December 24, 2006

ഉപഭോക്തൃ സംരക്ഷണ ദിനം

ഇന്നു്‌ ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനം. 1986-ലാണു ഈ നിയമം കൊണ്ടുവന്നത്‌. ഉപഭോക്ത്രാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും അവരുടേ താല്‍പര്യങ്ങള്‍ ന്യായമായി പരിഗണിക്കുന്നതിനും വേണ്ടി ഉപഭോക്ത്ര് തര്‍ക്ക പരിഹാരവേദികള്‍ സ്ഥപിക്കുകയും അവയുടെ നടപടികള്‍ ക്രമീകരിക്കുകയും ചെയ്യുക എന്ന സമുന്നതമായ ലക്ഷ്യത്തോടെയാണു്‌ ഇതിന്റെ തുടക്കം. പ്രതിഫലം നല്‍കി സാധനാമോ, സേവനമോ കൈപ്പറ്റുന്ന ഏതൊരാളും ഉപഭോക്താവാണു്‌. വാണിജ്യസംബന്ധമായ ആവശ്യങ്ങള്‍ക്കായി വാങ്ങപ്പെടുന്ന സധ്നങ്ങള്‍ ഇതില്‍ ഉള്‍പെടുന്നില്ല. പ്രതിഫലം നല്‍കി കൈപറ്റുന്ന സാധനങ്ങള്‍ക്ക്‌ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെന്നു മനസ്സിലാകുമ്പോഴാണു്‌ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്‌. സേവനത്തിന്റെ കാര്യത്തിലും ഇതുതന്നെ. സാധനങ്ങളുടെ അളവിലോ ഗുണത്തിലോ നിലവാരത്തിലോ ശുദ്ധിയിലോ കബളിക്കപ്പെടുന്നവയും ഇതില്‍പെടും. ഗുണനിലവാരം ഉറപ്പു വരുത്തുക കൃത്യവിലക്കു്‌ വസ്തുക്കള്‍ ഉപഭോക്താവിനു്‌ ലഭ്യമാക്കുക വിലയിലും അളവിലുമുള്ള വഞ്ചന തടയുക എന്നിവയാണു്‌ ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍‌‌. ലളിതമായ നടപടിക്രമമാണു്‌ ഇതിന്റെ പ്രത്യേകത. സിവില്‍ കോടതിപോലെ വിശദമായ തെളിവെടുപ്പോ വിസ്താരമോ ഇല്ല എന്നുള്ളത്‌ സാധാരണക്കാരനു ഒരു ആശ്വാസമാണു്‌. ജില്ല, സംസ്ഥാനം, ദേശീയം എന്നീ മൂന്നു നിലയിലാണു്‌ ഈ കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ഇതു്‌ കേസിന്നാസ്പദമായ തുകയുടെ അടിസ്ഥനത്തിലാണു. 20 ലക്ഷം വരെ ജില്ലാ കമ്മീഷനും, അതിനു മുകളില്‍ 100 ലക്ഷം വരെ സംസ്ഥാനക്കമ്മീഷനും അതിനു മുകളില്‍ എത്ര ആയാലും ദേശീയക്കമ്മീഷനും കേസ്‌ കൈകാര്യം ചെയ്യും. കൂടാതെ ജില്ലാതലത്തില്‍ ന്യായം കിട്ടാതെ പോയാല്‍ സംസ്ഥാനക്കമ്മീഷനു്‌ അപ്പീല്‍ കൊടുക്കാം.അതേപോലെ സംസ്ഥാനക്കമ്മീഷന്‍ന്റെ തീരുമാന്മ്‌ തൃപ്തികരമല്ലെങ്കില്‍ ദേശീയക്കമ്മീഷനെയും സമീപിക്കാം. പരാതി സമര്‍പ്പിക്കാന്‍ നിശ്ചിത ഫോം ഇല്ല. പരാതിക്കാരന്റെ വിലാസം, എതിര്‍ കക്ഷിയുടെ വിലാസം, കേസിന്റെ വിശദവിവരം-അതായതു അപാകത(deficiency), ബില്ലിന്റെ കോപ്പി എന്നിവ ഉണ്ടാകണം. നഷ്ടപരിഹാരം ഒരു ലക്ഷത്തിനുള്ളിലാണെങ്കില്‍ 100 രൂപയണു ഫീസ്‌. ഒന്നിനു അഞ്ചു ലക്ഷത്തിനുമിടയിലാണെങ്കില്‍ 200 രൂപയും, അതിനു മുകളില്‍ പത്തു ലക്ഷം വരെ 400 രൂപയും, അതില്‍ കൂടുതലാണെങ്കില്‍ 500 രൂപയുമാണു ജില്ലാക്കമ്മീഷന്‍ ആഫീസില്‍ അടക്കേണ്ടതു്‌. പരാതിക്കാരന്‍ താമസിക്കുന്ന സ്ഥലത്തോ, ഇടപാടു നടന്ന സ്ഥലത്തെ, എതിര്‍കക്ഷി താമസിക്കുന്ന സ്ഥലത്തോ ഉള്ള ജില്ലാഫോറത്തില്‍ പരാതി നല്‍കാം. അധികം താമസിയാതെ തന്നെ പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കാന്‍ സാദ്ധ്യമാക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടു്‌. ഇതിലെ എറ്റവും ദയനീയമായ ഒരു കാര്യം ഇതാണു്‌. കഷ്ടനഷ്ഠങ്ങള്‍ അനുഭവിച്ചതിനു ശേഷം മാത്രമേ ഒരു ഉപഭോക്താവിനു തന്റെ നഷ്ടപരിഹാരം നേടിയെടുക്കാന്‍ കഴിയൂ!

7 comments:

Raghavan P K said...

ഇതിലെ എറ്റവും ദയനീയമായ ഒരു കാര്യം ഇതാണു്‌, കഷ്ടനഷ്ഠങ്ങള്‍ അനുഭവിച്ചതിനു ശേഷം മാത്രമേ ഒരു ഉപഭോക്താവിനു തന്റെ നഷ്ടപരിഹാരം നേടിയെടുക്കാന്‍ കഴിയൂ!

സുല്‍ |Sul said...

താങ്കളുടെ ഈ പോസ്റ്റ് വളരെ വിജ്ഞാനപ്രദമാണ്. പലര്‍ക്കും അറിയാതിരിക്കുന്നതായ കാര്യങ്ങള്‍ കാണിച്ചു തരുന്ന ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഒരു മുതല്‍കൂട്ടാണ്.

എങ്കിലും താങ്കളുടെ അവസാനത്തെ കമെന്റ് ഈ പോസ്റ്റിന്റെ ഗൌരവം മുഴുവന്‍ കുറച്ചു കാണിക്കുന്നു (നഷ്ടം സഹിക്കാത്തവനെന്ത് നഷ്ടപരിഹാരം എന്നു ചോദ്യം ബാക്കിയാവും വായനകഴിഞ്ഞാല്‍) എന്നൊരു സംശയമില്ലാതില്ല.

ഇനിയും ഇത്തരം വിജ്ഞാനപ്രദമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

-സുല്‍

Raghavan P K said...

സുല്‍ | Sul
നഷ്ടം എന്നത് ഒരു രോഗിയാണെങ്കില്‍ അവന്‍ മരിക്കുന്നതു കൂടി ആവാം.അതിനു ശേഷം കിട്ടുന്ന നഷ്ടപരിഹാരം ദയനീയമായ ഒരു കാര്യം എന്ന്നാണു് ഞാന്‍ ഉദ്ധേശിക്കുന്നത് . നിങളുടെ അഭിപ്രായത്തിനു നന്ദി.

വിഷ്ണു പ്രസാദ് said...

രാഘവേട്ടാ, ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് ഇതെനിക്ക് പ്രയോജനപ്പെട്ടേക്കും...:)
ക്രിസ്മസ് ആശംസകള്‍ ...

കുറുമാന്‍ said...

ok,രാഘവേട്ടാ, വളരെ വിഞ്ജാനപ്രദം തന്നെ ഇത്. ഐക്യ അറബ് നാടുകളില്‍ ഇത്തരം എന്തെങ്കിലും പരിപാടി ഉണ്ടാകുമോ എന്തോ?

ആറു മാസത്തിന്നു മുന്‍പ് ഇവിടുത്തെ വലിയ ഒരു ഗ്രോസറി ചെയിന്റെ കടയില്‍ നിന്നും ഒരു കിലോ പരിപ്പ് വാങ്ങിയിട്ട് ക്ലോറിന്റെ ചുവ മൂലം, ഞാന്‍ മുനിസിപ്പാലിറ്റിയില്‍ പരാതി കൊടുത്തു. അപ്പോള്‍ തന്നെ അവര്‍ എന്നെ സെന്ട്രല്‍ ലാബോറട്ടറിയിലേക്കയച്ചു. അരമണിക്കൂറിന്നതികം, മൊത്തം യു എ യിലുമുള്ള അവരുടെ കടകളില്‍ നിന്ന് ആയിരക്കണക്കിന്നു പരിപ്പു പായ്ക്കറ്റുകള്‍ നീക്കം ചെയ്തു. പിറ്റേന്ന് ഗള്‍ഫ് ന്യൂസില്‍ അവര്‍ക്ക് ഇത് വിതരണം ചെയ്യുന്ന ഹോള്‍സെയില്‍ ഡീലര്‍ പഴയ സാധനങ്ങള്‍ പുതിയ പായ്ക്കറ്റില്‍ ആക്കി വിറ്റതാണെന്നും, അയാള്‍ അറസ്റ്റിലാണെന്നും മറ്റും വായിച്ചു.

paarppidam said...

നല്ല പോസ്റ്റ്‌, തികച്ചും ഉപകാരപ്രദം.റെയില്‍ വേയിലെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നടക്കുന്ന ചൂഷണത്തിനെതിരെ ഉപഭോകൃതൃകോടതിയിലൂടെ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ വിധി സമ്പാതിച്ച
ശ്രീ നവാബിനെ ഓര്‍ത്തുപോകുന്നു.
മറ്റൊരു ശ്രദ്ധേയമായ കാര്യം രണ്ടുമണിക്കൂരില്‍ അധികം വൈകുകയോ അല്ലെങ്കില്‍ യാത്ര നിര്‍ത്തിവെക്കുകയോ ചെയ്യുന്ന ആഭ്യന്തര വിമാനകമ്പനികള്‍ ഇനിമുതല്‍ യാത്രക്കാരനു 10000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിയാണ്‌.ഇതു പ്രവാസികളെ എന്നും കഷ്ടപ്പെടുത്തുന്ന ഗള്‍ഫു മേഖലയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ക്കു കൂടി ഭാധകമാക്കിയാല്‍ ഞങ്ങള്‍ രക്ഷപ്പെട്ടു.

myexperimentsandme said...

നല്ല പോസ്റ്റ്, രാഘവേട്ടാ.

ഇപ്പോഴത്തെ കാര്യം അറിയില്ല. എനിക്ക് രണ്ട് അനുഭവങ്ങള്‍.

ഒന്ന്- യമഹ ബൈക്കിന്റെ വാങ്ങിയപ്പോഴേ ചളുങ്ങിയിരുന്ന പെട്രോള്‍ ടാങ്ക് പുതിയത് മാറിത്തരാന്‍ ഡീലര്‍ തയ്യാറാകാതിരുന്നപ്പോള്‍ ഉപഭോക്തൃകോടതിയിലേക്ക് പരാതി അയച്ചിട്ട് ഒരു കോപ്പി യമഹ കമ്പനിക്കും അയച്ചുകൊടുത്തു. രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ യമഹയില്‍ നിന്നും ഡീലര്‍ക്ക് നോട്ടീസ് കിട്ടി-പരാതിക്കാരന്റെ സങ്കടം എത്രയും പെട്ടെന്ന് തീര്‍ത്തുകൊടുക്കാന്‍ പറഞ്ഞ്. കോടതിയില്‍ പോലും പോകേണ്ടി വന്നില്ല.

രണ്ട്-എടുക്കുന്ന ഫോട്ടോയുടെ നെഗറ്റീവ് തരണമെങ്കില്‍ പത്ത് രൂപാ പിന്നെയും കൊടുക്കണമെന്ന് ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നിയമം ഉപഭോക്തൃകോടതിയില്‍ ചോദ്യം ചെയ്തു. ജോലിയില്‍ നിന്ന് ലീവെടുത്ത് ആദ്യത്തെ പ്രാവശ്യം കോടതി വിളിച്ചപ്പോള്‍ പോയി-അന്ന് ജഡ്‌ജി ലീവ്. രണ്ടാം പ്രാവശ്യം വിളിച്ചപ്പോള്‍ ഞാന്‍ ലീവെടുത്തില്ല.

ഉപഭോക്താവിനെ തൃപ്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ചായക്കടകളും ബേക്കറികളും പലചരക്കുകടകളും ഇപ്പോഴും മനസ്സിലാക്കുന്നില്ലെങ്കിലും വലിയ കടകള്‍ മനസ്സിലാക്കി തുടങ്ങുന്നു എന്നും തോന്നുന്നു. ഒരു ക്യാമറ വാങ്ങി ഒന്നാം ക്ലിക്കിനു തന്നെ സംഗതിയ്ക്ക് ചെറിയ പ്രശ്നം. തിരിച്ച് കൊണ്ടുചെന്നിട്ട് പുതിയ ക്യാമറ തരാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് അത്‌ഭുതം-നന്നാക്കിത്തരാമത്രേ. പേയ്‌മെന്റിനു മുന്‍പ് ഈ കുഴപ്പം കാണുകയായിരുന്നുവെങ്കില്‍ നിങ്ങള്‍ വേറൊരു ക്യാമറ എടുത്ത് തരികയില്ലായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ തലയാട്ടി. ഒരു പുതിയ ക്യാമറ വാങ്ങിച്ച് ഒന്നാം ദിവസം തന്നെ അത് നന്നാക്കിയ ക്യാമറ എന്ന തോന്നലില്‍ ഉപയോഗിക്കാനായിരുന്നെങ്കില്‍ പകുതി വിലയ്ക്ക് സെക്കന്റ് ഹാന്റ് ക്യാമറ വാങ്ങിയാല്‍ മതിയായിരുന്നല്ലോ എന്ന് പറഞ്ഞപ്പോള്‍ മറുപടിയില്ല. ഒരാഴ്ച നടത്തിക്കുകയും അവിടുത്തെ മാനേജര്‍ വലിയ മാനേജരോട് ചോദിച്ച്, വലിയ മാനേജര്‍ അതിലും വലിയ മാനേജരോട് ചോദിച്ച്, അതിലും വലിയ മാനേജര്‍ പ്രസിഡന്റിനോട് ചോദിച്ച് വലിയ ചര്‍ച്ചകളൊക്കെ നടത്തിയാണെങ്കിലും അവസാനം പുതിയ ക്യാമറ തന്നു. ഇത്രയും നടത്തിച്ചതുകാരണം അതേ കടയില്‍ നിന്ന് ക്യാമറ വാങ്ങാന്‍ നിന്ന രണ്ടുപേര്‍ തീരുമാനം മാറ്റി. ആദ്യത്തെ തവണ തന്നെ ചിരിച്ചുകൊണ്ട് പുതിയ ക്യാമറ എടുത്ത് തരികയായിരുന്നെങ്കില്‍ ആ കാരണം കൊണ്ടു തന്നെ രണ്ട് കസ്റ്റമേഴ്‌സിനെ കിട്ടിയേനെ-അത് അവര്‍ നഷ്ടപ്പെടുത്തി. എങ്കിലും, ഒരു പീസ് വിറ്റാല്‍ അത്രയും ലാഭം, ഇനി അടുത്ത പീസ് എങ്ങിനെ വിറ്റഴിക്കാം എന്ന് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന പഴയ ബിസിനസ്സ് തത്വം വലിയ കടകളെങ്കിലും മാറ്റി മാറ്റി വരുന്നു എന്ന് തോന്നുന്നു. ഒരു ഐറ്റം വില്‍ക്കുന്നതില്‍ കൂടി തന്നെ വേറേ രണ്ട് പേരെയും കൂടി ആ കടയിലേക്ക് ആകര്‍ഷിക്കാനുള്ള വഴികള്‍ അവര്‍ നോക്കിത്തുടങ്ങിയിരിക്കുന്നു, നാട്ടിലും.

(എങ്കിലും വളരെ വളരെ പണ്ട് പന്ത്രണ്ട് ചാനലുകള്‍ മാത്രം കിട്ടുന്ന ടി.വിയില്‍ ഏതോ ഒരു കുന്ത്രാണ്ടം വാങ്ങിവെച്ചാല്‍ എണ്‍പത് ചാനല്‍ വരെ കിട്ടുമെന്ന് പറഞ്ഞ് ആയിരത്തിയെണ്ണൂറ് രൂപയോ മറ്റോ കൊടുത്ത് ആ കുന്ത്രാണ്ടം വാങ്ങിച്ചിട്ട് മൊത്തം ഗ്രെയിന്‍സായി നേരാംവണ്ണം ഒന്നും ടി.വിയില്‍ കാണാന്‍ വയ്യാതെ സങ്കടപ്പെട്ട്, ഒന്ന് തിരിച്ച് കൊടുത്തു നോക്കാം എന്ന് വിചാരിച്ച് എറണാകുളത്തെ കടയില്‍ സംഗതി തിരിച്ച് കൊടുത്തപ്പോള്‍ ഒന്നും പറയാതെ അവര്‍ സാധനം വാങ്ങിവെച്ച് പൈസാ തിരികെ തന്നു-ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവം).

നമ്മുടെ അവകാശങ്ങളെപ്പറ്റി നമ്മള്‍ ബോധവാന്മാരായാല്‍ സംഗതി മെച്ചപ്പെടും. പക്ഷേ അമേരിക്കയിലെപ്പോലെയൊക്കെയുള്ള റിട്ടേണ്‍ പോളിസിയും മറ്റും നമ്മുടെ നാട്ടില്‍ നടപ്പാക്കാറായോ എന്നുമൊരു സംശയം. എന്നാല്‍ പിന്നെ എല്ലാ സാധനവും റിട്ടേണ്‍ ആയിരിക്കും. നമ്മളാരാ മക്കള്‍.