December 02, 2006

ഡിസംബര്‍ 2-3 അര്‍ദ്ധരാത്രി!

ഭോപാലില്‍ വിഷവാതക വായു ശ്വസിച്ചു മരിച്ചവരേയും മരിച്ചുകൊണ്ട്‌ ജീവിക്കുന്നവരെക്കുറിച്ചും ഇനി എഴുതാന്‍ ഒന്നും തന്നെ ബാക്കിയുണ്ടാവുമെന്നു തോന്നുന്നില്ല. ഏന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പലതും നമ്മുടെ മനസ്സില്‍ ഇന്നും തേങ്ങിക്കിടപ്പുണ്ടു്‌! ആ ഹതഭാഗ്യരെ ഓര്‍ക്കുന്നതോടൊപ്പം അപ്പോള്‍ നടന്ന വേറൊരു ഭയങ്കര സംഭവമാണു്‌ ഞാന്‍ പറയാന്‍ മുതിരുന്നതു്‌. 1984 ഡിസംബര്‍ 2-3 അര്‍ദ്ധരാത്രിയിലാണു ഭോപാല്‍ സംഭവം. മീതോ ഐസോ സൈനൈറ്റ്‌ വിഷവാതകം കൊണ്ടുണ്ടായ കെടുതികള്‍ വായിച്ചും കേട്ടും കൊണ്ടിരിക്കുന്ന സമയം. മദ്രാസിനു 15 കിലോമീറ്റര്‍ വടക്കു മണലി എന്ന സ്ഥലം സുപ്രസിദ്ധമായ രസായന വ്യവസായശാലകുളുടെ സങ്കേതമാണു്‌. അന്ന് 22-ലധികം രാസവസ്തുക്കള്‍ ഉല്‍പ്പത്തി ചെയ്യുന്ന കമ്പനികളാണുണ്ടായിരുന്നത്‌. കടല്‍ക്കരയില്‍ നിന്നും 3 കിലോമീറ്ററോളം ഉള്ളിലായിട്ടാണു ഈ സ്ഥാപനങ്ങള്‍. ചുറ്റുപാടുള്ള ഗ്രമീണരാകട്ടേ സ്വന്തം കൃഷി സ്ഥലം കമ്പനിക്കു വിറ്റ്‌ അതേ കമ്പനിയില്‍ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണു്‌ മിക്കവരും. കൃഷിയേക്കാള്‍ അദായം കണ്ട്‌ ഇവര്‍ സന്തോഷപ്പെട്ടു. പരിസ്ഥിതി മലിനീകരണത്തെപറ്റിയോ സംരക്ഷണത്തെപറ്റിയൊന്നും അന്നു്‌ ഇവര്‍ക്ക്‌ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ഈ ഫേക്ടറികള്‍ മേനേജ്‌ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരാകട്ടെ സിറ്റിയില്‍ താമസിക്കുന്നവരാണു്‌. ഞാന്‍ പറഞ്ഞു വരുന്ന സംഭവം നടക്കുന്നത്‌ രാത്രി 8 മണിയളവിലാണു. ശ്രീരാം ഫൈബേര്‍സ്‌ എന്ന കമ്പനിയിലെ ജോലിക്കാര്‍ ഊണു കഴിക്കാനായി കേന്റീനിലോട്ട്‌ ഇറങ്ങുന്ന സമയം. ഒരു ചെറിയ തണുത്ത കാറ്റ്‌. തുടര്‍ന്ന് ചെറിയൊരു മഴച്ചാറല്‍. അത്ര തന്നെ! കണ്ണും മുഖവും നെഞ്ഞും എല്ലാം എരിഞ്ഞു പുകഞ്ഞു ചുമച്ചു ചുമച്ചു കുറെപ്പേര്‍ വാടിയ ഇലകള്‍ പോലെ അങ്ങിങ്ങായി വീഴാനും ഉരുളാനും പെരളാനും ഒക്കെത്തുടങ്ങി. പിന്നീടുള്ള സംഗതി വിവരിക്കാന്‍ പ്രയാസമുണ്ടു്‌. അടിയന്തര രക്ഷാനടപടികള്‍ കൈക്കൊണ്ടു കുറേപ്പേരെ ആശുപത്രിയിലും കുറെപ്പേര്‍ക്കു ഫസ്റ്റ്‌ ഐഡ്‌ കൊടുത്തും മറ്റും രക്ഷിച്ചു. രണ്ടോ മൂന്നോ പേര്‍ മരിച്ചെന്നും ഇല്ലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്ത അപ്പോഴുണ്ടായിരുന്നു. അവിടെ പെയ്തത്‌ ആസിഡ്‌ റെയിനായിരുന്നൂ. ഇതു സര്‍ക്കാരോ, പൊള്ളൂഷന്‍ കണ്ട്രൂള്‍ ബോഡോ അന്നു്‌ വെളിപ്പെടുത്തുകയുണ്ടായില്ല. ഭോപാലില്‍ ഉണ്ടായ പ്രശ്നം കാരണം ഇതും മൂടി മറച്ചു എന്നു ഞാന്‍ വിശ്വസിച്ചു. എങ്ങിനെ 'അമ്‌ളമഴ'യുണ്ടായി? അന്നത്തെ കോത്താരി കെമിക്കല്‍സ്‌ എന്ന കമ്പനിക്കും ശ്രീരാം ഫൈബേര്‍സ്‌ എന്ന കമ്പനിക്കും ഇടയിലുള്ള ഒരു വ്യവസായസ്ഥാപനമാണു മദ്രാസ്‌ ഫെര്‍ടിലൈസേര്‍സ്‌. എറ്റവും കിഴക്കുള്ള കോത്താരി കമ്പനിയില്‍ നിന്നും ലീക്കായ ക്ലോറിന്‍ വാതകം കാറ്റടിച്ചു്‌ ഫെര്‍ടീലൈസേര്‍സ്‌ കമ്പനിക്കു്‌ മുകളില്‍ക്കൂടികടന്നു വരുന്നു. അപ്പോള്‍ അവിടെയുള്ള കൂറ്റന്‍ കൂളിംഗ്‌ ടവറുകളുടെ മുകളിലുള്ള നീരാവിയുമായി ഒത്തു ചേര്‍ന്നു ഒന്നാന്തരം ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ മഴയായി ശ്രീരാം ഫൈബേര്‍സ്‌ കോമ്പൌണ്ടില്‍ എത്തുകയാണു്‌ അന്നുണ്ടായതു്‌. ഇങ്ങിനെ പലതും ദിനം തോറും ഉണ്ടാകുന്നുണ്ടെങ്കിലും രക്ഷാനടപടികള്‍ക്കു വേണ്ടത്ര ശ്രദ്ധ ഇന്നും നാം കൊടുക്കുന്നില്ല എന്നതൊരു നഗ്ന സത്യമായ്‌ അവശേഷിക്കുന്നു.

6 comments:

Raghavan P K said...

അപ്പോള്‍ നടന്ന വേറൊരു ഭയങ്കര സംഭവമാണു്‌ ഞാന്‍ പറയാന്‍ മുതിരുന്നതു്‌.

വക്കാരിമഷ്‌ടാ said...

ഇതൊരു പുതിയ അറിവാണല്ലോ. അനുഭവങ്ങളില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നില്ല. മറച്ച് വെച്ച് എങ്ങിനെയെങ്കിലും തടിതപ്പുക എന്നുള്ള നയം.

സുരക്ഷാ കാര്യങ്ങളില്‍ നമ്മുടെയും അധികാരികളുടെയും മനോഭാവം ഇപ്പോഴത്തെ കാലത്ത് എങ്ങിനെയാണാവോ?. ശക്തന്മാരായ ആസിഡൊന്നും സിങ്കില്‍ കമഴ്‌ത്തരുത് എന്ന് സേഫ്‌റ്റി നിയമങ്ങളൊക്കെയുണ്ടെങ്കിലും ആരും ലാബിലില്ലെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കിയിട്ട് നമ്മള്‍ ഇപ്പോഴും കമത്തും, സിങ്കിലേക്ക് തന്നെ.

ഉമേഷ്::Umesh said...

അയ്യയ്യോ... സിങ്കും ആസിഡും ചേര്‍ന്നു ഹൈഡ്രജന്‍ ഉണ്ടാകുമെന്നു് കിപ്പു്‌ എന്ന സാധനം പകരണം എന്നു പഠിപ്പിച്ച കെമിസ്ട്രിടീച്ചര്‍ പറഞ്ഞിരുന്നു. വക്കാരീടെ സിങ്കെല്ലാം ഇപ്പോള്‍ ഹൈഡ്രജനാ?

(സീരിയസ് പോസ്റ്റില്‍ വളിച്ച ഓഫിനു മാപ്പു്, രാഘവന്‍ മാഷേ!)

വിഷ്ണു പ്രസാദ് said...

ദുരന്തങ്ങളില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല.പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാതെ പോവുന്ന നിസ്സഹായരെ ഭരണകൂടങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ആദ്യത്തെ സംഭവമല്ല.താങ്കളുടെ കണ്ടെത്തല്‍ ഈ ബ്ലോഗില്‍ ഒതുക്കേണ്ടതല്ല.

വക്കാരിമഷ്‌ടാ said...

ഹ...ഹ... ഹെന്റെ ഉമേഷ്‌ജീ, നമി, നമി, നമി :)

രാഘവന്‍ ചേട്ടാ, മാപ്പ്.

qw_er_ty

Raghavan P K said...

ഈ ദുരന്തം എവിടെയും സംഭവിക്കാന്‍‌ സാദ്ധ്യതയുള്ളതു കൊണ്ട് താഴെ പറയുന്ന കാര്യം റോട് യൂസേറ്സ് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 1000 കിലൊഗ്രാം കൊള്ളൂന്ന സിലിണ്ടറിലാണ്‍ ഇത് ട്രാന്‍സ്പോറ്ട് ചെയ്യുന്നത്. ക്ലോറിന്‍ വാതകം swimming pool -ഉള്ളയിടത്തെല്ലാം ജല ശുദ്ധീകരണത്തിനു് ഉപയോഗിക്കുന്നുണ്ടു്. Environment Protection Agency USA has a proper emergency prepardeness program. നമ്മൂടെ നാട്ടിലും ഇതൊക്കെ ഉണ്ടു്.പക്ഷെ പ്രവറ്ത്തനത്തിലില്ലെന്നു മാത്രം.