October 31, 2020

ശ്രീ ആഞ്ജനേയ ഗായത്രീ മന്ത്രം

കാര്യസിദ്ധിക്കായി ശ്രീ ആഞ്ജനേയ ഗായത്രീ മന്ത്രം!
      
രാമദൂതനായ ഹനുമാൻ, വായൂപുത്രൻ, കേസരി പുത്രൻ, സുന്ദരൻ, ആഞ്ജനേയൻ എന്നിങ്ങനെ ഒട്ടനവധി പേരുകളുണ്ട്. രാമായണത്തിൽ സ്തുത്യർഹമായ പങ്കുവഹിച്ച ആളാണ് ഹനുമാൻ. പല സാഹസങ്ങൾ ചെയ്തു കാണിച്ച ആൾ. സീതയെ കണ്ടുപിടിക്കാൻ വേണ്ടി കടൽ താണ്ടി, 
ബാലിയിൽ നിന്ന് സുഗ്രീവനെ രക്ഷിച്ചു. രാവണ പുത്രന്മാരെ വധിച്ചു. ലങ്ക അഗ്നിക്കിരയാക്കി. ഇങ്ങനെ ഒട്ടനവധി വീരശൂര പരാക്രമങ്ങൾ നടത്തി.  രാമൻ കൊടുത്തയച്ച മുദ്രമോതിരം സീതയെയും സീത കൊടുത്തയച്ച ചൂഢാമണി രാമനെയും ഏല്പിച്ച്  ഇരുവരുടെ മുഖങ്ങളിലും ആനന്ദം  വിരിയിച്ചു ആഞ്ജനേയൻ. വേഗതയുടെ കാര്യത്തിൽ പിതാവ് വായു ഭഗവാന് തുല്യനായ ഹനുമാൻ, ബുദ്ധികൂർമ്മത, പരാക്രമം, ധൈര്യം,  ശക്തി, തേജസ് എന്നിവയാൽ രാമന് സമാനയാവൻ. ഇന്ദ്രജിത് തൊടുത്ത നാഗബാണമേറ്റ് ബോധം കെട്ട് കിടന്ന ലക്ഷ്മണന്റെ രക്ഷക്കായി സഞ്ജീവി മലയെ പിഴുതെടുത്ത് തന്റെ ഉള്ളം കൈയ്യിൽ വെച്ച് കൊണ്ടുവന്നു.
മഹാഭാരത യുദ്ധത്തിൽ അർജ്ജുനന്റെ രഥത്തിലെ കോടിയിൽ കുടി കൊണ്ട് വിജയത്തിന് തുണയേകി. ആഞ്ജനേയന്റെ വിശ്വരൂപം  സീതക്ക് ആനന്ദമേകി. അതേ വിശ്വരൂപം ഭീമന് ഭയമേകി. സാധാരണയായി പലയിടങ്ങളിലും ഹനുമാൻ തന്റെ ഇടതുകൈകൊണ്ട് സഞ്ജീവി മലയേയും വലതുകൈകൊണ്ട് തന്റെ ഗദയും  താങ്ങി, അരയിൽ ചുവന്ന ആട ഉടുത്ത്, മാറിൽ മണിമാല ധരിച്ച്, ഹൃദയത്തിൽ ശ്രീരാമശരണങ്ങളെയും വാക്കിൽ ശ്രീരാമ നാമത്തെയും ധരിച്ചു കൊണ്ട് ഭക്തരുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ച് നൽകുന്ന രൂപത്തിൽ കാണപ്പെടുന്നു. നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും നിറവേറാൻ ആഞ്ജനേയനെ മനസ്സിൽ ധ്യാനിച്ച് നിത്യവും 108 തവണ ആഞ്ജനേയ മന്ത്രം ജപിച്ചു പ്രാർത്ഥിച്ചു പോന്നാൽ നല്ല ഫലം കിട്ടുമെന്ന് മാത്രമല്ല, ഗ്രഹദോഷങ്ങളിൽ നിന്ന് പോലും മുക്തി ലഭിക്കുന്നു. പ്രത്യേകിച്ച് ശനിദോഷമുള്ളവർക്ക് നല്ല ഗുണഫലങ്ങൾ ലഭിക്കുന്നു.
 “ആഞ്ജനേയ ഗായത്രി മന്ത്രം
ഓം ആഞ്ജനേയായ വിദ്മഹേ
വായൂ പുത്രായ ധീമഹി
തന്നോ ഹനുമാൻ പ്രചോദയാത് ”

ഈ ഗായത്രീമന്ത്രം ജപിച്ചു പോന്നാൽ ദമ്പതിമാർക്കിടയിൽ ഐക്യം വർദ്ധിക്കുകയും, കാര്യവിജയം, ശത്രുനാശം, ദുഃഖവിമുക്തി എന്നിങ്ങനെയും ഫലങ്ങളുണ്ട്. 
ഓം ശ്രീ ഹനുമതേ നമഃ
***

No comments: