January 21, 2021

കാവുകൾ (Family Shrines)

കൈവിടല്ലേ കാവുകൾ!

എൻ്റെ കുലപരദേവത ഗുരുവായുരപ്പനെ പോലെയോ അയ്യപ്പനെ പോലയോ ആയിത്തീരണം, അതിനായി ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരണം, അവരെ ആകർഷിക്കാൻ കുറെയേറെ വഴിപാടുകൾ ഏർപ്പെടുത്തണം , ധാരാളം പണം വന്നു ചേരണം,  ആ പണം ഉപയോഗിച്ച് മരാമത്തുപണികൾ പലതും നടത്തണം...ഇതാണ് പലരുടെയും സ്വപ്നം...!

പണ്ട് കാലത്ത് സ്വന്തം വീട്ടിലെ പള്ളിയറയിലോ, വൃക്ഷലതാകീർണ്ണമായ കാവുകളിലോ ആരാധിച്ചു പോന്നിരുന്ന പരദേവത ഇപ്പോൾ ശില്പ ഗോപുരങ്ങളിലായി. കൂലിവേല ചെയ്യുന്നവരായിരുന്നാലും ജന്മിമാരായിരുന്നാലും സ്വന്തം വരുമാനത്തിൻ്റെ വിഹിതം പരദേവതയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്നു. അതു കൊണ്ടു തന്നെ പരദേവത തൃപ്തയായിരുന്നു. പൊതു ജനങ്ങളിൽ നിന്ന് പിരിവ് നടത്തിയിരുന്നില്ല.

കാവുകളിൽ നിത്യപൂജയോവെച്ചു നിവേദ്യമോ  ഉണ്ടായിരുന്നില്ല. കാവുകളിലെ നിഗൂഢത നിലനിർത്താൻ രാത്രികാലങ്ങളിലും മറ്റു ചില പ്രത്യേക അവസരങ്ങളിലും ആൾക്കാർ പ്രവേശിച്ചിരുന്നില്ല. അമ്പലങ്ങൾ ആരാധനയ്ക്ക് ഉള്ളതാണ് അടച്ചിടാനുള്ളതല്ല എന്ന ന്യായവുമായി  പുരോഗമനവാദികൾ ചമഞ്ഞ് ചിലർ രംഗത്തെത്തി.  കാവുകളിലെ സ്വാഭാവിക പ്രകൃതി നഷ്ടപ്പെട്ടു.  ശ്രീകോവിൽ, തിടപ്പള്ളി, നടപ്പന്തൽ, ഊട്ടുപുര, ഓഡിറ്റോറിയം, കോൺക്രീറ്റ് ശില്പകവാടങ്ങൾ എന്നിവയൊക്കെ പണിതുയർത്തി. അത് ഒരു കോൺക്രീറ്റ് സ്ട്രക്ചറാക്കി.

അതിൻ്റെ ഫലങ്ങളോ? അമ്പലത്തിൻ്റെ കൈകാര്യം ഊരാളന്മാരിൽ ഒതുങ്ങാതെയായി. ഭരണ സമിതി നിലവിൽ വന്നു. അതേ വരെ ദേവതയുടെ രക്ഷാധികാരിയായിരുന്ന ഊരാളൻ കൂലിവേലക്കാരനായി. കാവിലെ പൂജ പ്രതിഫലം നിശ്ചയിച്ചു കൊണ്ടായി. കാവിൻ്റെ നിയതമായ സമ്പ്രദായത്തിനും അനുഷ്ഠാനങ്ങൾക്കും ലോപം വന്നു. ദേവതയുടെ ശക്തി ക്ഷയിച്ചു, അമ്പലം കേവലം കാഴ്ചവസ്തുവായി .

ഇനിയെങ്കിലും ആർഭാട ഭ്രമത്തിൻ്റെ പേരിൽ സ്വന്തം കുലപരദേവതയെ മറ്റുള്ളവർക്ക് ഏല്പിച്ചു കൊടുക്കാതിരിക്കുക. അനാവശ്യമായ ആർഭാടങ്ങളും ജനത്തിരക്കും ഒഴിവാക്കി സമ്പ്രദായങ്ങളും അനുഷ്ഠാനങ്ങളും യഥാവിധി നടത്തിപ്പോരാൻ അവസരമൊരുക്കണം. അതിലൂടെ മാത്രമേ ദേവത പ്രസാദിക്കുകയുള്ളൂ... എന്ന് മനസ്സിലാക്കിയാൽ നന്ന്.


കടപ്പാട് : സുജ നായർ
  ആചാര്യത്രൈപുരം
💠🔹💠🔹💠

No comments: