December 02, 2020

ബുർജ് ഖ‌ലീഫകൾ

നമ്മുടെ രാജ്യത്തിലെ, പ്രതേകിച്ച് തമിഴകത്തിലെ  പ്രാചീന "ബുർജ് ഖ‌ലീഫകൾ" നമുക്ക് പരിചയപ്പെടാം. ഇന്ന്  ഉയർന്നില കെട്ടിടം പണിയുന്ന സ്ഥലത്ത് ആദ്യം ഒരു ജിബ്  ക്രെയി‌ൻ ആണ് പടുത്തുയർത്തുക. അതു പോലുള്ള മെഷീനൊന്നും തന്നെ ഇല്ലാത്ത കാലത്ത് കെട്ടി ഉയർത്തിയ അത്ഭുതങ്ങൾ ഏതാണെന്നൊക്കെ അറിയണ്ടേ!
രാജഗോപുരം

ആരേയും വിസ്മയിപ്പിക്കുന്ന ഗോപുരങ്ങൾ തമിഴ്നാട്ടിലെ മിക്കവാറും ക്ഷേത്രങ്ങളുടെയെല്ലാം പ്രത്യേകതയാണ്. ക്ഷേത്രങ്ങളിലേക്കുള്ള കവാടമായിട്ടാണ് ഗോപുരങ്ങൾ നിലകൊള്ളുന്നത്. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലിൽപോലും ഒരു ക്ഷേത്ര ഗോപുരത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്, ഗോപുരങ്ങൾക്ക് തമിഴ് ജനത നൽകുന്ന പ്രാധാന്യത്തിന് ഉദാഹരണമാണ്.

പല്ലവ രാജാക്കന്മാരുടെ കാലംമുതലാണ് ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇത്തരം ഗോപുരം പണിത് തുടങ്ങിയതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജാക്കൻമാരുടെ ഭരണകാലത്തോടെ ക്ഷേത്രഗോപുരങ്ങൾക്ക് വൻ പ്രാധാന്യമാണ് നൽകിയിരുന്നത്. ഇന്ന് 
കാണുന്ന വിസ്മയ ഗോപുരങ്ങളിൽ പലതും ഇക്കാലത്ത് നിർമ്മിച്ചതാണ്.
ഒരു ക്ഷേത്രത്തിൽ ഒന്നിലധികം ഗോപുരങ്ങൾ കാണാം. താഴെ നിന്ന് മുകളിലേക്ക് ഉയരും തോറും ഗോപുരത്തിന്റെ വിസ്തീർണം കുറഞ്ഞ് വരും. ഇതിനാൽ കൊടുങ്കാറ്റിൽ പോലും ഗോപുരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറില്ല. നിരവധി ശില്പ വേലകൾ നിറഞ്ഞ ഗോപുരങ്ങൾ കാഴ്ചയ്ക്ക് മനോഹരങ്ങളായിരിക്കും.

ഉയരത്തിൻ്റെ കാര്യത്തിൽ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഗോപുരമാണ് ഇന്ത്യയിൽ തന്നെ ഏറ്റവും വലുത് 243 അടി ഉയരത്തിലാണ് ഈ ഗോപുരം സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ മുരുഡേശ്വര ക്ഷേത്രത്തിൻ്റെ ഗോപുരമാണ് ഉയരത്തിൻ്റെ കാര്യത്തിൽ രണ്ടാമത്.  239 അടി ഉയരമാണ് 
ഈ ക്ഷേത്രത്തിന് ഉള്ളത്. ഉയരത്തിൻ്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നതും ആശ്ചര്യം ജനിപ്പിക്കുന്ന കൊത്തുപണികൾ നടത്തിയിട്ടുള്ളതുമായ, തമിഴ്നാട്ടിലെ വിസ്മയകരമായ എത്രയോ ക്ഷേത്ര ഗോപുരങ്ങൾ നമുക്ക് 
കാണാം.

തിരുച്ചിറപ്പള്ളിക്കടുത്തുള്ള ശ്രീരംഗത്താണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണു ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന 108 ദിവ്യദേശങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വിഷ്ണുവിനേയാണ് ശ്രീരംഗനാഥനായി ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. ദ്രാവീഡ-രീതിയിൽ നിർമ്മിച്ചിട്ടുള്ള ഇവിടുത്തെ ഗോപുരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരം. രാജഗോപുരം എന്നാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഗോപുരം അറിയപ്പെടുന്നത്. 237 അടിയാണ് ഇതിന്റെ ഉയരം. ഈ ക്ഷേത്ര സമുച്ഛയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര സമുച്ഛയങ്ങളിൽ ഒന്നാണ്. തിരുച്ചിറപ്പള്ളിയിൽ നിന്ന് എട്ട് കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
***


No comments: