April 25, 2020

സ്വാമി ചട്ടമ്പി

"അറിവിന്റെ സംഭരണികളായ വേദങ്ങളുടെ അധികാരികള്‍ ബ്രാഹ്മണരല്ലെന്നും ഏതു ജാതിമതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനമാണ് വേദാധികാരനിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികള്‍ നടത്തിയത്."


ഇന്ന് വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 96 -ാം സമാധി ദിനം. 
(ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)

പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഇരുപതാംനൂറ്റാണ്ട് പിറക്കുന്നതിനുമുമ്പേ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച 'വേദാധികാരനിരൂപണം' കേരളീയ നവോത്ഥാനത്തിന് ബീജാവാപം നല്‍കിയ രചനകളില്‍ പ്രമുഖമാണ്.

സമൂഹം ഏറ്റുവാങ്ങിയ ആശയ വിപ്ളവമാണത്. അറിവിന്റെ സംഭരണികളായ വേദങ്ങളുടെ അധികാരികള്‍ ബ്രാഹ്മണരല്ലെന്നും ഏതു ജാതിമതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശമുണ്ടെന്നുമുള്ള പ്രഖ്യാപനമാണ് വേദാധികാരനിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികള്‍ നടത്തിയത്.

വിവേകാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ചട്ടമ്പിസ്വാമികള്‍ ചിന്മുദ്രയുടെ തത്ത്വം വിശദമാക്കാന്‍ ശ്രമിച്ചു. ‘ഇത് എനിക്കും അറിയാം. അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഇത് ഉപകരിക്കും എന്നാണ് അറിയേണ്ടത്’, വിവേകാനന്ദസ്വാമികള്‍ ചോദിച്ചു. കൈവിരലുകള്‍ ഒരു പ്രത്യേകരീതിയില്‍ മടക്കി യോജിപ്പിക്കുമ്പോള്‍ സിരാപടലങ്ങളിലെ പ്രാണപ്രവാഹം മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക ഭാഗത്ത് പ്രതിസ്പന്ദങ്ങള്‍ ഉണ്ടാക്കുമെന്നും അതിന്റെ ഫലമായി രക്തചംക്രമണം വേഗത്തിലായി മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിക്കുമെന്നും ചട്ടമ്പിസ്വാമികള്‍ ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം ഉദ്ധരിച്ച് പ്രമാണസഹിതം വിവേകാനന്ദസ്വാമികള്‍ക്ക് വിവരിച്ചുകൊടുത്തു.

വിവേകാനന്ദന്‍ സ്വന്തം ഡയറിയില്‍ ചട്ടമ്പിസ്വാമികളുടെ പേരും വിലാസവും എഴുതിയെടുത്തു. ‘മലബാറില്‍ (കേരളത്തില്‍) ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു.’ എന്നവിടെ എഴുതുകയാണെന്ന് വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളോട് പറഞ്ഞു.

കേരളത്തെ ആത്മീയതയിലൂടെ നവോഥാനത്തിലേക്ക് കൈപിടിച്ചുയർത്തിയ  യഥാർഥ സംന്യാസിവര്യൻ്റെ ജ്വലിക്കുന്ന ഓർമക്ക് മുൻപിൽ സ്മരാണാഞ്ജലി അർപ്പിക്കുന്നു. 
പ്രണാമം 

(കടപ്പാട്)

No comments: