October 13, 2016

ഊരും പേരും !


തമിഴ് നാട്ടിൽ 2016 മെയ് മാസം 16 നു സംസ്ഥാന അസംബ്ലിയിലേക്ക് മെമ്പർമ്മാരെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ നടന്നു. 

തമിഴ് നാട്ടിലെ 234 നിയോജക മണ്ഡലങ്ങളെ, പല ഗ്രൂപ്പുകളായി  ഇങ്ങിനെ തരം തിരിക്കാം:-

എട്ട്  തരം കുടി ഇതിൽ പെടും. ‘കുടി’ എന്നത് തമിഴിൽ സ്വന്തബന്ധങ്ങൾ അടുത്തടുത്ത് താമസിക്കുന്ന സ്ഥലമാണു. കുടിമകൻ എന്നാൽ ഡ്രങ്കാർഡല്ല, പ്രജ എന്നാണ് തമിഴിൽ. ആലങ്കുടി, മന്നാർകുടി, കാരൈക്കുടി, ലാൽഗുടി, തിട്ടക്കുടി തുടങ്ങിയവ. ഇങ്ങിനെ എട്ട് പേരുകൾ കുടിയിൽ അവസാനിക്കുന്നവ  തമിഴ് നാട്ടിലെ നിയോജക മണ്ഡലങ്ങളായിട്ടുണ്ട്. അത്ര തന്നെ  പുരം എന്നും  അവസാനിക്കുന്ന മണ്ഡലങ്ങൾ. 

‘പുരം’ അഥവാ ‘പുരി’, എന്നത് നല്ല ഗ്രാമം എന്ന അർത്ഥത്തിലാണു പ്രചരിച്ചത്. ഉദാഹരണത്തിനു ഞാൻ ഒരു ദശാബ്ദത്തിലേറെ താമസിക്കുന്ന ജില്ലയുടെ പേരും അതിന്റെ ഹെഡ്ക്വാർട്ടേർസുമായ കാഞ്ചിപുരം. ഇത് പല്ലവ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. കാഞ്ചി  എന്നും കാചി എന്നും പണ്ട് കാലത്ത് അറിയപ്പെട്ടിരുന്നു. രാമനാഥപുരമാണു മറ്റൊന്ന്. ഇത് സേതുപതികളുടെ ആസ്ഥാനം ആയിരുന്നു. പദ്മനാഭപുരം ട്രാവങ്കൂർ രാജാക്കന്മാരുടെ തലസ്ഥാനമെന്ന പോലെ വേറെയും നിരവധി പുരങ്ങൾ ഉണ്ട്. പിന്നെ വില്ലുപ്പുരം (വിഴുപ്പുറം), ശങ്കരപുരം, രാശിപുരം ഇവയൊക്കെയാണു തിരഞ്ഞെടുപ്പ് തൊകുതിയിൽ പെട്ട ചിലത്.

അഞ്ച്  വീതം,  മംഗലം, പേട്ടൈ, പാളയം, നഗർ, നല്ലൂർ എന്നും, നാല്  വീതം,  കോയിൽ, കുളം, പാക്കം, പാടി, പട്ടി, തുറൈ എന്നും, നാല്പത് നിയോജക മണ്ഡലങ്ങൾ  ഊർ  എന്നും അവസാനിക്കുന്നു.

പാളയങ്ങൾ, ഉദാഹരണമായി  രാജപ്പാളയം, കുമരപ്പാളയം, മേട്ടുപ്പാളയം, ഗോപിച്ചെട്ടിപ്പാളയം, ഗൗണ്ടൻപാളയം.

വ്യവസായങ്ങളുള്ള പ്രദേശങ്ങൾ പേട്ടൈ എന്നു വിളിക്കും. ചിലർ പേട്ട് എന്നും പറയും. പട്ടര എന്നാണു വർക്ക്ഷോപ്പിനു പറയുന്നത്. അതിൽ നിന്നും പരിണമിച്ചതായിരിക്കാം ഇത്. സൈദാപ്പേട്ടൈ. തെയ്നാമ്പേട്ടൈ, വാഷർമ്മേൻപേട്ടൈ കൊറുക്കുപ്പേട്ടൈ എന്നിങ്ങനെ നീണ്ടു പോകുന്നു വിവിധ പേട്ടൈകൾ. 

പാണ്ട്യനാട്ടിലെ ഗ്രാമങ്ങളാണു പട്ടി എന്നറിയപ്പെടുന്നത്. ആണ്ടിപ്പട്ടി, കോവിൽപ്പട്ടി, ഉസിലമ്പട്ടി ഇവ ചില ഉദാഹരണങ്ങൾ..
 
കടൽക്കര ഗ്രാമങ്ങൾ കുപ്പം എന്നാണറിയപ്പെടുന്നത്. അതിനടുത്തുള്ള സ്ഥലങ്ങൾ പക്കം എന്നും പാക്കം എന്നും അറിയപ്പെടുന്നു.

കുളിക്കുന്നതിനു പടവുകൾ ഉള്ള നദിയോര പ്രദേശമാണു തുറൈ എന്ന് വിളിക്കുന്നത്. മയിലാടും തുറൈ പ്രസിദ്ധമാണല്ലൊ. കടലോര നഗരമാണു പട്ടിണം (പട്ടണം). നാഗപട്ടിണം, അതിനുദാഹരണമാണു. മദ്രാസ് ഒരു കാലത്ത് പട്ടണം (പട്ടിണം) ആയിരുന്നു.

No comments: