ട് .

വൈശാഖ മാസത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയതൃതീയ. സൂര്യദേവൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു  അക്ഷയപാത്രം സമ്മാനിച്ചത് ഈ ദിവസമാണ്. വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയതും ഈ പുണ്യദിനം തന്നെയാണ് എന്നുപറയപ്പെടുന്നു . കുചേലൻ കൃഷ്ണനെ കാണാൻ പോയതു അക്ഷയ തൃതീയ ദിവസമാണ് . 

പരശുരാമന്‍ ജനിച്ചത് ഈ നാളിലാണെന്നും , ഭഗീരഥന്‍ തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്കിയത് ഈ ദിനത്തിലാണെന്നുമൊക്കെ ഐതിഹ്യങ്ങള്‍ വേറെയുമുണ്ട്. വൈശാഖമാസത്തിലാണ്  നരസിംഹമൂർത്തിയുടെ ജനനം . അതൊക്കെ കൊണ്ടാണ് വൈശാഖ മാസം പുണ്യമായി തീർന്നത്. ഈ മാസത്തിൽ വിഷ്ണുപൂജയ്ക്കും ഭാഗവത പാരായണത്തിനും കൂടുതൽ പ്രാധാന്യം ഉണ്ട് .

ഈ പുണ്യദിനത്തിൽ ദാന ധർമ്മങ്ങൾ നടത്തുക,  പിതൃതർപ്പണം ചെയ്യുക, പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, സത്സംഗം, പൂജ, ജപം തുടങ്ങിയ സല്ക്കർമ്മങ്ങളാണ് ചെയ്യേണ്ടത്. അന്ന് ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം അക്ഷയഫലത്തെ  (നശിക്കാത്തത്) പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിലും നാരദ ധർമ്മസൂത്രത്തിലും (ഈ ഗ്രന്ഥങ്ങൾ ആധികാരികമായി അറിയില്ല .) വിവരിച്ചിട്ടുണ്ട് .

ഈ ദിവസം  പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ വിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുമെന്നും, സര്‍വ്വ പാപങ്ങളില്‍ നിന്നും മുക്തി പ്രാപിക്കുമെന്നും അക്ഷയ മായ പുണ്യം കൈവരുമെന്നും പുരാണങ്ങളിൽ പറയപ്പെടുന്നു. ദുഷ്ക്കർമ്മങ്ങളാണെങ്കിൽ അവയ്ക്കും അക്ഷയ ഫലങ്ങൾ ഉണ്ടാകും എന്ന് മറക്കരുത് .

വിശന്നുവലഞ്ഞുവരുന്നവര്‍ക്ക്‌ ആഹാരം കൊടുക്കുക,  ദാഹജലവും ആതപത്രവും നല്‍കുക, വസ്ത്രദാനം ചെയ്യുക, അഥിതികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട് .

ഈ  സുദിനത്തില്‍ വ്രതാനഷ്ഠാനങ്ങളോടെ ശ്രീകൃഷ്ണ പരമാത്മാവിനെ ധ്യാനിച്ച്‌ പാപമോചനം പ്രാപിച്ച പലരുടെയും കഥകള്‍ പുരാണേതിഹാസങ്ങളില്‍ വിവരിക്കുന്നു.

വിഷമഘട്ടത്തിലായിരുന്ന ദേവേന്ദ്രനോട് ബൃഹസ്പതി 

ഉപദേശിക്കുന്നത്‌ ഇപ്രകാരമാണ്‌: 

“ഇന്ദ്രാ ഒട്ടും വിഷമിക്കേണ്ടതില്യ. അക്ഷയ തൃതീയയില്‍ യഥാവിധി സ്നാനം, ദാനം,  വ്രത ശുദ്ധിയോടെ ഭഗവാനെ ഭജിച്ചാല്‍ എല്ലാ പാപങ്ങളും നശിക്കും, ദേവദേവനായ പരമാത്മാവിന്റെ പ്രീതി ലഭിക്കും.”

എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ദാനധർമ്മാദികൾക്ക് വളരെ പ്രാധാന്യം എടുത്തു പറയുന്നു. ആ ദാനം എങ്ങിനെ ഉള്ളതായിരിക്കണം എന്നും പറയുന്നുണ്ട്.

നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കള്‍ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതുപോലെ ദാനം ചെയ്‌താൽ  അക്ഷയമായ ഫലം ലഭിക്കുമെന്ന് പുരാണങ്ങള്‍ ഉൽഘോഷിക്കുന്നു.

ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട് ഈ അക്ഷയ തൃതീയ പുണ്യ ഗ്രന്ഥങ്ങൾ വായിക്കുക , ഭാഗവത ശ്രവണം ചെയ്യുക, സത്സംഗം, പൂജ, ജപം, ദാനം എന്നീ സൽക്കർമ്മങ്ങളാൽ  മനസ്സ് കണ്ണനോട് ചേർത്ത് വച്ച് കൃഷ്ണപ്രേമത്തെ വളർത്താം . എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്ന ആ കണ്ണനുള്ള പ്രേമപൂജയായി എല്ലാവരെയും മനസ്സ് നിറയെ ആത്മാർഥമായി സ്നേഹിക്കാം. 

"സൂര്യദേവനും ചന്ദ്രനും ഉച്ചത്തിൽ നിൽക്കുന്ന ദിവസമത്രേ അക്ഷയതൃതീയ. ഈ പുണ്യദിനത്തിൽ സൂര്യ - ചന്ദ്രന്മാരുടെ പ്രകാശം നമ്മുടെ ധനത്തെ വർദ്ധിപ്പിക്കുന്ന സുദിനമാണ് എന്ന് പറയുന്നു. ഇവിടെ ധനം ഉദ്ദേശിക്കുന്നത് ഭാവനോടുള്ള പരമമായ ഭക്തി (Inner wealth). അതാണ് യഥാർത്ഥമായ ധനം. ഭക്തി വർദ്ധിക്കുവാൻ ഉപാസനകൾ ചെയ്യേണ്ട ദിവസമാണിന്ന്. കൃഷിയിലൂടെ  ധാന്യങ്ങൾ വർദ്ധിക്കുവാൻ വേണ്ടത് ചെയ്തു തുടങ്ങാം. ദാനകർമ്മങ്ങൾ ചെയ്യാം, പക്ഷെ ഫലപ്രതീക്ഷയോടെ വേണ്ടാന്നു മാത്രം."

ജ്വല്ലറിയിൽ പോയി ആഭരണം വാങ്ങിച്ചാൽ അത് ഇരട്ടിക്കുകയൊന്നുമില്ല. നാം രൂപ കുടുത്തു വാങ്ങിച്ചാൽ അവന്റെ ധനം വർധിക്കും. നാം വാങ്ങിച്ച ആഭരണം ഒരിക്കലും വർധിക്കാൻ പോകുന്നില്ല, അത് നാം അറിയണം.  

പരീക്ഷിത് മഹാരാജ കല്പിച്ച കലിക്ക് വാസസ്ഥലം കൊടുത്ത ഒന്നാണ്  സ്വർണ്ണമെന്ന് ശ്രീമദ് ഭാഗവതത്തിൽ പറയുന്നുണ്ട്. അർഹിക്കുന്നവർക്കൊന്നും കൊടുക്കാതെ സമ്പാദിച്ചു കൂട്ടുന്ന പണം കൊണ്ട് സ്വർണ്ണം മേടിച്ചുവച്ചാൽ പുണ്യം ലഭിക്കുമെന്നാണ് ചിലരുടെ വിശ്വാസം. അതെന്തും ആയിക്കൊള്ളട്ടെ, വേണ്ടവർ  വേണ്ടത് വാങ്ങട്ടെ. വാസനകൾ ആണല്ലോ എല്ലാത്തിനും പ്രേരകം.

...

കടപ്പാട്: ശ്രീ. രാമയ്യർ /മുഖപുസ്തകം

No comments: