പത്താമുദയം
വിഷു കഴിഞ്ഞു. ഇനി പത്താമുദയം. മലയാളവർഷത്തിലെ മേടം പത്തിനാണു പത്താമുദയം.അന്നേദിവസം സൂര്യൻ അത്യുച്ചത്തിൽ വരുന്നു..സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ്. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം.
പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും.കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണു വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം.കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്.ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു.
നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു.വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു.ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും. പൂജാപ്പം ഉണ്ടാക്കി ആദിത്യ പ്രീതിക്കായി സമർപ്പിക്കുന്നു. പണ്ട് നാളുകളിൽ പൂജാപ്പം ഉണ്ടാക്കാൻ ഉള്ള വെളിച്ചെണ്ണ തേങ്ങ വരട്ടി, വറ്റിച്ചാണ് എണ്ണ വേർതിരിച്ചു എടുത്തിരുന്നത്. അരിപൊടി ആണെങ്കിലോ ഉരലിൽ നെല്ല് കുത്തി അരിയാക്കി പൊടിച്ചിരുന്നു. പൂജാപ്പം ഉണ്ടാക്കുന്നതിനുള്ള കൂട്ടും ശ്രദ്ധിക്കേണ്ടത് തന്നെ ആണ് .അങ്ങനെ ആഘോഷങ്ങൾ നീളുന്നു . പക്ഷെ ഇന്ന് അതൊക്കെ മാറി എല്ലാം എളുപ്പവഴി.
പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത് വെറുതെയല്ല. ആചാരവും വിശ്വാസവും എന്നതിനൊക്കെ അപ്പുറം, മണ്ണും മഴയും, വിളവുമെല്ലാം അറിയുന്ന പഴമുറക്കാരുടെ അനുഭവ പാഠമായിരുന്നു അത്.. മേടം പത്തിനു മലയാളികൾ പത്താമുദയം കൊണ്ടാടുന്നതിനു പിന്നിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിർമ്മയുണ്ട്.
പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നുവല്ലോ പണ്ട്. പെയ്‌തു കിട്ടുന്ന മഴമാത്രമാണ് ആശ്രയം. കാലാവര്ഷത്തിന്റെയും തുലാവർഷത്തിന്റെയും കാര്യത്തിൽ സമ്പന്നമായിരുന്നു പഴമക്കാലം. ചാലിടലും വിത്തിറക്കലും തൈനടലുമെല്ലാം സൂര്യന്റെ യാത്രകളും ഞാറ്റുവേലകളുമെല്ലാം നോക്കി ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും. പത്താമത്തെ ദിവസമായ തൈകൾ നടാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാർ തീർച്ചപ്പെടുത്തിയതും ഈ പ്രായോഗികതയുടെ വളക്കൂറുള്ള മണ്ണിൽ നിന്നുകൊണ്ടു തന്നെ. ആചാരപരമായ കാര്യങ്ങളിൽ നാം പിന്തുടരുന്ന നിരയന രീതി അനുസരിച്ചു ഏപ്രിൽ 14 നടുത്താണ് മേട വിഷു സംക്രമം വരുന്നത്. അത് കഴിഞ്ഞു പത്താംദിവസമാണ് പത്താമുദയം. ഉത്തരാർദ്ധഗോളത്തിൽ കഴിയുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ ഒന്നാണിത്. ഭാരതീയ ജ്യോതിഷ പ്രകാരം മേടം സൂര്യന്റെ ഉച്ചരാശിയാണ്. മേടം 10 എന്നത് അത്യുച്ചവും. മേടം 10 കഴിഞ്ഞാൽ അത്യുച്ചത്തിൽ നിന്നുള്ള ഇറക്കമാണ്. ഉഷ്‌ണകാലത്തിന്റെ പാരമ്യമായ മേടം പത്തിന് തൈകൾ നട്ടാൽ തുടർന്നുള്ള ദിവസങ്ങളിൽ ചൂട് കുറഞ്ഞ്, ക്രമേണ മഴക്കാലത്തിലേക്കു പ്രവേശിക്കും. ഇടവപ്പാതിക്കു കാലവർഷം തുടങ്ങും എന്ന കണക്ക് പണ്ടൊന്നും തെറ്റാറില്ല. അതുകൊണ്ടു തന്നെ പത്താമുദയത്തിനു തൈ നട്ട് ആദ്യ ദിവസങ്ങളിൽ ചെറുതായി നനച്ചുകൊടുത്താൽ അത് മണ്ണിൽ പിടിക്കുമെന്ന് പഴമക്കാർ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത്. അന്ധവിശ്വാസമല്ല ഇത് അനുഭവപാഠമാണ്.
"ഇത് ഏവർക്കും അനുവർത്തിക്കാവുന്ന അനുഭവ പാഠം അല്ലേ?"
തീർച്ചയായും, അതെ !
🔥🔥🔥
No comments:
Post a Comment