April 13, 2009

പ്രീയ വധൂവരന്മാരെ...

പുതിയ നിയമമനുസരിച്ച് കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇത് പൊതു അറിവിനു വേണ്ടിയുള്ളതാണ്. കൃത്യമായ വിവരങ്ങള്‍ക്ക് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സമീപിക്കുക.

1. വിവാഹത്തില്‍ ഏര്‍പ്പെടുന്ന കക്ഷികളില്‍ വരന് 21 വയസ്സും വധുവിന് 18 വയസ്സും തികഞ്ഞിരിക്കേണ്ടതാണ്.
2. ഏത് പള്ളിയില്‍ / സ്ഥാപനത്തില്‍ വെച്ചാണോ വിവാഹം നടക്കുന്നത് ആ പള്ളി/ സ്ഥാപനം നിലകൊള്ളുന്ന തദ്ദേശഭദണ സ്ഥാപനത്തിലായിരിക്കണം രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതാണ്.

3. വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ ഫോറം ഒന്നില്‍‌ മെമ്മോറാണ്ടം ഡ്യൂപ്ലിക്കേറ്റ് സഹിതം തയ്യാറാക്കേണ്ടതും, 4 സെറ്റ് ഫോട്ടോ, വയസ്സ് തെളിയിക്കുന്നതിനാവശ്യമായ സ്കൂള്‍ രേഖകള്‍, മതാചാര പ്രകാരം നടന്ന വിവാഹത്തിന്റെ സംഗതിയില്‍ ബന്ധപ്പെട്ട മതാധികാര സ്ഥാനം നല്‍കുന്ന വിവാഹ സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് എന്നിവ വിവാഹം നടന്ന് 45 ദിവസത്തുനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം രജിസട്രേഷന്‍ ഫീസ് അടക്കേണ്ടതുമാണ്. (ഫോറം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ / പഞ്ചായത്തില്‍ ലഭ്യമാണ്)

4. ഈ ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം നടന്നതും 45 ദിവസ കാലയളവിനുള്ളില്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്യാതിരിക്കുകയും , അപ്രകാരം വിവാഹം നടന്ന തീയ്യതി, മുതല്‍ ഒരു വര്‍ഷക്കാലാവധി കഴിയാത്തതുമായ വിവാഹങ്ങള്‍ 100 രൂപ പിഴ ചുമത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിര്‍ദ്ദേശം 3 ല്‍ പറയുന്ന രേഖകള്‍ക്ക് പുറമെ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നോ പാര്‍ലമെന്റ് അംഗത്തില്‍ നിന്നോ, നിയമ സഭാ അംഗത്തില്‍ നിന്നോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തില്‍ നിന്നോ 2 -ാം നമ്പര്‍ ഫോറത്തിലുള്ള ഒരു പ്രഖ്യാപനം ഹാജരാക്കേണ്ടതാണ്. .

5. ഈ ഉത്തരവ് നിലവില്‍ വന്നതിന് ശേഷം നടന്നതും വിവാഹം നടന്ന് ഒരു വര്‍ഷം കഴിഞ്ഞതുമായ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടുകൂടിയും പിഴ ഒടുക്കിയുമാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിക്കായി അയക്കുന്നതിന് നിര്‍ദ്ദേശം 3 ല്‍ പറയുന്ന മെമ്മോറാണ്ടവും അനുബന്ധ രേഖകള്‍ക്കും പുറമെ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിട്ടുള്ളസംയുക്ത അപേക്ഷ, ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം, 2-ാം നമ്പര്‍ ഫോറത്തില്‍ മെമ്പറുടെ സാക്ഷ്യപത്രം തുടങ്ങിയവ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ടതാണ്.

6. ഈ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മെമ്മോറാണ്ടം ഈ ചട്ടം നിലവില്‍ വന്ന തീയ്യതി (29-2-2008) മുതല്‍ രു വര്‍ഷ കാലയളവിനുള്ളില്‍ നിര്‍ദ്ദേശം 3 ല്‍ പറയും പ്രകാരം സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അപ്രകാരം ചട്ടം നിലവില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ നിര്‍ദ്ദേശം 4 ല്‍ പറയും പ്രകാരമേ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍വ്വാഹമുള്ളൂ.

7. രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ വിവാഹത്തിലേര്‍പ്പെട്ട കക്ഷികള്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.

1 comment:

Raghavan P K said...

പുതിയ നിയമമനുസരിച്ച് കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇത് പൊതു അറിവിനു വേണ്ടിയുള്ളതാണ്. കൃത്യമായ വിവരങ്ങള്‍ക്ക് അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ സമീപിക്കുക.