March 21, 2007

എ കെ ജി - ഒര്‌ അനുസ്മരണം (22 03 2007)

വ്യക്തമായ ആദര്‍ശലക്ഷ്യങ്ങളോടെ മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച പ്രശസ്തനായ ഒരു വലിയ രാഷ്ട്രീയ നേതാവാണ്‌ ശ്രീ എ കെ ഗോപാലന്‍. കര്‍ഷകപ്രസ്ഥാന വളര്‍ച്ചക്ക്‌ വേണ്ടി എ കെ ജി അനുഷ്ഠിച്ചിട്ടുള്ള ത്യാഗം നിസ്തുലമാണ്‌. കണ്ണൂര്‍ ജില്ലയിലെ മാവിലായി എന്ന സ്ഥലത്ത്‌ ഒരു പ്രശസ്ത നായര്‍ കുടുമ്പത്തിലാണ്‌ എ കെ ജി ജനിച്ചത്‌. ആയില്ലത്ത്‌ കുറ്റ്യാരി ഗോപാലന്‍ നമ്പ്യാര്‍ എന്നാണ്‌ മുഴുവന്‍ പേര്‌. 37 വയസ്സുവരെ കോണ്‍ഗ്രസ്സിലായിരുന്നു. പിന്നീട്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയില്‍ ചേര്‍ന്നെങ്കിലും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയും സോവിയറ്റ്‌ വിരോധവും സ്വീകാര്യമല്ലാത്തതിനാല്‍ പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ ചേര്‍ന്നു. മാര്‍ക്സിസ്റ്റ്‌-ലെനിസ്റ്റ്‌ നയങ്ങളില്‍ നിന്നും വ്യതിചലിച്ചതിനാല്‍ കമ്മ്യൂണിസ്റ്റ്‌-ഡാങ്കേ ഗ്രൂപ്പില്‍നിന്നും വിട പറയേണ്ടതായി വന്നു. അനീതിക്കും,അഴിമതിക്കും,ഭീഷണിക്കും,ഭീകരതക്കും എതിരെ പോരാടി 1947 ആഗസ്റ്റ്‌ 15-ന്‌ ഭാരതം സ്വതന്ത്രമായപ്പോളും കണ്ണൂര്‍ സെന്റ്രല്‍ ജയിലഴികള്‍ക്ക്‌ പിന്നില്‍ കഴിയേണ്ടി വന്ന ഈ വിപ്ലവകാരിയുടെ ത്യാഗം ഇന്നത്തെ രാഷ്ട്രീയ പാര്‍ടികള്‍ക്ക്‌ ഒരു മാര്‍ഗദര്‍ശ്ശനമാവുമാറാകട്ടെ.

March 05, 2007

പ്രതിഷേധം

Yahoo the Multinational,
It is learnt that Yahoo India had lifted contents from the postings of some blogger of Malayalam language, when it was first launched . It seems you are reluctant to own it's moral responsibility. It is also learnt that you seems to accuse Messrs. WebDunia, another company as they are the content provider for you. The contents were displayed on Yahoo domain and not on Webdunia's Domain. This is blatant plagiarism.You own an unconditional apology to bloggers for this misdeed which is certainly unethical by any standard.
( Note: ഈയ്യിടെ തുടങ്ങിയ യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് ചില പാചക-കുറിപ്പുകള്‍ കോപ്പിയടിച്ചിട്ടതായി കണ്ടു. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍ പോലും ഇത്രയും നാളായിട്ട് യാഹൂ തയ്യാറായിട്ടില്ല എന്നാണറിവ്. മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണത്രേ. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത് യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. ബ്ലോഗറ്മാരെ സംബന്ധിച്ചിടത്തോളം യാഹൂവാണ് ഉത്തരവാദികള്‍ എന്ന് ഉറച്ച് വിശ്വസിക്കുന്നു. യാഹൂ എന്ന വന്‍‌കിട കുത്തക കമ്പനിയുടെ ഇത്തരത്തിലുള്ള പണികള്‍ക്ക് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് യാഹൂക്കമ്പനി മാപ്പ് പറയേണ്ടത് ആവശ്യമാണ്.) Links that justify my protest are given below: http://viswaprabha.blogspot.com/2007/03/blog-post.html http://kariveppila.blogspot.com/2007/03/blog-post.html http://mallu-ungle.blogspot.com/2007/03/yahoos-copyright-infringement-on.html http://devanspeaking.blogspot.com/2007/03/and-yahoo-counsels-us-to-respect.html http://grahanam.blogspot.com/2007/03/blog-post.html http://myinjimanga.blogspot.com/2007/02/yahoo-india-and-content-theft.html http://myinjimanga.blogspot.com/2007/02/yahoo-plagiarizes-contents-and-blames.html http://myinjimanga.blogspot.com/2007/02/bloggers-protest-event-against-yahoo.html http://suryagayatri.blogspot.com/2007/03/my-protest-against-plagiarisation-of.html http://copyrightviolations.blogspot.com/2007/03/it-is-little-amusing-amazing-and.html http://chintyam.blogspot.com/2007/02/blog-post_28.html http://cibu.blogspot.com/2007/03/blog-post.html http://labnol.blogspot.com/2007/02/yahoo-india-rejects-web-plagiarism.html http://copyrightviolations.blogspot.com/2007/02/march-5th-2007-blog-event-against.html http://sankuchitham.blogspot.com/2007/03/blog-post.html http://www.mathrubhumi.com/php/newsFrm.php?news_id=1210894&n_type=NE&category_id=3&Farc= http://chendakkaran.blogspot.com/2007/03/blog-post_03.html http://paivakil.blogspot.com/2007/02/blog-theft.html

March 02, 2007

കോപ്പിറൈറ്റ്‌ പ്രശ്‌ നം-ഒരു വാര്‍ത്ത

കോപ്പിറൈറ്റ്‌ പ്രശ്‌ നം: യാഹൂവിനെതിരെ പ്രതിഷേധം ശക്തമാകുന്നു (ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോറ്ട്ട്) പകര്‍പ്പവകാശ നിയമം ലംഘിച്ച്‌ സ്വതന്ത്ര ബ്ലോഗുകളില്‍ നിന്ന്‌ ഉള്ളടക്കം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വന്‍കിട പോര്‍ട്ടലുകളിലൊന്നായ യാഹൂവിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ബ്ലോഗുകളില്‍ നിന്നും, പുഴ.കോമില്‍ നിന്നുമായി പത്തോളം കൃതികള്‍ എഴുത്തുകാരുടെയോ, പ്രസാധകരുടെയോ അറിവോടെയല്ലാതെ യാഹൂവിന്റെ മലയാളം പതിപ്പില്‍ പ്രസിദ്ധീകരിച്ചു എന്നതാണ്‌ വിവാദത്തിനാധാരം. ബാധിക്കപ്പെട്ട ബ്ലോഗുകളുടെ ഉടമകളും എഴുത്തുകാരും ഇതിനെതിരെ മാര്‍ച്ച്‌ 5 പ്രതിഷേധ ദിനമായി ആചരിക്കുകയാണ്‌. സംഭവം നിയമപരമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്‌. എന്നാല്‍, തങ്ങള്‍ക്ക്‌ കരാര്‍ വ്യവസ്ഥയില്‍ ഉള്ളടക്കങ്ങള്‍ തരുന്ന വെബ്‌ ദുനിയ.കോം ആണ്‌ പകര്‍പ്പാവകാശ ലംഘനത്തിന്‌ കാരണക്കാരെന്നാണ്‌ യാഹൂവിന്റെ നിലപാട്‌. ഇക്കാര്യം വെബ്‌ ദുനിയ.കോം അധികൃതര്‍ സമ്മതിക്കുകയും സംഭവത്തില്‍ മാപ്പ്‌ പറയുകയും ചെയ്‌ തിട്ടുണ്ട്‌. എന്നാല്‍ വെബ്‌ ദുനിയയുമായുള്ള ഇടപാട്‌ യാഹൂവിന്റെ മാത്രം പ്രശ്‌ നമാണെന്നും വിവാദ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം യാഹൂവിനാണെന്നുമാണ്‌ ബ്ലോഗര്‍മാരുടെ നിലപാട്‌. സംഭവത്തില്‍ യാഹൂ നിഷേധാത്മക നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

February 28, 2007

അത്യാഹിതങ്ങള്‍

തമിഴ്‌നാട്ടിന്റെ കാര്യമാണേ! 2006 ാ‍ം വര്‍ഷം ജനുവരി 1-നും ഡിസമ്പര്‍ 31-നുമിടക്കുമയി നടന്ന വിപത്തിന്റെ എണ്ണം 55145. ഇത്‌ 1993-ന്‌ ശേഷമുള്ള എറ്റവും ഉയര്‍ന്ന സംഖ്യയാണ്‌. 64342 മനുഷ്യാത്മാക്കളാണ്‌ റോഡില്‍ നടന്ന ഇത്രയും വിപത്തില്‍ പരുക്ക്‌ പറ്റിയവര്‍!ഇതില്‍ വാഹനം ഓടിച്ചവരുടെ അശ്രദ്ധകൊണ്ടുണ്ടായതാണ്‌ 51938 ആപത്ത്‌. ജീവന്‍ നഷ്ടപ്പെട്ടവരുടെ മൊത്തം എണ്ണം 11009. ഇതില്‍ 94.2 ശതമാനം പേര്‍ 9512 വിപത്തുകളിലായിട്ടാണ്‌ മരണപ്പെട്ടത്‌. 2005 ല്‍ ഉണ്ടായ മരണത്തേക്കാള്‍ 1251 കൂടുതലാണിത്‌. മേല്‍പറഞ്ഞ എണ്ണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറക്കാനും എന്തു ചെയ്യണം?മോശം റോഡ്‌, മോശം കാലാവസ്ഥ എന്നിവ കാരണം 884 വിപത്തുകള്‍ ഉണ്ടായെന്നാണ്‌ ഔദ്യോധിക കണക്ക്‌. റോഡ്‌നിയമങ്ങള്‍ പാലിക്കാതതും വലിയൊരു ഹേതുവാണ്‌. മോട്ടോര്‍ ബൈക്ക്‌ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കാന്‍ കാണിക്കുന്ന മടിയും ഹെഡ്‌ലൈറ്റ്‌ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതും കാരണങ്ങളുടെ പട്ടികയില്‍ കാണാം.സ്പീഡ്‌ കൊണ്ടുള്ള ത്രില്ലും സെല്‍ഫോണ്‍ കൊണ്ടുള്ള തമാശയും ആപത്തിലേക്കു വഴി വകുക്കുന്നു. വിപത്ത്‌ സംഭവിച്ചതിന്‌ തുടര്‍ന്നുള്ള ചികിത്സാസഹായം കിട്ടാന്‍ വൈകുന്നതും ജീവഹാനിക്കും അങ്കവൈകല്യം വരുത്തുന്നതിനും പ്രധാനമയ ഒരു കാരണമാകുന്നു. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നു പറയാമെങ്കിലും ചെന്നയിലുള്ള റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ എത്ര സൂക്ഷിച്ചാലും യതൊരു രക്ഷയുമില്ല. ഓട്ടോ, സര്‍ക്കാര്‍ ബസ്സ്‌, കുടിവെള്ളം മണല്‍ എന്നിവ കടത്തുന്ന ലോറികള്‍ ഇവക്കൊന്നും യാതൊരു നിയന്ത്രണവും ബാധകമല്ല. നടന്നുപോകുന്നവരുടെ കാര്യം അതിലും കഷ്ടം. അതുകൊണ്ടായിരിക്കണം റോഡരികില്‍ എവിടെയായാലും തടഞ്ഞു വീണുപോയാല്‍ നിങ്ങള്‍ കാണുക ഒരു മിനി അമ്പലമായിരിക്കും!

February 18, 2007

മുത്തങ്ങ - ഒര്‌ അനുസ്മരണം

ദാരുണമായ 'മുത്തങ്ങ *സംഭവം' കഴിഞ്ഞ്‌ ഇന്നേക്ക്‌ നാല്‌ വര്‍ഷം തികയുന്നു. കാലവര്‍ഷത്തില്‍ കബിനിപ്പുഴ കര കവിഞ്ഞൊഴുകുമ്പോള്‍ തല ചായ്ക്കാന്‍ ഒരിടം വേണം. ഒരു സെന്റോ, ഒന്നുമില്ലെങ്കില്‍ ആറടി മണ്ണോ ആയ്ക്കോട്ടേ. അതു കിട്ടുന്നതു വരെ പോരാടാന്‍ മുത്തങ്ങ ആദിവാസികള്‍ തയ്യാറായ്യിരുന്നു. ആ മനോനില ചൂഷനത്തിന്‌ വഴിവകുത്തു. സി.കെ.ജാനുവിന്റെ വാക്കുകള്‍ വിശ്വസിച്ച്‌ നാലു കൊല്ലം മുമ്പ്‌ ഭൂമി കയ്യേറ്റസമരത്തിന്‍ പിന്നില്‍ അണിനിരന്നവര്‍ക്ക്‌ ഇന്ന്‌ പറയാനുള്ളത്‌ വെറും കണ്ണീരില്‍ കുതിര്‍ന്ന ജീവിത കഥയാണ്‌. സമരത്തിന്റെ തുടക്കത്തില്‍ നാട്ടുമക്കളോടൊപ്പം നിന്ന ഗോത്രമഹാസഭയും ജാനുവും പിന്നീട്‌ ആദിവാസികള്‍ക്കു നേരേ തോക്ക്‌ നീട്ടിയ അതേ രാഷ്ട്രീയത്തിന്റെ വ്ക്താക്കളുമായി ഹസ്തദാനം നടത്താനും മടികാട്ടിയിട്ടില്ല.മുത്തങ്ങയിലെ ഭൂമി കയ്യേറ്റ സമരം തികച്ചും ആസൂത്രിതമാണെന്ന് ആദിവാസികള്‍ക്കു പിന്നീടാണ്‌ മനസ്സിലവുന്നത്‌. ഇന്ന് അവര്‍ക്കാരേയും വിശ്വാസമില്ല. ജാനുവേയും ഗീതാനന്ദനേയും വിശ്വസിച്ച്‌ സമരത്തിനു പോയി കയ്യും കാലും തകര്‍ന്ന് ജീവിക്കാന്‍ വക കണ്ടെത്താനാവാതെ കിടപ്പിലാണ്‌ പലരും. സമരത്തില്‍ പങ്കെടുത്ത നിമിഷത്തെ ശപിച്ച്‌ അവര്‍ മനമുരുകി കഴിയുന്നു. 2003 ഫെബ്രുവരി 19 ന്‌ നടന്ന വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി മരിച്ചു. ഒരു കുടുംബം വഴിയാധാരമായി. പൊലീസിന്‌ നഷ്ടമായത്‌ വിനോദിനേയും. വിനോദും ഒരു പിന്നോക്ക സമുദായത്തില്‍ പെട്ട അംഗമാണ്‌. ആ കുടുംബവും തീരാദുഃഖത്തിലകപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിനു ശേഷം പൊലീസ്‌ വെടിയേറ്റ്‌ മരിക്കുന്ന ആദ്യത്തെ ആദിവാസിയാണ്‌ ജോഗി. പഴശ്ശിരാജാവിനോടൊപ്പം നിന്നു ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പട നയിച്ച്‌ വീരമൃത്യു വരിച്ച മറ്റ്‌ മൂന്നു ആദിവാസികളായ എടച്ചേന കുങ്കന്‍, തലയ്ക്കല്‍ ചന്തു, കരിന്തണ്ടന്‍ എന്നിവരുടെ കൂടെ ജോഗിയെയും ഒരു രക്തസാക്ഷിയായിട്ടാണ്‌ അവര്‍ കാണുന്നത്‌. മുത്തങ്ങ അനുസ്മരണ റാലിയും സമ്മേളനവും ജോഗി അനുസ്മരണവും നാടു മുഴുവനും നടത്തിക്കൊണ്ട്‌ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്ത്‌ വരും. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക്‌ ഇതു കോണ്ട്‌ പ്രയോജനമുണ്ടാകുമോ? ************************************************************************ *മുത്തങ്ങ എന്നത്‌ ഒരു ഔഷധപ്പുല്ലിന്റെ പേരാണ്‌. അതില്‍ നിന്നാവണം ഈ സ്ഥലത്തിന്‌ മുത്തങ്ങ എന്ന പേര്‍ ലഭിച്ചത്‌.Cyperus hotundus-Nut grass എന്നാണ്‌ശാസ്ത്രീയ നാമം. ചാലിഗദ്ദ, മുട്ടന്‍കര, അഞ്ചാംവയല്‍ ഇവയൊക്കെ മുത്തങ്ങയില്‍ ഉള്‍പെട്ട സ്ഥലങ്ങളാണ്‌.

February 06, 2007

മെറീനാ-ക്കടലില്‍ ഒരു പായക്കപ്പല്‍

പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റിന്ത്യാ കമ്പനിക്കു വേണ്ടി സ്വീഡനില്‍ നിര്‍മ്മിച്ച കപ്പലാണ്‌ 'ഗൊതെന്‍ബെര്‍ഗ്‌'. മൂന്നു തവണ ചൈനാ-ഇന്ത്യ കടല്‍ക്കര ഇത്‌ തഴുകിയിട്ടുള്ളതായി ചരിത്രരേഖകളുണ്ട്‌. ചൈനയില്‍ നിന്ന് സില്‍ക്കും ഇന്ത്യയില്‍ നിന്ന് സ്പൈസും കയറ്റി പോകുമ്പോള്‍ സ്വീഡനടുത്ത്‌ 1745-ല്‍ ഒരു ദുരന്തത്തില്‍ മുങ്ങിപ്പോയി. ആ മരക്കപ്പലില്‍ അന്ന് 700-ടണ്‍ ഭാരമുള്ള ചരക്കുകളുണ്ടായിരുന്നുവത്രേ. പഴയ ആ കപ്പലിന്റെ പ്രതിരൂപമാണ്‌ ഇപ്പോള്‍ സന്ദര്‍ശനത്തിന്നായി ചെന്നയ്‌ക്കടല്‍ക്കരയില്‍ വന്നെത്തിയിട്ടുള്ളതായ 'ഗൊതെന്‍ബെര്‍ഗ്‌'. '

ടൈറ്റാനിക്‌' എന്ന പോലെ ഗൊതെന്‍ബെര്‍ഗ്‌ കപ്പലിന്റെയും അവശിഷ്ടങ്ങള്‍ കടലടിയില്‍ കിടക്കുന്നുണ്ടായിരുന്നു. അത്‌ കണ്ടെടുത്താണ്‌ 'റെപ്ലിക്ക' നിര്‍മ്മിച്ചത്‌. 1995-ല്‍ ആരംഭിച്ച്‌ 10 വര്‍ഷം കഷ്ടപ്പെട്ടാണത്രെ ഇതു പൂര്‍ത്തിയാക്കിയത്‌. 1,000 ഓക്ക്‌ മരത്തടികളും, ചേര്‍ത്തു വെച്ചാല്‍ 50 കിലോമീറ്ററോളം നീളം വരുന്ന പൈന്‍ വൃക്ഷങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ എന്ന് അവകാശപ്പെടുന്ന ഈ കപ്പലിന്റെ നീളം 58.5-മീറ്ററും,വീതി 11-മീറ്ററും വരും.

50 അംഗങ്ങളുള്ള ഒര്‌ സ്വീഡിഷ്‌ വാണിഭ സംഘം 'ഗൊതെന്‍ബെര്‍ഗില്‍' യാത്ര ചെയ്യുന്നുണ്ട്‌. ഏറിക്സ്സണ്‍, സാബ്‌, ബി എ ഇ, സിസ്റ്റംസ്‌, വൈകിംഗ്‌ ഷിപ്പിംഗ്‌, വോള്‍വൊ എന്നീ സ്വീഡിഷ്‌ കമ്പനിയുടെ മുതലാളിമാരും കൂടാതെ സ്വീഡന്റെ ഉപപ്രധാന മന്ത്രിയും ടീമിലുണ്ട്‌.

ഇതിലെ സെയിലര്‍മാരില്‍ ഒരാള്‍ സമൂഹ്യ സേവികയും തമിഴ്‌ നടിയുമായ ശ്രീമതി രേവതിയാണ്‌.

ജനുവരി 14-ന്‌ സ്വീഡനിലെ ഗൊതെബൊര്‍ഗ്‌ എന്ന തുറമുഖത്തില്‍നിന്നും പുറപ്പെട്ട ഇപ്പോഴത്തെ ഗൊതെന്‍ബെര്‍ഗ്‌-കപ്പല്‍, ഷാങ്ങ്‌ഹായ്‌ വഴി സിംഗപൂരില്‍ വന്നു. അവിടെനിന്നാണ്‌ ചെന്നയിലോട്ട്‌ യാത്രയായത്‌. ഇന്ത്യന്‍ തുറമുഖങ്ങള്‍ 125-മത്‌ വര്‍ഷം ആഘോഷിക്കുന്നതും ഈയവസരത്തിലാണ്‌.

ഗൊതെന്‍ബെര്‍ഗ്‌ തിരിച്ചു പോകുന്നത്‌ സൂയസ്‌ കനാല്‍ വഴിയായിരിക്കും. പതിനെട്ടാം നൂറ്റാണ്ടില്‍ സൂയസ്‌ കനാല്‍ ഗതാഗതയോഗ്യമായിരുന്നില്ല.

February 03, 2007

ദി ബിഗ്‌ 'സി'

നാളെ ( ഫെബ്രുവരി 4-ന്‌) "ലോക അര്‍ബുദ ദിനം ". "ഇന്നത്തെ കുട്ടികള്‍, നാളത്തെ ലോകം" എന്നതാണ്‌ ഈ വര്‍ഷത്തെ കാമ്പെയ്‌ന്‍ വാക്യം. ഇത്‌ മുഖ്യമായും നാല്‌ പ്രശ്നങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടും. അവയിപ്രകാരമാണ്‌ ഃ 1.പുകവലിയും പുകയില ഉപയോഗവും വരുത്തുന്ന വിന. 2.ഡയറ്റും വെയ്റ്റും തമ്മിലുള്ള മല്‍പിടിത്തം 3.കേന്‍സറുണ്ടാക്കാവുന്ന മറ്റ്‌ സാംക്രമിക രോഗങ്ങള്‍. 4.അമിതമായി വെയില്‍ കൊള്ളുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍. അല്‌പം കണക്കുകള്‍ഃ കേന്‍സര്‍ മൂലം മരണം സംഭവിക്കുന്നതില്‍ 70% ആളുകള്‍ പാവങ്ങളും ഇടത്തര വരുമാനക്കാരായ ജനങ്ങളുള്ള രാജ്യങ്ങളിലാണ്‌. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്തതാണ്‌ കാരണമെന്ന് പറയേണ്ടതില്ലല്ലോ.ചെന്നയിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ്‌ ഇപ്പോഴത്തെ അറിവ്‌. പുകയില ഉപയോഗം നിമിത്തം ഉണ്ടാകുന്ന അര്‍ബുദം 15 ലക്ഷം പേരെ കൊല്ലുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടികളില്‍ മരണമുണ്ടാക്കുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനവും ഈ വലിയ 'C' ക്കു തന്നെയാണുള്ളത്‌. 2015 ആകുമ്പോഴേക്കും ലോകത്തില്‍ 80 ലക്ഷം ആളുകളെ ഈ മാരക രോഗ വിപത്തില്‍ നിന്നും രക്ഷിക്കുക എന്ന സദുദ്ദേശത്തോടുകൂടിയാണ്‌ രോഗനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്‌.

January 23, 2007

ആസാദ്‌ ഹിന്ദ്‌ ഫൗജ്‌

നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ 111-മത്തെ ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ത്യാഗസ്മരണക്കായി നാലഞ്ചു വരികള്‍ എഴുതട്ടെ! 1941-ല്‍ജെര്‍മനിയില്‍ അദ്ദേഹം 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്ഥാപിച്ചു. 1941 നവമ്പര്‍ രണ്ടാം തീയ്യതി 'ഫ്രീ ഇന്ത്യാ സെന്റര്‍' സ്വീകരിച്ച ചരിത്രപ്രധാനമായ നാലു തീരുമാനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്‌. 1. 'ജയ്‌ഹിന്ദ്‌' എന്ന പേരിലായിരിക്കും സല്യൂട്ട്‌ ചെയ്യുക. 2. 'ജനഗണമന' ദേശീയഗാനമായിരിക്കും 3. 'ഹിന്ദുസ്ഥാനി' രാഷ്ട്രഭാഷയായിരിക്കും 4. സുഭാഷ്‌ ചന്ദ്രബോസിനെ 'നേതാജി' എന്ന് സംബോധനം ചെയ്യും. ഒര്‌ സേനയുടെ ആവശ്യം മനസ്സിലാക്കിയ നേതാജി 1941 ഡിസംബര്‍ 25-നാണ്‌ "ആസാദ്‌ ഹിന്ദ്‌ ഫൗജ്‌ (INA)" സംഘടിപ്പിച്ചത്‌. വെറും 15 അംഗങ്ങളാണ്‌ അപ്പോഴുണ്ടായിരുന്നത്‌. ജെര്‍മനിയുടെ സഹായത്തോടെ അതു പില്‍ക്കാലത്തു 3500-ല്‍ പരം സൈനികരുള്ള ഒരു വലിയ സൈന്യം തന്നെയായി മാറി. നേതാജിയുടെ അഭാവത്തില്‍ ജെര്‍മനിയില്‍ ഇതിന്റെ ചുമതല വഹിച്ചിരുന്നത്‌ എ സി എന്‍ നമ്പ്യാരായിരുന്നു. 1943-ല്‍ നേതാജി ജെര്‍മനിയില്‍ നിന്നും ജപ്പാനിലേക്കു രഹസ്യമായി യാത്ര ചെയ്തു. ജാപ്പനുമായി സഹകരിച്ച്‌ ഇന്ത്യയെ മോചിപ്പിക്കാമെന്ന പ്രത്യാശയോടെയായിരുന്നൂ പിന്നീടുള്ള നീക്കങ്ങള്‍. ആ വീരയോദ്ധാവിന്റെ അന്ത്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും ജനങ്ങളുടെ മനസില്‍നിന്നും മറയുന്നില്ല. ജയ്‌ഹിന്ദ്‌!

January 18, 2007

എം ജി ആർ !

രണ്ട് ദശാബ്ദങ്ങൾക്ക് മുന്പ് യശഃശ്ശരീരനായ എം ജി ആർ ഇന്നും തമിഴകത്തിലെ ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല! ഇന്നലെ എം ജി ആറുടെ 91-മത്തെ (2007ൽ) ജന്മദിനമായിരുന്നു. 'പൊങ്കൽ' ആഘോഷങ്ങളുടെ മൂന്നാമത്തെ ദിവസമായ 'കാണും പൊങ്കൽ' ദിനവും ഇന്നലേയായിരുന്നു. തമിഴ്നാട്ടിലെ പാമരജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു എം ജി ആർ. മെറീനാ കടൽക്കരയിലുള്ള എംജിയാറിന്റെ സമാധി ദർശ്ശിക്കാത്തവരാരും തന്നെ ഉണ്ടാവില്ല. എംജിയാർ കല്ലാര്റ മേലെ കാതുവെച്ച് എം ജി ആറിന്റെ റിസ്റ്റ് വാച്ചിന്റെ ടിക് ടിക് ശബ്ദം കേൾക്കാൻ ശ്രമിക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ട്. 
എംജിയാർ ഒരു 'മെഡിക്കൽ മിറാക്ക്ൾ' കൂടി ആയിരുന്നു. രണ്ടു മൂന്നു വര്ഷം സംസാരശേഷിയില്ലാത്തെതന്നെ ഭരണം നടത്തി.  ഇത്രയും ജനപ്രീതി സമ്പാദിച്ച വേറൊരു മുഖ്യനെ തമിഴർ കണ്ടിട്ടില്ല. എംജിയാർ പാവപ്പെട്ട കുട്ടികൾക്കായി ഒരു നേരത്തെ ഉച്ചഭക്ഷണം സ്കൂളിൽ കൊടുക്കാൻ തീരുമാനിച്ചപ്പോൾ 'അസാദ്ധ്യമായ കാര്യം' എന്നു വിശേഷിപ്പിച്ചവരായിരുന്നു മിക്കവരും. പിന്നീടു അതിന്റെ വിജയം കണ്ട് അന്ധാളിച്ചു പോവുകയാണുണ്ടായത്. കുട്ടികൾക്ക് പഠിപ്പിനോട് താല്പര്യം കൂടുക മാത്രമല്ല അവരുടെ ആരോഗ്യം നന്നായി വരുന്നതായും കണ്ടതോടെ ഈ പരിപാടിക്കു ദേശീയ അംഗീകാരം ലഭിച്ചു. ഇതു പോലെ ചെറിയ തോതിലുള്ള പരിപാടികൾ രാജാജി, കാമരാജ് പോലുള്ള വലിയ നേതാക്കന്മാർ ഇതിനു മുന്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും സാമ്പത്തീകഭാരം കാരണം കാണിച്ച് ഉപേക്ഷിക്കുകയാണുണ്ടായത്. അന്ന് എം ജി ആറിന്റെ കേബിനറ്റ് സെക്രട്ടരിമാരും ഈ പരിപാടിയുണ്ടാക്കാവുന്ന സാമ്പത്തീക പ്രത്യാഘാതം പരാമർശ്ശിച്ചപ്പോൾ  ചീഫ് സെക്രട്ടരി ആയിരുന്ന ടി വി ആന്റണിയോട് എംജിയാർ ചോദിച്ചത് ഇതാണ്. നിങ്ങളിലാരെങ്കിലും ഒരു ദിവസം ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? ആർക്കും  ഒന്നും പറയാനുണ്ടായിരുന്നില്ല. പദ്ധതി നല്ലവിധത്തിൽ നടപ്പിലാക്കാനുള്ള മാർഗം മാത്രമായിരുന്നൂ പിന്നീടുണ്ടായ ചർച്ച. എംജിയാറിന്റെ സിനിമകൾ നല്ല നല്ല ഉപദേശങ്ങളും പാട്ടുകളും കൊണ്ട് സമൃദ്ധമാണ്. 
"... കൊടുത്തതെല്ലാം കൊടുത്താം, യാരുക്കാഗ കൊടുത്താം, 
ഒരുത്തരുക്കാ കൊടുത്താം ഇല്ലൈ ഊരുക്കാഗ കൊട്ത്താം..." 
ഇങ്ങനെയ്യൊരു പാട്ട്. ഇത് ഡി എം കെ യില് നിന്നും പുറത്താക്കപ്പെട്ടപ്പോഴുള്ളതാണ്. പാര്ട്ടിയുടെ ട്രഷറര് എന്ന നിലയില് പാര്ട്ടി ഫണ്ടിന്റെ കണക്കു ചോദിച്ചതിനാണ് അന്നു മുഖ്യനായിരുന്ന തിരു. കരുണാനിധി എം ജി ആറെ 'ഡി എം കെ' യിൽ നിന്നും പുറത്താക്കിയത്.  പാർട്ടിയുടെ പണം സ്വയം ആവശ്യങ്ങൾക്ക് ദുരുപയോഗപ്പെടുത്തുന്നതിനോട് വിയോജിച്ചതാണു കാരണം.
"...ഞാൻ ആണയിട്ടാൽ അതു നടന്തു വിട്ടാൽ
ഇങ്കൈ ഏഴൈകൾ കണ്ണീർപ്പെടമാട്ടാർ!"  
ഇലക്ഷനിൽ ജയിച്ച് ഇവയെല്ലാം യഥാർത്ഥ ഭരണത്തിലും കടപിടിച്ച നേതാവും നടനുമാണ് എം ജി ആർ എന്നതിൽ സംശയമില്ല. 16 വർഷം മുഖ്യമന്ത്രിയായി തുടർന്നു. ഇന്ത്യാ ഗവണ്മന്റ് 'ഭാരതരത്ന' ബിരുദം നല്കി ബഹുമാനിച്ചു. പ്രാദേശിക കക്ഷിയുടെ നേതാവാണെങ്കിലും ഒരു യഥാർത്ഥ രാജ്യസ്നേഹിയും കേന്ദ്രസർക്കാർ സുശക്തമായിരിക്കണമെന്ന വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരുറ്റെ കൂട്ടത്തിലായിരുന്നു അദ്ദേഹം.
മരണാനന്തരം തന്റെ സ്വത്തെല്ലാം അംഗവൈകല്യമുള്ളവരുടെ വിദ്യാഭ്യാസനത്തിനായി സംഭാവന ചെയ്തു. 24 ഡിസംബർ 1998 നാണു എംജിയാർ ദിവംഗതനായത്. 14 വർഷം മുൻപ് ഇതേ ദിവസമാണു ദ്രാവിഡ പാർട്ടികളുടെ പരമാചാര്യനായ ഈ വി രാമസ്വാമി നായ്കരുടെ ചരമ ദിനവും എന്നത് അത്ഭുതകരം തന്നെ!

January 16, 2007

തിരുവള്ളുവർ


2000 വർഷങ്ങൾക്ക് മുന്പ് തമിഴിൽ രചിച്ച എറ്റവും മഹത്തായ ഒരു ഗ്രന്ഥമാണു തിരുക്കുരൽ. ഭഗവത്ഗീതയെപ്പോലെ പ്രാധാന്യം  അർഹിക്കുന്ന മഹത്തായ ശ്ലോക സമാഹാരമാണ് ഈ ഗ്രന്ഥം. തിരുക്കുരലിൽ പ്രതിപാദിക്കാത്ത ഒരു പ്രശ്നവും മനുഷ്യ ജീവിതത്തിലുണ്ടാകാൻ സാദ്ധ്യതയില്ല! ഒരു മനുഷ്യൻ അറിഞ്ഞിരിക്കേണ്ട സംഗതികൾ തന്റെ സ്വത സിദ്ധമായ ശുദ്ധമായ തമിഴിൽ ഈരടികളായി തിരുക്കുരലിലൂടെ വള്ളുവർ നമ്മെ ഉപദേശിക്കുന്നു. തമിഴ് ഭാഷയുടെ വളർച്ചക്ക് തിരുക്കുരലിന്റെ സംഭാവന മഹത്തായതാണ്. അറുപതിലധികം ഉലക ഭാഷകളിൽ ഈ മഹാ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

1330 ഈരടി ശ്ലോകങ്ങളാൽ സമൃദ്ധമായ ഈ ഗ്രന്ഥം മൂന്ന് ഭാഗമായി വിഭജിച്ചിരിക്കുന്നു.10 ശ്ലോകങ്ങളുള്ള 133 അദ്ധ്യായങ്ങളാണ് മൊത്തം. മനുഷ്യധർമ്മത്തെ വെളിപ്പെടുത്തുന്ന 'അറം' ആണ് ഒന്നാമത്തേത്.38 അദ്ധ്യായങ്ങളാണ് ഇതിനുള്ളത്. 

'ധനം' ആണ് രണ്ടാമത്തേത്. സാമൂഹ്യ സാമ്പത്തീകമായ ഉപദേശങ്ങളടങ്ങിയ 70 അദ്ധ്യായങ്ങളാണിതിനുള്ളത്. 

മൂന്നാമത്തേത് 'കാമം'. 25 അദ്ധ്യായങ്ങള്കൊണ്ട ഈ വിഭാഗം ജീവിതത്തിലെ മാനസീക-വികാരങ്ങള്ക്ക് വഴികാട്ടുന്നു. തിരുവള്ളുവരുടെ ഓർമ്മക്കായി ചെന്നയിൽ നുങ്കംബാക്കത്ത് ഒരു ഓഡിറ്റോറിയം ഉണ്ട്. 'വള്ളുവർ കോട്ടം' എന്നാണിതിന്റെ പേര്. അതുപോലെ കന്യാകുമാരിയിലും 133 അടി പൊക്കമുള്ള ഒരു കരിങ്കൽ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 133 അടി ഉയരം കൊടുത്തത് തിരുക്കുരലിലെ മുന്പറഞ്ഞ 133 അദ്ധ്യായങ്ങളെ ഉദ്ധേശിച്ചാണ്. അതിൽ 38 പടികളുള്ള തറയ്ക് മുകളിലാണ് വള്ളുവരുടെ ശില സ്ഥിതി ചെയ്യുന്നത്. ഈ 38 പടികൾ 'അറം' എന്ന ഒന്നാം ഭാഗത്തിലെ 38 അദ്ധ്യായങ്ങളെ പ്രതിനിധീകരിക്കുന്നു. 

2037 കൊല്ലങ്ങൾക്കു മുന്പാണ് അനശ്വരമായ തിരുക്കുരൽ രചയിതാവ് ജനിച്ചത്. ജന്മസ്ഥലം ഇപ്പോഴത്തെ ചെന്നയിലെ മയിലൈ (മെയിലാപൂർ) എന്നാണെന്റെ അറിവ്. തമിഴ് കലണ്ടർ വള്ളുവരുടെ ജീവിതകാലത്ത് തുടങ്ങിയതാണ്. ദ്രാവിഡ രാഷ്ട്രീയ കക്ഷികൾ സമയോജിതമായി തിരുക്കുരൽ ഉദ്ദരിച്ചുകൊണ്ടാണ് പലപ്പോഴും പ്രസംഗിക്കുക. തമിഴ് നാടു സർക്കാർ ആഫീസുകളിലും ബസ്സുകളിലും കുരലിൽ നിന്നും അർത്ഥവത്തായ പല ഈരടികളും പകർത്തിയ ബോർഡുകൾ കാണാം. അതു പിൻപറ്റിയിരുന്നെങ്കിൽ പല പൊതു പ്രശ്നങ്ങളും ഒഴിവായിരുന്നിരിക്കും. അതോടെ തിരുക്കുരലിന്റെ മാഹാത്മ്യവും!

January 12, 2007

ദേശീയ യുവദിനം

ഇന്ന് ദേശീയ യുവദിനം. ആധുനിക ഇന്ത്യയുടെ അദ്ധ്യാത്മികാചാര്യന്‍, നവോത്ഥാന നായകന്‍, ഭരതീയ സംസ്കാരം പശ്ചാത്യരെ പഠിപ്പിച്ച കര്‍മ്മയോഗി തുടങ്ങിയുള്ള വിശേഷങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ എന്നന്നേക്കുമായി കുടിയിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനം. 1863-ല്‍ജനിച്ചു. 1882-ല്‍ ശ്രീരാമകൃഷ്ണപരമഹംസന്റെ ശിഷ്യനായി. അതോടെ നരേന്ദ്രദത്ത വിവേകാനന്ദനായി മാറി. ഗുരു സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചു. ഇന്ത്യ മുഴുവന്‍ കാല്‍നടയായി ചുറ്റി സഞ്ചരിച്ച്‌ ജീവിതകഷ്ടപ്പാടുകള്‍ നേരില്‍ക്കണ്ടിട്ട്‌ മതമല്ല ഇന്ത്യക്കു ഭക്ഷണമാണു്‌ വേണ്ടതെന്നു പ്രഖ്യാപിച്ചു. അന്ധവിസ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു. 1893-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന മതസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു നടത്തിയ പ്രസംഗം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ദരിദ്രരുടെ ഉന്നമനത്തിലും വിദ്യാഭ്യാസത്തിലും ലക്ഷ്യം വെച്ചു 1897 ല്‍ ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചു. അതിന്റെ ഒരു ബ്രാഞ്ച്‌ ചെന്നയിലുള്ള മൈലാപ്പൂരിലുമുണ്ട്‌. സുനാമി ദുരന്തത്തില്‍ കഷ്ടപെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളില്‍ വളരെയധികം സഹായിച്ച ഒരു സ്ഥാപനമാണിത്‌. ചെന്നയില്‍ ദേശീയ യുവദിനത്തിന്റെ ഭാഗമായി മറീനാ കടല്‍ക്കരയിലുള്ള വിവേകാനന്ദര്‍ ഇല്ലത്തിലിരുന്ന് മൈലാപ്പൂരിലുള്ള വിവേകാനന്ദാ കോളെജ്‌ വരെ 5000 സ്കൂള്‍ കുട്ടികള്‍ പങ്കെടുക്കുന്ന ഒരു ജാഥ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്‌. വിവേകാനന്ദരുടെ തത്വങ്ങള്‍ കടപിടിച്ചുകൊണ്ട്‌ വിദ്യാഭ്യാസ രംഗത്തുള്ള ചെന്നയിലെ മറ്റൊരു സ്ഥപനമാണ്‌ വിവേകാനന്ദാ എജുക്കേഷനല്‍ സൊസൈറ്റി. ഇതിന്റെ കീഴില്‍ ഇപ്പോള്‍ 17 സ്കൂളുകള്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടു്‌. 1902-ല്‍ സ്വാമി അന്തരിച്ചു.

December 26, 2006

സുനാമി- ഒരു് ഓര്‍മ്മക്കുറിപ്പു്

സുനാമിദുരന്തം നടന്നിട്ട്‌ ഇന്നേക്ക്‌ രണ്ടുവര്‍ഷംകഴിഞ്ഞു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും തീവ്രമായ പ്രയത്നം ഒരു പരിധി വരെ ദുരന്തബാധിതരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു എന്നതില്‍ അല്പം സമാദാനിക്കാം. എങ്കിലും, എത്രയോ പ്രശ്നങ്ങള്‍ അവശേഷിക്കുകയാണ്‌. അന്നു്‌ പ്രളയമായിരുന്നു. സര്‍വത്ര പ്രളയം. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളെ ഒന്നൊഴിയാതെ തിരമാലകള്‍ ആഞ്ഞടിച്ചു. കടലിലും കടല്‍ക്കരയിലും ജനിച്ചു വളര്‍ന്ന മുക്കുവര്‍പോലും ഭയന്നു വിറച്ചു. പല കൊടുങ്കാറ്റും കടല്‍ ക്ഷോഭവും അവര്‍ കണ്ടിട്ടുണ്ട്‌. ചെന്നയ്ക്ക്‌ വടക്ക്‌ എരണാവൂര്‍ ബീച്ചില്‍ 1998-ല്‍ ഒരു കപ്പല്‍തന്നെ കൊടുങ്കാറ്റില്‍പെട്ടു കരക്കെത്തിയിരുന്നു. ഇരുപത്തഞ്ചു വര്‍ഷങ്ങല്‍ക്കകം കടല്‍ ഏകദേശം ഒരു കിലോമീറ്ററെങ്കിലും ഈ ഗ്രാമത്തിന്റെ കരയെ കീഴടക്കിയിട്ടുണ്ടു്‌. ഇതൊക്കെയാണെങ്കിലും 2004 ഡിസംബര്‍ 26-ന്‌ ഉണ്ടായ ദുരന്തം ജനങ്ങള്‍ക്കു്‌ പുതിയ ഒരു അനുഭവമായിരുന്നു. 'സുനാമി' എന്ന പേര്‌ അന്നാണു ആദ്യമായി ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ 8009 പേര്‍ മരിച്ചു.പതിനായിരക്കണക്കിനു്‌ വീടുകള്‍ തറമട്ടമായി. നിരാലംബരായ സാധാരണക്കാരില്‍ സാധാരണക്കാരായ തീരദേശവാസികളെ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാരിനും വിവിധ സന്നദ്ധസംഘടനകള്‍ക്കും മുന്നിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ഇതില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്ന ദൌത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ അനുയോജ്യമായ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഭാഗികമായെ വിജയിച്ചുള്ളൂ. ചെന്നയിലും ചെന്നൈക്ക്‌ വടക്കുള്ള ചിന്നക്കുപ്പം, ഏരണാവൂര്‍, എണ്ണൂര്‍ക്കുപ്പം, താളംകുപ്പം, നൊച്ചിക്കുപ്പം പോലുള്ള കടല്‍ക്കരയില്‍ വസിച്ചിരുന്നവരുടെ പുനരധിവാസം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളുടെ സംരക്ഷണത്തിലാണു്‌ പലരും ഇപ്പോഴും കഴിയുന്നത്‌. കടല്‍ത്തീരം വിട്ടു മാറി താമസിക്കാന്‍ ഇവര്‍ തയ്യാറല്ല. ആവരുടേ ഉപജീവന മാര്‍ഗ്ഗം കടലിലാണു.കടലിനടുത്തായി സ്ഥലം ഇല്ല താനും. അങ്ങിനെയുള്ള ഊരാക്കുടുക്കുകള്‍ പലതും പുനരധിവസിപ്പിക്കലില്‍ വിലങ്ങു തടിയാവുന്നു. നല്ല വീടുകളും സ്ഥലവും കാണുമ്പോള്‍ ദുരിതമനുഭവിക്കാത്തവര്‍ കൂടി രാഷ്ട്രീയക്കാരുടെ സ്വാധീനമുപയോഗിച്ച്‌ അര്‍ഹരായവരുടെ വയറ്റിലടിക്കുന്നുതും വിരളമല്ല. ഇനിയുമൊരു സുനാമി ഉണ്ടാകരുതെ എന്നു പ്രാര്‍ത്ഥിക്കുന്നു.

December 24, 2006

ഉപഭോക്തൃ സംരക്ഷണ ദിനം

ഇന്നു്‌ ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനം. 1986-ലാണു ഈ നിയമം കൊണ്ടുവന്നത്‌. ഉപഭോക്ത്രാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായും അവരുടേ താല്‍പര്യങ്ങള്‍ ന്യായമായി പരിഗണിക്കുന്നതിനും വേണ്ടി ഉപഭോക്ത്ര് തര്‍ക്ക പരിഹാരവേദികള്‍ സ്ഥപിക്കുകയും അവയുടെ നടപടികള്‍ ക്രമീകരിക്കുകയും ചെയ്യുക എന്ന സമുന്നതമായ ലക്ഷ്യത്തോടെയാണു്‌ ഇതിന്റെ തുടക്കം. പ്രതിഫലം നല്‍കി സാധനാമോ, സേവനമോ കൈപ്പറ്റുന്ന ഏതൊരാളും ഉപഭോക്താവാണു്‌. വാണിജ്യസംബന്ധമായ ആവശ്യങ്ങള്‍ക്കായി വാങ്ങപ്പെടുന്ന സധ്നങ്ങള്‍ ഇതില്‍ ഉള്‍പെടുന്നില്ല. പ്രതിഫലം നല്‍കി കൈപറ്റുന്ന സാധനങ്ങള്‍ക്ക്‌ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെന്നു മനസ്സിലാകുമ്പോഴാണു്‌ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്‌. സേവനത്തിന്റെ കാര്യത്തിലും ഇതുതന്നെ. സാധനങ്ങളുടെ അളവിലോ ഗുണത്തിലോ നിലവാരത്തിലോ ശുദ്ധിയിലോ കബളിക്കപ്പെടുന്നവയും ഇതില്‍പെടും. ഗുണനിലവാരം ഉറപ്പു വരുത്തുക കൃത്യവിലക്കു്‌ വസ്തുക്കള്‍ ഉപഭോക്താവിനു്‌ ലഭ്യമാക്കുക വിലയിലും അളവിലുമുള്ള വഞ്ചന തടയുക എന്നിവയാണു്‌ ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍‌‌. ലളിതമായ നടപടിക്രമമാണു്‌ ഇതിന്റെ പ്രത്യേകത. സിവില്‍ കോടതിപോലെ വിശദമായ തെളിവെടുപ്പോ വിസ്താരമോ ഇല്ല എന്നുള്ളത്‌ സാധാരണക്കാരനു ഒരു ആശ്വാസമാണു്‌. ജില്ല, സംസ്ഥാനം, ദേശീയം എന്നീ മൂന്നു നിലയിലാണു്‌ ഈ കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. ഇതു്‌ കേസിന്നാസ്പദമായ തുകയുടെ അടിസ്ഥനത്തിലാണു. 20 ലക്ഷം വരെ ജില്ലാ കമ്മീഷനും, അതിനു മുകളില്‍ 100 ലക്ഷം വരെ സംസ്ഥാനക്കമ്മീഷനും അതിനു മുകളില്‍ എത്ര ആയാലും ദേശീയക്കമ്മീഷനും കേസ്‌ കൈകാര്യം ചെയ്യും. കൂടാതെ ജില്ലാതലത്തില്‍ ന്യായം കിട്ടാതെ പോയാല്‍ സംസ്ഥാനക്കമ്മീഷനു്‌ അപ്പീല്‍ കൊടുക്കാം.അതേപോലെ സംസ്ഥാനക്കമ്മീഷന്‍ന്റെ തീരുമാന്മ്‌ തൃപ്തികരമല്ലെങ്കില്‍ ദേശീയക്കമ്മീഷനെയും സമീപിക്കാം. പരാതി സമര്‍പ്പിക്കാന്‍ നിശ്ചിത ഫോം ഇല്ല. പരാതിക്കാരന്റെ വിലാസം, എതിര്‍ കക്ഷിയുടെ വിലാസം, കേസിന്റെ വിശദവിവരം-അതായതു അപാകത(deficiency), ബില്ലിന്റെ കോപ്പി എന്നിവ ഉണ്ടാകണം. നഷ്ടപരിഹാരം ഒരു ലക്ഷത്തിനുള്ളിലാണെങ്കില്‍ 100 രൂപയണു ഫീസ്‌. ഒന്നിനു അഞ്ചു ലക്ഷത്തിനുമിടയിലാണെങ്കില്‍ 200 രൂപയും, അതിനു മുകളില്‍ പത്തു ലക്ഷം വരെ 400 രൂപയും, അതില്‍ കൂടുതലാണെങ്കില്‍ 500 രൂപയുമാണു ജില്ലാക്കമ്മീഷന്‍ ആഫീസില്‍ അടക്കേണ്ടതു്‌. പരാതിക്കാരന്‍ താമസിക്കുന്ന സ്ഥലത്തോ, ഇടപാടു നടന്ന സ്ഥലത്തെ, എതിര്‍കക്ഷി താമസിക്കുന്ന സ്ഥലത്തോ ഉള്ള ജില്ലാഫോറത്തില്‍ പരാതി നല്‍കാം. അധികം താമസിയാതെ തന്നെ പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കാന്‍ സാദ്ധ്യമാക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടു്‌. ഇതിലെ എറ്റവും ദയനീയമായ ഒരു കാര്യം ഇതാണു്‌. കഷ്ടനഷ്ഠങ്ങള്‍ അനുഭവിച്ചതിനു ശേഷം മാത്രമേ ഒരു ഉപഭോക്താവിനു തന്റെ നഷ്ടപരിഹാരം നേടിയെടുക്കാന്‍ കഴിയൂ!

December 10, 2006

മനുഷ്യാവകാശ ദിനം

ഇന്നു് മനുഷ്യാവകാശ ദിനം! ഒരു വ്യക്തിയുടെ ജീവനും സ്വാതത്ര്യത്തിനും സമത്വത്തിനും അന്തസ്സിനും ഉള്ള മാനുഷികമായ ഏതൊരവകാശത്തെയും ഹ്യൂമണ്‍ റൈറ്റ്‌സ്‌ ആയി കരുതപ്പെടുന്നു. മനുഷ്യാവകാശ ലംഘനം സമ്പന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിനു്‌ വിധേയനായ വ്യക്തിയോ വിഭാഗമോ നല്‍കുന്ന പരാതിയിന്മേലോ അതു സംബന്ധിച്ചു ലഭിക്കുന്ന വിവരത്തിന്മേല്‍ നേരിട്ടോ അന്വേഷണം നടത്തേണ്ടതൊക്കെ മനുഷ്യവകാശ കമ്മീഷന്റെ ചുമതലയാണു്‌. ദേശീയ കമ്മീഷനും സംസ്ഥാന കമ്മീഷനുമുണ്ട്‌. ദേശീയ കമ്മീഷന്റെ ചെയര്‍മാന്‍ സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ച ഒരാളായിരിക്കും. സംസ്ഥാനത്ത്‌ അതുപോലെ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ച ഒരാളായിരിക്കും. ഇദ്ദേഹത്തെ കൂടാതെ നാലംഗങ്ങളും മെമ്പര്‍മാരായി ഉണ്ടാകാം. മനുഷ്യവകാശ ധ്വംസനങ്ങള്‍ നടന്നാല്‍ അവയെ സംബന്ധിച്ച പരാതി ആരു്‌ വേണമെങ്കിലും കൊടുക്കാം. പരാതി കൊടുക്കുന്നതിനു്‌ പ്രത്യേക രൂപം (format) നിഷ്കര്‍ഷിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി കണ്ടാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി സര്‍ക്കാരോട്‌ ശുപാര്‍ശ ചെയ്യാം. തമിഴ്‌നാട്ടില്‍ 1997ലാണു മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപിച്ചതു്‌. പത്തു വര്‍ഷമായി. എന്നിട്ടും കാര്യമായ പ്രയോജനം ഈ നിയമം കൊണ്ടു്‌ ജനങ്ങള്‍ക്ക്‌ ഉണ്ടായി എന്നു പറയാനാവില്ല. റിട്ടയറാകുന്ന ജഡ്ജിമാര്‍ക്കും ഭരണ യന്ത്രം കറക്കുന്നവരുടെ ഒരു ചില അനുയായികള്‍ക്കും ഉള്ള ഒരു പിള്ളത്തൊട്ടിലായി ഈ സ്ഥാപനവും മാറുകയാണോ?

December 02, 2006

ഡിസംബര്‍ 2-3 അര്‍ദ്ധരാത്രി!

ഭോപാലില്‍ വിഷവാതക വായു ശ്വസിച്ചു മരിച്ചവരേയും മരിച്ചുകൊണ്ട്‌ ജീവിക്കുന്നവരെക്കുറിച്ചും ഇനി എഴുതാന്‍ ഒന്നും തന്നെ ബാക്കിയുണ്ടാവുമെന്നു തോന്നുന്നില്ല. ഏന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പലതും നമ്മുടെ മനസ്സില്‍ ഇന്നും തേങ്ങിക്കിടപ്പുണ്ടു്‌! ആ ഹതഭാഗ്യരെ ഓര്‍ക്കുന്നതോടൊപ്പം അപ്പോള്‍ നടന്ന വേറൊരു ഭയങ്കര സംഭവമാണു്‌ ഞാന്‍ പറയാന്‍ മുതിരുന്നതു്‌. 1984 ഡിസംബര്‍ 2-3 അര്‍ദ്ധരാത്രിയിലാണു ഭോപാല്‍ സംഭവം. മീതോ ഐസോ സൈനൈറ്റ്‌ വിഷവാതകം കൊണ്ടുണ്ടായ കെടുതികള്‍ വായിച്ചും കേട്ടും കൊണ്ടിരിക്കുന്ന സമയം. മദ്രാസിനു 15 കിലോമീറ്റര്‍ വടക്കു മണലി എന്ന സ്ഥലം സുപ്രസിദ്ധമായ രസായന വ്യവസായശാലകുളുടെ സങ്കേതമാണു്‌. അന്ന് 22-ലധികം രാസവസ്തുക്കള്‍ ഉല്‍പ്പത്തി ചെയ്യുന്ന കമ്പനികളാണുണ്ടായിരുന്നത്‌. കടല്‍ക്കരയില്‍ നിന്നും 3 കിലോമീറ്ററോളം ഉള്ളിലായിട്ടാണു ഈ സ്ഥാപനങ്ങള്‍. ചുറ്റുപാടുള്ള ഗ്രമീണരാകട്ടേ സ്വന്തം കൃഷി സ്ഥലം കമ്പനിക്കു വിറ്റ്‌ അതേ കമ്പനിയില്‍ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണു്‌ മിക്കവരും. കൃഷിയേക്കാള്‍ അദായം കണ്ട്‌ ഇവര്‍ സന്തോഷപ്പെട്ടു. പരിസ്ഥിതി മലിനീകരണത്തെപറ്റിയോ സംരക്ഷണത്തെപറ്റിയൊന്നും അന്നു്‌ ഇവര്‍ക്ക്‌ വേണ്ടത്ര അറിവുണ്ടായിരുന്നില്ല. ഈ ഫേക്ടറികള്‍ മേനേജ്‌ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരാകട്ടെ സിറ്റിയില്‍ താമസിക്കുന്നവരാണു്‌. ഞാന്‍ പറഞ്ഞു വരുന്ന സംഭവം നടക്കുന്നത്‌ രാത്രി 8 മണിയളവിലാണു. ശ്രീരാം ഫൈബേര്‍സ്‌ എന്ന കമ്പനിയിലെ ജോലിക്കാര്‍ ഊണു കഴിക്കാനായി കേന്റീനിലോട്ട്‌ ഇറങ്ങുന്ന സമയം. ഒരു ചെറിയ തണുത്ത കാറ്റ്‌. തുടര്‍ന്ന് ചെറിയൊരു മഴച്ചാറല്‍. അത്ര തന്നെ! കണ്ണും മുഖവും നെഞ്ഞും എല്ലാം എരിഞ്ഞു പുകഞ്ഞു ചുമച്ചു ചുമച്ചു കുറെപ്പേര്‍ വാടിയ ഇലകള്‍ പോലെ അങ്ങിങ്ങായി വീഴാനും ഉരുളാനും പെരളാനും ഒക്കെത്തുടങ്ങി. പിന്നീടുള്ള സംഗതി വിവരിക്കാന്‍ പ്രയാസമുണ്ടു്‌. അടിയന്തര രക്ഷാനടപടികള്‍ കൈക്കൊണ്ടു കുറേപ്പേരെ ആശുപത്രിയിലും കുറെപ്പേര്‍ക്കു ഫസ്റ്റ്‌ ഐഡ്‌ കൊടുത്തും മറ്റും രക്ഷിച്ചു. രണ്ടോ മൂന്നോ പേര്‍ മരിച്ചെന്നും ഇല്ലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്ത അപ്പോഴുണ്ടായിരുന്നു. അവിടെ പെയ്തത്‌ ആസിഡ്‌ റെയിനായിരുന്നൂ. ഇതു സര്‍ക്കാരോ, പൊള്ളൂഷന്‍ കണ്ട്രൂള്‍ ബോഡോ അന്നു്‌ വെളിപ്പെടുത്തുകയുണ്ടായില്ല. ഭോപാലില്‍ ഉണ്ടായ പ്രശ്നം കാരണം ഇതും മൂടി മറച്ചു എന്നു ഞാന്‍ വിശ്വസിച്ചു. എങ്ങിനെ 'അമ്‌ളമഴ'യുണ്ടായി? അന്നത്തെ കോത്താരി കെമിക്കല്‍സ്‌ എന്ന കമ്പനിക്കും ശ്രീരാം ഫൈബേര്‍സ്‌ എന്ന കമ്പനിക്കും ഇടയിലുള്ള ഒരു വ്യവസായസ്ഥാപനമാണു മദ്രാസ്‌ ഫെര്‍ടിലൈസേര്‍സ്‌. എറ്റവും കിഴക്കുള്ള കോത്താരി കമ്പനിയില്‍ നിന്നും ലീക്കായ ക്ലോറിന്‍ വാതകം കാറ്റടിച്ചു്‌ ഫെര്‍ടീലൈസേര്‍സ്‌ കമ്പനിക്കു്‌ മുകളില്‍ക്കൂടികടന്നു വരുന്നു. അപ്പോള്‍ അവിടെയുള്ള കൂറ്റന്‍ കൂളിംഗ്‌ ടവറുകളുടെ മുകളിലുള്ള നീരാവിയുമായി ഒത്തു ചേര്‍ന്നു ഒന്നാന്തരം ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ മഴയായി ശ്രീരാം ഫൈബേര്‍സ്‌ കോമ്പൌണ്ടില്‍ എത്തുകയാണു്‌ അന്നുണ്ടായതു്‌. ഇങ്ങിനെ പലതും ദിനം തോറും ഉണ്ടാകുന്നുണ്ടെങ്കിലും രക്ഷാനടപടികള്‍ക്കു വേണ്ടത്ര ശ്രദ്ധ ഇന്നും നാം കൊടുക്കുന്നില്ല എന്നതൊരു നഗ്ന സത്യമായ്‌ അവശേഷിക്കുന്നു.

December 01, 2006

പഴശ്ശിരാജ

നവംബര്‍ 30. നമുക്കു്‌ മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണു്‌. കേരള വര്‍മ്മ പഴശ്ശിരാജാവിന്റെ ജീവിതാന്ത്യരംഗത്തിനു സാക്ഷ്യം വഹിച്ച ദിവസം! ടിപ്പുവിന്റെ ആക്രമണം ഒരു വശത്തും ബ്രിട്ടീഷ്‌കാരുടെ നീചമായ യുദ്ധതന്ത്രങ്ങള്‍ മറുവശത്തും നേരിട്ട്‌ ധീര മരണം വരിച്ച ആ സ്വാതന്ത്ര്യ സമര സേനാനിയെ നമുക്ക്‌ മറക്കാന്‍ കഴിയുമോ? ബ്രിട്ടീഷ്‌സൈന്യം തറമട്ടമാക്കിയ വടക്കന്‍ കോട്ടയത്തില്‍ നിന്നും രക്ഷപ്പെട്ടു വയനാടന്‍ മലകളില്‍ താവളമുറപ്പിച്ചു ശത്രുക്കളെ ഒളിപ്പോരുകൊണ്ടു്‌ പോറുതി മുട്ടിച്ച ധീരനാണു പഴശ്ശിരാജ. പുരളി മലയായിരുന്നു ആദ്യത്തെ സങ്കേതം. 1793 ലാണു ആദ്യമായി പഴശ്ശി ബ്രിട്ടിഷ്‌കാര്‍ക്കെതിരെ തന്റെ ആക്രമം തൊടുത്തുവിട്ടത്‌. നെപ്പോളിയനെ തോല്‍പ്പിച്ച കേണല്‍ ആര്‍തര്‍ വെല്ലസ്ലിക്ക്‌ പല വര്‍ഷം പഴശ്ശിയുമായി പടപൊരുതേണ്ടി വന്നു. തലശ്ശേരി കോട്ടയും കെട്ടി തന്റേ എല്ലാ യുദ്ധ തന്ത്രങ്ങളും പ്രയോഗിച്ചും കേരള വര്‍മ്മയെ കണ്ടുപിടിച്ചു കൊല്ലാന്‍ കഴിയാത്തെ വിഷമിക്കുമ്പോഴാണു പഴയവീട്ടില്‍ ചന്തു എന്ന തന്റെ സ്വന്തം അനുയായിയാല്‍ ഒറ്റുകൊടുക്കപ്പെട്ടത്‌. ആ വീര പുരുഷന്റെ മരണ ദിവസം അദ്ദേഹത്തിന്റെ അമ്മയുടെ ചരമ വാര്‍ഷീകം കൂടിയായിരുന്നു. 1805 നവംബര്‍ 30-ന്‍^ കാലത്ത്‌ മാവില തോടില്‍ കുളിച്ച്‌ കുലദൈവമായ ശ്രീപോര്‍ക്കലിയെ ഭജിച്ച്‌ അന്നത്തെ യുദ്ധസന്നാഹങ്ങളേക്കുറിച്ചു അനുയായികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം അമ്മയുടെ ഓര്‍മ്മക്കായുള്ള പൂജ ചെയ്യുകയായിരിന്നു പഴശ്ശി രാജ. അപ്പോഴാണു ബ്രിട്ടീഷ്‌ മലബാറിലെ സബ്‌ കളക്ടര്‍ തോമസ്‌ ഹാര്‍വെ ബേബറുടെ സൈന്യം തന്റെ രഹസ്യസങ്കേതം വളഞ്ഞതു്‌. തമ്പുരാന്റെ യോദ്ധാക്കള്‍ വയനാട്ടിലെ കുറിച്ച്യാര്‍ പണിയര്‍ തുടങ്ങിയ വര്‍ഗ്ഗക്കാരായിരുന്നു. അവര്‍ എത്ര നിര്‍ബന്ധിച്ചിട്ടും രക്ഷപ്പെടാന്‍ ആ യോദ്ധാവ്‌ കൂട്ടാക്കിയില്ല. പിന്നീട്‌ ബേബറുമായി നടന്ന ഉഗ്ര പോരാട്ടത്തിലാണു ആ ധീരപുരുഷന്‍ മരണമടഞ്ഞത്‌. അതല്ല സൈന്യം വളഞ്ഞപ്പോള്‍ കീഴടങ്ങുന്നത്തിന്നു പകരം തന്റെ കൈവിരലിലണിഞ്ഞിരുന്ന മോതിരത്തിലെ വൈരക്കല്ല് തിന്നു്‌ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും വേറൊരഭിപ്രായം ഉണ്ടു്‌. ഇതു സംഭവിച്ചതു മാനന്തവാടിക്കടുത്താണു്‌. വീരപഴശ്ശിരാജാവിന്റെ ഓര്‍മ്മക്കായ്‌ ഒരു കോളേജും (നായര്‍ സര്‍വീസ്‌ സൊസൈറ്റി വക) കേരള സര്‍ക്കാരിന്റെ ഒരു ജലസേചന പദ്ധതിയും നടത്തിവരുന്നുണ്ടു്‌. (Above photo shows his grave)

November 23, 2006

'മുത്തപ്പനും, തിരുവപ്പനും'

വിശന്നു വലഞ്ഞു്‌ വരണ്ട തൊണ്ടയുമായി ദര്‍ശനത്തിനെത്തുന്ന സാധാരണ മനുഷ്യന്‍ എത്ര തന്നെ ദൈവ വിശ്വാസിയായാലും ആദ്യം തേടുന്നതു്‌ ദാഹം തീര്‍ക്കാനും വിശപ്പടക്കാനും വല്ല മാര്‍ഗ്ഗവുമുണ്ടോ എന്നായിരിക്കും. അതു ദൈവസന്നതിയില്‍ തന്നെ കാല്‍ കാശ്‌ ചെലവില്ലാതെ ലഭ്യമാണെങ്കില്‍ അതില്‍പരം സായൂജ്യം വേറെയെന്താണുള്ളത്‌! (ഇന്നത്തെ പരിഷ്കാരികള്‍ക്ക്‌ ഇതൊരു വലിയ പ്രശ്നമല്ലായിരിക്കാം.) ഏതു ദിവസമായാലും ഏതു സമയത്തു ചെന്നാലും ഭക്തന്മാര്‍ക്ക്‌ വിശപ്പടക്കാന്‍ ഭക്ഷണം കൊടുക്കുന്ന ക്ഷേത്രം പറശ്ശിനിക്കടവ്‌ മഠപ്പുരയിലല്ലാതെ കേരളത്തില്‍ വേറൊരിടത്തുള്ളതായി എനിക്കറിവില്ല. കണ്ണൂരിനു വടക്കു-കിഴക്കായി എേകദേശം 16 കിലോമീറ്റര്‍ ദൂരേ വളപട്ടണം പുഴക്ക്‌ പടിഞ്ഞാറെ കരയിലാണു്‌ പ്രകൃതി രമണീയമായ പറശ്ശിനിക്കടവും ക്ഷേത്രവും. ഈ പുഴക്ക്‌ വേറേയും പല കടവുകളുണ്ടെങ്കിലും അവക്കൊന്നും തന്നെ പറശ്ശിനിക്കടവിന്റെ പ്രാധാന്യമില്ല.ഈ മഹാക്ഷേത്രം കിരാത വേഷം ധരിച്ച ശ്രീ പരമേശ്വരന്റെ പ്രതീകമാണു്‌. നായാട്ടുകാരന്റെ വേഷവും ഭാവവുമാണു്‌ മുത്തപ്പന്റേത്‌. അമ്പലത്തിനു ചുറ്റിപ്പറ്റി എപ്പോഴും നിരവധി നായ്ക്കളുണ്ടായിരിക്കും. അവയെല്ലാം മുത്തപ്പന്റെ വേട്ടനായ്ക്കളാണെന്നാണു സങ്കല്‌പം. 'വെള്ളാട്ടം','തിരുവപ്പന്‍' എന്നീ രണ്ടു തെയ്യങ്ങളാണു്‌ ഇവിടെയുള്ളത്‌. വെള്ളാട്ടം എന്ന വേഷം പരമശിവന്റെ അവതാരമായ മുത്തപ്പനും, തിരുവപ്പന്‍ എന്നത്‌ മുത്തപ്പനായി അവതരിച്ച വിഷ്ണുവിന്റെ വേഷവുമാണെന്നാണു്‌ സങ്കല്‌പം. പ്രാരംഭകാലം മുതലേ ക്ഷേത്രവുമായി ബന്ധമുള്ള വണ്ണാന്‍ സമുദായത്തിലെ അംഗങ്ങളാണു്‌ രണ്ടു തെയ്യങ്ങളും കെട്ടി ആടുന്നത്‌. ദിവസേന വെള്ളാട്ടം തിറ ഉണ്ടായിരിക്കും. സംക്രമത്തിനും വേറെ ചില വിശേഷ ദിവസങ്ങളിലും ഇവിടെ ബ്രാഹ്മണര്‍ പൂജ ചെയ്യാറുണ്ട്‌. വിശ്വാസികള്‍ തങ്ങളുടെ വീട്ടില്‍ വെച്ചും വെള്ളാട്ടം എന്ന മുത്തപ്പന്‍ തെയ്യത്തെ ഒരു വഴിപാടായി കെട്ടി ആടിക്കാറുണ്ടു്‌. യുക്തിവാദികളുടെ അഭിപ്രായത്തില്‍, മുത്തപ്പന്‍ ഒരു തീയ്യ-കുടുമ്പത്തിലെ ഏതോ സിദ്ധനായ മുത്തച്ഛന്‍ കാരണവരാണെന്നാണ്‌. അങ്ങിനെ ആ കാരണവരെ ഉദ്ദേശിച്ച്‌ ആരംഭിച്ച പൂജയും വഴിപാടുമാണു്‌ കാലാന്തരത്തില്‍ മുത്തപ്പനായി മാറിയതു്‌ എന്നാണു്‌ ഇവരുടെ വാദം. അത്‌ എങ്ങിനെ ആയാലും ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു മഹാക്ഷേത്രം തന്നെയാണു്‌ പറശ്ശിനിക്കടവ്‌ മഠപ്പുര എന്നതില്‍ ലവലേശം സംശയം വേണ്ട. ആഢ്യന്‍ മുതല്‍ അന്ത്യജന്‍ വരെ ഒരു പോലെ മുത്തപ്പന്‍ സന്നതിയിലെത്തുന്നു. ജാതിമത ഭേദമന്യേ വഴിപാടുകള്‍ നേരുന്നു. പറശ്ശിനിക്കടവ്‌ മഠപ്പുരയിലെ മുത്തപ്പനെ പ്രാര്‍ഥിച്ചാല്‍ ഏതു പ്രയാസങ്ങളേയും തരണം ചെയ്യാന്‍ കഴിയുമെന്നാണു്‌ ജനങ്ങളുടെ ദൃഢമായ വിശ്വാസം. ഇന്ന് നൂറുകണക്കിന്‌ മുത്തപ്പന്‍ കാവ്‌ പല പ്രദേശങ്ങളിലുമായിട്ടുണ്ട്‌. ചെന്നയിലും മുത്തപ്പന്‍ കാവുകളുണ്ടു്‌.

November 17, 2006

'മാടായി'-മാഹാത്മ്യം

ഏകദേശം 206 വര്‍ഷങ്ങള്‍ക്കു്‌ മുന്‍പ്‌ അതായത്‌ കൊല്ലവര്‍ഷം 975 മീനമാസം 14-ന് (1800 March31) ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രവിവര്‍മ്മ രാജാവു്‌ അന്നത്തെ ബ്രിട്ടീഷ്‌ ഭരണാധികാരിക്കു്‌ എഴുതിയ വേദനാജനകമായ ഒരു കത്തിന്റെ ഉള്ളടക്കമാണു്‌ താഴെ കൊടുത്തിരിക്കുന്നത്‌ഃ "രാജശ്രീ വടക്കെ അധികാരി തലച്ചേരി തുക്കടി സുപ്രഡണ്ടെന്‍ ജെമിസ്സ ഇസ്ഥിവിന്‍ സായിപ്പിനു്‌ ചിറക്കല്‍ കവിണിശ്ശേരി കൂലോത്തെ രെവിവര്‍മ്മ രാജാവു്‌ എഴുതുന്നതു്‌ എന്തെന്നാല്‍, കഴിഞ്ഞ കൊല്ലം മാടായിക്കാവിലെ 'പൂരം കളി' കാണാന്‍ സമ്മതം ചോദിച്ചിട്ടു കിട്ടുകയുണ്ടായില്ല. ഇത്തവണയെങ്കിലും കമ്മീഷണരുടെ സമ്മതം വാങ്ങിത്തരുമെന്ന വിശ്വാസത്തോടെയാണു്‌ ഈ കത്തു്‌ കാല്യേക്കൂട്ടി അയക്കുന്നത്‌." സ്വന്തം രാജ്യത്ത്‌ തനിക്കു്‌ സ്വന്തമായുള്ള ക്ഷേത്രത്തില്‍ കുലദേവതയുടെ ഉത്സവം കാണാണ്‍ പോലും സ്വാതന്ത്ര്യമില്ലാത ചിറക്കല്‍ രാജാവിന്റെ ദയനീയാവസ്ഥ! മാടായിക്കാവില്‍ നാലു പ്രധാന ആഘോഷങ്ങളാണു്‌ അരനൂറ്റാണ്ടുകള്‍ക്കു മുന്‍പൊക്കെ ഉണ്ടായിരുന്നതു്‌. കന്നി മാസത്തില്‍ കൂത്തും, മകരമാസത്തില്‍ കളത്തിലരിയും, മീനമാസത്തിലെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പൂര മഹോത്സവവും. ഇതു്‌ കാണാനാണു്‌ അന്നത്തെ ചിറക്കല്‍ രാജാവു്‌ മേലെഴുതിയ കത്ത്‌ അധികാരി സായിപ്പിന്‌ അയച്ചു കൊടുത്തത്‌. സമ്മതം കൊടുത്തതായി രേഖകളൊന്നും കണ്ടിട്ടില്ല. മേടമാസം കഴിഞ്ഞാലുള്ള കലശമാണു നാലാമത്തേത്‌. ഇപ്പോള്‍ ഏതെല്ലാമുണ്ട്‌ എന്നറിയില്ല. കലശോത്സവം, 'കാളിയാട്ടം' എന്നതാണ്‌. ഇതിനെ 'പെരുംകളിയാട്ടം' എന്നും വിളിച്ചു വരുന്നുണ്ടു്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എട്ടു തെയ്യക്കോലങ്ങളാണു കലശത്തിനായ്‌ കെട്ടിയാടിക്കുന്നത്‌. അതില്‍ ഏഴു തെയ്യം വണ്ണാന്‍ സമുദായക്കാരും ,ഒന്നു്‌ ചിങ്കത്താന്‍ സമുദായക്കരനും കെട്ടുന്നു. ഇതില്‍ പ്രധാനമായ തെയ്യം 'തായപ്പരദേവത'യുടേതാണു്‌. ഏറ്റവും പ്രഗല്‍ഭനായ പെരുവണ്ണാനാണു്‌ 'തിരുവര്‍ക്കാട്‌ ഭഗവതി' എന്നു കൂടി വിളിക്കുന്ന ഈ തെയ്യം കെട്ടുന്നത്‌. ('തിരുവേര്‍ക്കാട്‌ ഭഗവതി' എന്ന പേരില്‍ തന്നെ ചെന്നൈ മഹാനഗരത്തിനു അടുത്തായി ഒരു ദേവീക്ഷേത്രമുണ്ടു്‌!) മാടായിക്കാവ്‌ പരമശിവന്റെ അമ്പലമാണെങ്കിലും 'ഭദ്രകാളി'ക്കാണു്‌ നാട്ടുകാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്‌. ഇവിടെ അമ്പല പൂജ നടത്തുന്നത്‌ നമ്പൂതിരിമാരാണു്‌. ശാക്തേയബ്രാഹ്മണരായ ഇവര്‍ക്ക്‌ മത്സ്യ-മാംസങ്ങള്‍ നിഷിദ്ധമല്ല! നാടിനെയും നാട്ടാരേയും പല ആപത്തുകളില്‍ നിന്നും മാരക രോഗങ്ങളില്‍ നിന്നും ഈ ദേവത രക്ഷിക്കുന്നുവെന്ന ഉറച്ച വിശ്വാസമാണു്‌ കണ്ണൂരിനു വടക്കൂ പടിഞ്ഞാറായി മുപ്പത്തിരണ്ട്‌ കിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കാവിന്റെ മാഹാത്മ്യം.

November 15, 2006

മാറാവ്യാദികള്‍ മാറ്റാന്‍

‍ക്ഷേത്രങ്ങള്‍ക്കു്‌ പേരുകേട്ട കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിന്‌ അടുത്തുള്ള ഒര്‌ ശിവ ക്ഷേത്രമാണു്‌ കഞ്ഞിരങ്ങാട്‌ ശ്രീ വൈദ്യനാഥ ക്ഷേത്രം. മാറാവ്യാദികള്‍ മാറ്റാനായി ജനങ്ങള്‍ ശ്രീ വൈദ്യനാഥനെ പ്രാര്‍ഥിച്ചു്‌, സുഖം പ്രാപിക്കുന്നു. സുപ്രസിദ്ധമായ ഈ അമ്പലത്തിന്റെ കിഴക്കേ മുറ്റത്ത്‌ ധനുമാസത്തിലെ പത്താം ദിവസം കൊല്ലം തോറും ഉലാറ്റില്‍ ഭഗവതി, ക്ലാരങ്ങര ഭഗവതി എന്നീ തെയ്യ-ക്കോലങ്ങള്‍ കെട്ടിയാടിക്കാറുണ്ടു്‌. നാലമ്പലത്തിനു വെളിയിലായിട്ട്‌ കിഴക്കു ഭാഗത്താണ്‌ ഈ മുറ്റം. ഇവിടെത്തന്നെ ഒരാല്‍മരത്തറയും കാഞ്ഞിരമരത്തറയും ഉണ്ട്‌. അതിനെപറ്റിയുള്ള ഐതീഹ്യം ഇപ്രകാരമാണ്‌. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരുടെ വിജയ വാര്‍ത്ത ഈ കാഞ്ഞിരത്തറയില്‍ ഇരിക്കുമ്പോഴാണു്‌ കുന്തീദേവിക്കു ലഭിച്ചത്‌. ഇതു കാരണം ധനു മാസം 18-ന്‍^ ഇവിടെ വളരെ വിശേഷമാണ്‌. അന്നു തന്റെ കുട്ടികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അമ്മമാര്‍ ഈ കാഞ്ഞിരത്തറയിലിരുന്നു ദ്യാനവും പ്രാര്‍ഥനയും നടത്തുന്നു.

November 12, 2006

ദൈവം

നൂറ്റാണ്ടുകള്‍ പഴ്ക്കമുള്ള ആചാരാനുഷ്ഠാനങ്ങളുടെയും സംസ്കാരത്തിന്റെയും സംഗമമാണ്‌ വടക്കേ മലബാറിലെ "തെയ്യം" എന്നു വിശേഷിപ്പിക്കുന്ന ദൈവീക നൃത്ത-സംഗീത കല. 'ദൈവം' എന്ന വാക്കില്‍ നിന്നായിരിക്കണം 'തെയ്യം' എന്ന പദം ഉരുവായിട്ടുള്ളത്‌. ട്രൈബല്‍ സ്വഭാവമുള്ള ഈ കലക്കു ആര്യന്മാരുടെ വരവോടുകൂടി പല ഭാവഭേദങ്ങള്‍ ഉണ്ടായിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. ഈ കലയുടെ എറ്റവും വലിയ നേട്ടം, ഇതു ഹിന്ദു മതത്തിലെ എല്ലാ സമുദായ വിഭാഗക്കാരേയും കോര്‍ത്ത്‌ ഇണക്കിയിട്ടുണ്ടെന്നുള്ളതാണു. കളിയാട്ടം എന്ന പെരിലറിയപ്പെടുന്ന തെയ്യത്തിന്റെ ചിത്രമാണ്‌ ഇവിടെ പകര്‍ത്തിയിട്ടുള്ളത്‌.