പരിവര്ത്തനങ്ങള് ! സംഭവങ്ങള് ! നാട്ടില് നടക്കുന്ന ചിലതൊക്കെ ഇവിടെ പകര്ത്തട്ടെ !
July 14, 2007
ജഡം
'ശരീരദാനം മഹത്‌കര്‍മ്മം' ആണെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തി അതിനവരെ സന്നദ്ധരാക്കുന്ന ഒര് സംഘടന കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മരിച്ചാല്‍ തന്റെ മൃതദേഹം എന്തു ചെയ്യണമെന്ന് ഒര് വ്യക്തി ഒസ്യത്ത് മൂലം അറിയിക്കപ്പെടുന്നതാണ് ഇതിന്റെ രീതി. സ്ഥലത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒസ്യത്ത് രജിസ്റ്റര്‍ചെയ്തശേഷം ലാമിനേറ്റ്ചെയ്ത് നല്‍കുന്ന ഒസ്യത്ത് അവരവരുടെ വീടുകളില്‍ ആളുകള്‍ കാണും വിധം തൂക്കിയിടണമെന്നാണ് വ്യവസ്ഥ. ഒരാളുടെ ആഗ്രഹം പൂര്‍ത്തിയാക്കാനും മറ്റുള്ളവരെ ബോധവത്‌കരിക്കാനും കൂടിയാണിത്. ഇത്തരത്തില്‍ ഒരാള്‍ ചെയ്യുമ്പോള്‍ അയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ശരീരം ദാനംചെയ്യേണ്ട ഒന്നാണെന്ന തിരിച്ചറിവ് വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടാകും.
"എന്റെശരീരം മറ്റുള്ളവര്‍ക്ക് ഉപയുക്തമാക്കാന്‍ ശ്രമിക്കണം...എന്റെ ശരീരഭാഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണെങ്കില്‍ അതും വേണ്ടവര്‍ക്ക് നല്‍കണം..." "AWAKE" എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള ശരീരദാന ഒസ്യത്തിലെ വരികളാണിത്. ശരീരദാനം ചെയ്യാന്‍ ഒസ്യത്ത് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിയുടെ മരണ ശേഷം നിശ്ചിത സമയത്ത് ബന്ധപ്പെട്ട ആസ്പത്രി അധികൃതരെയോ ഡോക്ടറെയോ അറിയിച്ചാല്‍ മതി.
കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ജില്ലയില്‍ 65 പേര്‍ ശരീര ദാന ഒസ്യത്ത് രജിസ്റ്റര്‍ചെയ്തതായിട്ടാണ് അറിവ്.ശരീരദാനത്തിലൂടെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രമേണ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വിശ്വസിക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ ആചാരാനുഷ്ഠാനങ്ങളും ശേഷക്രിയകളും ചെയ്യരുതെന്ന ഒര് നിര്‍ദ്ദേശവും ഒസ്യത്തിലുണ്ട്.
July 09, 2007
ഇത് ഒരു പുതിയ അറിവല്ല
ലഹരി ചേര്‍ത്ത അരിഷ്ടം കേരളത്തിലെ ഒട്ടേറെ കടകളില്‍ പരസ്യമായി വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്. എക്സൈസ് അധികൃതരോ ആരോഗ്യ വകുപ്പധികൃതരോ നടപടിയെടുക്കുന്നില്ലായെന്ന പരാതിയും. പലചരക്ക് കടകളിലും ബേക്കറികളും കൂള്‍ബാറുകളിലും അരിഷ്ട വില്‍പന നിര്‍ബാധം നടക്കുന്നുണ്ടത്രെ. ഇത് കണ്ണൂരിലെക്കാര്യമാണ് ഞാന്‍ പറയുന്നത്.
രക്തവര്‍ധനയ്ക്കും വാതം, കടച്ചില്‍ എന്നിവ മാറാനും അത്യുത്തമം എന്ന അവകാശപ്പെടുന്ന ലേബലിലാണ് മൂന്നുതരം അരിഷ്ടങ്ങള്‍ മാര്‍കെറ്റ് ചെയ്യുന്നത്. വ്യത്യസ്ത പേരുകളിലുള്ള ഇവ കൂട്ടികലര്‍ത്തി കഴിച്ചാല്‍ പിന്നത്തെ കാര്യം പറയേണ്ടത്രെ ! വിലയോ 100 മില്ലിക്ക് 15 രൂപ മാത്രം. ബള്‍ക്ക് പര്‍ച്ചേസ് നടത്തിയാല്‍ ഹെവി ഡിസ്കൗണ്ട്. മറ്റു കാര്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള കടകളില്‍ അരിഷ്ട വില്‍പന നടക്കുന്നുതായാണ് അറിയുന്നത്. പാന്‍മസാലയ്ക്കും മറ്റും എതിരെ അധികൃതര്‍ രംഗത്തുവന്നത് കൊണ്ടാണൊ ഈ പുതിയ തന്ത്രം ?
July 07, 2007
മുദ്രാവാക്യം ഇങ്ങനേയും !
കുറച്ചു ദിവസം മുന്‍പ് 'മാതൃഭൂമി'യില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയും ജീവനക്കാരെയും "വെള്ളപുതപ്പിച്ചുകിടത്തുമെന്ന്" മുദ്രാവാക്യം വിളിച്ചതായി പത്രത്തില്‍ കണ്ടു. നമ്മള്‍ ഇത്രയും തരം താണു പോയല്ലോ എന്നാലോചിക്കുമ്പോള്‍ പഴയ വേറൊരു വേദനാജനകമായ മുദ്രാവാക്യമാണ് ഓര്‍മ്മ വരുന്നത്.
"കാലന്‍ വന്നു വിളിച്ചിട്ടും ഗോപാലനെന്തേ പോകാതേ ? " തൊള്ളായിരെത്തെഴുപതിലോ മറ്റോ കേട്ടതായാണ് ഓര്‍മ്മിക്കുന്നത്. അക്കാലത്ത് സുഖമില്ലാതെ കിടക്കുന്ന എ കെ ജിയെ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വിളി.
ഇത്തരം മുദ്രാവാക്യം ഇനിയെങ്കിലും വിളിക്കാതിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ഏതു രാഷ്ട്രീയക്കാരനായാലും കേരളത്തിന്റെ പുരോഗമനത്തിനും സല്‍ക്കീര്‍ത്തിക്കും തുരംഗം വെക്കാനേ ഇതു പൊലുള്ള കാര്യങ്ങളുതവുകയുള്ളൂ എന്ന് നാം എന്നാണ് മനസ്സിലാക്കുക?
July 04, 2007
മനുഷ്യത്വം വറ്റി വരണ്ട നമ്മുടെ നാട്
നിങ്ങളും വായിച്ചു കാണും ഈ വാര്‍ത്ത. കോട്ടയം എം.ആര്‍.എഫിലെ ജീവനക്കാരനായ, വടവാതൂരില്‍ വാടകയ്ക്ക് താമസിക്കുന്ന എം.കറുപ്പുസ്വാമിയുടെയും പാര്‍വ്വതിയുടെയും മകള്‍ ശിവകാമി എന്ന 14 വയസ്സ് പ്രയമുള്ള വിദ്യാര്ഥിനിയുടെ മൃതദേഹവുമായാണ് രക്ഷിതാക്കള്‍ നഗരസഭാ ശ്മശാനത്തിന് മുന്നില്‍ കാത്തുനിന്നത്. അധികൃതരുടെ അനുവാദത്തിനായി രക്ഷിതാക്കള്‍ക്ക് രണ്ടുമണിക്കൂരിലധികം കാത്തുനില്‍ക്കേണ്ടിവന്നു. വിശദാംശത്തിലേക്ക് കടക്കുന്നില്ല.
ഏകമകളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തോടൊപ്പം അധികൃതരുടെ 'പരീക്ഷണം'കൂടിയായപ്പോള്‍ ആ മതാപിതാക്കള്‍ എന്തുമാത്രം തളര്‍ന്നിരിക്കും ?
രാഷ്ട്രീയത്തില്‍ ഉത്ബോധരായ കേരള ജനത എന്നാണ് മനുഷ്യത്വം വീണ്ടെടുക്കുക ? മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു എന്നതില്‍ നമുക്കാശ്വാസം കണ്ടെത്താം.
July 03, 2007
ദരിദ്ര കേരളം
ഇന്നത്തെ പത്രത്തിലെ ഒരു വാര്‍ത്തയാണിത്. നിങ്ങളും വായിച്ചു കാണും.
ഭക്ഷണവും മരുന്നും ലഭിക്കാതെ പെരുമ്പാവൂരിലെ ഒര് വൃദ്ധന്‍ മരിച്ചു. കാര്യം അറിയാതെ, ബുദ്ധിമാന്ദ്യമുള്ള മകന്‍ ഒരാഴ്ചയോളം ഒപ്പം കഴിഞ്ഞു. ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോഴാണ് പുഴുവരിച്ച മൃതദേഹം കണ്ടത്. മകന്‍ അയ്യപ്പന്‍കുട്ടി അച്ഛനോടൊപ്പമായിരുന്നു താമസം. 56 വയസ്സുള്ള അയ്യപ്പന്‍കുട്ടി അച്ഛന്‍ മരിച്ച കാര്യം അറിഞ്ഞില്ല !
ദാരിദ്ര്യവും രോഗവുമാണ് വൃദ്ധന്റെ മരണകാരണമത്രെ. നാട്ടുകാര്‍ ഇടയ്ക്കൊക്കെ എത്തിച്ചിരുന്ന ആഹാരമാണ് ഇവര്‍ കഴിച്ചിരുന്നത്. അയ്യപ്പന്‍കുട്ടിക്കു തൊഴിലില്ല. പട്ടികവിഭാഗക്കാരായ ഇവര്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിച്ചിരുന്നില്ലെന്ന് പറയപ്പെടുന്നു.
അടുത്തുള്ളവരുടെ സഹായം ഇവര്‍ ആവശ്യപ്പെടാറില്ലായിരുന്നു. എന്തെങ്കിലും കൊണ്ടുചെന്നു കൊടുത്താല്‍ വാങ്ങാറുണ്ടായിരുന്നെന്നു മാത്രം.
ദിനം തോറും ഇതുപോലുള്ള എത്ര ദയനീയ വാര്‍ത്തകളാണ് നമ്മളുടെ കണ്മുന്നിലൂടെ മിന്നിമറയുന്നത്. രാഷ്ട്രീയത്തില്‍ ഉദ്ബോധരായ കേരള ജനത എന്നാണ് ദാരിദ്ര്യ മോചനം നേടുക ?
June 08, 2007
ഞങ്ങള്‍ക്കും അമ്പത് തികയുന്നു !
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവര്‍ണ്‍മന്റ് അമ്പത് കൊല്ലം പൂര്‍ത്തിയായത് ആഘോഷിക്കുന്ന ഈ അവസരത്തില്‍ മറ്റൊരു അദ്ധ്വാനിക്കുന്ന വിഭാഗം 'എന്നും പോലെ ഇന്നും' എന്ന നിലയില്‍ തങ്ങളുടെ സേവനം തുടരുന്നു.
കേരളത്തില്‍ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് തുടങ്ങിയിട്ട് വര്‍ഷം 50 പൂര്‍ത്തിയാവുന്നു. 1956 ലാണ് കേരളത്തില്‍ ആദ്യമായി ഓട്ടോറിക്ഷ സര്‍വ്വീസ് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഇറ്റലിയില്‍ നിന്നാണ് ആദ്യമായി ഇറക്കുമതിചെയ്തത്. ആ സൈക്കിള്‍ റിക്ഷക്ക് ബോഡിയുണ്ടായിരിന്നില്ല. മുന്നില്‍ ഗ്ലാസ് മാത്രമുണ്ടാകും. കട-കട ശബ്ദത്തോടെ ഓടുന്ന ഈ ശകടത്തിനെ ഓട്ടുന്നവന്റെയും യാത്ര ചെയ്യുന്നവരുടേയും വാരിയെല്ല് കിടന്നടിക്കുമായിരുന്നത്രെ. ഇന്നും താറിടാത റോഡില്‍ ഓട്ടുമ്പോള്‍ സ്ഥിതി ഇതു തന്നെ. 1960 -ലാണ് ലാംബ്രട്ട കമ്പനി വക നവീകരിച്ച ഓട്ടോറിക്ഷകള്‍ ഇറക്കാന്‍ തുടങ്ങിയത്. ഇന്ന് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ആയിരക്കണക്കാണ്.
ജനകീയ വാഹനമായ ഓട്ടോറിക്ഷ നിരത്തുകള്‍ കീഴടക്കി സര്‍വ്വീസ് തുടരുമ്പോഴും അത് ഓടിക്കുന്നവരുടെ ദൈന്യതകളും പരാതികളും വര്‍ദ്ധിക്കുകയാണ്. വൈകിയെത്തുന്ന യാത്രക്കാര്‍ക്കുവേണ്ടി പാതിരാത്രിയെന്നോ പുലര്‍ച്ചയെന്നോ ഭേദമില്ലാതെ റെയില്‍വെ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും കാത്തിരിക്കുന്ന ഓട്ടോക്കള്‍. ഇപ്പോള്‍ സ്കൂള്‍ തുറന്നു. രാവിലെയും വൈകിട്ടും മക്കളെ സ്കൂളിലും തിരിച്ച് വീട്ടിലും എത്തിക്കുന്ന ചുമതല കുറെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുണ്ട്. അടിയന്തരമായി രോഗികളെ ആസ്പത്രിയിലെത്തിക്കാനും ഇവരെപ്പോലെ സന്നദ്ധരാവുന്നവര്‍ വിരളമാണ്. എപ്പോഴും ഓടിയെത്താന്‍ തയ്യാറവുന്ന ഓട്ടോറിക്ഷകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണിന്ന്.
കേരളത്തിലെ മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അനുകൂല്യങ്ങളൊന്നും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് കിട്ടുന്നില്ലെന്നാണ് പറയപ്പെടുന്നത്. അതേ സമയം ദൂരവും ചാര്‍ജ്ജും തമ്മിലുള്ള അവ്യക്തതയും യാത്രാക്കാരും ഓട്ടോഡ്രൈവര്‍മാരുമായി വാക്കേറ്റത്തിനും പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്നതും ഒരു നഗ്നസത്യമായ് അവശേഷിക്കുന്നു.
June 04, 2007
അത് നാളെയാണ് !
പുകഞ്ഞുകത്തിക്കൊണ്ടിരിക്കുന്ന ലോക പരിസ്ഥിതിദിനം 5-ജൂണ്‍ മാസമാണ്. പ്രമുഖന്മാര്‍ പലരും ഒന്നോ രണ്ടോ മുരുക്കിന്‍ തൈയ്യോ മറ്റോ നട്ട് നാട്ടുകാരോട് സംരക്ഷിക്കാന്‍ പറഞ്ഞെന്നിരിക്കും. തമിഴ്‌നാട്ടില്‍ മുഖ്യന്റെ കഴിഞ വറ്ഷത്തെ 83ാമത്തെ ജന്മദിനത്തിന് അനുയായികള്‍ 83,00,000 (ലക്ഷം തന്നെയാണെന്നാ ഒര്‍ക്കുന്നത്) മരങ്ങള്‍ നട്ടുവെന്നാ കണക്ക്. ഇത്തവണ എണ്ണമൊന്നും അത്ര വ്യക്തമായി പറഞ്ഞു കേട്ടില്ല. ഒന്നോ രണ്ടോ പേരിന് വേണ്ടീ നടുന്നത് ടി വി യില്‍ കണ്ടു. ഹൈവേക്കു വേണ്ടി മുറിച്ചുമാറ്റിയ മരങ്ങളുടെ കണക്ക് ഇവിടെയാര്‍ക്കും അത്ര പ്രശ്നമല്ല.
അതിരാവിലെ ചെന്നയിലും പരിസരത്തും നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കൂട്ടിയിട്ട് കത്തിക്കുന്ന ചപ്പും ചവറും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെയും മറ്റും കാര്യം ആലോചിച്ചാല്‍ തല ചുറ്റും. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ഡയോസ്കിന്‍ 'വിഷപ്പുക' പടരുന്നു. ഇതിന് പുറമെ ചെന്നൈ നഗരവാസികള്‍ രാവും പകലും വ്യത്യാസമില്ലാതെ കൂവം നദിയിലെ വിഷപ്പുക ശ്വസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്രയായി? ആ പുഴക്കരികില്‍ തന്നെയാണ് ഭരണകൂടം സ്ഥിതി ചെയ്യുന്നത്.
ഈ സമയത്താണ് തമിഴ്‌നാട് മുഖ്യന്‍ എം എല്‍ എ പദവിയുടെ അമ്പതാം വര്‍ഷികവും, 84 ാം ജന്മദിനമൊക്കെ കേമമായിക്കൊണ്ടാടുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമാണെങ്കില്‍ സ്വര്‍ണ്ണനൂലില്‍ നെയ്തെടുത്ത 'സില്‍ക് ഷാള്‍' കൊണ്ട് മുഖ്യനെ 'പൊന്നാടയണിയിക്കാന്‍ നേരം ശരിയായിരിക്കുന്നു. വ്യക്തിയാരാധനയുടെ മൂര്‍ദ്ധന്യം!
പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുറത്തുവരുന്നത് വിഷവസ്തുവായ ഡയോക്സിനും (ടെട്രോക്ലോറം ഡൈബീന്‍സോ ഡയോക്സിന്‍) ഹൈഡ്രജന്‍ ക്ലോറൈഡും മറ്റുമാണ്. മിക്ക നഗരങ്ങളിലെയും സ്ഥിതിയും വ്യത്യസ്തമല്ല. ഡി.ഡി.ടിയെക്കാള്‍ രണ്ട് ലക്ഷം മടങ്ങ് വിഷാംശമുണ്ട് ഡയോക്സിന് എന്നാണ് വിദഗ്ദ ഭാഷ്യം. ഡയോക്സിന്‍ നേരിട്ടും മാംസാഹാരത്തിലൂടെയും പാല്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയിലൂടെയും മനഷ്യനിലെത്തും. കാന്‍സര്‍, ഞരമ്പുസംബന്ധമായ അസുഖങ്ങള്‍, പ്രത്യുല്‍പാദന വൈകല്യം തുടങ്ങിയവയ്ക്ക് ഡയോക്സിന്‍ കാരണമാകാറുണ്ട് എന്നൊക്കെ കേട്ട് കാതുകള്‍ മരവിച്ചു.
ചെന്നൈനഗരത്തിന്റെ അതിരുകള്‍ തെക്ക് ഗിണ്ടി മുതല്‍ വടക്ക് ടോള്‍ഗേറ്റ് വരെയും,കിഴക്ക് മെറീന മുതല്‍ പടിഞ്ഞാറ് ആണ്ണാനഗരം വരെയുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള 'കുപ്പ' കൂട്ടിയിട്ട് കത്തിക്കുന്നത് വടക്കു കൊടുങ്ങയൂരിലും തെക്ക് കുറേ ഭാഗം താമ്പരം 'കിഷ്കിന്ദ'ക്കടുത്തുമാണ്. പള്ളിക്കരനായ് പോലുള്ള ജലശ്രോതസ്സുകള്‍ വേറെയും ദുരുപയോഗപ്പെടുത്തുന്നുണ്ട്.
രാവിലെ കത്തിക്കുന്ന മാലിന്യങ്ങള്‍ കാലത്ത് ജോലിക്ക് പോകുന്നവരെ നല്ലപോലെ വിഷമിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് രാവിലെ നടക്കാനിറങ്ങുന്നവരും യാത്രക്കാരും സമീപവാസികളുമെല്ലാം ഈ വിഷപ്പുക ശ്വസിക്കുന്നു. എന്നിട്ടും...! ശീലിച്ചതല്ലേ പാലിക്കൂ?
March 21, 2007
എ കെ ജി - ഒര് അനുസ്മരണം (22 03 2007)
വ്യക്തമായ ആദര്‍ശലക്ഷ്യങ്ങളോടെ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച പ്രശസ്തനായ ഒരു വലിയ രാഷ്ട്രീയ നേതാവാണ് ശ്രീ എ കെ ഗോപാലന്‍. കര്‍ഷകപ്രസ്ഥാന വളര്‍ച്ചക്ക് വേണ്ടി എ കെ ജി അനുഷ്ഠിച്ചിട്ടുള്ള ത്യാഗം നിസ്തുലമാണ്.
കണ്ണൂര്‍ ജില്ലയിലെ മാവിലായി എന്ന സ്ഥലത്ത് ഒരു പ്രശസ്ത നായര്‍ കുടുമ്പത്തിലാണ് എ കെ ജി ജനിച്ചത്. ആയില്ലത്ത് കുറ്റ്യാരി ഗോപാലന്‍ നമ്പ്യാര്‍ എന്നാണ് മുഴുവന്‍ പേര്.
37 വയസ്സുവരെ കോണ്‍ഗ്രസ്സിലായിരുന്നു. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നെങ്കിലും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സോവിയറ്റ് വിരോധവും സ്വീകാര്യമല്ലാത്തതിനാല്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. മാര്‍ക്സിസ്റ്റ്-ലെനിസ്റ്റ് നയങ്ങളില്‍ നിന്നും വ്യതിചലിച്ചതിനാല്‍ കമ്മ്യൂണിസ്റ്റ്-ഡാങ്കേ ഗ്രൂപ്പില്‍നിന്നും വിട പറയേണ്ടതായി വന്നു.
അനീതിക്കും,അഴിമതിക്കും,ഭീഷണിക്കും,ഭീകരതക്കും എതിരെ പോരാടി 1947 ആഗസ്റ്റ് 15-ന് ഭാരതം സ്വതന്ത്രമായപ്പോളും കണ്ണൂര്‍ സെന്റ്രല്‍ ജയിലഴികള്‍ക്ക് പിന്നില്‍ കഴിയേണ്ടി വന്ന ഈ വിപ്ലവകാരിയുടെ ത്യാഗം ഇന്നത്തെ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഒരു മാര്‍ഗദര്‍ശ്ശനമാവുമാറാകട്ടെ.
March 05, 2007
പ്രതിഷേധം
Yahoo the Multinational,
( Note: ഈയ്യിടെ തുടങ്ങിയ യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് ചില പാചക-കുറിപ്പുകള്‍ കോപ്പിയടിച്ചിട്ടതായി കണ്ടു. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍ പോലും ഇത്രയും
നാളായിട്ട് യാഹൂ തയ്യാറായിട്ടില്ല എന്നാണറിവ്. മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണത്രേ. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍
പ്രത്യക്ഷപ്പെട്ടത് യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. ബ്ലോഗറ്മാരെ സംബന്ധിച്ചിടത്തോളം യാഹൂവാണ് ഉത്തരവാദികള്‍ എന്ന് ഉറച്ച് വിശ്വസിക്കുന്നു. യാഹൂ എന്ന വന്‍കിട കുത്തക കമ്പനിയുടെ ഇത്തരത്തിലുള്ള പണികള്‍ക്ക് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം
എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് യാഹൂക്കമ്പനി മാപ്പ് പറയേണ്ടത് ആവശ്യമാണ്.)
Links that justify my protest are given below:
http://viswaprabha.blogspot.com/2007/03/blog-post.html
http://kariveppila.blogspot.com/2007/03/blog-post.html
http://mallu-ungle.blogspot.com/2007/03/yahoos-copyright-infringement-on.html
http://devanspeaking.blogspot.com/2007/03/and-yahoo-counsels-us-to-respect.html
http://grahanam.blogspot.com/2007/03/blog-post.html
http://myinjimanga.blogspot.com/2007/02/yahoo-india-and-content-theft.html
http://myinjimanga.blogspot.com/2007/02/yahoo-plagiarizes-contents-and-blames.html
http://myinjimanga.blogspot.com/2007/02/bloggers-protest-event-against-yahoo.html
http://suryagayatri.blogspot.com/2007/03/my-protest-against-plagiarisation-of.html
http://copyrightviolations.blogspot.com/2007/03/it-is-little-amusing-amazing-and.html
http://chintyam.blogspot.com/2007/02/blog-post_28.html
http://cibu.blogspot.com/2007/03/blog-post.html
http://labnol.blogspot.com/2007/02/yahoo-india-rejects-web-plagiarism.html
http://copyrightviolations.blogspot.com/2007/02/march-5th-2007-blog-event-against.html
http://sankuchitham.blogspot.com/2007/03/blog-post.html
http://www.mathrubhumi.com/php/newsFrm.php?news_id=1210894&n_type=NE&category_id=3&Farc=
http://chendakkaran.blogspot.com/2007/03/blog-post_03.html
http://paivakil.blogspot.com/2007/02/blog-theft.html
It is learnt that Yahoo India had lifted contents from the postings of some blogger of Malayalam language, when it was first launched . It seems you are reluctant to own it's moral responsibility. It is also learnt that you seems to accuse Messrs. WebDunia, another company as they are the content provider for you. The contents were displayed on Yahoo domain
and not on Webdunia's Domain. This is blatant plagiarism.You own an unconditional apology to bloggers for this misdeed which is certainly unethical by any standard.
March 02, 2007
കോപ്പിറൈറ്റ് പ്രശ് നം-ഒരു വാര്‍ത്ത
കോപ്പിറൈറ്റ് പ്രശ് നം: യാഹൂവിനെതിരെ പ്രതിഷേധം ശക്തമാകുന്നു
(ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോറ്ട്ട്)
പകര്‍പ്പവകാശ നിയമം ലംഘിച്ച് സ്വതന്ത്ര ബ്ലോഗുകളില്‍ നിന്ന് ഉള്ളടക്കം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വന്‍കിട പോര്‍ട്ടലുകളിലൊന്നായ യാഹൂവിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ബ്ലോഗുകളില്‍ നിന്നും, പുഴ.കോമില്‍ നിന്നുമായി പത്തോളം കൃതികള്‍ എഴുത്തുകാരുടെയോ, പ്രസാധകരുടെയോ അറിവോടെയല്ലാതെ യാഹൂവിന്റെ മലയാളം പതിപ്പില്‍ പ്രസിദ്ധീകരിച്ചു എന്നതാണ് വിവാദത്തിനാധാരം. ബാധിക്കപ്പെട്ട ബ്ലോഗുകളുടെ ഉടമകളും എഴുത്തുകാരും ഇതിനെതിരെ മാര്‍ച്ച് 5 പ്രതിഷേധ ദിനമായി ആചരിക്കുകയാണ്.
സംഭവം നിയമപരമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ ഉള്ളടക്കങ്ങള്‍ തരുന്ന വെബ് ദുനിയ.കോം ആണ് പകര്‍പ്പാവകാശ ലംഘനത്തിന് കാരണക്കാരെന്നാണ് യാഹൂവിന്റെ നിലപാട്. ഇക്കാര്യം വെബ് ദുനിയ.കോം അധികൃതര്‍ സമ്മതിക്കുകയും സംഭവത്തില്‍ മാപ്പ് പറയുകയും ചെയ് തിട്ടുണ്ട്. എന്നാല്‍ വെബ് ദുനിയയുമായുള്ള ഇടപാട് യാഹൂവിന്റെ മാത്രം പ്രശ് നമാണെന്നും വിവാദ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം യാഹൂവിനാണെന്നുമാണ് ബ്ലോഗര്‍മാരുടെ നിലപാട്. സംഭവത്തില്‍ യാഹൂ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
February 28, 2007
അത്യാഹിതങ്ങള്‍
തമിഴ്‌നാട്ടിന്റെ കാര്യമാണേ!
2006 ാം വര്‍ഷം ജനുവരി 1-നും ഡിസമ്പര്‍ 31-നുമിടക്കുമയി നടന്ന വിപത്തിന്റെ എണ്ണം 55145. ഇത് 1993-ന് ശേഷമുള്ള എറ്റവും ഉയര്‍ന്ന സംഖ്യയാണ്.
64342 മനുഷ്യാത്മാക്കളാണ് റോഡില്‍ നടന്ന ഇത്രയും വിപത്തില്‍ പരുക്ക് പറ്റിയവര്‍!ഇതില്‍ വാഹനം ഓടിച്ചവരുടെ അശ്രദ്ധകൊണ്ടുണ്ടായതാണ് 51938 ആപത്ത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം എണ്ണം 11009. ഇതില്‍ 94.2 ശതമാനം പേര്‍ 9512 വിപത്തുകളിലായിട്ടാണ് മരണപ്പെട്ടത്. 2005 ല്‍ ഉണ്ടായ മരണത്തേക്കാള്‍ 1251 കൂടുതലാണിത്.
മേല്‍പറഞ്ഞ എണ്ണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറക്കാനും എന്തു ചെയ്യണം?മോശം റോഡ്, മോശം കാലാവസ്ഥ എന്നിവ കാരണം 884 വിപത്തുകള്‍ ഉണ്ടായെന്നാണ് ഔദ്യോധിക കണക്ക്.
റോഡ്‌നിയമങ്ങള്‍ പാലിക്കാതതും വലിയൊരു ഹേതുവാണ്. മോട്ടോര്‍ ബൈക്ക് ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ കാണിക്കുന്ന മടിയും ഹെഡ്‌ലൈറ്റ് നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതും കാരണങ്ങളുടെ പട്ടികയില്‍ കാണാം.സ്പീഡ് കൊണ്ടുള്ള ത്രില്ലും സെല്‍ഫോണ്‍ കൊണ്ടുള്ള തമാശയും ആപത്തിലേക്കു വഴി വകുക്കുന്നു.
വിപത്ത് സംഭവിച്ചതിന് തുടര്‍ന്നുള്ള ചികിത്സാസഹായം കിട്ടാന്‍ വൈകുന്നതും ജീവഹാനിക്കും അങ്കവൈകല്യം വരുത്തുന്നതിനും പ്രധാനമയ ഒരു കാരണമാകുന്നു.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നു പറയാമെങ്കിലും ചെന്നയിലുള്ള റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ എത്ര സൂക്ഷിച്ചാലും യതൊരു രക്ഷയുമില്ല. ഓട്ടോ, സര്‍ക്കാര്‍ ബസ്സ്, കുടിവെള്ളം മണല്‍ എന്നിവ കടത്തുന്ന ലോറികള്‍ ഇവക്കൊന്നും യാതൊരു നിയന്ത്രണവും ബാധകമല്ല. നടന്നുപോകുന്നവരുടെ കാര്യം അതിലും കഷ്ടം. അതുകൊണ്ടായിരിക്കണം റോഡരികില്‍ എവിടെയായാലും തടഞ്ഞു വീണുപോയാല്‍ നിങ്ങള്‍ കാണുക ഒരു മിനി അമ്പലമായിരിക്കും!
February 18, 2007
മുത്തങ്ങ - ഒര് അനുസ്മരണം
ദാരുണമായ 'മുത്തങ്ങ *സംഭവം' കഴിഞ്ഞ് ഇന്നേക്ക് നാല് വര്‍ഷം തികയുന്നു. കാലവര്‍ഷത്തില്‍ കബിനിപ്പുഴ കര കവിഞ്ഞൊഴുകുമ്പോള്‍ തല ചായ്ക്കാന്‍ ഒരിടം വേണം. ഒരു സെന്റോ, ഒന്നുമില്ലെങ്കില്‍ ആറടി മണ്ണോ ആയ്ക്കോട്ടേ. അതു കിട്ടുന്നതു വരെ പോരാടാന്‍ മുത്തങ്ങ ആദിവാസികള്‍ തയ്യാറായ്യിരുന്നു. ആ മനോനില ചൂഷനത്തിന് വഴിവകുത്തു.
സി.കെ.ജാനുവിന്റെ വാക്കുകള്‍ വിശ്വസിച്ച് നാലു കൊല്ലം മുമ്പ് ഭൂമി കയ്യേറ്റസമരത്തിന്‍ പിന്നില്‍ അണിനിരന്നവര്‍ക്ക് ഇന്ന് പറയാനുള്ളത് വെറും കണ്ണീരില്‍ കുതിര്‍ന്ന ജീവിത കഥയാണ്. സമരത്തിന്റെ തുടക്കത്തില്‍ നാട്ടുമക്കളോടൊപ്പം നിന്ന ഗോത്രമഹാസഭയും ജാനുവും പിന്നീട് ആദിവാസികള്‍ക്കു നേരേ തോക്ക് നീട്ടിയ അതേ രാഷ്ട്രീയത്തിന്റെ വ്ക്താക്കളുമായി ഹസ്തദാനം നടത്താനും മടികാട്ടിയിട്ടില്ല.മുത്തങ്ങയിലെ ഭൂമി കയ്യേറ്റ സമരം തികച്ചും ആസൂത്രിതമാണെന്ന് ആദിവാസികള്‍ക്കു പിന്നീടാണ് മനസ്സിലവുന്നത്.
ഇന്ന് അവര്‍ക്കാരേയും വിശ്വാസമില്ല. ജാനുവേയും ഗീതാനന്ദനേയും വിശ്വസിച്ച് സമരത്തിനു പോയി കയ്യും കാലും തകര്‍ന്ന് ജീവിക്കാന്‍ വക കണ്ടെത്താനാവാതെ കിടപ്പിലാണ് പലരും. സമരത്തില്‍ പങ്കെടുത്ത നിമിഷത്തെ ശപിച്ച് അവര്‍ മനമുരുകി കഴിയുന്നു. 2003 ഫെബ്രുവരി 19 ന് നടന്ന വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി മരിച്ചു. ഒരു കുടുംബം വഴിയാധാരമായി. പൊലീസിന് നഷ്ടമായത് വിനോദിനേയും. വിനോദും ഒരു പിന്നോക്ക സമുദായത്തില്‍ പെട്ട അംഗമാണ്. ആ കുടുംബവും തീരാദുഃഖത്തിലകപ്പെട്ടു.
സ്വാതന്ത്ര്യ സമരത്തിനു ശേഷം പൊലീസ് വെടിയേറ്റ് മരിക്കുന്ന ആദ്യത്തെ ആദിവാസിയാണ് ജോഗി. പഴശ്ശിരാജാവിനോടൊപ്പം നിന്നു ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പട നയിച്ച് വീരമൃത്യു വരിച്ച മറ്റ് മൂന്നു ആദിവാസികളായ എടച്ചേന കുങ്കന്‍, തലയ്ക്കല്‍ ചന്തു, കരിന്തണ്ടന്‍ എന്നിവരുടെ കൂടെ ജോഗിയെയും ഒരു രക്തസാക്ഷിയായിട്ടാണ് അവര്‍ കാണുന്നത്. മുത്തങ്ങ അനുസ്മരണ റാലിയും സമ്മേളനവും ജോഗി അനുസ്മരണവും നാടു മുഴുവനും നടത്തിക്കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത് വരും. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് ഇതു കോണ്ട് പ്രയോജനമുണ്ടാകുമോ?
************************************************************************
*മുത്തങ്ങ എന്നത് ഒരു ഔഷധപ്പുല്ലിന്റെ പേരാണ്. അതില്‍ നിന്നാവണം ഈ സ്ഥലത്തിന് മുത്തങ്ങ എന്ന പേര്‍ ലഭിച്ചത്.Cyperus hotundus-Nut grass എന്നാണ്‌ശാസ്ത്രീയ നാമം. ചാലിഗദ്ദ, മുട്ടന്‍കര, അഞ്ചാംവയല്‍ ഇവയൊക്കെ മുത്തങ്ങയില്‍ ഉള്‍പെട്ട സ്ഥലങ്ങളാണ്.
February 06, 2007
മെറീനാ-ക്കടലില്‍ ഒരു പായക്കപ്പല്‍
പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റിന്ത്യാ കമ്പനിക്കു വേണ്ടി സ്വീഡനില്‍ നിര്‍മ്മിച്ച കപ്പലാണ് 'ഗൊതെന്‍ബെര്‍ഗ്'. മൂന്നു തവണ ചൈനാ-ഇന്ത്യ കടല്‍ക്കര ഇത് തഴുകിയിട്ടുള്ളതായി ചരിത്രരേഖകളുണ്ട്. ചൈനയില്‍ നിന്ന് സില്‍ക്കും ഇന്ത്യയില്‍ നിന്ന് സ്പൈസും കയറ്റി പോകുമ്പോള്‍ സ്വീഡനടുത്ത് 1745-ല്‍ ഒരു ദുരന്തത്തില്‍ മുങ്ങിപ്പോയി. ആ മരക്കപ്പലില്‍ അന്ന് 700-ടണ്‍ ഭാരമുള്ള ചരക്കുകളുണ്ടായിരുന്നുവത്രേ. പഴയ ആ കപ്പലിന്റെ പ്രതിരൂപമാണ് ഇപ്പോള്‍ സന്ദര്‍ശനത്തിന്നായി ചെന്നയ്‌ക്കടല്‍ക്കരയില്‍ വന്നെത്തിയിട്ടുള്ളതായ 'ഗൊതെന്‍ബെര്‍ഗ്'. '
ടൈറ്റാനിക്' എന്ന പോലെ ഗൊതെന്‍ബെര്‍ഗ് കപ്പലിന്റെയും അവശിഷ്ടങ്ങള്‍ കടലടിയില്‍ കിടക്കുന്നുണ്ടായിരുന്നു. അത് കണ്ടെടുത്താണ് 'റെപ്ലിക്ക' നിര്‍മ്മിച്ചത്. 1995-ല്‍ ആരംഭിച്ച് 10 വര്‍ഷം കഷ്ടപ്പെട്ടാണത്രെ ഇതു പൂര്‍ത്തിയാക്കിയത്. 1,000 ഓക്ക് മരത്തടികളും, ചേര്‍ത്തു വെച്ചാല്‍ 50 കിലോമീറ്ററോളം നീളം വരുന്ന പൈന്‍ വൃക്ഷങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഈ കപ്പലിന്റെ നീളം 58.5-മീറ്ററും,വീതി 11-മീറ്ററും വരും.
50 അംഗങ്ങളുള്ള ഒര് സ്വീഡിഷ് വാണിഭ സംഘം 'ഗൊതെന്‍ബെര്‍ഗില്‍' യാത്ര ചെയ്യുന്നുണ്ട്. ഏറിക്സ്സണ്‍, സാബ്, ബി എ ഇ, സിസ്റ്റംസ്, വൈകിംഗ് ഷിപ്പിംഗ്, വോള്‍വൊ എന്നീ സ്വീഡിഷ് കമ്പനിയുടെ മുതലാളിമാരും കൂടാതെ സ്വീഡന്റെ ഉപപ്രധാന മന്ത്രിയും ടീമിലുണ്ട്.
ഇതിലെ സെയിലര്‍മാരില്‍ ഒരാള്‍ സമൂഹ്യ സേവികയും തമിഴ് നടിയുമായ ശ്രീമതി രേവതിയാണ്.
ജനുവരി 14-ന് സ്വീഡനിലെ ഗൊതെബൊര്‍ഗ് എന്ന തുറമുഖത്തില്‍നിന്നും പുറപ്പെട്ട ഇപ്പോഴത്തെ ഗൊതെന്‍ബെര്‍ഗ്-കപ്പല്‍, ഷാങ്ങ്‌ഹായ് വഴി സിംഗപൂരില്‍ വന്നു. അവിടെനിന്നാണ് ചെന്നയിലോട്ട് യാത്രയായത്. ഇന്ത്യന്‍ തുറമുഖങ്ങള്‍ 125-മത് വര്‍ഷം ആഘോഷിക്കുന്നതും ഈയവസരത്തിലാണ്.
ഗൊതെന്‍ബെര്‍ഗ് തിരിച്ചു പോകുന്നത് സൂയസ് കനാല്‍ വഴിയായിരിക്കും. പതിനെട്ടാം നൂറ്റാണ്ടില്‍ സൂയസ് കനാല്‍ ഗതാഗതയോഗ്യമായിരുന്നില്ല.
ടൈറ്റാനിക്' എന്ന പോലെ ഗൊതെന്‍ബെര്‍ഗ് കപ്പലിന്റെയും അവശിഷ്ടങ്ങള്‍ കടലടിയില്‍ കിടക്കുന്നുണ്ടായിരുന്നു. അത് കണ്ടെടുത്താണ് 'റെപ്ലിക്ക' നിര്‍മ്മിച്ചത്. 1995-ല്‍ ആരംഭിച്ച് 10 വര്‍ഷം കഷ്ടപ്പെട്ടാണത്രെ ഇതു പൂര്‍ത്തിയാക്കിയത്. 1,000 ഓക്ക് മരത്തടികളും, ചേര്‍ത്തു വെച്ചാല്‍ 50 കിലോമീറ്ററോളം നീളം വരുന്ന പൈന്‍ വൃക്ഷങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഈ കപ്പലിന്റെ നീളം 58.5-മീറ്ററും,വീതി 11-മീറ്ററും വരും.
50 അംഗങ്ങളുള്ള ഒര് സ്വീഡിഷ് വാണിഭ സംഘം 'ഗൊതെന്‍ബെര്‍ഗില്‍' യാത്ര ചെയ്യുന്നുണ്ട്. ഏറിക്സ്സണ്‍, സാബ്, ബി എ ഇ, സിസ്റ്റംസ്, വൈകിംഗ് ഷിപ്പിംഗ്, വോള്‍വൊ എന്നീ സ്വീഡിഷ് കമ്പനിയുടെ മുതലാളിമാരും കൂടാതെ സ്വീഡന്റെ ഉപപ്രധാന മന്ത്രിയും ടീമിലുണ്ട്.
ഇതിലെ സെയിലര്‍മാരില്‍ ഒരാള്‍ സമൂഹ്യ സേവികയും തമിഴ് നടിയുമായ ശ്രീമതി രേവതിയാണ്.
ജനുവരി 14-ന് സ്വീഡനിലെ ഗൊതെബൊര്‍ഗ് എന്ന തുറമുഖത്തില്‍നിന്നും പുറപ്പെട്ട ഇപ്പോഴത്തെ ഗൊതെന്‍ബെര്‍ഗ്-കപ്പല്‍, ഷാങ്ങ്‌ഹായ് വഴി സിംഗപൂരില്‍ വന്നു. അവിടെനിന്നാണ് ചെന്നയിലോട്ട് യാത്രയായത്. ഇന്ത്യന്‍ തുറമുഖങ്ങള്‍ 125-മത് വര്‍ഷം ആഘോഷിക്കുന്നതും ഈയവസരത്തിലാണ്.
ഗൊതെന്‍ബെര്‍ഗ് തിരിച്ചു പോകുന്നത് സൂയസ് കനാല്‍ വഴിയായിരിക്കും. പതിനെട്ടാം നൂറ്റാണ്ടില്‍ സൂയസ് കനാല്‍ ഗതാഗതയോഗ്യമായിരുന്നില്ല.
February 03, 2007
ദി ബിഗ് 'സി'
നാളെ ( ഫെബ്രുവരി 4-ന്) "ലോക അര്‍ബുദ ദിനം ".
"ഇന്നത്തെ കുട്ടികള്‍, നാളത്തെ ലോകം" എന്നതാണ് ഈ വര്‍ഷത്തെ കാമ്പെയ്‌ന്‍ വാക്യം. ഇത് മുഖ്യമായും നാല് പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടും. അവയിപ്രകാരമാണ് ഃ
1.പുകവലിയും പുകയില ഉപയോഗവും വരുത്തുന്ന വിന.
2.ഡയറ്റും വെയ്റ്റും തമ്മിലുള്ള മല്‍പിടിത്തം
3.കേന്‍സറുണ്ടാക്കാവുന്ന മറ്റ് സാംക്രമിക രോഗങ്ങള്‍.
4.അമിതമായി വെയില്‍ കൊള്ളുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍.
അല്‌പം കണക്കുകള്‍ഃ
കേന്‍സര്‍ മൂലം മരണം സംഭവിക്കുന്നതില്‍ 70% ആളുകള്‍ പാവങ്ങളും ഇടത്തര വരുമാനക്കാരായ ജനങ്ങളുള്ള രാജ്യങ്ങളിലാണ്. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്തതാണ് കാരണമെന്ന് പറയേണ്ടതില്ലല്ലോ.ചെന്നയിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോഴത്തെ അറിവ്.
പുകയില ഉപയോഗം നിമിത്തം ഉണ്ടാകുന്ന അര്‍ബുദം 15 ലക്ഷം പേരെ കൊല്ലുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
14 വയസ്സിനു താഴെയുള്ള കുട്ടികളില്‍ മരണമുണ്ടാക്കുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനവും ഈ വലിയ 'C' ക്കു തന്നെയാണുള്ളത്.
2015 ആകുമ്പോഴേക്കും ലോകത്തില്‍ 80 ലക്ഷം ആളുകളെ ഈ മാരക രോഗ വിപത്തില്‍ നിന്നും രക്ഷിക്കുക എന്ന സദുദ്ദേശത്തോടുകൂടിയാണ് രോഗനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.
January 23, 2007
ആസാദ് ഹിന്ദ് ഫൗജ്
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 111-മത്തെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ത്യാഗസ്മരണക്കായി നാലഞ്ചു വരികള്‍ എഴുതട്ടെ!
1941-ല്‍ജെര്‍മനിയില്‍ അദ്ദേഹം 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്ഥാപിച്ചു. 1941 നവമ്പര്‍ രണ്ടാം തീയ്യതി 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്വീകരിച്ച ചരിത്രപ്രധാനമായ നാലു തീരുമാനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്.
1. 'ജയ്‌ഹിന്ദ്' എന്ന പേരിലായിരിക്കും സല്യൂട്ട് ചെയ്യുക.
2. 'ജനഗണമന' ദേശീയഗാനമായിരിക്കും
3. 'ഹിന്ദുസ്ഥാനി' രാഷ്ട്രഭാഷയായിരിക്കും
4. സുഭാഷ് ചന്ദ്രബോസിനെ 'നേതാജി' എന്ന് സംബോധനം ചെയ്യും.
ഒര് സേനയുടെ ആവശ്യം മനസ്സിലാക്കിയ നേതാജി 1941 ഡിസംബര്‍ 25-നാണ് "ആസാദ് ഹിന്ദ് ഫൗജ് (INA)" സംഘടിപ്പിച്ചത്. വെറും 15 അംഗങ്ങളാണ് അപ്പോഴുണ്ടായിരുന്നത്. ജെര്‍മനിയുടെ സഹായത്തോടെ അതു പില്‍ക്കാലത്തു 3500-ല്‍ പരം സൈനികരുള്ള ഒരു വലിയ സൈന്യം തന്നെയായി മാറി. നേതാജിയുടെ അഭാവത്തില്‍ ജെര്‍മനിയില്‍ ഇതിന്റെ ചുമതല വഹിച്ചിരുന്നത് എ സി എന്‍ നമ്പ്യാരായിരുന്നു.
1943-ല്‍ നേതാജി ജെര്‍മനിയില്‍ നിന്നും ജപ്പാനിലേക്കു രഹസ്യമായി യാത്ര ചെയ്തു. ജാപ്പനുമായി സഹകരിച്ച് ഇന്ത്യയെ മോചിപ്പിക്കാമെന്ന പ്രത്യാശയോടെയായിരുന്നൂ പിന്നീടുള്ള നീക്കങ്ങള്‍.
ആ വീരയോദ്ധാവിന്റെ അന്ത്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും ജനങ്ങളുടെ മനസില്‍നിന്നും മറയുന്നില്ല.
ജയ്‌ഹിന്ദ്!
January 18, 2007
എം ജി ആർ !
രണ്ട് ദശാബ്ദങ്ങൾക്ക് മുന്പ് യശഃശ്ശരീരനായ എം ജി ആർ ഇന്നും തമിഴകത്തിലെ ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല! ഇന്നലെ എം ജി ആറുടെ 91-മത്തെ (2007ൽ) ജന്മദിനമായിരുന്നു. 'പൊങ്കൽ' ആഘോഷങ്ങളുടെ മൂന്നാമത്തെ ദിവസമായ 'കാണും പൊങ്കൽ' ദിനവും ഇന്നലേയായിരുന്നു. തമിഴ്നാട്ടിലെ പാമരജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു എം ജി ആർ. മെറീനാ കടൽക്കരയിലുള്ള എംജിയാറിന്റെ സമാധി ദർശ്ശിക്കാത്തവരാരും തന്നെ ഉണ്ടാവില്ല. എംജിയാർ കല്ലാര്റ മേലെ കാതുവെച്ച് എം ജി ആറിന്റെ റിസ്റ്റ് വാച്ചിന്റെ ടിക് ടിക് ശബ്ദം കേൾക്കാൻ ശ്രമിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്.
എംജിയാർ ഒരു 'മെഡിക്കൽ മിറാക്ക്ൾ' കൂടി ആയിരുന്നു. രണ്ടു മൂന്നു വര്ഷം സംസാരശേഷിയില്ലാത്തെതന്നെ ഭരണം നടത്തി. ഇത്രയും ജനപ്രീതി സമ്പാദിച്ച വേറൊരു മുഖ്യനെ തമിഴർ കണ്ടിട്ടില്ല. എംജിയാർ പാവപ്പെട്ട കുട്ടികൾക്കായി ഒരു നേരത്തെ ഉച്ചഭക്ഷണം സ്കൂളിൽ കൊടുക്കാൻ തീരുമാനിച്ചപ്പോൾ 'അസാദ്ധ്യമായ കാര്യം' എന്നു വിശേഷിപ്പിച്ചവരായിരുന്നു മിക്കവരും. പിന്നീടു അതിന്റെ വിജയം കണ്ട് അന്ധാളിച്ചു പോവുകയാണുണ്ടായത്. കുട്ടികൾക്ക് പഠിപ്പിനോട് താല്പര്യം കൂടുക മാത്രമല്ല അവരുടെ ആരോഗ്യം നന്നായി വരുന്നതായും കണ്ടതോടെ ഈ പരിപാടിക്കു ദേശീയ അംഗീകാരം ലഭിച്ചു. ഇതു പോലെ ചെറിയ തോതിലുള്ള പരിപാടികൾ രാജാജി, കാമരാജ് പോലുള്ള വലിയ നേതാക്കന്മാർ ഇതിനു മുന്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും സാമ്പത്തീകഭാരം കാരണം കാണിച്ച് ഉപേക്ഷിക്കുകയാണുണ്ടായത്. അന്ന് എം ജി ആറിന്റെ കേബിനറ്റ് സെക്രട്ടരിമാരും ഈ പരിപാടിയുണ്ടാക്കാവുന്ന സാമ്പത്തീക പ്രത്യാഘാതം പരാമർശ്ശിച്ചപ്പോൾ ചീഫ് സെക്രട്ടരി ആയിരുന്ന ടി വി ആന്റണിയോട് എംജിയാർ ചോദിച്ചത് ഇതാണ്. നിങ്ങളിലാരെങ്കിലും ഒരു ദിവസം ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പദ്ധതി നല്ലവിധത്തിൽ നടപ്പിലാക്കാനുള്ള മാർഗം മാത്രമായിരുന്നൂ പിന്നീടുണ്ടായ ചർച്ച. എംജിയാറിന്റെ സിനിമകൾ നല്ല നല്ല ഉപദേശങ്ങളും പാട്ടുകളും കൊണ്ട് സമൃദ്ധമാണ്.
"... കൊടുത്തതെല്ലാം കൊടുത്താം, യാരുക്കാഗ കൊടുത്താം,
ഒരുത്തരുക്കാ കൊടുത്താം ഇല്ലൈ ഊരുക്കാഗ കൊട്ത്താം..."
ഇങ്ങനെയ്യൊരു പാട്ട്. ഇത് ഡി എം കെ യില് നിന്നും പുറത്താക്കപ്പെട്ടപ്പോഴുള്ളതാണ്. പാര്ട്ടിയുടെ ട്രഷറര് എന്ന നിലയില് പാര്ട്ടി ഫണ്ടിന്റെ കണക്കു ചോദിച്ചതിനാണ് അന്നു മുഖ്യനായിരുന്ന തിരു. കരുണാനിധി എം ജി ആറെ 'ഡി എം കെ' യിൽ നിന്നും പുറത്താക്കിയത്. പാർട്ടിയുടെ പണം സ്വയം ആവശ്യങ്ങൾക്ക് ദുരുപയോഗപ്പെടുത്തുന്നതിനോട് വിയോജിച്ചതാണു കാരണം.
"...ഞാൻ ആണയിട്ടാൽ അതു നടന്തു വിട്ടാൽ
ഇങ്കൈ ഏഴൈകൾ കണ്ണീർപ്പെടമാട്ടാർ!"
ഇലക്ഷനിൽ ജയിച്ച് ഇവയെല്ലാം യഥാർത്ഥ ഭരണത്തിലും കടപിടിച്ച നേതാവും നടനുമാണ് എം ജി ആർ എന്നതിൽ സംശയമില്ല. 16 വർഷം മുഖ്യമന്ത്രിയായി തുടർന്നു. ഇന്ത്യാ ഗവണ്മന്റ് 'ഭാരതരത്ന' ബിരുദം നല്കി ബഹുമാനിച്ചു. പ്രാദേശിക കക്ഷിയുടെ നേതാവാണെങ്കിലും ഒരു യഥാർത്ഥ രാജ്യസ്നേഹിയും കേന്ദ്രസർക്കാർ സുശക്തമായിരിക്കണമെന്ന വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരുറ്റെ കൂട്ടത്തിലായിരുന്നു അദ്ദേഹം.
മരണാനന്തരം തന്റെ സ്വത്തെല്ലാം അംഗവൈകല്യമുള്ളവരുടെ വിദ്യാഭ്യാസനത്തിനായി സംഭാവന ചെയ്തു. 24 ഡിസംബർ 1998 നാണു എംജിയാർ ദിവംഗതനായത്. 14 വർഷം മുൻപ് ഇതേ ദിവസമാണു ദ്രാവിഡ പാർട്ടികളുടെ പരമാചാര്യനായ ഈ വി രാമസ്വാമി നായ്കരുടെ ചരമ ദിനവും എന്നത് അത്ഭുതകരം തന്നെ!January 16, 2007
തിരുവള്ളുവർ
2000 വർഷങ്ങൾക്ക് മുന്പ് തമിഴിൽ രചിച്ച എറ്റവും മഹത്തായ ഒരു ഗ്രന്ഥമാണു തിരുക്കുരൽ. ഭഗവത്ഗീതയെപ്പോലെ പ്രാധാന്യം അർഹിക്കുന്ന മഹത്തായ ശ്ലോക സമാഹാരമാണ് ഈ ഗ്രന്ഥം. തിരുക്കുരലിൽ പ്രതിപാദിക്കാത്ത ഒരു പ്രശ്നവും മനുഷ്യ ജീവിതത്തിലുണ്ടാകാൻ സാദ്ധ്യതയില്ല! ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സംഗതികൾ തന്റെ സ്വത സിദ്ധമായ ശുദ്ധമായ തമിഴിൽ ഈരടികളായി തിരുക്കുരലിലൂടെ വള്ളുവർ നമ്മെ ഉപദേശിക്കുന്നു. തമിഴ് ഭാഷയുടെ വളർച്ചക്ക് തിരുക്കുരലിന്റെ സംഭാവന മഹത്തായതാണ്. അറുപതിലധികം ഉലക ഭാഷകളിൽ ഈ മഹാ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
1330 ഈരടി ശ്ലോകങ്ങളാൽ സമൃദ്ധമായ ഈ ഗ്രന്ഥം മൂന്ന് ഭാഗമായി വിഭജിച്ചിരിക്കുന്നു.10 ശ്ലോകങ്ങളുള്ള 133 അദ്ധ്യായങ്ങളാണ് മൊത്തം. മനുഷ്യധർമ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാമത്തേത്.38 അദ്ധ്യായങ്ങളാണ് ഇതിനുള്ളത്.
'ധനം' ആണ് രണ്ടാമത്തേത്. സാമൂഹ്യ സാമ്പത്തീകമായ ഉപദേശങ്ങളടങ്ങിയ 70 അദ്ധ്യായങ്ങളാണിതിനുള്ളത്.
മൂന്നാമത്തേത് 'കാമം'. 25 അദ്ധ്യായങ്ങള്കൊണ്ട ഈ വിഭാഗം ജീവിതത്തിലെ മാനസീക-വികാരങ്ങള്ക്ക് വഴികാട്ടുന്നു. തിരുവള്ളുവരുടെ ഓർമ്മക്കായി ചെന്നയിൽ നുങ്കംബാക്കത്ത് ഒരു ഓഡിറ്റോറിയം ഉണ്ട്. 'വള്ളുവർ കോട്ടം' എന്നാണിതിന്റെ പേര്. അതുപോലെ കന്യാകുമാരിയിലും 133 അടി പൊക്കമുള്ള ഒരു കരിങ്കൽ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 133 അടി ഉയരം കൊടുത്തത് തിരുക്കുരലിലെ മുന്പറഞ്ഞ 133 അദ്ധ്യായങ്ങളെ ഉദ്ധേശിച്ചാണ്. അതിൽ 38 പടികളുള്ള തറയ്ക് മുകളിലാണ് വള്ളുവരുടെ ശില സ്ഥിതി ചെയ്യുന്നത്. ഈ 38 പടികൾ 'അറം' എന്ന ഒന്നാം ഭാഗത്തിലെ 38 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു.
2037 കൊല്ലങ്ങൾക്കു മുന്പാണ് അനശ്വരമായ തിരുക്കുരൽ രചയിതാവ് ജനിച്ചത്. ജന്മസ്ഥലം ഇപ്പോഴത്തെ ചെന്നയിലെ മയിലൈ (മെയിലാപൂർ) എന്നാണെന്റെ അറിവ്. തമിഴ് കലണ്ടർ വള്ളുവരുടെ ജീവിതകാലത്ത് തുടങ്ങിയതാണ്. ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ സമയോജിതമായി തിരുക്കുരൽ ഉദ്ദരിച്ചുകൊണ്ടാണ് പലപ്പോഴും പ്രസംഗിക്കുക. തമിഴ് നാടു സർക്കാർ ആഫീസുകളിലും ബസ്സുകളിലും കുരലിൽ നിന്നും അർത്ഥവത്തായ പല ഈരടികളും പകർത്തിയ ബോർഡുകൾ കാണാം. അതു പിൻപറ്റിയിരുന്നെങ്കിൽ പല പൊതു പ്രശ്നങ്ങളും ഒഴിവായിരുന്നിരിക്കും. അതോടെ തിരുക്കുരലിന്റെ മാഹാത്മ്യവും!
January 12, 2007
ദേശീയ യുവദിനം
ഇന്ന് ദേശീയ യുവദിനം.
ആധുനിക ഇന്ത്യയുടെ അദ്ധ്യാത്മികാചാര്യന്‍, നവോത്ഥാന നായകന്‍, ഭരതീയ സംസ്കാരം പശ്ചാത്യരെ പഠിപ്പിച്ച കര്‍മ്മയോഗി തുടങ്ങിയുള്ള വിശേഷങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ എന്നന്നേക്കുമായി കുടിയിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനം.
1863-ല്‍ജനിച്ചു. 1882-ല്‍ ശ്രീരാമകൃഷ്ണപരമഹംസന്റെ ശിഷ്യനായി. അതോടെ നരേന്ദ്രദത്ത വിവേകാനന്ദനായി മാറി. ഗുരു സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചു.
ഇന്ത്യ മുഴുവന്‍ കാല്‍നടയായി ചുറ്റി സഞ്ചരിച്ച് ജീവിതകഷ്ടപ്പാടുകള്‍ നേരില്‍ക്കണ്ടിട്ട് മതമല്ല ഇന്ത്യക്കു ഭക്ഷണമാണു് വേണ്ടതെന്നു പ്രഖ്യാപിച്ചു. അന്ധവിസ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു.
1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മതസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു നടത്തിയ പ്രസംഗം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു.
ദരിദ്രരുടെ ഉന്നമനത്തിലും വിദ്യാഭ്യാസത്തിലും ലക്ഷ്യം വെച്ചു 1897 ല്‍ ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചു. അതിന്റെ ഒരു ബ്രാഞ്ച് ചെന്നയിലുള്ള മൈലാപ്പൂരിലുമുണ്ട്. സുനാമി ദുരന്തത്തില്‍ കഷ്ടപെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളില്‍ വളരെയധികം സഹായിച്ച ഒരു സ്ഥാപനമാണിത്.
ചെന്നയില്‍ ദേശീയ യുവദിനത്തിന്റെ ഭാഗമായി മറീനാ കടല്‍ക്കരയിലുള്ള വിവേകാനന്ദര്‍ ഇല്ലത്തിലിരുന്ന് മൈലാപ്പൂരിലുള്ള വിവേകാനന്ദാ കോളെജ് വരെ 5000 സ്കൂള്‍ കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ജാഥ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.
വിവേകാനന്ദരുടെ തത്വങ്ങള്‍ കടപിടിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്തുള്ള ചെന്നയിലെ മറ്റൊരു സ്ഥപനമാണ് വിവേകാനന്ദാ എജുക്കേഷനല്‍ സൊസൈറ്റി. ഇതിന്റെ കീഴില്‍ ഇപ്പോള്‍ 17 സ്കൂളുകള്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടു്.
1902-ല്‍ സ്വാമി അന്തരിച്ചു.
Subscribe to:
Posts (Atom)