പരിവര്‍ത്തനങ്ങള്‍ ! സംഭവങ്ങള്‍ ! നാട്ടില്‍ നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്‍ത്തട്ടെ !
July 14, 2007
ജഡം
'ശരീരദാനം മഹത്‌കര്‍മ്മം' ആണെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തി അതിനവരെ സന്നദ്ധരാക്കുന്ന ഒര് സംഘടന കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മരിച്ചാല്‍ തന്റെ മൃതദേഹം എന്തു ചെയ്യണമെന്ന് ഒര് വ്യക്തി ഒസ്യത്ത് മൂലം അറിയിക്കപ്പെടുന്നതാണ് ഇതിന്റെ രീതി. സ്ഥലത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒസ്യത്ത് രജിസ്റ്റര്‍ചെയ്തശേഷം ലാമിനേറ്റ്ചെയ്ത് നല്‍കുന്ന ഒസ്യത്ത് അവരവരുടെ വീടുകളില്‍ ആളുകള്‍ കാണും വിധം തൂക്കിയിടണമെന്നാണ് വ്യവസ്ഥ. ഒരാളുടെ ആഗ്രഹം പൂര്‍ത്തിയാക്കാനും മറ്റുള്ളവരെ ബോധവത്‌കരിക്കാനും കൂടിയാണിത്. ഇത്തരത്തില്‍ ഒരാള്‍ ചെയ്യുമ്പോള്‍ അയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ശരീരം ദാനംചെയ്യേണ്ട ഒന്നാണെന്ന തിരിച്ചറിവ് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകും.
"എന്റെശരീരം മറ്റുള്ളവര്‍ക്ക് ഉപയുക്തമാക്കാന്‍ ശ്രമിക്കണം...എന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണെങ്കില്‍ അതും വേണ്ടവര്‍ക്ക് നല്‍കണം..." "AWAKE" എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള ശരീരദാന ഒസ്യത്തിലെ വരികളാണിത്. ശരീരദാനം ചെയ്യാന്‍ ഒസ്യത്ത് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിയുടെ മരണ ശേഷം നിശ്ചിത സമയത്ത് ബന്ധപ്പെട്ട ആസ്പത്രി അധികൃതരെയോ ഡോക്ടറെയോ അറിയിച്ചാല്‍ മതി.
കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ജില്ലയില്‍ 65 പേര്‍ ശരീര ദാന ഒസ്യത്ത് രജിസ്റ്റര്‍ചെയ്തതായിട്ടാണ് അറിവ്.ശരീരദാനത്തിലൂടെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രമേണ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വിശ്വസിക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ ആചാരാനുഷ്ഠാനങ്ങളും ശേഷക്രിയകളും ചെയ്യരുതെന്ന ഒര് നിര്‍ദ്ദേശവും ഒസ്യത്തിലുണ്ട്.
July 09, 2007
ഇത് ഒരു പുതിയ അറിവല്ല
ലഹരി ചേര്‍ത്ത അരിഷ്ടം കേരളത്തിലെ ഒട്ടേറെ കടകളില്‍ പരസ്യമായി വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്. എക്സൈസ് അധികൃതരോ ആരോഗ്യ വകുപ്പധികൃതരോ നടപടിയെടുക്കുന്നില്ലായെന്ന പരാതിയും. പലചരക്ക് കടകളിലും ബേക്കറികളും കൂള്‍ബാറുകളിലും അരിഷ്ട വില്‍പന നിര്‍ബാധം നടക്കുന്നുണ്ടത്രെ. ഇത് കണ്ണൂരിലെക്കാര്യമാണ് ഞാന്‍ പറയുന്നത്.
രക്തവര്‍ധനയ്ക്കും വാതം, കടച്ചില്‍ എന്നിവ മാറാനും അത്യുത്തമം എന്ന അവകാശപ്പെടുന്ന ലേബലിലാണ് മൂന്നുതരം അരിഷ്ടങ്ങള്‍ മാര്‍കെറ്റ് ചെയ്യുന്നത്. വ്യത്യസ്ത പേരുകളിലുള്ള ഇവ കൂട്ടികലര്‍ത്തി കഴിച്ചാല്‍ പിന്നത്തെ കാര്യം പറയേണ്ടത്രെ ! വിലയോ 100 മില്ലിക്ക് 15 രൂപ മാത്രം. ബള്‍ക്ക് പര്‍ച്ചേസ് നടത്തിയാല്‍ ഹെവി ഡിസ്കൗണ്ട്. മറ്റു കാര്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള കടകളില്‍ അരിഷ്ട വില്‍പന നടക്കുന്നുതായാണ് അറിയുന്നത്. പാന്‍മസാലയ്ക്കും മറ്റും എതിരെ അധികൃതര്‍ രംഗത്തുവന്നത് കൊണ്ടാണൊ ഈ പുതിയ തന്ത്രം ?
July 07, 2007
മുദ്രാവാക്യം ഇങ്ങനേയും !
കുറച്ചു ദിവസം മുന്‍പ് 'മാതൃഭൂമി'യില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയും ജീവനക്കാരെയും "വെള്ളപുതപ്പിച്ചുകിടത്തുമെന്ന്" മുദ്രാവാക്യം വിളിച്ചതായി പത്രത്തില്‍ കണ്ടു. നമ്മള്‍ ഇത്രയും തരം താണു പോയല്ലോ എന്നാലോചിക്കുമ്പോള്‍ പഴയ വേറൊരു വേദനാജനകമായ മുദ്രാവാക്യമാണ് ഓര്‍മ്മ വരുന്നത്.
"കാലന്‍ വന്നു വിളിച്ചിട്ടും ഗോപാലനെന്തേ പോകാതേ ? " തൊള്ളായിരെത്തെഴുപതിലോ മറ്റോ കേട്ടതായാണ് ഓര്‍മ്മിക്കുന്നത്. അക്കാലത്ത് സുഖമില്ലാതെ കിടക്കുന്ന എ കെ ജിയെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വിളി.
ഇത്തരം മുദ്രാവാക്യം ഇനിയെങ്കിലും വിളിക്കാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ഏതു രാഷ്ട്രീയക്കാരനായാലും കേരളത്തിന്റെ പുരോഗമനത്തിനും സല്‍ക്കീര്‍ത്തിക്കും തുരംഗം വെക്കാനേ ഇതു പൊലുള്ള കാര്യങ്ങളുതവുകയുള്ളൂ എന്ന് നാം എന്നാണ് മനസ്സിലാക്കുക?
July 04, 2007
മനുഷ്യത്വം വറ്റി വരണ്ട നമ്മുടെ നാട്
നിങ്ങളും വായിച്ചു കാണും ഈ വാര്‍ത്ത. കോട്ടയം എം.ആര്‍.എഫിലെ ജീവനക്കാരനായ, വടവാതൂരില്‍ വാടകയ്ക്ക് താമസിക്കുന്ന എം.കറുപ്പുസ്വാമിയുടെയും പാര്‍വ്വതിയുടെയും മകള്‍ ശിവകാമി എന്ന 14 വയസ്സ് പ്രയമുള്ള വിദ്യാര്ഥിനിയുടെ മൃതദേഹവുമായാണ് രക്ഷിതാക്കള്‍ നഗരസഭാ ശ്മശാനത്തിന് മുന്നില്‍ കാത്തുനിന്നത്. അധികൃതരുടെ അനുവാദത്തിനായി രക്ഷിതാക്കള്‍ക്ക് രണ്ടുമണിക്കൂരിലധികം കാത്തുനില്‍ക്കേണ്ടിവന്നു. വിശദാംശത്തിലേക്ക് കടക്കുന്നില്ല.
ഏകമകളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തോടൊപ്പം അധികൃതരുടെ 'പരീക്ഷണം'കൂടിയായപ്പോള്‍ ആ മതാപിതാക്കള്‍ എന്തുമാത്രം തളര്‍ന്നിരിക്കും ?
രാഷ്ട്രീയത്തില്‍ ഉത്ബോധരായ കേരള ജനത എന്നാണ് മനുഷ്യത്വം വീണ്ടെടുക്കുക ? മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു എന്നതില്‍ നമുക്കാശ്വാസം കണ്ടെത്താം.
July 03, 2007
ദരിദ്ര കേരളം
ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്തയാണിത്. നിങ്ങളും വായിച്ചു കാണും.
ഭക്ഷണവും മരുന്നും ലഭിക്കാതെ പെരുമ്പാവൂരിലെ ഒര് വൃദ്ധന്‍ മരിച്ചു. കാര്യം അറിയാതെ, ബുദ്ധിമാന്ദ്യമുള്ള മകന്‍ ഒരാഴ്ചയോളം ഒപ്പം കഴിഞ്ഞു. ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോഴാണ് പുഴുവരിച്ച മൃതദേഹം കണ്ടത്. മകന്‍ അയ്യപ്പന്‍കുട്ടി അച്ഛനോടൊപ്പമായിരുന്നു താമസം. 56 വയസ്സുള്ള അയ്യപ്പന്‍കുട്ടി അച്ഛന്‍ മരിച്ച കാര്യം അറിഞ്ഞില്ല !
ദാരിദ്ര്യവും രോഗവുമാണ് വൃദ്ധന്റെ മരണകാരണമത്രെ. നാട്ടുകാര്‍ ഇടയ്ക്കൊക്കെ എത്തിച്ചിരുന്ന ആഹാരമാണ് ഇവര്‍ കഴിച്ചിരുന്നത്. അയ്യപ്പന്‍കുട്ടിക്കു തൊഴിലില്ല. പട്ടികവിഭാഗക്കാരായ ഇവര്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു.
അടുത്തുള്ളവരുടെ സഹായം ഇവര്‍ ആവശ്യപ്പെടാറില്ലായിരുന്നു. എന്തെങ്കിലും കൊണ്ടുചെന്നു കൊടുത്താല്‍ വാങ്ങാറുണ്ടായിരുന്നെന്നു മാത്രം.
ദിനം തോറും ഇതുപോലുള്ള എത്ര ദയനീയ വാര്‍ത്തകളാണ് നമ്മളുടെ കണ്മുന്നിലൂടെ മിന്നിമറയുന്നത്. രാഷ്ട്രീയത്തില്‍ ഉദ്ബോധരായ കേരള ജനത എന്നാണ് ദാരിദ്ര്യ മോചനം നേടുക ?
Subscribe to:
Posts (Atom)